നരേന്ദ്ര മോദി സര്‍ക്കാര്‍ യുഎഇ യുമായി തിടുക്കത്തില്‍ ഒപ്പിട്ട കരാര്‍ അനുസരിച്ച് 1700 കോടിയോളം നികുതി വെട്ടിച്ചാണ് വ്യാപാരികള്‍ 24,000 കോടി രൂപയുടെ പ്ലാറ്റിനം അയിരുകള്‍ ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇന്ത്യയും യുഎഇയുമായുള്ള വാണിജ്യ കരാറിലെ പഴുതുകള്‍ മുതലാക്കി സ്വര്‍ണം ഇറക്കുമതി ചെയ്യുന്നവര്‍ കോടികളുടെ വെട്ടിപ്പാണ് ഈയിടെ നടത്തിയത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ സാധാരണഗതിയില്‍ സ്വകാര്യ കമ്പനികള്‍ക്കുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവയും സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രണങ്ങളും മറികടന്നാണ് പ്ലാറ്റിനം അയിരെന്ന വ്യാജേന ഇന്ത്യന്‍ കസ്റ്റംസ് അധികൃതരുടെ കണ്ണുവെട്ടിച്ചുള്ള ഈ സ്വര്‍ണ്ണം കടത്ത്, അതും ടണ്‍ കണക്കിന്, നിയമപരമായി തന്നെ.
പബ്ലിക് ഡൊമെയ്നിലെയും ആഭ്യന്തര ഗവണ്‍മെന്റ് രേഖകളിലെയും ഡാറ്റയെ അടിസ്ഥാനമാക്കി, റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത് പ്രകാരം 2022 മുതല്‍ ഏതാണ്ട് 1,700 കോടി രൂപയുടെ നികുതിനഷ്ടം ഇതിലൂടെ ഉണ്ടായിട്ടുണ്ട്. 2022 മെയ് മുതലാണ് യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തില്‍ വരുന്നത്, അന്നുമുതല്‍ നോക്കുമ്പോള്‍ ഏകദേശം 24,000 കോടി രൂപയുടെ പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്തതായി ഡാറ്റ കാണിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇതില്‍ 90 ശതമാനത്തിലധികം സ്വര്‍ണ്ണമായിരുന്നെന്നാണ് നികുതി അധികാരികളുടെ ആഭ്യന്തര രേഖകള്‍ കണക്കാക്കുന്നത്.
നിയമത്തിലെ പഴുതുകളാണ് പലപ്പോഴും തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കുന്നത്. പ്ലാറ്റിനം വില സ്വര്‍ണ്ണവിലയേക്കാള്‍ ഏറെ മുന്തി നിന്നിരുന്ന വര്‍ഷങ്ങളില്‍ വ്യാപാര നിയമപ്രകാരം ഒരു ലോഹ അയിരില്‍ 2% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ തൂക്കം പ്ലാറ്റിനം ഉണ്ടെങ്കില്‍ അതിനെ പ്ലാറ്റിനം അയിരായി തരംതിരിക്കണമെന്ന് പറയുന്നുണ്ട്, ഇതുപയോഗിച്ചുക്കൊണ്ട് ടണ്‍ കണക്കിന് സ്വര്‍ണ്ണമാണ് പ്ലാറ്റിനം എന്ന വ്യാജേന കടത്തുന്നത്. പ്ലാറ്റിനം അയിരിനാണെങ്കില്‍ സ്വര്‍ണ്ണത്തേക്കാള്‍ ഇറക്കുമതി തീരുവ കുറവുമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ (2024 ജൂലൈ വരെ) സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 18.45 ശതമാനവും പ്ലാറ്റിനം അയിരിന്റേത് വെറും 8.15 ശതമാനവും ആണ്.
