January 31, 2026 |
Share on

എന്താണ് ട്രംപിന്റെ യഥാര്‍ത്ഥ ലക്ഷ്യം? ഗാസ സമാധന സമിതിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായി ഈ സമിതിയെ മാറ്റാനാണോ ട്രംപ് ഉദ്ദേശിക്കുന്നത്?

ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസയിലെ വെടിനിര്‍ത്തല്‍ മേല്‍നോട്ടം വഹിക്കുന്നതിനായി രൂപീകരിച്ച ‘സമാധാന സമിതി’ യും അതിന്റെ ചുമതലക്കാരുമാണ് ഇപ്പോള്‍ ലോകത്തിന്റെ പ്രധാന ചര്‍ച്ച വിഷയം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സമിതയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ ഈ സമാധന സമിതി പലതരം ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്.

പുതുതായി രൂപീകരിച്ച ഈ സമിതിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുകൊണ്ട് വെള്ളിയാഴ്ച വിവിധ രാജ്യങ്ങള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു. കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങിയ അമേരിക്കയുടെ അടുത്ത സഖ്യകക്ഷികള്‍ക്കൊപ്പം, ഒട്ടും സൗഹൃദത്തിലല്ലാത്ത റഷ്യയെയും ബെലാറസിനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേമായ കാര്യം.

ക്ഷണക്കത്തിനൊപ്പം അയച്ച സമിതിയുടെ നിയമാവലി പ്രകാരം, ഗാസ മുനമ്പിലെ സംഘര്‍ഷത്തില്‍ മാത്രമല്ല, എല്ലാത്തരം ആഗോള തര്‍ക്കങ്ങളിലും ഈ ബോര്‍ഡ് ഇടപെടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നതായി സൂചനയുണ്ട് എന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ട്രംപിന്റെ ഈ നീക്കത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഐക്യരാഷ്ട്രസഭ ലിബറല്‍ പക്ഷപാതവും ധൂര്‍ത്തും കാണിക്കുന്നുവെന്ന് പണ്ടേ ആരോപിക്കുന്ന ട്രംപ്, യുഎന്നിന് ബദലായി അമേരിക്കയുടെ ആധിപത്യമുള്ള ഒരു സമാന്തര സംവിധാനം ഒരുക്കുകയാണെന്നാണ് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

ചെയര്‍മാന്‍ എന്ന നിലയില്‍ ട്രംപിന് ഈ ബോര്‍ഡിന്മേല്‍ വലിയ സ്വാധീനമുണ്ടാകും. സ്ഥിരം അംഗത്വത്തിനായി രാജ്യങ്ങള്‍ 100 കോടി ഡോളറിലധികം നല്‍കേണ്ടതുണ്ട് എന്നതിനാല്‍ ബോര്‍ഡിന് വലിയൊരു ബജറ്റ് തന്നെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ പണം എങ്ങനെ ചിലവഴിക്കണം എന്നതില്‍ ട്രംപിന് എത്രത്തോളം നിയന്ത്രണമുണ്ടാകുമെന്ന് വ്യക്തമല്ല.

ബോര്‍ഡിന്റെ ഉപസമിതികളിലൊന്നില്‍ തുര്‍ക്കിയെയും ഖത്തറിനെയും ഉള്‍പ്പെടുത്തിയത് ഇസ്രയേലിന്റെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി സര്‍ക്കാരുമായി ഇസ്രയേല്‍ കടുത്ത ഭിന്നതയിലാണ്.

യുദ്ധാനന്തര ഗാസ കെട്ടിപടുക്കുക എന്ന കാഴ്ചപ്പാടിലാണ് ഇത്തരമൊരു സമിതിയുടെ രൂപീകരണത്തിന് അമേരിക്ക നല്‍കിയ വിശദീകരണം. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഒരു ‘പുതിയ അന്താരാഷ്ട്ര പരിവര്‍ത്തന സമിതി’ എന്ന നിലയിലാണ് രൂപീകരിക്കപ്പെടുന്നത്. ലോകനേതാക്കള്‍ ഇതില്‍ അംഗങ്ങളാകുമെങ്കിലും ട്രംപ് തന്നെ തലപ്പത്തിരിക്കുന്ന രീതിയിലായിരുന്നു സമിതിയുടെ ഭരണനേതൃത്വത്തെ നിശ്ചയിച്ചത്.

കഴിഞ്ഞ നവംബറില്‍ അമേരിക്ക അവതരിപ്പിച്ച പ്രമേയത്തിലൂടെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഈ ബോര്‍ഡിന് ഔദ്യോഗികമായി പിന്തുണ നല്‍കി. അങ്ങനെ സമിതിക്ക് അന്താരാഷ്ട്ര നിയമസാധുതയും കിട്ടി. ഗാസയ്ക്കായി അന്താരാഷ്ട്ര സമാധാന സേനയെ നിയമിക്കുന്നതിന് ഗവണ്‍മെന്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ പ്രമേയം ബോര്‍ഡിന് അധികാരം നല്‍കി. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട പലസ്തീന്‍ അതോറിറ്റി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വരെ ഗാസയില്‍ ട്രംപിന്റെ പദ്ധതികള്‍ നടപ്പിലാക്കുക എന്നതായിരുന്നു ബോര്‍ഡിന്റെ ചുമതല.

