ഹിജാബ് മാറ്റാത്തതിൽ മർദ്ദനം, ക്ലാസിൽ കയറുന്നത് വിലക്കി; ജാർഖണ്ഡ് ​ഗവ. ഗേൾസ് ഹൈസ്കൂളിനെതിരെ ആരോപണവുമായി രക്ഷിതാക്കൾ

ആരോപണങ്ങൾ നിഷേധിച്ച് പ്രിൻസിപ്പാൾ

ഹിജാബ് മാറ്റാൻ വിസമ്മതിച്ചതിൻ്റെ പേരിൽ വിദ്യാർത്ഥിനികളെ ക്ലാസിൽ കയറുന്നതിൽ നിന്ന് വിലക്കി ജാർഖണ്ഡ്, ചത്രയിലെ ​ഗവ. ഗേൾസ് ഹൈസ്കൂൾ. സ്കൂൾ അധികൃതർ വിദ്യാത്ഥിനികളെ മർദ്ദിക്കുകയും നിർദേശം പാലിച്ചില്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർത്ഥിനികളെ പുറത്താക്കിയതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ചെവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്കൂൾ വളപ്പിനുള്ളിൽ ഹിജാബ് ധരിക്കാൻ പാടില്ലായെന്ന് വാക്കാലുള്ള ഉത്തവ് പ്രിൻസിപ്പാൾ പുറപ്പെടുവിച്ചെന്നും അതിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നിർബന്ധപൂർവ്വം ഹിജാബ് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ രേഖാമൂലം നൽകിയ പരാതിയിൽ ആരോപിച്ചു. അതേസമയം, സംഭവത്തിന് ശേഷം പെൺകുട്ടികളെ മാതാപിതാക്കൾ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ആരുടേയും ശരീരത്തിൽ ശാരീരിക ആക്രമണത്തിന്റെ ലക്ഷണങ്ങളോ പാടുകളോ കണ്ടെത്തിയിട്ടില്ല.
പരാതിയെ തുടർന്ന് സദർ സബ് ഡിവിഷണൽ ഓഫീസർ സഹൂർ ആലം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ് മിശ്ര, ഓഫീസർ ഇൻ ചാർജ് വിപിൻ കുമാർ എന്നിവർ ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

വിഷയത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കുമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കൃത്യമായ നടപടി സ്വീകരിക്കുമെന്നും സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) സഹൂർ ആലം പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥികളുമായും അധ്യാപകരുമായും സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ആവശ്യമെങ്കിൽ രക്ഷിതാക്കളെയും ചർച്ചയിൽ ഉൾപ്പെടുത്തുമെന്നും എസ്ഡിഒ പറഞ്ഞു.

ഈ വർഷം സ്‌കൂളിലെ മികച്ച വിദ്യാർത്ഥികളായി തിരഞ്ഞെടുത്തത് മൂന്ന് മുസ്ലീം പെണ്‍കുട്ടികളെയാണ്. അതിനാൽ സ്കൂളിൽ ജാതീയപരമായി വിവേചനം ഉണ്ടെന്ന് തീരുമാനിക്കാനും കഴിയില്ല. തെറ്റിദ്ധാരണകള്‍ ഉണ്ടെങ്കില്‍ അവ ഉടനടി പരിഹരിക്കപ്പെടണം. ഈ പെണ്‍കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, എസ്ഡിഒ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, വിദ്യാർത്ഥികൾ ഉന്നയിച്ച ആരോപണങ്ങൾ പ്രിൻസിപ്പാൾ നിഷേധിച്ചു. സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധിത ഡ്രസ് കോഡ് ഉണ്ടെന്നും ക്ലാസ് മുറിക്കുള്ളിൽ ബുർഖയും ഹിജാബും നീക്കം ചെയ്യാൻ മാത്രമേ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും പ്രിൻസിപ്പാൾ അറിയിച്ചു. മർദ്ദിച്ചുവെന്നതും മറ്റും തെറ്റായ വിവരങ്ങളാണെന്നും പ്രിൻസിപ്പാൾ അറിയിച്ചു. സ്‌കൂളിൽ പതിവായി പരിശോധനകൾ നടത്തുന്നുണ്ടെന്നും ഈ സംഭവത്തിന് മുമ്പ് വിദ്യാർത്ഥികളിൽ നിന്ന് ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേശ് മിശ്രയും പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

Content Summary: Girls allegedly beaten, barred from class over hijab at Jharkhand govt school

This post was last modified on July 17, 2025 6:00 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment