February 14, 2025 |
Share on

‘കൊടും പട്ടിണിയിലാകും മുമ്പ് ലോകത്തെ രക്ഷിക്കൂ’; അപേക്ഷയുമായി നൊബേല്‍ ജേതാക്കള്‍

150 ലേറേ നൊബേല്‍- വേള്‍ഡ് ഫുഡ് പ്രൈസ് ജേതാക്കള്‍ തുറന്ന കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്‌

കൊടും പട്ടിണിയില്‍ നിന്നും ലോകത്തെ അടിയന്തരമായി രക്ഷിക്കാന്‍ ആവശ്യമായ സത്വരനടപടികള്‍ക്ക് ആഹ്വാനം ചെയ്ത് നൊബേല്‍-വേള്‍ഡ് ഫുഡ് പ്രൈസ് ജേതാക്കള്‍. 150 ലേറേ വരുന്ന പ്രശസ്തരാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഒരു തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ലോകം കൊടും പട്ടിണിയിലേക്ക വീഴും മുമ്പ്, അത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ‘ആഗോള ഭക്ഷ്യ വിതരണത്തിന്റെയും ഭക്ഷ്യ ആവശ്യകതയുടെയും ഏറ്റവും മോശമായ തരത്തിലെത്തിയ പൊരുത്തക്കേട് പരിഹരിക്കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ക്കും സാങ്കേതികവിദ്യകള്‍ കണ്ടെത്തുന്നതിനും മുന്‍ഗണന നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ്, ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മികച്ച ചിന്തകന്മാരുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്.

ബിഗ് ബാംഗ് ഭൗതിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് വുഡ്‌റോവ് വില്‍സണ്‍, നൊബേല്‍ ജേതാവായ രസതന്ത്ര ശാസ്ത്രജ്ഞനായ ജെന്നിഫര്‍ ഡൗഡ്‌ന, ദലൈ ലാമ, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്‌സ്, നാസ ശാസ്ത്രജ്ഞന്‍ സിന്തിയ റോസെന്‍വെയ്ഗ്, എത്യോപ്യന്‍-അമേരിക്കന്‍ ജനിതക ശാസ്ത്രജ്ഞന്‍ ഗെബിസ എജെറ്റ, ആഫ്രിക്കന്‍ വികസന ബാങ്ക് പ്രസിഡന്റ് അക്കിന്‍വുമി അഡെസിന, സാഹിത്യ നൊബേല്‍ സമ്മാന ജേതാവ് വോലെ സോയിങ്ക, ഭൗതിക ശാസ്ത്രത്തില്‍ നൊബേല്‍ ജേതാവായ സര്‍ റോജര്‍ പെന്റോസ് തുടങ്ങിയവര്‍ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്. ആഗോള ഭക്ഷ്യ സുരക്ഷയ്ക്കുള്ള യു എസ്സിന്റെ പ്രത്യേക പ്രതിനിധിയും 2024 ലെ വേള്‍ഡ് ഫുഡ് പ്രൈസിന്റെ സംയുക്ത ജേതാവുമായ കാരി ഫൗളര്‍ ആണ് ഈ അപേക്ഷ ഏകോപിപ്പിച്ചത്.

”ഭാവിയിലെ ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലോകം തയ്യാറല്ല. നൂതനമായ പരിഹാരങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ലെങ്കില്‍, 2050-ഓടെ വ്യാപകമായ ഭക്ഷ്യക്ഷാമവും ആഗോളതലത്തില്‍ ഭക്ഷ്യ അസ്ഥിരതയും നമ്മള്‍ അഭിമുഖീകരിക്കും”’ എന്നാണ് കത്തില്‍ പറയുന്നത്. ലോകം ഇപ്പോഴത്തേതുപോലെ തന്നെ, ഈ പ്രശ്‌നം കാണാതെ മുന്നോട്ടു പോവുകയാണെങ്കില്‍ ഭക്ഷ്യ ഉത്പാദനത്തിലെ ഇടിവ് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കാരി ഫൗളര്‍ പറയുന്നത്.

