ഉത്തരാഖണ്ഡിലെ സ്വകാര്യ ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ ബിജെപി മുൻനേതാവിന്റെ മകനടക്കം കുറ്റക്കാരെന്ന് വിധിച്ച് കോടതി. കേസിലെ പ്രതികളായ പുൽകിത് ആര്യ, സഹായികളായ സൌരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർ കുറ്റക്കാരാണെന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധിച്ചത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആയിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. മകളുടെ ഘാതകർക്ക് തടവ് ശിക്ഷ നൽകണമെന്ന് അങ്കിതയുടെ അമ്മ സോണി ദേവി ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2022 സെപ്തംബർ 18ന് രാത്രിയോടെയാണ് വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരി കൊല്ലപ്പെടുന്നത്. 19 വയസായിരുന്നു അങ്കിതയുടെ പ്രായം. അങ്കിതയുടെ തൊഴിലുടമയും മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനുമായ പുൽകിത് ആര്യ ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് അങ്കിതയെ കൊലപ്പെടുത്തുന്നത്. അങ്കിതയുടെ മൃതദേഹം തൊട്ടടുത്ത കനാലിൽ നിന്നായിരുന്നു കണ്ടെടുത്തത്. ഐപിസി സെക്ഷൻ 302 (കൊലപാതകം), 201 (തെളിവ് മറച്ചുവെക്കൽ), 354 എ (പീഡനം) എന്നീ വകുപ്പുകളാണ് പുൽകിത് ആര്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. സഹായികളായ സൌരഭ് ഭാസ്കർ, അങ്കിത് ഗുപ്ത എന്നിവർക്കെതിരെ സെഷൻ 302, 201 എന്നിവ പ്രകാരവും കേസെടുത്തിട്ടുണ്ട്.
പൌരിയിലെ ഒരു ദരിദ്ര കുടുംബത്തിലെ അംഗമായ അങ്കിത ഭണ്ഡാരി തന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് പട്ടണത്തിലേക്ക് താമസം മാറുന്നത്. അങ്കിതയുടെ അച്ഛൻ ബീരേന്ദ്ര ഭണ്ഡാരി സെക്യൂരിറ്റി ഗാർഡായാണ് ജോലി ചെയ്തിരുന്നത്. അങ്കിത ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനായി ചേർന്നെങ്കിലും കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. അങ്കിതയുടെ സുഹൃത്ത് പുഷ്പ് വഴിയാണ് ഋഷികേശിലെ ഒരു റിസോർട്ടിൽ ഒഴിവുണ്ടെന്ന് അറിയുന്നതും ജോലിയിൽ പ്രവേശിക്കുന്നതും. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിന് ശേഷം പുഷ്പിനെ അങ്കിത ബന്ധപ്പെട്ടിരുന്നു. തന്റെ തൊഴിലുടമ തനിക്ക് പണം വാഗ്ദാനം ചെയ്യുകയും ഒരു വിഐപിയ്ക്കായി താൻ പ്രത്യേക സേവനങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അങ്കിത പുഷ്പിനെ അറിയിച്ചു. അങ്കിതയുടെ മരണശേഷം പുഷ്പ് ഈ വിവരം പൊലീസിന് കൈമാറിയിരുന്നു. കേസിൽ നിലവിൽ ഒന്നാം സാക്ഷിയായി പരിഗണിച്ചിരിക്കുന്നത് പുഷ്പിനെയാണ്.
മരണപ്പെടുന്നതിന് തൊട്ടുമുമ്പ് അങ്കിത അവസാനമായി സംസാരിച്ചതും അങ്കിതിനോടായിരുന്നു. ഏകദേശം എട്ടരയോട് കൂടി പുഷ്പിനെ വിളിച്ച അങ്കിത പ്രതി തന്റെ കൂടെയുള്ളതായും തനിക്ക് ഭയം തോന്നുന്നുവെന്നും പറഞ്ഞിരുന്നു, ഇക്കാര്യം പുഷ്പ് കോടതിയോട് വ്യക്തമാക്കിയിരുന്നു. അങ്കിതും സുഹൃത്തുക്കളും ചേർന്ന് അങ്കിതയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇവിടെ നിന്ന ഓടി രക്ഷപ്പെടാൻ ശ്രമിച്ച അങ്കിതയെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. പീഡനശ്രമം പുറത്തുപറയുമോയെന്ന് ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറയുന്നത്.
അതിഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ സമ്മർദ്ദം ചെലുത്തിയത് മറ്റുള്ളവരോട് പറയുമോയെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പുൽകിത് ആര്യ വ്യക്തമാക്കിയിരുന്നു.
അങ്കിത ഭണ്ഡാരിയുടെ കൊലപാതകം ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തെ തുടർന്ന് പുൽകിതിന്റെ പിതാവ് വിനോദ് ആര്യയെയും സഹോദരനെയും ബിജെപി എല്ലാ പദവികളിൽ നിന്നും പുറത്താക്കിയിരുന്നു.
content summary: Former BJP Minister’s Son Sentenced to Life for Ankita Bhandari’s Murder, a Case That Shook Uttarakhand