June 03, 2026 |

‘പ്രളയമുന്നറിയിപ്പിൽ ആശങ്ക വേണ്ട; നദികളിൽ ജലനിരപ്പ് ഉയരും, പ്രളയ സാധ്യത മുന്നറിയിപ്പ് തെറ്റായി വ്യാഖ്യാനിക്കരുത് ‘

വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണ് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ, കേരളത്തിൽ വീണ്ടും പ്രളയമെന്ന തരത്തിലുള്ള തലക്കെട്ടുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. കേരളത്തിലെ വിവിധയിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പുള്ളതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചതായി മാധ്യമങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കേരളം മുൻപ് നേരിട്ട പോലൊരു പ്രളയം വരുമെന്നല്ല മുന്നറിയിപ്പിലൂടെ ഉദ്ദേശിച്ചതെന്നും നദികളിൽ ജലനിരപ്പ് ഉയരുമെന്നും നദീതീരങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നുമാണ്അറിയിച്ചിരിക്കുന്നതെന്നും കാലാവസ്ഥാ വി​ദ​ഗ്ധൻ രാജീവ് എരിക്കുളം അഴിമുഖത്തോട് പ്രതികരിച്ചു.

‘മുൻപുണ്ടായ പോലത്തെ പ്രളയം വരുമെന്നല്ല മുന്നറിയിപ്പ് കൊണ്ട് ഉദ്ദേശിച്ചത്. മഴ നിർത്താതെ പെയ്ത് കൊണ്ടിരിക്കുന്നതിനാൽ നദികളിൽ ജലനിരപ്പ് കൂടുതലാണ്. വരുന്ന നാല് ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണ് സാധ്യത. അതിന്റെ ഭാ​ഗമായി നദീതീരങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധ പാലിക്കണമെന്നാണ് മുന്നറിയിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. തുടർച്ചയായി മഴ പെയ്യുമ്പോൾ നദികൾ കവിഞ്ഞൊഴുകാറുള്ളത് പതിവാണ്. നദീതീരങ്ങളിൽ വെള്ളം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതേസമയം, കേരളത്തെ മുഴുവൻ ബാധിക്കുന്ന തരത്തിൽ മറ്റൊരു 2018 ലെ പ്രളയം വരുമെന്നുള്ള ആശങ്ക വേണ്ട. എന്നാൽ മഴ വളരെ കൂടുതലാണ്. മിക്ക ജില്ലകളിലും ഓറഞ്ച്, റെ‍ഡ് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങളും നൽകുന്നുണ്ട്. അതെല്ലാം കൃത്യമായി പാലിക്കുക തന്നെ വേണം. ചില സ്ഥലങ്ങളിൽ ഡാം ചെറിയ രീതിയിൽ തുറന്നിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ അപകടസാധ്യതയുള്ളതായി നിലവിലെ അവസ്ഥ മാറിയിട്ടില്ല’, രാജീവ് എരിക്കുളം അഴിമുഖത്തോട് പറഞ്ഞു.

കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലർട്ട് നിലനിൽക്കുകയാണ്. ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനാണ് നിർദേശം.

മെയ് 24 ന് ആരംഭിച്ച കാലവർഷം കേരളത്തിൽ ശക്തിപ്രാപിക്കുകയാണ്. യാതൊരു കാരണവശായും നദികളിലിറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ലായെന്നും മഴ തുടരുമെന്നും മുന്നറിയിപ്പിലുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. കാസർഗോഡ്, മലപ്പുറം, പാലക്കാട്,തൃശൂർ,ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട,ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിൽ കാലവർഷം പതിവിലും നേരത്തെയാണ് എത്തിയിരിക്കുന്നത്. സാധാരണയുള്ളതിലും എട്ട് ദിവസം മുൻപാണ് സംസ്ഥാനത്ത് മഴ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് 30 നായിരുന്നു കാലവർഷം ആരംഭിച്ചത്. 16 വർഷത്തിനിടയിൽ ഇതാദ്യമാണ് കാലവർഷം നേരത്തെയെത്തുന്നത്.

Content Summary: flood alert; heavy rain countinues in kerala

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×