November 06, 2024 |
Share on

ഖഷോഗി വധം: സൗദി സല്‍മാന്‍ രാജകുമാരന്റെ ചിറകരിയുന്നു?

ഭരണനിയന്ത്രണം ബിന്‍ സല്‍മാനെ ഏല്‍പ്പിച്ച് മാറിനിന്നിരുന്ന സല്‍മാന്‍ രാജാവും ശക്തമായി ഇടപെട്ട് തുടങ്ങി.

വിമത മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ സൗദി ഏജന്റുകള്‍ വധിച്ച് ആറാഴ്ച പിന്നിടുമ്പോള്‍ സൗദി അറേബ്യയില്‍ കിരീടാവകാശി സല്‍മാന്‍ രാജകുമാരന അധികാരത്തിലുള്ള അപ്രമാദിത്വം നഷ്ടമാവുകയാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള കോണ്‍സുലേറ്റില്‍ വച്ച് ഖഷോഗിയെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ പ്രതിഷേധവും സമ്മര്‍ദ്ദവും നേരിടുന്ന സൗദി, മുഹമ്മദ് ബിന്‍ സല്‍മാനെ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് പതിയെ മാറ്റിനിര്‍ത്തുന്നതായാണ് റിപ്പോര്‍ട്ട്. അല്‍ സൗദ് രാജകുടുംബത്തിലെ മുതിര്‍ന്നവര്‍ക്ക് വീണ്ടും നയപരമായ തീരുമാനങ്ങളില്‍ മേല്‍ക്കൈ വരുകയാണ്.

ഇതില്‍ പ്രധാനമാണ് സല്‍മാന്‍ രാജാവിന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസിന്റെ മടങ്ങിവരവ്. സല്‍മാന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന അവസ്ഥയിലേയ്ക്ക് മുതിര്‍ന്നവര്‍ കൂട്ടായി തീരുമാനങ്ങളെടുക്കുക എന്ന പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുപോവുകയാണ്. മറ്റൊരു പ്രധാന വ്യക്തി ഖാലിദ് അല്‍ ഫൈസല്‍ ആണ്. ഒക്ടോബറില്‍ എര്‍ദോഗനെ കാണാന്‍ പോയ സൗദി പ്രതിനിധി സംഘത്തെ നയിച്ചത് ഖാലിദ് അല്‍ ഫൈസലാണ്. ഭരണനിയന്ത്രണം ബിന്‍ സല്‍മാനെ ഏല്‍പ്പിച്ച് മാറിനിന്നിരുന്ന സല്‍മാന്‍ രാജാവും ശക്തമായി ഇടപെട്ട് തുടങ്ങി. എംബിഎസിന്റെ (മുഹമ്മദ് ബിന്‍ സല്‍മാന്‍) ചിറകുകള്‍ ക്ലിപ്പിട്ട് വച്ചിരിക്കുന്നു എന്നാണ് ഒരു ഉന്നത സൗദി ഉദ്യോഗസ്ഥന്‍ പറഞ്ഞത് എന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം തുര്‍ക്കി ഗവണ്‍മെന്റും പ്രസിഡന്റ് തയിപ് എര്‍ദോഗനും തങ്ങളെ വഞ്ചിച്ചതായാണ് അല്‍ സൗദിന്റെ വിലയിരുത്തല്‍. നഷ്ടപരിഹാരം ഉറപ്പ് നല്‍കിയിട്ടും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് എര്‍ദോഗനും തുര്‍ക്കി അധികൃതരും വഞ്ചന കാട്ടിയതായി ഇവര്‍ ആരോപിക്കുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റ ഉത്തരവ് പ്രകാരം അദ്ദേത്തിന്റെ സെക്യൂരിറ്റി സ്റ്റാഫില്‍ പെട്ടവര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘമാണ് ഖഷോഗിയെ കൊലപ്പെടുത്തിയത് എന്നാണ് തുര്‍ക്കിയുടെ ആരോപണം. സല്‍മാനുമായി അടുപ്പമുള്ള അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെങ്കിലും ബിന്‍ സല്‍മാന് ഇത് സംബന്ധിച്ച് യാതൊരു അറിവുമില്ലായിരുന്നെന്നും സൈനികര്‍ സ്വന്തം നിലയില്‍ ചെയ്തതാണെന്നുമാണ് സൗദിയുടെ വാദം. അമേരിക്ക തന്നെ വഞ്ചിച്ചതായി സല്‍മാന് പരാതിയുണ്ട്. യുഎസും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാകും എന്ന് സല്‍മാന്‍ വിശ്വസിച്ചിരുന്നതായി പറയുന്നു. എന്നാല്‍ സല്‍മാനെതിരെ തുര്‍ക്കി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും സൗദിക്കെതിരെ പുറത്തുവിട്ടിരിക്കുന്ന തെളിവുകളും ഉണ്ടാക്കുന്ന അന്താരാഷ്ട്ര സമ്മര്‍ദ്ദം സല്‍മാനെ തള്ളിപ്പറയാന്‍ യുഎസിനെ നിര്‍ബന്ധിതമാക്കുകയാണ്.