ഇത്തരം നിയമ പഴുതുകളെ കുറിച്ച് നികുതി അധികാരികള്‍ക്ക് അറിവുള്ളതും അതില്‍ മുതലെടുപ്പ് നടക്കുന്നുണ്ടെന്നും നിസ്സഹായരാണെന്നും അവരുടെ ആഭ്യന്തര രേഖകളില്‍ അധികാരികള്‍ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉള്ളപ്പോഴും ഈ വ്യാപാര കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
നികുതി ഉദ്യോഗസ്ഥരുടെ അഭിപ്രായപ്രകാരം പ്ലാറ്റിനം ഇറക്കുമതിയിലെ കുതിപ്പ് സ്വര്‍ണ്ണ ഇറക്കുമതിയിലെ തട്ടിപ്പിനെ തന്നെയാണ് സൂചിപ്പിക്കുന്നത്, ഇതിലൂടെ വ്യാപാരികള്‍ സ്വര്‍ണ്ണ ഇറക്കുമതിയിലെ എല്ലാ തരം നിയന്ത്രണങ്ങളെയും മറികടക്കുകയും ഗണ്യമായ തീരുവ വ്യത്യാസത്തിലൂടെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
വ്യാപാര ഉടമ്പടി ഒപ്പുവച്ചതിന് തൊട്ടുപിന്നാലെ സ്വര്‍ണ ഇറക്കുമതിയില്‍ താത്കാലിക ഇടിവുണ്ടായതി, അതിനു പുറകെയാണ് പ്ലാറ്റിനം ഇറക്കുമതിയിലെ ഗണ്യമായ വര്‍ധനവ്, ഇതുതന്നെ സ്വകാര്യ വ്യാപാരികള്‍ പഴുതുകള്‍ മുതലെടുക്കാന്‍ തുടങ്ങിയതിന്റെ തെളിവായി പറയാം. ഇന്ന് പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്യുന്ന ഭൂരിഭാഗം സ്വകാര്യ കമ്പനികളും മുമ്പ് സ്വര്‍ണ്ണം മാത്രമേ ഇറക്കുമതി ചെയ്തിരുന്നുള്ളൂവെന്ന് ഔദ്യോഗിക സൂക്ഷ്മപരിശോധന കാണിക്കുന്നുമുണ്ട്.
ഈ പഴുതുകള്‍ പുനഃപരിശോധിക്കാന്‍ അടുത്തിടെ യുഎഇയോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ പറയുന്നുണ്ട്, തുടര്‍ന്ന് 2024 ജൂലൈയിലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സ്വര്‍ണ്ണത്തിന്റെ തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് രണ്ട് മാസം മുന്‍പ് തന്നെ 10,000 കോടിയിലധികം രൂപയുടെ പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്തു. അതേ മാസം തന്നെ സര്‍ക്കാര്‍ യുഎഇയില്‍ നിന്നുള്ള പ്ലാറ്റിനം അലോയ് ഇറക്കുമതിക്ക് ബാധകമായ നികുതി വര്‍ദ്ധിപ്പിച്ചു.
ഈ നീക്കങ്ങള്‍ എല്ലാം സര്‍ക്കാരിന്റെ ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണെന്ന് പറയേണ്ടി വരും, കാരണം വ്യാപാര കരാറിന്റെ നിലവിലെ വ്യവസ്ഥകള്‍ക്കനുസൃതമായി 2026-ഓടെ പ്ലാറ്റിനം അയിരിന്റെ തീരുവ പൂജ്യമായി കുറയും, സ്വര്‍ണ്ണവും പ്ലാറ്റിനം അയിരും തമ്മിലുള്ള ഡ്യൂട്ടി വ്യത്യാസം ഇങ്ങനെ തുടര്‍ന്നും വ്യാപാരികള്‍ക്ക് ഗുണമാകും. 2022-ല്‍ സര്‍ക്കാര്‍ സൃഷ്ടിച്ച ഈ നികുതി കുരുക്ക് ദുരുപയോഗം ചെയ്യപ്പെടുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും, ആഭ്യന്തര ഗവണ്‍മെന്റ് ഡാറ്റയും വിലയിരുത്തലുകളും തന്നെ ഇതെല്ലാം ചൂണ്ടി കാണിക്കുന്നതും, അതെല്ലാം സര്‍ക്കാര്‍ അറിവോടെ തന്നെയായിരുന്നു എന്നു ഏറ്റു പറയപ്പെടുന്നതും ഇതാദ്യമായാണ്. ഇതേ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിലേക്കും വാണിജ്യ, ധന മന്ത്രാലയങ്ങളിലേക്കും റിപോര്‍ട്ടര്‍ കളക്ടീവ് വിശദമായ ചോദ്യങ്ങള്‍ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.
സ്വര്‍ണം തേടി
പണ്ട് തൊട്ടേ ഉള്ളതാണ് ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തോടുള്ള ഭ്രമം. കേവലം ലോഹാഭരണം എന്നതിനപ്പുറത്തേക്ക് അതൊരു സുരക്ഷയും വിശ്വസ്തതയും ജീവിതത്തിലെ അനിശ്ചിത സന്ദര്‍ഭങ്ങളില്‍ മുതല്‍കൂട്ടും ഹിന്ദു വിശ്വാസങ്ങള്‍ പ്രകാരം പവിത്രതയുടെ ചിഹ്നവും കൂടിയാണ്. ഇന്ത്യയെ ലോകത്തിലെ തന്നെ വലിയ രണ്ടാമത്തെ സ്വര്‍ണ്ണ ഉപഭോക്തരാക്കിയതും ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് സ്വര്‍ണ്ണ ഇറക്കുമതിക്കാരുടെ ലിസ്റ്റിലേക്ക് എത്തിച്ചതും അത് തന്നെയാണ്.
