June 06, 2026 |
Share on

നിര്‍ബന്ധിത വിവാഹത്തിന്റെ ഇരകളായ ബ്രിട്ടീഷ് യുവതികളോട് രക്ഷപ്പെടുത്തിയതിന്റെ കൂലി ചോദിച്ച് യുകെ ഗവണ്‍മെന്റ്

വിമാന ടിക്കറ്റ് തുകയും, താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുമാണ് വിദേശകാര്യ ഓഫീസ് യുവതികളോട് മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്.

നിര്‍ബന്ധിത വിവാഹങ്ങളുമായി ബന്ധപ്പെട്ട് അന്യനാടുകളില്‍ പെട്ടുപോയ ബ്രിട്ടീഷ് യുവതികള്‍ രക്ഷപ്പെട്ടു സ്വന്തം നാട്ടിലെത്തി നെടുവീര്‍പ്പിടും മുമ്പേ രക്ഷിച്ചതിന്റെ തുക മടക്കി ചോദിക്കുകയാണ് യുകെ വിദേശകാര്യ ഓഫീസ്. സ്വന്തം പുനരധിവാസത്തിന്റെയും സംരക്ഷണത്തിന്റെയും തുക ഈ യുവതികള്‍ തന്നെ മടക്കി നല്‍കാന്‍ ഓഫീസ് ശാഠ്യം പിടിക്കുന്നുണ്ട്. സ്വന്തം സംരക്ഷണത്തിനായി നൂറുകണക്കിന് പൗണ്ടുകള്‍ അടയ്‌ക്കേണ്ടി വന്ന നിരാലംബരായ യുവതികളെ വിവിധ സന്നദ്ധസംഘടനകളാണ് സഹായിക്കുന്നത്. വ്യാപകമായ പ്രതിഷേധമാണ് ഈ നടപടിയ്‌ക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നായി വരുന്നത്.

പ്രധാനമായും സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള വിമാന ടിക്കറ്റ് തുകയും, താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചെലവുമാണ് വിദേശകാര്യ ഓഫീസ് ഈ യുവതികളോട് മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്. 2016-17 കാലഘട്ടത്തില്‍ ഏതാണ്ട് 82 യുവതികള്‍ക്ക് ഇത്തരത്തില്‍ ഭീമമായ തുക അടയ്‌ക്കേണ്ടതായി വന്നു. വിദേശകാര്യ ഓഫീസുമായി ബന്ധപ്പെടുത്തി ലോണ്‍ എടുക്കുന്നവരാണെങ്കില്‍, ലോണ്‍ തുക തിരിച്ചടയ്ക്കുന്നതുവരെ അവരുടെ പാസ്‌പോര്‍ട്ട് അവിടെ ഏല്‍പ്പിക്കുകയും, വലിയൊരു തുക പലിശയിനത്തിലും മറ്റും അധികമായി അടയ്‌ക്കേണ്ടിയും വരുന്നു.

മനുഷ്യത്വരഹിതമായ ഈ നടപടികള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കുടുംബങ്ങളില്‍ നിന്നും നിര്‍ബന്ധിതമായി വിവാഹം കഴിച്ചയച്ചും മറ്റും വിദേശങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്കാണ് അന്യനാടുകളില്‍ അടിമ വേലകള്‍ ചെയ്യേണ്ടി വരുന്നത്. അവിടെ നിന്നും രക്ഷപ്പെട്ടു തിരിച്ചെത്തുമ്പോഴാകട്ടെ വിദേശകാര്യ ഓഫീസില്‍ സ്വന്തം സംരക്ഷണത്തിന്റെ തുക തിരിച്ചേല്‍പ്പിക്കേണ്ടിയും വരുന്നു. ലോണ്‍ എടുത്തതിന്റെ ഭാഗമായി സറണ്ടര്‍ ചെയ്ത പാസ്‌പോര്‍ട്ടും മറ്റു രേഖകളും ലോണ്‍ തുക മുഴുവന്‍ അടച്ചിട്ടും പല യുവതികള്‍ക്കും മടക്കി നല്‍കിയിട്ടുപോലുമില്ല. ഇരകളെ ദുര്‍ഘടാവസ്ഥയില്‍ സംരക്ഷിക്കേണ്ടത് മനുഷ്യാവകാശത്തിന്റെ ഭാഗമായി തന്നെ വേണം അതല്ലാതെ അതിനെ ഒരു ബിസിനസായി കാണരുത് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×