Global Hunger
കാലാവസ്ഥാ പ്രതിസന്ധി, യുദ്ധം, വിപണി സമ്മര്‍ദ്ദം തുടങ്ങിയ വെല്ലുവിളികള്‍ ചൂണ്ടിക്കാണിച്ച്, 2050-ഓടെ 9.7 ബില്യണ്‍ മനുഷ്യര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് ഭക്ഷ്യ ഉല്‍പാദനത്തില്‍ ഗണ്യമായ കുതിച്ചുചാട്ടത്തിലേക്ക് നയിക്കുന്ന ‘പരിസ്ഥിതി സൗഹൃദ’ ശ്രമങ്ങള്‍ക്കാണ് ഈ സഖ്യം ആഹ്വാനം ചെയ്യുന്നത്. ഈ ഉദ്യമത്തിന് സാമ്പത്തികമായും രാഷ്ട്രീയമായും പിന്തുണ ആവശ്യമുണ്ടെന്നാണ്‌സ കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഫുഡ് പ്രൈസ് പങ്കിട്ട, ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ജെഫ്രി ഹാറ്റിന്‍ പറഞ്ഞത്. ഈ പ്രശ്‌നം ആളുകള്‍ മനപൂര്‍വം അവഗണിക്കുകയാണെന്നാണ് ഹാറ്റിന്‍ നിരാശപ്പെടുന്നത്. ഇതൊരു ഗുരുതരമായ പ്രശ്‌നമാണ്, എന്നിട്ടും ആളുകള്‍ ഇതിനെ അവഗണിക്കുകയാണ്, അവരെ ആകര്‍ഷിക്കുന്ന വേറെ പല കാര്യങ്ങളുമാണെന്നും ഹാറ്റിന്‍ കുറ്റപ്പെടുത്തുന്നു. പട്ടിണിയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യങ്ങളില്‍ നിന്നും നാം എത്രമാത്രം അകലെയാണ് നില്‍ക്കുന്നതെന്ന വസ്തുത ഏറെ ഭയപ്പെടുത്തുന്നതാണെന്നും ജെഫ്രി ഹാറ്റിന്‍ ആശങ്കപ്പെടുന്നു. കാലാവസ്ഥ വ്യതിയാനം ഒരു സുപ്രധാന പ്രശ്‌നമാണ്, അത് ഭക്ഷ്യ ഉത്പാദനത്തിലും ലഭ്യതയിലും വലിയ ആഘാതം സൃഷ്ടിക്കുമെന്ന കാര്യവും മനസിലാക്കണമെന്നും ബ്രിട്ടീഷ് കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഓര്‍മിപ്പിക്കുന്നു.

അടുത്ത രണ്ട് ദശാബ്ദങ്ങളില്‍ ഭക്ഷ്യോല്‍പ്പാദനം 50% മുതല്‍ 70% വരെ വര്‍ധിക്കേണ്ട സമയത്ത്, ലോകമെമ്പാടുമുള്ള അരിയുടെയും ഗോതമ്പിന്റെയും ഉല്‍പ്പാദനം ഇതിനകം വളരെ കുറയുകയും ഏതാണ്ട് സ്തംഭനാവസ്ഥയിലാകുകയും ചെയ്തതായാണ് ഹാറ്റിന്‍ ചൂണ്ടിക്കാട്ടുന്നത്. ഭക്ഷ്യസുരക്ഷയെ ഇപ്പോള്‍ നാം കാര്യമായി എടുക്കുന്നില്ലെങ്കില്‍, ഒന്നര ദശാബ്ദത്തിലേറെ നീണ്ടു നില്‍ക്കുന്ന ഭക്ഷ്യക്ഷാമത്തിനെയാകും നമുക്ക് നേരിടേണ്ടി വരിക. ഈ പ്രശ്‌നം നിങ്ങള്‍ക്ക് ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ സാധ്യമല്ല, ഇതിനാവശ്യമായ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമെല്ലാമായി കുറഞ്ഞത് 15 വര്‍ഷമെങ്കിലും വേണ്ടി വരും. ഇക്കാര്യത്തില്‍ രാഷ്ട്രീയ താത്പര്യം ഉണ്ടാകണം. അന്താരാഷ്ട്ര തലത്തില്‍ രാഷ്ട്രീയ ഇച്ഛശക്തി ഉണ്ടാകണം, അതുപോലെ ആഗോള സ്ഥാപനങ്ങളുടെ സഹകരണവും വേണം. നമ്മുടെ കൈയില്‍ അത്യാവശ്യം അറിവുണ്ട്, പക്ഷേ അത് പോരാ, ഇനിയും വേണം. ഈ പ്രശ്‌നങ്ങള്‍ക്കു നിരവധി പരിഹാരങ്ങള്‍ ഉണ്ടെങ്കിലും, അവ നടപ്പാക്കാന്‍ പ്രചോദനത്തിന്റെയും പ്രതിബദ്ധതയുടെയും അഭാവം ഇവിടെയുണ്ട്’ ജെഫ്രി ഹാറ്റിന്‍ ദ ഗാര്‍ഡിയനോട് പങ്കുവയ്ക്കുകയാണ് ഇക്കാര്യങ്ങള്‍.

കാലാവസ്ഥാ വ്യതിയാനം കാര്യമായ ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് നൊബേല്‍ സമ്മാന ജേതാക്കളുടെ കത്തില്‍ പ്രത്യേകമായി എടുത്തു പറയുന്നുണ്ട്. പ്രത്യേകിച്ച് ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആഫ്രിക്കയില്‍. അവിടെയാകട്ടെ, ജനങ്ങളുടെ പ്രാഥമിക ഭക്ഷ്യ സ്രോതസ്സായ ചോളത്തിന്റെ ഉത്പാദനം കുറഞ്ഞു വരികയാണെന്നും കത്തില്‍ ആശങ്കപ്പെടുന്നു. Global hunger catastrophe, Nobel and World food prize laureates sign open letter

Content Summary; Global hunger catastrophe, Nobel and World food prize laureates sign open letter

×