June 04, 2026 |
Share on

റാപ്പറിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്, ജെൻ സി പ്രക്ഷോഭകർക്ക് പ്രിയപ്പെട്ട നേതാവ്; ആരാണ് ബാലേന്ദ്ര ഷാ?

എല്ലാ കണ്ണുകളും ബലേൻ ഷായിലേക്ക്

നേപ്പാളിൽ പടർന്ന് പിടിച്ച് ജെൻ സി പ്രക്ഷോഭം ചെന്നെത്തി നിന്നത് പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ രാജിയിലാണ്. രാജ്യത്ത് പ്രക്ഷോഭം ആളുമ്പോഴും ഇപ്പോൾ എല്ലാ കണ്ണുകളും ഒരാളിലേക്കാണ്, ബലേന്ദ്ര ഷാ എന്ന ബലേൻ ഷായിലേക്ക്. തിരഞ്ഞെടുപ്പിലൂടെ പുതിയ സർക്കാർ വരുന്നതുവരെ ഇടക്കാല സർക്കാർ രാജ്യത്തെ നയിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതോടെയാണ് ഇടക്കാല പ്രധാനമന്ത്രിയായി ജെൻസികൾ, ബലേന്ദ്ര ഷായുടെ പേരുയർത്തി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തെ അനുകൂലിച്ച് പോസ്റ്റുകൾ നിറയുകയാണിപ്പോൾ.

പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി രാജിവച്ചതിന് പിന്നാലെ, കാഠ്മണ്ഡു മേയറും റാപ്പറുമായ ബാലേന്ദ്ര ഷാ, അഥവാ ബാലെൻ, പ്രതിഷേധം നടത്തുന്ന പ്രക്ഷോഭകരോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്. നേപ്പാളിൽ തുടരുന്ന പ്രക്ഷോഭത്തിലൂടെ ഒരു ജെൻ സി പ്രസ്ഥാനം ഉയർന്നു വരുന്നതായും സർക്കാരിന്റെ രാജി എന്ന ആവശ്യം നിങ്ങൾ ഇതിനകം നേടിയെടുത്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രിയപ്പെട്ട ജെൻ സികളെ സർക്കാരിൻ്റെ രാജി എന്ന നിങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഇപ്പോൾ സംയമനം പാലിക്കേണ്ട സമയമാണിത്, എന്ന് ബാലേന്ദ്ര ഷാ കുറിച്ചു.

യുവതലമുറയിലെ വോട്ടർമാർക്ക് രാഷ്ട്രീയ പാർട്ടികളോടുള്ള താല്പര്യക്കുറവും, രാഷ്ട്രീയ നേതാക്കളോടുള്ള അവിശ്വാസവുമാണ് ബാലേന്ദ്ര ഷായെപ്പോലുള്ള സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് മേൽക്കൈ നൽകുന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി താൻ യുവജനങ്ങളുടെ താല്പര്യങ്ങൾക്കൊപ്പം നിൽക്കുമെന്നും, എന്നാൽ അതേസമയം, രാജ്യത്ത് സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളിൽ നിന്നും പിന്നോട്ട് പോകില്ലെന്നും ബാലേന്ദ്ര ഷാ വ്യക്തമാക്കി. ബാലേന്ദ്ര ഷായുടെ വാക്കുകൾക്ക് പിന്നാലെ, രാജ്യത്തെ പല പ്രതിഷേധങ്ങളും താൽക്കാലികമായി നിർത്തിവച്ചു. കാഠ്മണ്ഡുവിലെ ജനങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളെ സ്വാഗതം ചെയ്തു.

നേപ്പാളിൽ ഇനി ആര് എന്ന ചോദ്യത്തിന് ജെൻ സി നൽകുന്ന പേര് കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷായുടേതാണ്. ബലേൻ എന്നറിയപ്പെടുന്ന ഇദ്ദേഹം അടുത്ത പ്രധാനമന്ത്രിയായി നേതൃത്വം ഏറ്റെടുക്കണമെന്നാണ് ജെൻ സിയുടെ ആവശ്യം. ഇതിനായി ഓൺലൈൻ ക്യാമ്പയിനുകളും തുടങ്ങി കഴിഞ്ഞു.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങി 26 സമൂഹമാധ്യമ ആപ്പുകൾ സർക്കാർ നിരോധിച്ചതാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. സ്കൂൾ, കോളേജ് യൂണിഫോമിലെത്തിയ വിദ്യാർഥികളായിരുന്നു പ്രക്ഷോഭക്കാരിൽ ഭൂരിഭാഗവും. രാജ്യവ്യാപക പ്രതിഷേധത്തിൽ 19 പേർ കൊല്ലപ്പെടുകയും, നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധത്തിൽ യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനാണ് ബലേന്ദ്ര ഷാ.

കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയുടെ മേയറാണ് ബലേൻ എന്നറിയപ്പെടുന്ന ബലേന്ദ്ര ഷാ. 1990 ൽ കാഠ്മണ്ഡുവിൽ ജനിച്ച അദ്ദേഹം നേപ്പാളിൽ സിവിൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ട്രക്ചറൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ്, നേപ്പാളിലെ അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് രംഗത്ത് റാപ്പറായും ഗാനരചയിതാവായും സജീവമായിരുന്നു ബലേൻ. സംഗീതത്തിലൂടെ അഴിമതി, അസമത്വം തുടങ്ങിയ വിഷയങ്ങളായിരുന്നു ബലേന്ദ്ര ഷാ ഉന്നയിച്ചിരുന്നത്. 2022-ൽ, ബലേൻ കാഠ്മണ്ഡു മേയർ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും 61,000-ത്തിലധികം വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള സ്ഥാനാർഥികളെ പരാജയപ്പെടുത്തിയായിരുന്നു ബലേൻ്റെ വിജയം.സോഷ്യൽ മീഡിയയിൽ സജീവമായ ബലേൻ, പൗര-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി പതിവായി ആശയവിനിമയം നടത്താറുണ്ട്.

content summary: From rapper to mayor, Balendra Shah has become the favorite leader of Gen Z in Nepal

Leave a Reply

Your email address will not be published. Required fields are marked *

×