ആരോഗ്യപ്രവര്‍ത്തകര്‍ക്കെിരേ ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ ആറു മണിക്കൂറിനുള്ളില്‍ സ്ഥാപനപരമായ പ്രഥമ വിവര റിപ്പോര്‍ട്ട്(ഇന്‍സ്റ്റിറ്റിയൂഷണല്‍ എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യണമെന്ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നീക്കം. പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കീഴിലുള്ള ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജിലാണ് 31 കാരിയായ ഡോക്ടര്‍ക്കെതിരേ ക്രൂരത നടന്നത്.
ഏത് തരത്തിലുള്ള അതിക്രമങ്ങളും ഡ്യൂട്ടിയിലുള്ള ഏതൊരു ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ നടന്നാലും ആ സംഭവത്തില്‍ ആറു മണിക്കൂറിനുള്ളില്‍ സ്ഥാപനപരമായ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയെന്നത് അതാത് സ്ഥാപന മേധാവിയുടെ ഉത്തരവാദിത്തം ആയിരിക്കുമെന്നാണ് യൂണിയന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ്(ഡിജിഎച്ച്എസ്) വെള്ളിയാഴ്ച്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
‘ അടുത്തകാലത്തായി സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരായ അക്രമങ്ങള്‍ പതിവാകുന്നുണ്ട്. നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ ഡ്യൂട്ടിക്കിടയില്‍ ശാരീരികമായി ആക്രമിക്കപ്പെടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ഭീഷണികളും ആക്രോശങ്ങളും സ്ഥിരമാകുന്നു. ഇത്തരം അതിക്രമങ്ങളില്‍ അധികവും രോഗികളില്‍ നിന്നോ അവരുടെ സഹായികളില്‍ നിന്നോ ആണ് ഉണ്ടാകുന്നത്’ ; നിര്‍ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ സംവിധാനങ്ങള്‍ ഉണ്ടായിട്ടു പോലും പല സംഭവങ്ങളിലും എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നില്ലെന്നാണ് റസിഡന്റ് ഡോക്ടര്‍മാര്‍ ദീര്‍ഘകാലമായി ഉയര്‍ത്തുന്ന പരാതി. ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ സെന്‍ട്രല്‍ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം. ഈ നിയമത്തിന്റെ കരട് 2019 ല്‍ അവതരിപ്പിച്ചതാണ്. കൊല്‍ക്കത്തയിലെ തന്നെ ഒരു ഡോക്ടര്‍ക്കെതിരേ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുതിയ നിയമത്തിനുള്ള നീക്കം. ഡ്യൂട്ടി ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് പത്തു വര്‍ഷത്തിനു മേല്‍ തടവ് ശിക്ഷയും പത്തു ലക്ഷത്തിനു മേല്‍ പിഴയും ചുമത്തണമെന്നായിരുന്നു കരട് നിയമത്തില്‍ ശുപാര്‍ശ ചെയ്തിരുന്നത്.
എല്ലാ കേന്ദ്രസര്‍ക്കാര്‍ ആശുപത്രികളിലും അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും, ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ ആരോഗ്യകുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും ഡിജിഎച്ച്എസ് അറിയിച്ചിട്ടുണ്ട്.
പരാതിക്കാര്‍(ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍) മറ്റ് ആശുപത്രികളിലേക്ക് മാറിപ്പോയാലും കേസും അന്വേഷണവും തുടരുന്നത് ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ സഹായിക്കുമെന്നാണ് ഡിജിഎച്ച്എസ് അറിയിക്കുന്നത്.
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ചുക്കാന്‍ പിടിക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഈയാഴ്ച്ച പുറത്തിറക്കിയ ഉത്തരവിലും അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ശനമാക്കാന്‍ പറയുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്നാല്‍ കോളേജ് മാനേജ്‌മെന്റ് അടിയന്തര അന്വേഷണം നടത്തണമെന്നും എഫ് ഐ ആര്‍ പൊലീസില്‍ ഫയല്‍ ചെയ്യണമെന്നും സംഭവത്തിന്മേലുള്ള റിപ്പോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നുമാണ് എന്‍എംഎസി ആവശ്യപ്പെട്ടിരിക്കുന്നത്. govt hospitals should file institutional fir within 6 hours of incident of violence central government decision
Content Summary; govt hospitals should file institutional fir within 6 hours of incident of violence central government decision