ഡൽഹി യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ജി. എൻ സായിബാബയുടെ ചരമവാർഷികത്തിൽ പങ്കെടുത്തതിന് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്) 10 വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്.
ജി എൻ സായിബാബയെ അനുസ്മരിച്ചതിനും, ഡൽഹി കലാപക്കേസിൽ നിലവിൽ ജയിലിലുള്ള മുൻ ജെഎൻയു വിദ്യാർത്ഥികളായ ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നിവർക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനും ആണ് നടപടി. ടിസ് അഡ്മിനിസ്ട്രേഷന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക, നിയമവിരുദ്ധമായി ഒത്തുകൂടുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മേൽ കേസ് രജിസ്റ്റർ ചെയ്യുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പരിപാടിക്ക് മുംബൈ പോലീസിൽ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് ജി എൻ സായിബാബയുടെ ചരമവാർഷികം ആചരിക്കുന്നതിനായി ഈ പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ ഇതിന് അനുമതി തേടാതിരുന്നതിനാൽ അഡ്മിനിസ്ട്രേഷൻ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്ന് ടിസിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് തങ്ങൾ ഈ വിവരം അറിയുന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ഈ പരിപാടിയ്ക്ക് അനുമതി നൽകിയതിനെ ചോദ്യം ചെയ്തുകൊണ്ട് ഈ പോസ്റ്റുകളിൽ മുംബൈ പോലീസിനെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും തങ്ങൾ ടാഗ് ചെയ്തിരുന്നതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
എഫ്ഐആറിൽ പേരുള്ള വിദ്യാർത്ഥികൾക്ക് ഷോ-കോസ് നോട്ടീസ് അയക്കാനും ടിസ് അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയുള്ള കോളേജിന്റെ പതിവ് നടപടിക്രമമാണിതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് യുഎപിഎ (UAPA) നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും ഒരു ദശാബ്ദത്തോളം ജയിലിൽ കഴിഞ്ഞ ശേഷം കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് പ്രൊഫസർ ജി എൻ സായിബാബ. കഴിഞ്ഞ വർഷം ഒക്ടോബർ 12-നാണ് സായിബാബ ഹൈദരാബാദിൽ വെച്ച് അന്തരിച്ചത്. മുംബൈ പോലീസ് വൻ സന്നാഹത്തോടെ തിങ്കളാഴ്ച രാത്രി വൈകി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് കാമ്പസിൽ പ്രവേശിക്കുകയും നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തത്. TISS മുംബൈ കാമ്പസ് ഉൾപ്പെടുന്ന ട്രോംബെ പോലീസ് തിങ്കളാഴ്ച ഒന്നിലധികം വാഹനങ്ങളിലെത്തി കാമ്പസിൽ പ്രവേശിച്ചിരുന്നു. വിദ്യാർത്ഥികളെ ഇവർ മണിക്കൂറുകളോളം ചോദ്യം ചെയ്തതായി വിദ്യാർത്ഥികൾ വ്യക്തമാക്കി.
സായിബാബ അനുസ്മരണത്തിനെതിരെ കാമ്പസിലെ ഹിന്ദുത്വ ബന്ധമുള്ള വിദ്യാർത്ഥികൾ നടത്തിയ നീക്കമായാണ് അറസ്റ്റിലായ വിദ്യാർത്ഥികൾ ഇതിനെ കാണുന്നത്. അവർ തങ്ങളെ അധിക്ഷേപിച്ചതായും സായിബാബയുടെ ചിത്രങ്ങൾ കീറിയെറിയുകയും ചെയ്തതായി മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹോസ്റ്റലിന് പുറത്ത് ഒത്തുകൂടിയ വിദ്യാർത്ഥികളുടെ വിവരങ്ങളും പോലീസ് രേഖപ്പെടുത്തിയിരുന്നു.
content summary: FIR filed against TISS students for allegedly assembling without permission and participating in a gathering commemorating the death anniversary of Professor G.N. Saibaba
This post was last modified on October 14, 2025 12:41 pm
Leave a Comment