എന്നാല്‍ ഇന്ത്യയില്‍ ഖനനം ചെയ്യുന്നത് വളരെ ചെറിയ വിഹിതം സ്വര്‍ണം മാത്രമാണ്. ഭൂരിഭാഗവും വിദേശ കറന്‍സിയിലൂടെ അന്താരാഷ്ട്ര വിതരണക്കാരില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍ അതിന് ലൈസന്‍സുള്ള ബാങ്കുകള്‍ക്കും ഏജന്‍സികള്‍ക്കും മാത്രമേ സ്വര്‍ണം ഇറക്കുമതി ചെയ്യാനും പ്രാദേശിക ജ്വല്ലറികള്‍ക്ക് വില്‍ക്കാനുമുള്ള അനുമതിയുള്ളൂ. ഇറക്കുമതിക്കാര്‍ റിസര്‍വ് ബാങ്കിന്റെ ഫോറിന്‍ റിസര്‍വില്‍ നിന്ന് കറന്‍സി വിനിമയത്തിലൂടെ ഇന്ത്യന്‍ രൂപയെ വിദേശ കറന്‍സിയാക്കിയിട്ടാണ് ഈ കച്ചവടത്തിലേര്‍പ്പെടുന്നത്. ഇറക്കുമതി നിരക്ക് കുതിച്ചുയരുമ്പോള്‍, വിദേശനാണ്യത്തിന്മേലുള്ള സമ്മര്‍ദ്ദവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണ്ണ ഇറക്കുമതി നിയന്ത്രിക്കാനും നിരുത്സാഹപ്പെടുത്താനും വേണ്ടിയാണ് ഗവണ്‍മെന്റ്റ് ഇറക്കുമതി നികുതി ഉയര്‍ത്തുന്നുന്നത്.
2022-ലാണ് അവസാനമായി സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തുന്നത്. 15% ഇറക്കുമതി നികുതി 3% അധിക ജിഎസ്ടിയോട് കൂടി ഉയര്‍ത്തി 18% ആക്കി. എന്നാല്‍ ഇറക്കുമതി കുറയ്ക്കാന്‍ നികുതി കൂട്ടുന്നുന്നതല്ലാതെ, മറു വശത്ത് ഇറക്കുമതി മേഖലയിലുള്ള പഴുതുകള്‍ കാണുന്നതില്‍ ഗവര്‍ണ്‍മെന്റ്റ് പരാജയപ്പെടുന്നു. ‘10,000 വ്യാപാര ചരക്കുകളേയും സേവനങ്ങളേയും’ സംബന്ധിക്കുന്ന ഇന്ത്യ-യുഎഇ വ്യാപാര കരാറിലെ ഒരു വരി നികുതിവെട്ടിപ്പിന്റെ സാധ്യതകള്‍ ഒരുക്കുന്ന പഴുതുകള്‍ക്ക് ഒരു ഉദാഹരണമാണ്.
അതിവേഗംപടരുന്ന ഫ്രീ ട്രേഡ്
മോദി സര്‍ക്കാരിന്റെ ഒന്നും രണ്ടും ടേമില്‍ വിവിധ രാജ്യങ്ങളുമായും വ്യാപാര ബ്ലോക്കുകളുമായുമുള്ള വ്യാപാര കരാറുകളുടെ ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു. പല കരാറുകളും മുന്‍ സര്‍ക്കാരുകളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുമ്പോളും, വലിയ വ്യാപാര ലക്ഷ്യങ്ങള്‍ മൂന്നില്‍കണ്ടു കൊണ്ട് ഒന്നിന് പുറകെ ഒന്നായി കരാറുകള്‍ ഉറപ്പിക്കാനുള്ള തിടുക്കത്തിലായിരുന്നു വാണിജ്യ-വ്യവസായ മന്ത്രാലയം. 88 ദിവസത്തെ ‘റെക്കോര്‍ഡ് കാലയളവില്‍’ ആണ് യുഎഇ വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കരാര്‍ പൂര്‍ത്തിയാക്കുന്നത്.
പ്ലാറ്റിനം അലോയ് പോലെ, പരസ്പര ഉടമ്പടി പ്രകാരം ലിസ്റ്റ് ചെയ്ത രാജ്യത്ത് സ്വയം ഉത്പാദിപ്പിക്കുന്നതോ മറുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതോ ആയ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതികള്‍ ഈ കരാര്‍ പ്രകാരം ഇല്ലാതാവുകയോ അടിസ്ഥാനപരമായി കുറയ്ക്കുകയോ ചെയ്ത്തിട്ടുണ്ട്. എമിറേറ്റ്‌സില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പ്ലാറ്റിനം അലോയ് നികുതി 12.5% ആയി കുറച്ചു. ഇത് 2022-ല്‍ സ്വര്‍ണ്ണത്തിനുമേല്‍ ചുമത്തിയ നികുതിയേക്കാള്‍ ആറ് ശതമാനം കുറവായിരുന്നു. കരാര്‍ പ്രകാരം, ഇനി വരും വര്‍ഷങ്ങളില്‍ നികുതി കൂടുതല്‍ കുറയ്ക്കുകയും 2026-ഓടെ മുഴുവനായും ഒഴിവാക്കുകയും വേണ്ടിവരും. 2024 ജൂലൈയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള പ്ലാറ്റിനം അലോയ് ഇറക്കുമതി നികുതി 8.15% ആയിരുന്നു. അതായത് മറ്റു രാജ്യങ്ങളില്‍ നിന്ന് പ്ലാറ്റിനം ഇറക്കുമതി ചെയ്യുന്നതിന് ചുമത്തുന്നതിനേക്കാള്‍ 10 ശതമാനത്തിലധികം കുറഞ്ഞ പോയിന്റ്.
ഇതെങ്ങനെ സംഭവിച്ചു?
സ്വര്‍ണത്തിന്മേലുള്ള ഉയര്‍ന്ന നികുതി ഒഴിവാക്കി ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഇറക്കുമതിക്കാര്‍ക്ക് വാതിലുകള്‍ തുറന്നിട്ട അല്‍ഭുതമായിരുന്നു ‘പ്ലാറ്റിനം അലോയ്’ എന്ന വാക്കും വസ്തുവും. രണ്ടോ അതിലധികമോ ലോഹങ്ങള്‍ അല്ലെങ്കില്‍ ലോഹഗുണങ്ങളില്ലാത്ത ലോഹങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടാവുന്ന ഒരു പദാര്‍ത്ഥമാണ് അലോയ്. ആ കണക്കില്‍ നോക്കുമ്പോള്‍ ഒരാള്‍ക്ക് സൈദ്ധാന്തികമായി 80% പ്ലാറ്റിനം അടങ്ങിയ ഒരു അലോയ് ഉണ്ടാക്കാം, ബാക്കിയുള്ളത് ചെമ്പ് എന്ന നിലയിലോ മറ്റോ. പക്ഷേ വ്യാപാരത്തിലേക്ക് വരുമ്പോള്‍ ഇത് 2% പ്ലാറ്റിനം മാത്രമാണെങ്കിലും പ്ലാറ്റിനം അലോയ് തന്നെ ആകുന്നു.
2007-ല്‍ പ്ലാറ്റിനത്തിന്റെ വില സ്വര്‍ണ്ണത്തേക്കാള്‍ 50% ഉയര്‍ന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു നിര്‍വചനം നിയമപരമാവുന്നത്. പക്ഷേ മോദി സര്‍ക്കാര്‍ തിരക്കിട്ട് യു.എ.ഇ.യുമായുള്ള വ്യാപാര കരാര്‍ ഒപ്പിടുന്ന സമയത്ത് പ്ലാറ്റിനത്തിന് സ്വര്‍ണ്ണത്തിന്റെ പകുതിയോളം മൂല്യവും ആവശ്യക്കാര്‍ കുറവുമായിത്തീര്‍ന്നിരുന്നു.
ഈ അവസരത്തില്‍ യുഎഇ-യില്‍ നിന്നുള്ള പങ്കാളിയുടെ സഹായത്തോടെ 98% സ്വര്‍ണവും 2% പ്ലാറ്റിനവും കലര്‍ത്തി ലേബല്‍ പതിപ്പിച്ച് ഇറക്കുമതി നിയന്ത്രണങ്ങള്‍ മറികടന്നു സ്വര്‍ണ്ണം കടത്താന്‍ തുടങ്ങിയിരുന്നു വ്യാപാരികള്‍. ഇത്തരത്തില്‍ ‘പ്ലാറ്റിനം അലോയ്’ ഉണ്ടാവാനുള്ള പഴുതുകള്‍ നിയമത്തിലുണ്ടെന്ന് സര്‍ക്കാറിന് കാണാനും സാധിച്ചില്ലെന്ന് തോന്നുന്നു.
