ജമ്മുവിലെ ബാദൽ ഗ്രാമത്തിൽ അജ്ഞാത രോഗത്തെ തുർന്ന് അവശാരായ അഞ്ചുപേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. രോഗത്തിന്റെ പശ്ചാത്തലത്തിൽ ബാദൽ ഗ്രാമം പൂർണമായും കണ്ടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ 50 ദിവസങ്ങളിലായി മൂന്ന് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ 17 അംഗങ്ങളാണ് അജ്ഞാതരോഗം ബാധിച്ച് മരിച്ചിരുന്നത്. നിരവധിയാളുകൾ രോഗത്തിന്റെ പിടിയിലായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇപ്പോൾ പുതുതായി അഞ്ച് കേസുകൾ കൂടി സ്ഥിരീകരിക്കുന്നത്.
രോഗബാധിതരായ അഞ്ചുപേരെ ആദ്യം കണ്ടി സിഎച്ച്‌സിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയായ അജാസ് ഖാനെ (25) ബുധനാഴ്ച പുലർച്ചെ 1.35 ഓടെ പിജിഐ ചണ്ഡീഗഡിലേക്ക് മാറ്റാൻ നിർദേശിച്ചു. പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ മുമ്പ് സിഎച്ച്സിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയിരുന്നു. ആർമി ഹെലികോപ്റ്ററിലാണ് ഇവരെ ജമ്മുവിലേക്ക് മാറ്റിയത്. അഞ്ചാമത്തെ രോഗിയെ സിഎച്ച്സി കണ്ടിയിൽ നിന്ന് ജിഎംസി രജൗരിയിലേക്ക് മാറ്റിയതായി ജിഎംസി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷമീം അഹമ്മദ് പറഞ്ഞു.
ബിഎൻഎസ് സെക്ഷൻ 163 പ്രകാരം രജൗരി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് ശർമ്മ പുറപ്പെടുവിച്ച ഉത്തരവിൽ, പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അണുബാധ പടരുന്നത് തടയുന്നതിനുമാണ് ഗ്രാമത്തിൽ നിരോധനം ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കി. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ കണ്ടെയ്ൻമെൻ്റ് സോണിനുള്ളിലെ കുടുംബങ്ങൾക്ക് നൽകുന്ന എല്ലാ ഭക്ഷണങ്ങളിലും മേൽനോട്ടം വഹിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
മരണം സംഭവിച്ച കുടുംബങ്ങളുടെ വീടുകൾ സീൽ ചെയ്യുമെന്നും നിയുക്ത അനുമതിയില്ലാതെ ആരെയും പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. കുടുംബങ്ങളിലെ വ്യക്തികളെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരെയും തുടർച്ചയായ ആരോഗ്യ നിരീക്ഷണത്തിനായി ഉടൻ തന്നെ ജിഎംസി രജൗരിയിലേക്ക് മാറ്റണംമെന്നും ഉത്തരവിൽ പറയുന്നു.
content summary; five another hospitalized in badhaal village after mystery illness