കേരളത്തിൽ പോലീസിന്റെ സല്യൂട്ട് വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. ജനപ്രതിനിധികൾക്ക് പൊലീസും മറ്റ് സേനാംഗങ്ങളും നൽകുന്ന സല്യൂട്ട് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോവളം എംഎൽഎ എം വിൻസെന്റ് നിയമസഭയിൽ സബ്മിഷൻ നൽകിയതിനെ തുടർന്നാണ് സല്യൂട്ട് ചർച്ചയാവുന്നത്. എന്നാൽ പോലീസിന്റെ സല്യൂട്ട് അഭിസംബേധനക്കുള്ള ഉപാധി മാത്രമാണെന്നും അതിനെ മറ്റ് തരത്തിൽ കാണേണ്ടതില്ലെന്നും മുൻ ഡിജിപി ജേക്കബ് പുന്നൂസ് അഴിമുഖത്തോട് പ്രതികരിച്ചു.jacob punnoose on Vincent’s No Salute
സല്യൂട്ട് എന്നത് ഹോണർ ഓഫ് പ്രസിഡൻസ് ആണെന്ന് ജേക്കബ് പുന്നൂസ്. സാധാരണ എക്‌സിക്യൂട്ടീവ് അതോറിറ്റിയുള്ള മേലധികാരികളെ കാണുമ്പോഴാണ് പോലീസുകാർ നിർബന്ധമായും സല്യൂട്ട് ചെയ്യേണ്ടത്. എക്‌സിക്യൂട്ടിവ് അതോറിറ്റിയില്ലാത്ത ജനപ്രതിനിധികളെ കാണുമ്പോൾ സല്യൂട്ട് ചെയ്യണമെന്ന നിയമം നിലവിലില്ല. എന്നാൽ പോലീസുകാർ നിലവിൽ യൂണിഫോമിലാണെങ്കിൽ ബഹുമാനിക്കുന്നതിനുള്ള ഉപാധിയാണ് സല്യൂട്ടെന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.
”സല്യൂട്ടടി തുടങ്ങിയിട്ട് കാലങ്ങൾ ഒരുപാടായി. എന്നാൽ പോലീസുകാർ മേലുദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യുന്നത് എന്തിനാണ് എന്നത് വ്യക്തമല്ല” എം വിൻസെന്റ് പറഞ്ഞു. സല്യൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ട്. സല്യൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവം ഉണ്ടാകുന്നു. പോലീസുകാർ എന്തിനാണ് ജനപ്രതിനിധികൾക്കും മേലുദ്യോഗസ്ഥർക്കും സല്യൂട്ട് നൽകുന്നത്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് സല്യൂട്ട് ഒഴിവാക്കിക്കൊണ്ട് കേരളത്തിന് മാതൃകയായിക്കൂടെ എന്നും എം വിൻസെന്റ് ചോദിച്ചു.
എന്നാൽ യൂണിഫോമിലായിരിക്കുമ്പോൾ നമസ്‌കാരമോ, ഗുഡ്‌മോണിങോ പോലുള്ള ഗ്രീറ്റിങ് പറയാൻ പാടില്ലാത്തതിനാൽ മറ്റുള്ളവരെ ഗ്രീറ്റിങ്സ് അറിയിക്കുന്നതിനുള്ള മാർഗം മാത്രമാണ് സല്യൂട്ടെന്ന് ജേക്കബ് പുന്നൂസ് പറഞ്ഞു. സല്യൂട്ട് ചെയ്തുകൊണ്ടാണ് ഗ്രീറ്റിങ് അറിയിക്കുന്നത്. ഒരു മേലാള, കീഴാള ബന്ധത്തിന്റെ അടയാളമായി സല്യൂട്ടിനെ കാണേണ്ടതില്ല. നമ്മൾ കാലങ്ങളായി അടിമകളായി ജീവിച്ചിരുന്നതിനാൽ എല്ലാ കാര്യങ്ങളെയും അത്തരത്തിൽ കാണാൻ ശ്രമിക്കുന്നതെന്നും ജേക്കബ് കൂട്ടിച്ചേർത്തു.
ഞാൻ ആദ്യമായി നിയമസഭയിലെത്തിയപ്പോഴാണ് സല്യൂട്ട് കിട്ടിയത്. നിയമസഭയിൽ മെയിൻ ഗേറ്റ് മുതൽ സല്യൂട്ട് തുടങ്ങും. മന്ദിരത്തിൽ കയറുമ്പോഴും ലിഫ്റ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും സല്യൂട്ട് കിട്ടും. നിയമസഭാ ഹാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും, ക്യാന്റീനിലുമെല്ലാം സല്യൂട്ടുണ്ട്. എന്നാൽ എന്തിനാണ് സല്യൂട്ട് എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. അധികാരത്തിന്റെ അടയാളമാണ് സല്യൂട്ട് എന്ന് വിൻസെന്റ് പറഞ്ഞു.
സേനകളിലെ മേലധികാരികൾക്കെല്ലാം സല്യൂട്ട് കൊടുക്കുക, അതിന്റെ ആവിശ്യമെന്താണ്. അതിലൂടെ പോസിറ്റീവ് ഫലങ്ങളെന്തെങ്കിലും ലഭിക്കുന്നുണ്ടോ. സല്യൂട്ട് കൊണ്ട് സേനയ്‌ക്കോ, അല്ലെങ്കിൽ സ്വീകരിക്കുന്ന ആൾക്കോ എന്തെങ്കിലും ഗുണമുണ്ടോ, സമൂഹത്തിന് എന്ത് സന്ദേശമാണ് ഇതിലൂടെ നൽകാൻ കഴിയുന്നത് എന്നും വിൻസെന്റ് ചോദിച്ചു.