സ്വര്‍ണ്ണത്തില്‍ നിന്ന് വ്യത്യസ്തമായി, ആര്‍ബിഐയില്‍ നിന്നോ വിദേശ വ്യാപാര ഡയറക്ടറേറ്റില്‍ നിന്നോ മുന്‍കൂര്‍ അനുമതിയില്ലാതെ ആര്‍ക്കും പ്ലാറ്റിനം അലോയ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം. 2024 ലെ യുഎഇ വ്യാപാര കരാറിന് കീഴിലുള്ള പ്ലാറ്റിനം അലോയ്യുടെ തീരുവ 8.15% ആയിരുന്നു, അതേസമയം സ്വര്‍ണ്ണത്തിന്റെ ഔദ്യോഗിക തീരുവ 18.45% വരും. അതായത് 10 ശതമാനത്തിലധികം പോയിന്റുകളുടെ വ്യത്യാസം.
കാഴ്ചയില്‍ 10% ശതമാനം പോയിന്റുകളുടെ വ്യത്യാസം വളരെ ചെറുതായി തോന്നാമെങ്കിലും സ്വര്‍ണ്ണം ഉയര്‍ന്ന മൂല്യമുള്ള ചരക്ക് ആയതിനാല്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുന്ന സ്വകാര്യ വ്യാപാരികളെ സംബന്ധിച്ച് ഇത് ഒരു ബോണസായിരുന്നു (സര്‍ക്കാര്‍ അനുവാദത്തോടെ സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന ചില സ്വര്‍ണ്ണ വ്യാപാരികള്‍ ഒഴികെ, 2022 ന് ശേഷം അതിനു യോഗ്യതയുള്ളത് ഗിഫ്റ്റ് സിറ്റി ഗുജറാത്തിന് മാത്രമാണ്).
ഇന്ത്യ-യുഎഇ കരാര്‍ പ്രാബല്യത്തില്‍ വന്ന നിമിഷം തന്നെ ഈ പഴുത് മുതലെടുക്കാന്‍ സ്വര്‍ണ വ്യാപാരികള്‍ ഇറങ്ങിപുറപ്പെട്ടു. കരാര്‍ നിലവില്‍ വന്ന് വെറും 27 മാസത്തിനുള്ളില്‍ 24,000 കോടി രൂപയുടെ പ്ലാറ്റിനം അലോയ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു. ഇത് അഭൂതപൂര്‍വമായ കുതിപ്പായിരുന്നു, കാരണം കരാറിന് മുമ്പുള്ള എട്ട് മാസങ്ങളില്‍ 6.3 കോടി രൂപയുടെ പ്ലാറ്റിനം അലോയ് മാത്രമാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്.
കുറഞ്ഞ തീരുവയില്‍ ഇത്തരത്തില്‍ സ്വര്‍ണം കൊണ്ടുവരാന്‍ ഇറക്കുമതിക്കാര്‍ ഈ പിന്‍വാതില്‍ ഉപയോഗിച്ചിരുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന് രേഖകള്‍ കാണിക്കുന്നു.
