മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സൗദി അറേബ്യന്‍ കിരീടാവകാശി സല്‍മാന്‍ രാജകുമാരനെ ശക്തമായി പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുഹമ്മദ് ബിന്‍ സല്‍മാനാണ് ഖഷോഗിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന് യുഎസ് ചാര സംഘടന സിഐഎയുടെ കണ്ടെത്തല്‍ ട്രംപ് തള്ളിക്കളഞ്ഞു. ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കൊലപാതകത്തില്‍ ആ രാജ്യത്തെ നിയമവഴിയില്‍ കൊണ്ടുവന്ന് ഇരകള്‍ക്ക് നീതി ഉറപ്പാക്കുന്നതിനേക്കാള്‍ പ്രധാനം എണ്ണ ഉല്‍പ്പാദനവും ആയുധ ഇടപാടുകളും മേഖലയിലെ രാഷ്ട്രീയ സ്വാധീനവുമാണ് എന്ന് ട്രംപ് കരുതുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു.
സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഖഷോഗി വധത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് പറയുന്നത് എന്ന് ട്രംപ് ചൂണ്ടിക്കാട്ടി. യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് സൗദി നല്‍കുന്ന സഹായവും സൗദിയുമായി ശക്തമായ ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ട്രംപ് എടുത്ത് പറഞ്ഞു. ഞങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ എല്ലാ വശങ്ങളും പരിശോധിക്കാറുണ്ട്. തുടര്‍ന്നും അത് പരിശോധിക്കും. ചിലപ്പോള്‍ സല്‍മാന്‍ രാജകുമാരന്‍ ഖഷോഗിയെ കൊല്ലാന്‍ ഉത്തരവിട്ടിരിക്കാം. ചിലപ്പോള്‍ ഇല്ലായിരിക്കാം – ട്രംപ് പറഞ്ഞു. എണ്ണ വില കുറക്കാന്‍ സഹായിച്ചത് സൗദിയാണെന്നും സൗദിയുമായി വെറുതെ പ്രശ്‌നമുണ്ടാക്കി യുഎസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ താനില്ലെന്നും ട്രംപ് പറഞ്ഞു.
സൗദിയുമായുള്ള ബന്ധം സാധാരണനിലയില്‍ തുടരുമെന്ന് തന്നെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും വ്യക്തമാക്കിയത്. ദേശീയ സുരക്ഷ ഉറപ്പുവരുത്തുക എന്നത് വിദേശകാര്യ വകുപ്പിന്റെ ചുമതലയാണ് എന്ന് മൈക്ക് പോംപിയോ പറഞ്ഞു. പ്രസിഡന്റ് പറഞ്ഞത് പോലെ സൗദിയുമായി ബന്ധം തുടരുമെന്നും പോംപിയോ അറിയിച്ചു.
https://www.azhimukham.com/foreign-mohammed-bin-salman-crown-prince-saudi-arabia-ordered-to-kill-jamal-khashoggi/