April 17, 2025 |
Share on

കുടുസുമുറികളില്‍ ഒളിച്ചു വളരുന്ന ദുബായിലെ ‘നിയമവിരുദ്ധ കുഞ്ഞുങ്ങള്‍’

വിവാഹേതര ബന്ധങ്ങളില്‍ നിന്ന് കുട്ടികളുണ്ടാകുന്നത് ദുബായിലെ നിയമപ്രകാരവും മതപരമായ ധാര്‍മികത പ്രകാരവും പൊറുക്കാനാവാത്ത തെറ്റാണ്

ജനിച്ചതിനു രേഖകള്‍ പോലുമില്ലാത്ത, സ്‌കൂളിന്റെയോ ആശുപത്രിയുടെയോ പടിവാതില്‍ പോലും കണ്ടിട്ടില്ലാത്ത, ഇടുങ്ങിയ മുറികളില്‍ ഒറ്റയ്ക്ക് ഉരുകി തീരേണ്ടി വരുന്ന ഒട്ടനവധി ബാല്യങ്ങളുണ്ട് ദുബായില്‍. അവരുടെ ജനനം തന്നെ ആ രാജ്യത്തിന്റെ നിയമപ്രകാരം കുറ്റകൃത്യമാണ്. സമപ്രായക്കാരോട് ഇടപ്പഴകാനോ പോഷകാഹാരം കഴിക്കാനോ, കഴിയാതെ സാധാരണ കുട്ടികള്‍ക്ക് ലഭ്യമാകുന്ന യാതൊരു വിധത്തിലുള്ള ആനന്ദങ്ങളോ സൗകര്യങ്ങളോ ലഭിക്കാതെ ഒക്കെയാണ് ആരോരുമറിയാതെ വിവിധ കുടുസുമുറികളിലായി അനേകം കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുന്നതെന്നാണ് ദി ഗാര്‍ഡിയന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിവാഹേതര ബന്ധങ്ങളില്‍ നിന്ന് കുട്ടികളുണ്ടാകുന്നത് ദുബായിലെ നിയമപ്രകാരവും മതപരമായ ധാര്‍മികത പ്രകാരവും പൊറുക്കാനാവാത്ത തെറ്റാണ്. മൊത്തം അന്തേവാസികളില്‍ 70 ശതമാനത്തിലധികം പേരും അന്യനാടുകളില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്ന സവിശേഷതയുണ്ട് ദുബായ്ക്ക്. ആയമാരായും വീട്ടുവേലക്കാരായും മറ്റും അടിമവേലകള്‍ ചെയ്യാന്‍ അന്യനാടുകളില്‍ നിന്നും നിരവധി സ്ത്രീകള്‍ ദുബായിലെത്താറുണ്ട്. വളരെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇത്തരം സ്ത്രീകളെ ലൈംഗികമായി പലരും ചൂഷണം ചെയ്യുന്നതും ഗര്‍ഭിണി ആണെന്നറിയുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇവിടെ പതിവാണ്. ഈ സ്ത്രീകള്‍ ആശുപത്രികളില്‍ പോയി ഗര്‍ഭഛിദ്രം നടത്താന്‍ പോലുമാകാതെ പലപ്പോഴും താമസസ്ഥലങ്ങളില്‍ വെച്ച് തന്നെ പ്രസവിക്കുന്നു. വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് നിയമപ്രകാരം കുറ്റ കൃത്യമായതിനാല്‍ ഇങ്ങനെ ഉണ്ടാകുന്ന കുട്ടികളെ അവര്‍ താമസിക്കുന്ന, ഇടുങ്ങിയ മുറികളില്‍ ഒളിച്ചു വളര്‍ത്തുന്നു. സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനോ മാരക അസുഖങ്ങള്‍ വന്നാല്‍ പോലും ആശുപത്രികളില്‍ കൊണ്ടുപോകാനോ ഈ അവിവാഹിത ‘അമ്മ മാര്‍ക്ക് ഭയമാണ്. കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ സഹായത്തിനു ആരുമില്ലെങ്കിലും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ മുറിയിലുപേക്ഷിച്ച് ഇവര്‍ക്ക് ജീവിക്കാനായി തൊഴിലെടുക്കേണ്ടി വരും. ഇത്തരത്തില്‍ രാജ്യം അറിയാതെ നിരവധി കുഞ്ഞുങ്ങളാണ് മുറികള്‍ക്കുള്ളില്‍ വളര്‍ന്നു വരുന്നത്.

വിവാഹേതര ബന്ധങ്ങളില്‍ കുഞ്ഞുങ്ങളുണ്ടാകുന്നത് രാജ്യത്തിന്റെ മതനിയമങ്ങളുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഗര്‍ഭിണിയാകുന്നതോടെ ചിലരൊക്കെ അവസാന അത്താണിയായ തൊഴിലുപോലും ഉപേക്ഷിച്ചു ജന്മനാടുകളിലേക്ക് മടങ്ങിപോകാറുണ്ട്. ചിലരാകട്ടെ ആശുപത്രികളിലേക്ക് പോകാതെ അനാരോഗ്യകരമായ ഗര്‍ഭഛിദ്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുമുണ്ട്.

വിവാഹഹേതര ലൈംഗിക ബന്ധങ്ങള്‍ സിന നിയമങ്ങളിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവ ശക്തമായി നടപ്പിലാക്കാറുമുണ്ട്. ചില കേസുകളില്‍ ബലാത്സംഗം നടന്നാല്‍ പോലും ഇര ജയിലില്‍ അടയ്ക്കപ്പെടാമെന്ന തരത്തില്‍ വിചിത്രങ്ങളും മനുഷ്യത്വരഹിതവുമായ ഭാഗങ്ങള്‍ ഈ നിയമത്തിനു കീഴിലുണ്ട്. കുടിയേറ്റക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചില നിയമവിദഗ്ധരും സന്നദ്ധ സംഘടനകളും ഇത്തരം സ്ത്രീകള്‍ക്ക് പിന്തുണയും സഹായങ്ങളും നല്‍കിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×