‘സ്വര്‍ണ്ണം പ്ലാറ്റിനവും മറ്റ് മൂലകങ്ങളുമായി കലര്‍ത്തി 90%-ത്തിലധികം സ്വര്‍ണ്ണം അടങ്ങിയ പ്ലാറ്റിനം അലോയ് ഷീറ്റുകള്‍ ഉണ്ടാക്കുന്നു, നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്യുന്നു, അവ വീണ്ടും ശുദ്ധീകരണത്തിലൂടെ വേര്‍തിരിക്കപ്പെടുന്നു’ എന്ന് അധികൃതര്‍ തന്നെ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 21,000 കോടി രൂപയുടെ സ്വര്‍ണം ഇറക്കുമതി ചെയ്തതായി ദി റിപോര്‍ട്ടര്‍ കളക്ടീവ് കണക്കാക്കുന്നു. 2022 മെയ് മാസത്തില്‍ വ്യാപാര കരാര്‍ നടപ്പാക്കിയതിന് ശേഷം യുഎഇയില്‍ നിന്നുള്ള പ്ലാറ്റിനം അലോയ് ഇറക്കുമതിയിലെ വര്‍ധന ട്രാക്ക് ചെയ്യാന്‍ ദി റിപോര്‍ട്ടര്‍ കളക്റ്റീവ് സര്‍ക്കാരിനെയും മറ്റ് ഡാറ്റാബേസുകളേയും ഉപയോഗിച്ചു, ഇതിലൂടെയാണ് ഇറക്കുമതി തട്ടിപ്പ് ചെയ്യുന്നവര്‍ ഒഴിവാക്കിയ നികുതി കണക്കാക്കാന്‍ ശ്രമിച്ചത്. അത് ഏതാണ്ട് 1,700 കോടി രൂപയോളം വരുമെന്ന് കണ്ടെത്താന്‍ സാധിച്ചു. ഇറക്കുമതിക്കാരുടെ മുതലെടുപ്പ് തുടരുന്നുവെന്ന ആശങ്കയും അവര്‍ ഉന്നയിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ യുഎഇയില്‍ നിന്ന് 1,500 കോടിയിലധികം രൂപയുടെ പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്തതായി നികുതി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്ലാറ്റിനം അലോയ് എന്നാല്‍ ഇറക്കിയത് 90% സ്വര്‍ണ്ണം തന്നെയും!
മറഞ്ഞിരിക്കുന്ന ഡാറ്റയും, സ്വകാര്യ കമ്പനികളും
കയറ്റുമതി-ഇറക്കുമതി വ്യാപാര നിരീക്ഷകരോട് കഴിഞ്ഞ മൂന്ന് വര്‍ഷമായി അതായത് സെപ്റ്റംബര്‍ 2021 മുതല്‍ സെപ്തംബര്‍ 2024 വരെയുള്ള പ്ലാറ്റിനം അലോയ് ഇറക്കുമതി ഡാറ്റ അവലോകനം ചെയ്യാന്‍ കളക്ടീവ് അഭ്യര്‍ത്ഥിച്ചു. അവരുടെ വിലയിരുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു, പ്ലാറ്റിനം അലോയുടെ ഏറ്റവും വലിയ പത്ത് ഇറക്കുമതിക്കാര്‍ സ്വകാര്യ സ്വര്‍ണ്ണ വ്യാപാരികളാണ്, എന്നാലോ അവര്‍ മുന്‍പൊരിക്കലുമോ ശേഷമോ പ്ലാറ്റിനം ഇറക്കുമതി ചെയ്തവരുമല്ല. എക്കാലവും സ്വര്‍ണവ്യാപാരം മാത്രം നടത്തിയിരുന്നവരായിരുന്നു അവരെല്ലാം.
വ്യത്യസ്ത ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും ആരൊക്കെ എന്നതും ഏത് വിലയിലോ അളവിലോ എന്നതുമുള്ള വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നതിനാല്‍ റിപോര്‍ട്ടര്‍ കളക്റ്റിവിന് എല്ലാവരുടെയും പേര് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ വ്യാപാര വിശദാംശങ്ങള്‍ ഒരു പൊതു രേഖയുടെ ഭാഗമാകുമ്പോള്‍, പ്രത്യേകിച്ചും അവ ഒരു കോടതിയില്‍ തെളിവായി അവതരിപ്പിക്കുകയാണെങ്കില്‍, അത് റിപ്പോര്‍ട്ടുചെയ്യാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് നിയമപരമായി അനുവാദമുണ്ട്.
അത്തരത്തില്‍ കോടതി കേസില്‍ കുടുങ്ങിയ രണ്ട് കമ്പനികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവും.
കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് രണ്ട് പ്രമുഖ സ്വര്‍ണ്ണ വ്യാപാരികളായ എംഡി ഓവര്‍സീസും ഓസില്‍ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാറ്റിനം അലോയ് കസ്റ്റംസ് അധികൃതര്‍ കണ്ടുകെട്ടി. പ്ലാറ്റിനം അലോയ് ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നവരില്‍ ഒന്നായിരുന്നു അവര്‍.
തങ്ങളുടെ പ്ലാറ്റിനം അലോയ്യില്‍ ഉയര്‍ന്ന അളവിലുള്ള സ്വര്‍ണം അടങ്ങിയിട്ടുണ്ടെങ്കിലും, യു.എ.ഇ.യുമായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം അതെല്ലാം നിയമാനുസൃതമാണെന്ന് കണ്ടെത്തി ഡല്‍ഹി ഹൈക്കോടതി അവരെ വിട്ടയച്ചു.
