സിഐഎയുടെ നിഗമനം അവധാനതയോടെയുള്ളതല്ലെന്നു പറഞ്ഞ ട്രംപ് പക്ഷെ, സൽമാൻ രാജകുമാരന് ഉത്തരവാദിത്വമുണ്ടാകാമെന്നും കൂട്ടിച്ചേർത്തു.
മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗിയെ കൊല ചെയ്തതിനു പിന്നിൽ സൗദി അറേബ്യ കിരീടാവകാശി മൗഹമ്മദ് ബിൻ സല്‍മാനാണെന്ന സിഐഎയുടെ വിലയിരുത്തൽ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ‘അച്ചടക്കമില്ലാത്ത’ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെക്കുന്നതിൽ സൽമാൻ വിജയിച്ചേക്കാമെങ്കിലും അത് ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിക്കില്ലെന്നു തന്നെയാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിഐഎ എത്തിച്ചേർന്നിട്ടുള്ള ഈ നിഗമനം ആദ്യം റിപ്പോർട്ട് ചെയ്തത് ഖഷോഗി കോളമിസ്റ്റായിരുന്ന വാഷിങ്ടൺ പോസ്റ്റ് തന്നെയാണ്. യുഎസ് സർക്കാർ ഖഷോഗി വധത്തിൽ ഔദ്യോഗികമായെത്തുന്ന ആദ്യത്തെ നിഗമനമെന്ന പ്രത്യേകതയും സിഐഎയുടെ റിപ്പോർട്ടിനുണ്ട്.
സൽമാൻ രാജകുമാരനെ കുറ്റവിചാരണ ചെയ്യുന്നതിനോട് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് താൽപര്യമില്ല. ഇക്കാരണത്താൽ തന്നെ സൽമാനെ നേരിട്ട് കുറ്റപ്പെടുത്താതെ ഖഷോഗിയുടെ വധത്തെ കടുത്ത രീതിയിൽ അപലപിക്കുകയാണ് അമേരിക്ക ഇതുവരെ ചെയ്തുപോന്നത്. സൽമാന്റെ അറിവോടെയല്ലാതെ, ചിലർ അമിതാധികാരം പ്രയോഗിച്ചെന്നാണ് ട്രംപ് എടുക്കുന്ന നിലപാട്. എന്നാൽ, സൗദി ഭരണകൂടത്തിൽ സൽമാൻ രാജകുമാരനറിയാതെ യാതൊന്നും നടക്കില്ലെന്നാണ് സിഐഎ പറയുന്നത്. സിഐഎയുടെ ഈ കണ്ടെത്തൽ സൽമാൻ രാജകുമാരനെ വളരെയധികം ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സിഐഎയുടെ നിഗമനം അവധാനതയോടെയുള്ളതല്ലെന്നു പറഞ്ഞ ട്രംപ് പക്ഷെ, സൽമാൻ രാജകുമാരന് ഉത്തരവാദിത്വമുണ്ടാകാമെന്നും കൂട്ടിച്ചേർത്തു. ട്രംപ് സിഐഎ ഡയറക്ടർ ജിന ഹാസ്പെലുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു.
ഈ പ്രതികരണത്തിൽ തന്നെ ട്രംപ് അകപ്പെട്ടിട്ടുള്ള ആശയക്കുഴപ്പം വ്യക്തമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധമാണ് ട്രംപിനു മുന്നിൽ പ്രശ്നമായി നിൽക്കുന്ന വിഷയം. സിഐഎ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി യുഎസ് സർക്കാർ ഖഷോഗി കൊലക്കേസിൽ ഒരു അവസാന തീരുമാനത്തിലെത്തിയെന്ന് കരുതരുതെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് ഹേതർ ന്യൂവർട്ടും പറയുന്നു. ഖഷോഗി വധത്തിൽ ട്രംപ് ശരിക്കും കുടുങ്ങിയിരിക്കുകയാണ്. രാജ്യത്തെ മാധ്യമങ്ങൾ മൊത്തം ഈ വിഷയത്തിൽ സൽമാൻ രാജകുമാരനെതിരാണ്. സൽമാന്‍ രാജകുമാരനോട് തനിക്കുള്ള പ്രതിപത്തി പ്രകടിപ്പിക്കാൻ യാതൊരു നിർവ്വാഹവുമില്ല എന്നു മാത്രമല്ല, പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ നിലപാടെടുക്കാതിരിക്കാനും കഴിയുന്നില്ല.
കിരീടാവകാശിക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ സെനറ്റർമാർ പോലും ആവശ്യപ്പെടുന്നത്. ഡെമോക്രാറ്റുകളും ഇതേ നിലപാടാണ് എടുക്കുന്നത്. ട്രംപ് അദ്ദേഹത്തിന്റെ ഇന്റലിജൻസ് റിപ്പോർട്ടിനെ ഗൗരവത്തിലെടുക്കണമെന്ന് സെനറ്റർമാർ പറയുന്നു. മുതിർന്ന ഡെമോക്രാറ്റ് സെനറ്ററായ റിച്ചാർഡ് ബ്ലൂമെന്തൽ പറയുന്നത് ഈ കൊലപാതകത്തിന് അതിന്റേതായ അന്തരഫലങ്ങളുണ്ടെന്ന് സൗദിയെ ബോധ്യപ്പെടുത്തണമെന്നാണ്. ഉപരോധങ്ങളും കുറ്റവിചാരണകളും ഇതിൽ നടക്കേണ്ടതുണ്ട്. ട്രംപിന്റെ കാർമികത്വത്തിൽ കേസിനെ മൂടിവെക്കാൻ അനുവദിക്കരുതെന്നും റിച്ചാർഡ് ട്വീറ്റ് ചെയ്തു.