തുര്‍ക്കിയിലെ ഇസ്താംബുളിലുള്ള സൗദി അറേബ്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് കാണാതായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരിക്കുന്നതിനിടെ നിലപാട് മയപ്പെടുത്തിയും സൗദിയെ പിന്തുണച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അസോസിയേറ്റ്ഡ് പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തില്‍ സൗദിക്കെതിരെ മുന്‍വിധികള്‍ പാടില്ലെന്ന് ട്രംപ് പറയുന്നത്. മറ്റേതെങ്കിലും സംഘം ഖഷോഗിയെ കൊലപ്പെടുത്തിയതാകാം എന്നും ട്രംപ് പറഞ്ഞു. സുപ്രീം കോടതി ജഡ്ജിയായി ബ്രെറ്റ് കവനോയെ നിയമിക്കാന്‍ തന്റെ ഗവണ്‍മെന്റ് തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളുമായാണ് സൗദിക്കെതിരായ ആരോപണങ്ങളെ ട്രംപ് താരതമ്യപ്പെടുത്തിയത്. എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ ആദ്യം കണ്ടെത്തണം എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നിരപരാധിയെന്ന് കണ്ടെത്തുംവരെ കുറ്റക്കാരായി കാണുന്ന രീതി ശരിയല്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ സൗദിക്കെതിരാണ്. സൗദി ഭരണകൂടത്തെ നിയന്ത്രിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ലെന്ന് അവര്‍ പറയുന്നു.
സല്‍മാന്‍ രാജകുമാരനുമായും പിതാവ് സല്‍മാന്‍ രാജാവുമായും ട്രംപ് ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ക്ക് യാതൊരു പങ്കും ഇക്കാര്യത്തിലില്ലെന്നാണ് അവര്‍ പറയുന്നതെന്ന് ട്രംപ് പറഞ്ഞു. യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, സൗദി തലസ്ഥാനമായ റിയാദിലെത്തി സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തി. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഗൗരവമായ അന്വേഷണം നടത്താനുള്ള സന്നദ്ധത സൗദി അറിയിച്ചിട്ടുണ്ടെന്ന് പോംപിയോ പറയുന്നു. അതേസമയം ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ഫോക്‌സ് ന്യൂസിനോട പറഞ്ഞത് സല്‍മാന്‍ രാജകുമാരനാണ് ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതെന്നും അറിയാതെ സൗദിയില്‍ ഒന്നും നടക്കില്ലെന്നുമാണ്. സൗദിക്കെതിരെ യുഎസ് കോണ്‍ഗ്രസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യതയും അവര്‍ വ്യക്തമാക്കി.
സൗദി ഖഷോഗിയെ വധിച്ചതായാണ് തുര്‍ക്കിയുടെ ആരോപണം. ഇക്കാര്യം ശരിയാണെങ്കില്‍ സൗദി കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഭീഷണികള്‍ തങ്ങളോട് വേണ്ടെന്നും അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നുമാണ് സൗദി ഇതിന് മറുപടി നല്‍കിയത്. പിന്നീട് വാഷിംഗ്ടണിലെ സൗദി എംബസി മയപ്പെടുത്തിയ പ്രസ്താവനയിറക്കിയിരുന്നു. