July 14, 2026 |
Share on

തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇന്ധന–ഗ്യാസ് വില കൂടും; കേരളത്തെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി

പെട്രോള്‍, ഡീസല്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലണ്ടര്‍ എന്നിവയ്ക്ക് കാര്യമായ വില വര്‍ദ്ധനവ് ഉണ്ടാകും

പശ്ചിമേഷ്യന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില റെക്കോര്‍ഡ് നിലവാരത്തില്‍ തുടരുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില ഉടന്‍ വര്‍ദ്ധിപ്പിക്കുമെന്ന് സൂചന. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അവസാനിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളിലോ ആഴ്ചകളിലോ വിലവര്‍ദ്ധനവ് ഉണ്ടായേക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ നാല് വര്‍ഷത്തിലേറെയായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുതിച്ചുയരുമ്പോഴും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വലിയ നഷ്ടം സഹിച്ചാണ് കുറഞ്ഞ നിരക്കില്‍ ഇന്ധനം വിതരണം ചെയ്യുന്നത്. നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് വില വര്‍ദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇതുവരെ വില മാറ്റമില്ലാതെ നിലനിര്‍ത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.

എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വില വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് സൂചനകള്‍. പെട്രോള്‍, ഡീസല്‍, എല്‍പിജി വില ഉടന്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും ഇത് സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഉറപ്പുകള്‍ വില വര്‍ദ്ധിപ്പിക്കുന്നതിന് ഒരു തടസ്സമാണെങ്കിലും, ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ സ്ഥിതി തുടരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ പെട്രോളിന് 94.77 രൂപയും ഡീസലിന് 87.67 രൂപയുമാണ് വില. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന് 913 രൂപയാണ് നിരക്ക്.

എണ്ണക്കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസലിന് 100 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഴ്ച പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ അറിയിച്ചിരുന്നു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് ഏകദേശം 380 രൂപയുടെ കുറഞ്ഞ വരുമാനമാണ് കമ്പനികള്‍ക്ക് ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാണ് ഇതുവരെ വില വര്‍ദ്ധിപ്പിക്കാതിരുന്നത്. കഴിഞ്ഞ വര്‍ഷം ബാരലിന് ശരാശരി 70 ഡോളറായിരുന്ന ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ബാസ്‌കറ്റ് നിരക്ക് ഏപ്രിലില്‍ 113 ഡോളറിന് മുകളിലെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 25 മുതല്‍ 28 രൂപ വരെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നു. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോള ഊര്‍ജ്ജ വിതരണം താറുമാറാവുകയും വില വര്‍ദ്ധിക്കുകയും ചെയ്തു. എണ്ണ ഇറക്കുമതിയെ വന്‍തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഈ വിലവര്‍ദ്ധനവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പാചകവാതക വിതരണത്തില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍, കോടിക്കണക്കിന് വീടുകളിലേക്കുള്ള വിതരണം ഉറപ്പാക്കാന്‍ വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വില്‍പ്പന നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

നിലവില്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 106 മുതല്‍ 108 രൂപ വരെയാണ്. ലിറ്ററിന് നാല് മുതല്‍ അഞ്ചു വരെ വില വര്‍ദ്ധിക്കാനിടയുണ്ടെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അതുപോലെ എല്‍പിജി സിലണ്ടര്‍ വില 50 രൂപ വരെ വര്‍ദ്ധിക്കാമെന്നും പറയുന്നു. ഇത് സംസ്ഥാനത്തെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കും. വിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകള്‍ക്ക് നിലവില്‍ 913 രൂപയാണ് വിലയെങ്കിലും, 380 രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ ഓരോ സിലിണ്ടറിലും രേഖപ്പെടുത്തുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴി വരാറുള്ള ഗ്യാസ് കപ്പലുകള്‍ മുടങ്ങിയത് കേരളത്തിലെ വിതരണ ശൃംഖലയെ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്. എറണാകുളം അടക്കമുള്ള ജില്ലകളില്‍ ഹോട്ടല്‍ മേഖലയില്‍ വാണിജ്യ സിലിണ്ടറുകളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ ഹോട്ടല്‍ ഭക്ഷണ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗള്‍ഫ് മേഖലയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ധനവിലയെ മാത്രമല്ല, കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസി വരുമാനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള വ്യാപാര നീക്കങ്ങളും പ്രവാസികളുടെ തൊഴില്‍ സുരക്ഷയും ഭീഷണിയിലാകും. സംസ്ഥാനത്തെ പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് സംവിധാനമായ കെഎസ്ആര്‍ടിസിക്കും ഇന്ധനവില വര്‍ദ്ധനവ് വന്‍ ബാധ്യതയുണ്ടാക്കും.

തിരഞ്ഞെടുപ്പ് സമയത്ത് വില വര്‍ദ്ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം നല്‍കിയ ഉറപ്പുകള്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നുവെന്നാണ് ഇപ്പോഴത്തെ സൂചനകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടം തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യത്തുടനീളം വലിയ തോതിലുള്ള വില പരിഷ്‌കരണം പ്രതീക്ഷിക്കപ്പെടുന്നു.

Content Summary: Fuel prices in India, including petrol, diesel, and LPG, are expected to surge following the conclusion of state elections

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×