മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധാരണക്കാരന് കഴിയുമോ! ചില സാഹചര്യങ്ങള്‍ നിങ്ങള്‍ കഴിയാം. കാരണം പല തരത്തിലുള്ള അപകടങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്. ആധുനികലോകത്ത് സാഹസികതയ്ക്ക് വേണ്ടി ചെയ്തുകൂട്ടുന്ന അബദ്ധങ്ങളും അശ്രദ്ധമായ ഡ്രൈവിങും അപകടങ്ങള്‍ക്ക് വഴി വെയ്ക്കുന്നുണ്ട്. അപക്വമായ പ്രവൃത്തികളൊക്കെയും അപായസൂചന നല്‍കുന്നുണ്ട്. ഇവയെ മനസിലാക്കി പ്രായോഗിക ബുദ്ധിയോടെ മുന്നോട്ട് പോയാല്‍ ജീവന്‍ രക്ഷിക്കാന്‍ ഏതൊരു സാധാരണക്കാരനും കഴിയും.accident
റോഡരികില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് കിടക്കുന്നയാളെ സഹായിക്കാന്‍ ശ്രമിക്കുന്നയാള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം. അവരെ സമീപിക്കുന്ന രീതിയെങ്ങനെയാണ് ? സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാന്‍ എന്തൊക്കെ ചെയ്യാം ? ഇത്തരം സംശയങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ധരുടെ സഹായം അത്യാവശ്യമാണ്. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍കോളജിലെ ന്യൂറോളജി പ്രൊഫസര്‍ ഡോ.റെജി തോമസ് അഴിമുഖത്തോട് സംസാരിക്കുന്നു.
പരിക്കേറ്റവരെ സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാം ?
കേരളത്തില്‍ പ്രധാനമായും റോഡപകടങ്ങളിലൂടെയാണ് പലര്‍ക്കും പരിക്കുകള്‍ സംഭവിക്കുന്നത്. അപകടസ്ഥലത്തെത്തിയാല്‍ ആദ്യം പരിക്കേറ്റയാള്‍ക്ക് ബോധമുണ്ടോ എന്നും അബോധാവസ്ഥയിലാണെങ്കില്‍ ശ്വസിക്കുന്നുണ്ടോ എന്നും പള്‍സ് അല്ലെങ്കില്‍ ഹൃദയമിടിപ്പുണ്ടോ എന്നും പരിശോധിക്കണം. രോഗി മലര്‍ന്ന്
കിടക്കുകയും ശ്വാസതടസമുണ്ടെന്ന് അനുഭവപ്പെട്ടാല്‍ തലയും കഴുത്തും സപ്പോര്‍ട്ട് ചെയ്ത് ഒരുവശത്തേക്ക് ചെരിച്ചുകിടത്തുന്നത് ശ്വസനത്തിന് സഹായിക്കും. ഇനി ബോധത്തോടെയാണ് രോഗി അപകടസ്ഥലത്തുളളതെങ്കില്‍ പരിക്കിന്റെ വ്യാപ്തി മനസിലാക്കാന്‍ രോഗിക്ക് കഴിയണമെന്നില്ല. പ്രത്യേകിച്ച് ആന്തരികമുറിവുകളുണ്ടെങ്കില്‍ ചിലപ്പോള്‍ മാനസിക വിഭ്രാന്തി കാണിക്കാനും ഒന്നും സംഭവിക്കാത്ത രീതിയില്‍ അലഞ്ഞുനടക്കാനും സാധ്യതയുണ്ട്. രോഗിക്ക് രക്തസ്രാവമുണ്ടെങ്കില്‍ വൃത്തിയുള്ള തുണിയോ അല്ലെങ്കില്‍ ഫസ്റ്റ് എയ്ഡ് കിറ്റിലെ കോട്ടണോ ഉപയോഗിച്ച് രക്തസ്രാവമുള്ള ഭാഗത്തെ മുറിവ് വെച്ചുകെട്ടിയാല്‍ രക്തം നഷ്ടപ്പെടുന്നത് ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിക്കും.