നയം മാറ്റുന്നതിലൂടെ മാത്രമേ ഈ സമ്പ്രദായം തടയാനാകൂ എന്നും കോടതി വ്യക്തമാക്കി. ഡല്‍ഹി ആസ്ഥാനമായുള്ള എംഡി ഓവര്‍സീസ് യുഎഇയില്‍ നിന്ന് പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്ത വര്‍ഷങ്ങളില്‍, അതായത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 74% വര്‍ദ്ധിച്ചതായി കാണുന്നു.
യുഎഇ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിന് ശേഷം, 2023-24 ല്‍ സ്വര്‍ണ്ണ വില്‍പ്പനയില്‍ നിന്ന് 17,000 കോടി രൂപയിലധികം വരുമാനം എംഡി ഓവര്‍സീസ് റിപ്പോര്‍ട്ട് ചെയ്തു, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടി വരുമാനമാണ്. പക്ഷേ സ്വര്‍ണ വില്‍പ്പന പ്ലാറ്റിനം കലര്‍ന്ന സ്വര്‍ണത്തില്‍ നിന്നാണോ എന്ന് സ്വതന്ത്രമായി പരിശോധിക്കാന്‍ കളക്ടീവിന് കഴിഞ്ഞില്ല.
ഇതേ കാലയളവില്‍ പ്ലാറ്റിനം വില്‍പ്പനയിലൂടെ 9.2 കോടി രൂപയാണ് കമ്പനി നേടിയത്. യു.എ.ഇ.യുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ച് കുറഞ്ഞത് രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെങ്കിലും എം.ഡി ഓവര്‍സീസ് ആദ്യമായി പ്ലാറ്റിനം വില്‍പ്പന നടത്തി.
പ്ലാറ്റിനത്തിന്റെ മറ്റൊരു പ്രമുഖ ഇറക്കുമതിക്കാരായ ഗുജറാത്ത് ആസ്ഥാനമായുള്ള ഔസില്‍ കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും പ്ലാറ്റിനം അലോയ് കണ്ടുകെട്ടിയ കസ്റ്റംസ് അധികാരികള്‍ക്കെതിരായ കേസില്‍ ഹരജിക്കാരനായിരുന്നു. ഇന്ത്യ-യുഎഇ വ്യാപാര കരാറിന് കീഴില്‍ പ്ലാറ്റിനം അലോയ് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തേ അപേക്ഷിച്ച് ഓസില്‍ അതിന്റെ വരുമാനത്തില്‍ 10,094.9% കുതിപ്പ് രേഖപ്പെടുത്തി. ദി റിപോര്‍ട്ടര്‍ കളക്ടീവ് കമ്പനികള്‍ക്ക് ചോദ്യങ്ങള്‍ അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല.
ഈ നികുതിവെട്ടിപ്പിനെ ക്കുറിച്ച് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ഖജനാവിനെ കൊള്ളയടിക്കുന്ന ഈ വ്യാപാരവഴികളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും ലഭ്യമല്ല.
ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ചരക്ക് തിരിച്ചുള്ള മൊത്തത്തിലുള്ള ഡാറ്റ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ആഴത്തിലുള്ള വിശദാംശങ്ങള്‍ എവിടെയും നല്‍കുന്നില്ല. 2022 ഏപ്രിലില്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുംവിധം ഇറക്കുമതി കയറ്റുമതി വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കി. നിരോധനത്തെ ന്യായീകരിക്കാന്‍ അവര്‍ കാരണമൊന്നും പറയുകയുണ്ടായില്ല. കരാര്‍ പ്രകാരം യുഎഇയുമായുള്ള വ്യാപാരം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് നിരോധനം നിലവില്‍ വന്നത്.
സ്വകാര്യ കമ്പനികള്‍ ഡാറ്റ അഗ്രഗേറ്ററുകളില്‍ നിന്ന് അത്തരം ഡാറ്റ വിപണിയില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് തുടരുമ്പോള്‍, മാധ്യമപ്രവര്‍ത്തകര്‍ പൊതു ആവശ്യങ്ങള്‍ക്കായി ഇത് പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാകുന്നു. പ്ലാറ്റിനം അലോയ് എന്ന വ്യാജേന സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന എല്ലാ പ്രമുഖ സ്വകാര്യ കമ്പനികളുടെയും പേരുകള്‍ വെളിപ്പെടുത്താന്‍ ഇക്കാരണം കൊണ്ട് തന്നെ കളക്ടീവിന് പരിമിതികളുണ്ട്.