പോലീസ് ആരെയൊക്കെയാണ് സല്യൂട്ട് ചെയ്യേണ്ടതെന്ന് കൃത്യമായ നിർദേശം പോലീസ് മാന്വൽ നൽകുന്നു. ജനപ്രതിനിധികൾ ഈ പരിധിയിൽ വരുന്നില്ലെങ്കിലും അവരോടുള്ള ബഹുമാന സൂചകമായാണ് പോലിസ് സല്യൂട്ട് ചെയ്യുന്നത്.
താഴ്ന്ന റാങ്കിലുള്ളവർ ഉയർന്ന റാങ്കിലുള്ളവരോട് ഏകപക്ഷീയമായി ചെയ്യേണ്ട ആചാരമല്ല സല്യൂട്ട്. താഴ്ന്ന റാങ്കിലുള്ളവർ സല്യൂട്ട് ചെയ്യുമ്പോൾ ഉയർന്ന റാങ്കിലുള്ളവർ തിരികെയും സല്യൂട്ട് ചെയ്യണം. ഇത്തരത്തിൽ പല റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ പരസ്പരം ആദരം കൈമാറുന്നതാണ് സല്യൂട്ട്.
പോലീസ് മാന്വലിൽ പറയുന്ന സല്യൂട്ട് നിർദേശങ്ങൾ
. ദേശീയപതാക, വിവിധ സേനകളുടെ പതാക
. മൃതശരീരം
. രാഷ്ട്രപതി, പ്രധാനമന്ത്രി, വൈസ് പ്രസിഡൻ്റ്, ഗവർണർ
. മുഖ്യമന്ത്രി, കേന്ദ്ര-സംസ്‌ഥാന മന്ത്രിമാർ.
. യൂണിഫോമിലുള്ള ജനറൽ ഓഫിസർമാർ (ഡിജിപി, എഡിജിപി, ഐജി, ഡിഐജി),
. മേലുദ്യോഗസ്‌ഥർ
. സുപ്രീം കോടതി ജഡ്‌ജി, ഹൈക്കോടതി ജഡ്‌ജി, ജില്ലാ പൊലീസ് മേധാവികൾ, എസ്‌പിമാർ
. യൂണിറ്റുകളുടെ കമാൻഡൻസ്
. ജില്ലാ കലക്ടർ
. സെഷൻസ് ജഡ്‌ജി, ഡിസ്ട്രിക്ട് മജിസ്ട്രേട്ട്
. സേനകളിലെ കമ്മിഷൻഡ് ഉദ്യോഗസ്‌ഥർ, സൈന്യത്തിലെ ഫീൽഡ് റാങ്ക് ഉദ്യോഗസ്ഥർ
(ആയുധധാരിയായി ഗാർഡ് ഡ്യൂട്ടി ചെയ്യുന്നവർക്കു പ്രത്യേക മാർഗനിർദേശങ്ങളുണ്ട്)
നമ്മുടേത് ഒരു പുരോഗമനപരമായ സമൂഹമാണെന്നാണ് നമ്മൾ അവകാശപ്പെടുന്നത് അവിടെയാണ് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ അറ്റൻഷനായി നിന്ന് സല്യൂട്ട് ചെയ്യുന്നത്. അച്ചടക്കമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ, സല്യൂട്ട് കൊണ്ട് ഉണ്ടാക്കാൻ കഴിയുന്നതല്ല അച്ചടക്കം. അല്ലെങ്കിൽ അവർ ചെയ്യുന്ന ജോലിയുടെ അളവ് കോലായും സല്യൂട്ടിനെ കാണാൻ കഴിയില്ല. എന്നും വിൻസെന്റ് പറഞ്ഞു.
പോലീസ് ഡിപ്പാർട്ട്‌മെന്റിനുള്ളിൽ സല്യൂട്ട് എന്നത് ഉദ്യോഗസ്ഥർ തമ്മിലുള്ള ബന്ധത്തിന്റെ സൂചകമാണ്. ഡിപ്പാർട്ട്‌മെന്റിന് പുറത്ത് അത് അഭിസംബോധന ചെയ്യുന്നതിനുള്ള ഉപാധി മാത്രമാണ്. തൊപ്പി വച്ചിരിക്കുന്ന ഒരു ഉദ്യോഗസ്ഥന് തന്റെ മുന്നിലുള്ള ആളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഏക വഴി സല്യൂട്ട് മാത്രമാണ്. അദ്ദേഹം വ്യക്തമാക്കി.
സല്യൂട്ടിനെ ഒരു തരത്തിലും അടിമത്തമായോ, ഉയർച്ച താഴ്ച്ചയായോ കാണാൻ കഴിയില്ലെന്നും അത് ഉദ്യോഗസ്ഥർക്കിടയിലെ ബന്ധത്തിന്റെയും പുറത്ത് അഭിസംബോധനയുടെയും മാത്രം രൂപമാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു. ഓരോ സേനയ്ക്കും ഓരോ സമൂഹത്തിനും ഓരോ രീതികളാണുള്ളത്, അതിന് പ്രത്യേക അർഥങ്ങളുമുണ്ട് അത്തരത്തിൽ മാത്രമെ സല്യൂട്ടിനെ കാണേണ്ടതുള്ളു എന്നും ജേക്കബ് പുന്നൂസ് വ്യക്തമാക്കി.jacob punnoose on Vincent’s No Salute
content summary; Former DGP Jacob Punnoose Responds to M. Vincent MLA’s No Salute Proposal by Assembly