രോഗി ശ്വാസമെടുക്കാന്‍ കഴിയാതെ, പള്‍സില്ലാത്ത അവസ്ഥയാണെങ്കില്‍ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മനറി റെസിസിറ്റേഷന്‍ ഈ സാഹചര്യത്തില്‍ വേണ്ടി വന്നേക്കാം. അപകടസ്ഥലത്ത് ആരോഗ്യപ്രവര്‍ത്തകരുണ്ടോ എന്ന് അന്വേഷിക്കുന്നതും അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതും നല്ലതാണ്. അപകടസ്ഥലത്ത് ആളുകള്‍ ചുറ്റും കൂടി നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ അപകടം പറ്റിയ വാഹനം റോഡിന് നടുക്കാണ് കിടക്കുന്നതെങ്കില്‍, മറ്റ് വാഹനങ്ങള്‍ തട്ടി വീണ്ടും അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ എഞ്ചിന്‍ ഓണ്‍ ആണെങ്കില്‍ എഞ്ചിന്‍ ഓഫ് ചെയ്യുകയും അപായബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യണം.
അപകടസ്ഥലത്തെ ചുറ്റുമുള്ള ആളുകളുടെ സേവനം പലകാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കും. ഉദാഹരണത്തിന് അപകടത്തില്‍പെട്ട ബോധമുള്ളവരെയും അധിക പരിക്കുകളില്ലാത്തവരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനും, ആംബുലന്‍സ്, പൊലീസ് സര്‍വീസുകളെ അപകടവിവരം അറിയിക്കുന്നതിനും, അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഫോണില്‍ ബന്ധപ്പെടാനും ട്രാഫിക് നിയന്ത്രിക്കാനും ചുറ്റുപാടുള്ളവരെ വിനിയോഗിക്കാം. മറ്റുവാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകള്‍ വാങ്ങിയാല്‍ അപകടസ്ഥലത്ത് സഹായകമാകാനും സാധ്യതയുണ്ട്.
രോഗിയെ ആശുപത്രിയിലേക്കെത്തിക്കാന്‍ വാഹനത്തിലേക്ക് മാറ്റുമ്പോള്‍, പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. നട്ടെല്ലിനോ കഴുത്തിനോ ക്ഷതമുണ്ടെങ്കില്‍ കഴുത്ത് തിരിയുന്നതിന്റെ ഭാഗമായും നട്ടെല്ലിന്റെ ചലനം മൂലവും സുഷ്മനാനാഡിക്ക് (സ്‌പൈനല്‍കോഡ്) ക്ഷതം വരാന്‍ സാധ്യതയുണ്ട്. അതുമൂലം കൈയ്ക്കും കാലിനും തളര്‍ച്ചയും സംഭവിക്കാം. രണ്ടാമതായി അസ്ഥികള്‍ക്ക് പൊട്ടലുള്ളപ്പോള്‍ അതിന്റെ ചലനം മൂലം ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്കും ഞരമ്പുകള്‍ക്കും ക്ഷതം സംഭവിക്കാം. ഈ രണ്ട് സന്ദര്‍ഭങ്ങളില്‍ കഴിവതും രോഗിയെ ചലനം കൂടാതെ അതായത്, കഴുത്ത് തിരിയാതെ, നടുവ് വളയാതെ, പൊട്ടലുള്ള ഭാഗം കൂടുതല്‍ ചലനമുണ്ടാകാതെ തലയ്ക്കും കഴുത്തിനും സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ആംബുലന്‍സുണ്ടെങ്കില്‍ സ്ട്രക്ചറിലേക്ക് മാറ്റി സ്ട്രാപ്പ് ചെയ്യണം. ഇനി സ്ട്രക്ചറില്ലെങ്കില്‍ ഒരു തടിപ്പലകയിലേക്കോ ബോര്‍ഡിലേക്കോ ഇതേ രീതിയില്‍ മാറ്റാം. അസ്ഥിക്ക് പൊട്ടലുണ്ടെങ്കില്‍ ഒരു തടിക്കഷ്ണം ചേര്‍ത്തുവെച്ചുകൊണ്ട് ഇമൊബിലൈസ്
ചെയ്ത് രോഗിയെ ആശുപത്രിയിലേക്ക് മാറ്റാം.
ആംബുലന്‍സില്‍ ആവശ്യമായ സംവിധാനങ്ങളെന്തൊക്കെ ?
രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സില്‍ സ്ട്രക്ചര്‍, സ്ട്രാപ്പ് ചെയ്യുന്നതിനുള്ള സംവിധാനം,ഓക്‌സിജന്‍ നല്‍കാന്‍ വേണ്ട സംവിധാനം, ഡ്രിപ്പ് നല്‍കാനുള്ള സൗകര്യം എന്നിവ അടിസ്ഥാനപരമായി ആവശ്യമുണ്ട്. ആംബുലന്‍സില്‍ ആംബുബാഗും ഉണ്ടായിരിക്കേണ്ടതാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് വിപരീതമായി എമര്‍ജന്‍സി സര്‍വീസ് എന്നത് നമ്മുടെ നാട്ടില്‍ ആംബുലന്‍സും ഡ്രൈവറും മാത്രമായി ചുരുങ്ങുകയാണ്. നമ്മുടെ നാട്ടില്‍ പരിശീലനം ലഭിച്ചിട്ടുള്ള എമര്‍ജന്‍സി പാരാമെഡിക്കല്‍ സ്റ്റാഫ് ആംബുലന്‍സിനോടൊപ്പം എത്തുക എന്ന സംവിധാനം ഇവിടെ വേണ്ടതാണ്. എന്നാല്‍ അത് ഇവിടെയില്ല. പുറമെയുള്ള രാജ്യങ്ങളില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്. ആംബുലന്‍സില്‍ പരിശീലനമുള്ള സ്റ്റാഫുകളുണ്ടായാല്‍ രോഗിക്ക് പ്രാഥമിക ചികിത്സ ആശുപത്രിയിലേക്കുള്ള വേളയില്‍ തന്നെ നല്‍കാന്‍ കഴിയും.
കാര്‍ഡിയാക് അറസ്റ്റ് വന്നാല്‍, രോഗിക്ക് ഇലക്ട്രിക് ഷോക്ക് നല്‍കുന്നതിനാണ് ഡിഫിബ്രിലേറ്റര്‍ എന്ന ഉപകരണം ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ താളം ഈ ഉപകരണത്തിലൂടെ വ്യത്യാസപ്പെടുത്താന്‍ സാധിക്കും. സാധാരണ റോഡപകടങ്ങളില്‍ കാര്‍ഡിയാക് അറസ്റ്റ് പതിവായി സംഭവിക്കുന്നതല്ല. ഇസിജി ഘടിപ്പിച്ച ശേഷം കാര്‍ഡിയാക് ആക്ടിവിറ്റിയിലുണ്ടാകുന്ന വ്യതിയാനം അനുസരിച്ചാണ് ഡിഫിബ്രിലേറ്റര്‍ ഉപയോഗിക്കുന്നത്.
ആംബുലന്‍സുമായി അടുത്തുള്ള ആശുപത്രിയിലേക്കാണോ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണോ പോകേണ്ടത് ?
രോഗിക്ക് പ്രഥമശുശ്രൂഷ നല്‍കുന്നതിന് ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കുന്നതാണ് ഉചിതം. ആശുപത്രിയുടെ എമര്‍ജന്‍സിയില്‍ നിന്നും രക്തസ്രാവം ഒരുപരിധി വരെ കുറയ്്ക്കാനും ഡ്രിപ്പ് നല്‍കുന്നതിനും കഴുത്തിന് കോളര്‍ പോലുള്ള സപ്പോര്‍ട്ട് നല്‍കുന്നതിനും ഇത് ഉപകരിച്ചേക്കാം. രോഗിയുടെ വിവിധ പരിക്കുകളെ കുറിച്ച് ധാരണ ഉണ്ടാക്കി, ഏത് ആശുപത്രിയിലേക്ക് അയച്ചാല്‍ മികച്ച ചികിത്സ ലഭ്യമാകും തീരുമാനിച്ചതിന് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതായിരിക്കും നല്ലത്.
ഏതൊരു മനുഷ്യനും അവബോധമുണ്ടാകേണ്ട വിഷയങ്ങളാണ് ഇവയെല്ലാം. അപകടത്തിനിടെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ വഴി അപകടസാഹചര്യങ്ങളെ നേരിടാന്‍ അവബോധമുള്ളവരായിരിക്കാന്‍ ശ്രമിക്കുക.accident