June 04, 2026 |
Share on

സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം കുതിരയെ കിട്ടിയില്ല; ഈ പെണ്‍കുട്ടി സവാരി നടത്തുന്നത് ആരുടെ പുറത്തിരുന്നാണെന്ന് നോക്കൂ

രണ്ട് വര്‍ഷം മുമ്പ് ഹന്നയ്ക്ക് ടോണിയെന്ന ഒരു കുതിരയെ ലഭിച്ചു. പക്ഷെ ലൈലയുടെ പുറത്ത് സവാരി നടത്താനാണ് ഹന്നയ്ക്ക് ഇപ്പോഴും താല്‍പര്യം

സവാരിക്ക് ഒരു കുതിര വേണമെന്നായിരുന്നു പതിനൊന്നുകാരിയായ ഹന്ന സിംസണിന്റെ ആവശ്യം. പക്ഷെ സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം ആ ആഗ്രഹം നടത്തിക്കൊടുക്കാന്‍ കുടുംബത്തിന് സാധിച്ചില്ല. പക്ഷെ തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ അവള്‍ തയ്യാറായില്ല. ഇപ്പോള്‍ അവള്‍ തന്റെ പ്രിയപ്പെട്ട ലൈലയുടെ പുറത്ത് സവാരി നടത്തുന്നു. ലൈല ഒരു കുതിരയാണെന്ന് കരുതരുത്. അവള്‍ ഒരു പശുവാണ്.

കഴിഞ്ഞ ഏഴ് വര്‍ഷമായി ലൈലയുടെ പുറത്ത് ഹന്ന സവാരി നടത്തുന്ന കാഴ്ച ന്യൂസിലന്റിന്റെ തെക്കേ അറ്റത്തുള്ള ഇന്‍വെര്‍കാര്‍ഗില്‍ പട്ടണത്തിന്റെ പ്രാന്തങ്ങളില്‍ ഉള്ളവര്‍ക്കെല്ലാം പരിചിതമാണ്. ലൈലയ്ക്ക് ആറു വയസുള്ളപ്പോഴാണ് ഹന്ന അവളുടെ പുറത്ത് ആദ്യമായി കയറുന്നത്. അത് ലൈലയ്ക്ക് ഇഷ്ടമായി. പിന്നീട് അതൊരു തുടര്‍ച്ചയായി. വലിയ വേലികള്‍ ചാടിക്കടക്കാന്‍ ആദ്യം ലൈലയ്ക്ക് മടിയായിരുന്നു. നിരന്തര പരിശീലനത്തിന് ശേഷം ഇപ്പോള്‍ അവള്‍ 1.4 മീറ്റര്‍ ഉയരത്തില്‍ വരെ ചാടും. പക്ഷെ ചെറുതായി ഒന്ന് നിര്‍ബന്ധിക്കണം എന്ന് മാത്രം. ലൈല ഒരു നാണക്കാരിയാണ്.

ലൈലയുടെ ഇഷ്ടവും ഇഷ്ടക്കേടുകളും ഹന്നയ്ക്ക് നന്നായി അറിയാം. ലൈലയ്ക്ക് ഇഷ്ടമില്ലാത്തതിനൊന്നു ഹന്ന നിര്‍ബന്ധിക്കുകയുമില്ല. വേഗത്തില്‍ കുതിക്കുന്നതും മലയുടെ മുകളിലേക്കും താഴേക്കും പോകുന്നതുമൊന്നും ലൈലയ്ക്ക് ഇഷ്ടമല്ല. എന്നാല്‍ പുല്ലുകള്‍ക്കിടയിലൂടെ നടക്കുന്നതും നദിയില്‍ ദീര്‍ഘദൂരം നീന്തുന്നതുമൊക്കെ ലൈല ആസ്വദിക്കുന്നു. നിരവധി തവണ ലൈലയുടെ പുറത്തു നിന്നും ഹന്ന താഴെ വീണിട്ടുണ്ട്.

എന്നാല്‍ പ്രൊഫഷണല്‍ മത്സരങ്ങളില്‍ സവാരിക്കായി ലൈലയെ പങ്കെടുപ്പിക്കാനോ കാഴ്ചക്കാര്‍ക്കായി അവളെ ഉയരത്തില്‍ ചാടിക്കാനോ ഹന്ന തയ്യാറല്ല. രണ്ട് വര്‍ഷം മുമ്പ് ഹന്നയ്ക്ക് ടോണിയെന്ന ഒരു കുതിരയെ ലഭിച്ചു. പക്ഷെ ലൈലയുടെ പുറത്ത് സവാരി നടത്താനാണ് ഹന്നയ്ക്ക് ഇപ്പോഴും താല്‍പര്യം.

ലൈലയുടെ പുറത്തുകയറി ഹന്ന സവാരി നടത്തുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഹിറ്റാണ്.

https://www.instagram.com/p/BOk0yEsBFkw/?taken-by=hanney_simpson

Leave a Reply

Your email address will not be published. Required fields are marked *

×