യുഎഇ-ഇന്ത്യ കരാറിന് ശേഷം ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് നിയമപഴുതുകള്‍ ഉപയോഗിച്ച മറ്റ് നിരവധി സ്വകാര്യ വ്യാപാരികളെ ട്രേഡ് അനലിസ്റ്റുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ആ ഡാറ്റ പ്രസിദ്ധീകരിക്കുന്നതിനും കളക്റ്റീവിന് സാധിക്കില്ല.
തുടക്കം
പ്ലാറ്റിനം അലോയ് സംബന്ധിച്ച യുഎഇ-ഇന്ത്യ കരാറില്‍ പ്രഥമദൃഷ്ട്യാ കാണുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വിലയിരുത്തുന്നുണ്ട്. യുഎഇയില്‍ സ്വര്‍ണ്ണ ഖനികളില്ല, പക്ഷേ ആഫ്രിക്കന്‍ സ്വര്‍ണ്ണത്തിന്റെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണിത്, അത് ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്നു.
യുഎഇ-ഇന്ത്യ കരാര്‍ പ്രകാരം യുഎഇയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടതോ അല്ലെങ്കില്‍ രാജ്യത്ത് മതിയായ സംസ്‌കരണം നടത്തിയതോ ആയ പ്ലാറ്റിനം അലോയ്ക്ക് കുറഞ്ഞ ഇറക്കുമതി തീരുവ വാഗ്ദാനം ചെയ്യുന്നു. ഇതൊരു മൂല്യവര്‍ദ്ധന വ്യവസ്ഥയാണ്. മറ്റ് ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയ്ക്കൊപ്പം 3% എന്ന നിരക്കിലാണ് പ്ലാറ്റിനം അലോയ്ക്കും തീരുവ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യ-യുഎഇ സിഇപിഎയില്‍ നിര്‍വചിച്ചിട്ടുള്ള ഉത്ഭവ മാനദണ്ഡം. അതായത്, ഇറക്കുമതി ചെയ്യുന്നയാള്‍ക്ക് യുഎഇയില്‍ നിന്ന് ഇറക്കുമതിയുടെ മൊത്തം മൂല്യത്തിന്റെ 3% എങ്കിലും യുഎഇയിലെ പ്ലാറ്റിനം-സ്വര്‍ണ്ണ മിശ്രിതത്തിലേക്ക് ചേര്‍ത്തിട്ടുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെങ്കില്‍, ഈ കവറിനു കീഴില്‍ അവര്‍ക്ക് ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് നിന്ന് സ്വര്‍ണ്ണം എത്തിക്കാനാകും. ഈ മാനദണ്ഡം പലരും പാലിക്കുന്നില്ലെന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തി. യുഎഇയുമായുള്ള കരാറിന്റെ നിബന്ധനകള്‍ അനുസരിച്ച് പ്ലാറ്റിനത്തിന്റെ ഉത്ഭവ നിയമങ്ങളെക്കുറിച്ച് പുനഃപരിശോധിക്കണമെന്ന് അടുത്തിടെ ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ പറയുന്നു. സമാന്തരമായി, അടുത്തിടെയുള്ള ബജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 6% ആയി കുറക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം ചുരുങ്ങിയ കാലത്തേക്കുള്ള നീക്കമായിരിക്കാം. യുഎഇയുമായുള്ള കരാര്‍ പ്രകാരം 2026-ഓടെ പ്ലാറ്റിനം കലര്‍ന്ന സ്വര്‍ണത്തിന്റെ തീരുവ പൂജ്യമായി കുറയും. അതോടെ ശുദ്ധമായ സ്വര്‍ണ്ണം കൊണ്ടുവരുന്നവരെ അപേക്ഷിച്ച് ഈ സ്വകാര്യ കമ്പനികള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളേയും മറികടന്ന് നിസ്സാര തീരുവ നല്‍കിക്കൊണ്ട് എളുപ്പത്തില്‍ ഇറക്കുമതി തുടരാം. അതായത് നിയമത്തിന്റെ ചിലവില്‍ ശുദ്ധമായ നികുതിവെട്ടിപ്പ്! govt knew of loophole enabling traders to import gold disguised as cheaper alloy reporters collective investigation
ഈ റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധീകരിച്ചത് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് ആണ്. അനുമതിയോടെയാണ് അഴിമുഖം പ്രസ്തുത റിപ്പോര്‍ട്ടിന്റെ മലയാളം പ്രസിദ്ധീകരിക്കുന്നത്.
Content Summary; govt knew of loophole enabling traders to import gold disguised as cheaper alloy reporters collective investigation