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായി സൗദിയിലെ സല്‍മാന്‍ രാജാവ് നടത്തിയ സംഭാഷണത്തെ തുടര്‍ന്ന് സൗദിക്കെതിരായ ആരോപണങ്ങള്‍ തുര്‍ക്കിയും മയപ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഭാഗത്ത് ഖഷോഗി കൊല്ലപ്പെട്ടതാണ് എന്ന പ്രചാരണം തുര്‍ക്കി സജീവമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ തെളിവുകള്‍ സംബന്ധിച്ച് തുര്‍ക്കി ഗവണ്‍മെന്റ് മാധ്യമങ്ങള്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നു. ഖഷോഗിയുടെ മൃതദേഹം ആദ്യം കോണ്‍സുലര്‍ ജനറലിന്റെ വീട്ടിലേയ്ക്ക് കൊണ്ടുപോയതായി അവര്‍ പറയുന്നു. ഈ വീട്ടിലെ പൂന്തോട്ടത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തുന്നുണ്ട്. കോണ്‍സുലേറ്റില്‍ നിന്നുള്ള കാറുകള്‍ അണ്ടര്‍ഗ്രൗണ്ടിലുള്ള ഗാരേജില്‍ ഏറെസമയം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഖഷോഗിയുടെ തിരോധാനത്തിന് ശേഷം കോണ്‍സുലര്‍ ജനറല്‍ മൊഹമ്മദ് അല്‍ ഒതെയ്ബി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. തന്റെ വീട്ടില്‍ റെയ്ഡ് നടക്കുമെന്ന് അറിഞ്ഞ ഒതെയ്ബി തുര്‍ക്കി വിട്ടതായി അനാഡോളു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം വിഷ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണസംഘത്തിന് തെളിവ് കിട്ടിയിട്ടുണ്ടെന്നും കോണ്‍സുലേറ്റിന്റെ ചില ഭാഗങ്ങളില്‍ റീ പെയ്ന്റിംഗ് നടത്തിയിട്ടുണ്ടെന്നും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ പറഞ്ഞു. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു വിശദീകരണവും സൗദിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂട് കവുസോഗ്ലു പറഞ്ഞു. കൊല നടത്തിയവരെന്ന് സംശയിക്കുന്നവരില്‍ നാല് പേര്‍ സല്‍മാന്‍ രാജകുമാരന്റെ സുരക്ഷാസംഘവുമായി ബന്ധപ്പെട്ടവരാണ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുടേയും ചോര്‍ത്തിയ രേഖകളുടേയും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ നിഗമനം.
സല്‍മാന്‍ രാജകുമാരന്റെ പ്രധാന വിമര്‍ശകരിലൊരാളായ ഖഷോഗി കഴിഞ്ഞ വര്‍ഷം അദ്ദേഹം യുഎസിലേയ്ക്ക് താമസം മാറ്റിയിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന് വേണ്ടി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ഖഷോഗിയെ ഒക്ടോബര്‍ രണ്ട് മുതലാണ് കാണാതായത്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് അദ്ദേഹം കോണ്‍സുലേറ്റിലെത്തിയത്. വീഡിയോ, ഓഡിയോ തെളിവുകള്‍ ഖഷോഗി ചോദ്യം ചെയ്യപ്പെട്ടതായും ശാരീരിക പീഡനത്തിന് ഇരയാക്കപ്പെട്ടതായും തുടര്‍ന്ന് കൊല ചെയ്യപ്പെട്ടതായും വ്യക്തമാക്കുന്നുണ്ടെന്ന് തുര്‍ക്കി അധികൃതര്‍ പറയുന്നു. സല്‍മാന്‍ രാജകുമാരനുമായി അടുത്ത ബന്ധമുള്ള 15 അംഗ സംഘമാണ് ഖഷോഗിയെ വധിച്ചത് എന്ന് പറയുന്നു. അതേസമയം ആരോപണങ്ങള്‍ സൗദി നിഷേധിക്കുകയാണ്. അതേസമയം ട്രംപ് ഗവണ്‍മെന്റ് സൗദിയുടെ കാര്യത്തില്‍ വലിയ പ്രതിസന്ധിയിലാണ് എന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിദേശനയവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധിയാണിത്. ഇറാനെ ഒറ്റപ്പെടുത്തുക, ഇസ്ലാമിക് സ്റ്റേറ്റിനെ ഉന്മൂലനം ചെയ്യുക, ഇസ്രയേല്‍ പലസ്തീന്‍ സമാധാന പദ്ധതി തുടങ്ങിയവയ്‌ക്കെല്ലാം സൗദിയുടെ സഹകരണം യുഎസിന് അനിവാര്യമാണ്.
ഖഷോഗിയുടെ തിരോധാനം: വിരട്ടലും വിലപേശലും വേണ്ടെന്ന് അമേരിക്കയോട് സൗദി, അടിച്ചാല്‍ തിരിച്ചടിക്കും