എന്നാല്‍ വെള്ളിയാഴ്ച ബോര്‍ഡിന്റെ നിയമാവലി പുറത്തുവന്നതോടെ, ആദ്യം പറഞ്ഞതുപോലെയല്ല, അതിനെക്കാളൊക്കെ വിശാലമായ അധികാരമാണ് ട്രംപ് വിഭാവനം ചെയ്യുന്നതെന്ന് ലോകത്തിന് വ്യക്തമായി. ന്യൂയോര്‍ക്ക് ടൈംസ് പരിശോധിച്ച നിയമാവലി പ്രകാരം, ഗാസയില്‍ മാത്രമല്ല, ‘സംഘര്‍ഷബാധിതമായ അല്ലെങ്കില്‍ സംഘര്‍ഷസാധ്യതയുള്ള മേഖലകളില്‍ ശാശ്വത സമാധാനം ഉറപ്പാക്കുക’ എന്നതാണ് സമിതിയുടെ ലക്ഷ്യം. കൂടുതല്‍ വേഗതയുള്ളതും ഫലപ്രദവുമായ ഒരു അന്താരാഷ്ട്ര സമാധാന നിര്‍മ്മാണ സമിതിയാണ് ഇതെന്നും നിയമാവലിയില്‍ അവകാശപ്പെടുന്നു.

ബ്രിട്ടന്‍, ജോര്‍ദാന്‍, റഷ്യ എന്നിവരെയെല്ലാം ക്ഷണിച്ചിട്ടുണ്ടെങ്കിലും, അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി, ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ തുടങ്ങിയ ട്രംപ് അനുകൂലികളായ ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് ഇതുവരെ സമിതിയില്‍ ചേരുമെന്ന് അറിയിച്ചിട്ടുള്ള ലോക നേതാക്കള്‍.

ഗാസയുടെ മേല്‍നോട്ടം വഹിക്കാനാണെങ്കിലും, ഈ സമാധാന സമിതിയിലോ അതിന് താഴെയുള്ള ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡിലോ നിലവില്‍ പലസ്തീന്‍ അംഗങ്ങളില്ല. എങ്കിലും, ഗാസയിലെ പൊതുസേവനങ്ങള്‍ നിയന്ത്രിക്കുന്ന പലസ്തീന്‍ സാങ്കേതിക വിദഗ്ധരുടെ ഗ്രൂപ്പിന് മേല്‍നോട്ടം വഹിക്കുക ഈ ബോര്‍ഡായിരിക്കും. ഇസ്രയേലിന്റെയും ഹമാസിന്റെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായി ഗാസ വിഭജിക്കപ്പെട്ടു കിടക്കുന്നതിനാല്‍ ഇത് വലിയൊരു വെല്ലുവിളിയായിരിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ചില രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ സംശയാലുക്കളാണ്. ബോര്‍ഡില്‍ സ്ഥിരം അംഗത്വം ലഭിക്കാന്‍ ആദ്യ വര്‍ഷം തന്നെ 100 കോടി ഡോളര്‍ നല്‍കണം (മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി ചേരാനുള്ള അവസരവുമുണ്ട്). നിയമാവലി അനുസരിച്ച് ചെയര്‍മാന്‍ എന്ന നിലയില്‍ ട്രംപിന് വലിയ അധികാരങ്ങളുണ്ടാകും. ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ഒരു ‘എക്‌സിക്യൂട്ടീവ് ബോര്‍ഡ്’ ട്രംപ് തന്നെ രൂപീകരിക്കും. തീരുമാനങ്ങളില്‍ വീറ്റോ അധികാരം പ്രയോഗിക്കാനും തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്യാനും ട്രംപിന് സാധിക്കും. കൂടാതെ സബ്‌സിഡിയറി സ്ഥാപനങ്ങള്‍ ഉണ്ടാക്കാനും മാറ്റം വരുത്താനും പിരിച്ചുവിടാനും അദ്ദേഹത്തിന് അധികാരമുണ്ടാകും.

യുഎന്നിന്റെ പങ്കിനെ ചോദ്യം ചെയ്യുന്ന ഒന്നായതിനാല്‍ നിലവില്‍ ബോര്‍ഡില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

സമാധാന സമിതിക്ക് ഗാസയില്‍ എത്രത്തോളം അധികാരം ലഭിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. എന്നാല്‍ ട്രംപിന്റെ ഗാസ സമാധാന പദ്ധതി നടപ്പിലാക്കാന്‍ രണ്ട് ഉപസമിതികള്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ച ‘ഗാസ എക്‌സിക്യൂട്ടീവ് ബോര്‍ഡില്‍’ ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരുണ്ട്. കൂടാതെ ഖത്തര്‍, ഈജിപ്ത് ഉദ്യോഗസ്ഥരും ഒരു ഇസ്രയേലി ബിസിനസുകാരനും ഇതില്‍ ഉള്‍പ്പെടുന്നു.

ഖത്തറിനെയും തുര്‍ക്കിയെയും സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ഇസ്രയേല്‍ വിമര്‍ശിച്ചു. വെടിനിര്‍ത്തലിന് ഇവര്‍ സഹായിച്ചിട്ടുണ്ടെങ്കിലും, ഇവര്‍ ഹമാസുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നാണ് ഇസ്രയേലിന്റെ ആരോപണം.

Content Summary; what to know about Donald Trumps Gaza Board of Peace plan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×