സൗദി നേതൃത്വത്തിലുള്ള സഖ്യസേന, ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുമായി ഏറ്റുമുട്ടുന്ന യെമനില്‍ വെടിവനിര്‍ത്തലിന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഒക്ടോബര്‍ 31ന് ആഹ്വാനം ചെയ്തിരുന്നു. സൗദിയും യുഎഇയും ഇറാനും സമാധാന ചര്‍ച്ചകള്‍ നടത്തണമെന്നാണ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് ആവശ്യപ്പെട്ടത്. യെമനില്‍ വ്യോമാക്രമണം നടത്തുന്ന സൗദി യുദ്ധവിമാനങ്ങള്‍ക്ക് തങ്ങള്‍ ഇന്ധനം നിറച്ചുനല്‍കില്ല എന്നാണ് വെള്ളിയാഴ്ച യുഎസ് വ്യക്തമാക്കിയത്. യെമനിലെ സൈനിക നടപടി തന്നെ മുഹമ്മദ് ബിന്‍ സല്‍മാന്റെ താല്‍പര്യപ്രകാരമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൗദിയുടെ നേതൃത്വത്തില്‍ ഖത്തറിന് ജിസിസി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ അയവുവരുത്താനും യുഎസ് ഇടപെടുകയാണ്. സല്‍മാന്‍ അധികാരത്തില്‍ തുടരുന്നതില്‍ എര്‍ദോഗന് അസ്വസ്ഥതയുണ്ട്. എന്നാല്‍ സല്‍മാനെ പുറത്താക്കുന്നത് ഒഴിവാക്കാനാണ് സൗദിയുടേയും സഖ്യകക്ഷികളുടേയും ശ്രമം. മതപൗരോഹിത്യത്തിന്റേയും യാഥാസ്ഥിതികരുടേയും താല്‍പര്യങ്ങള്‍ക്കനുസൃതമായ സല്‍മാന്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളില്‍ നിന്ന് പിന്നോട്ടുപോവുക എന്നത് സൗദിയെ സംബന്ധിച്ച് എളുപ്പമാകില്ല.

ഖഷോഗി വധം റെക്കോഡ് ചെയ്ത ഓഡിയോ ടേപ്പുകള്‍ സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നാണ്. തങ്ങളുടെ രഹസ്യാന്വേഷണ ഏജന്റുമാര്‍ ടേപ്പ് കേട്ടതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ടേപ്പില്‍ എന്താണ് ഉള്ളത് എന്നത് സൗദിയെ സംബന്ധിച്ച് പ്രധാനമാണ്. സല്‍മാന്‍ രാജകുമാരന് എന്തെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇത് നല്‍കാനിടയുണ്ട്. സല്‍മാന്റെ പ്രധാന സഹായി സാദ് അല്‍ ഖത്താനിയെ കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സൗദി പുറത്താക്കിയിരുന്നു.

https://www.azhimukham.com/explainer-jamal-khashoggi-murder-soudi-arabia/

ഖഷോഗിയുടെ തിരോധാനം: സിറിയയിലൊഴുക്കാനായി സൗദി വാഗ്ദാനം ചെയ്ത 100 ദശലക്ഷം ഡോളർ യുഎസ് അക്കൗണ്ടിലെത്തി

“ഞാനൊരു സത്യം പറയട്ടെ, ലെബനന്‍ പ്രധാനമന്ത്രിയെ ഞങ്ങള്‍ തട്ടിക്കൊണ്ടുപോയതല്ല”: സൗദി കിരീടാവകാശി സല്‍മാന്‍; സദസില്‍ കൂട്ടച്ചിരി


https://www.azhimukham.com/international-saudi-governments-present-actions-are-the-intolerance-against-criticism/
https://www.azhimukham.com/foreign-mafia-rule-in-saudi/

Advertisement