പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഗുജറാത്തിൽ ആരോഗ്യ പ്രവർത്തകൻ അറസ്റ്റ് ചെയ്ത് തീവ്രവാദ വിരുദ്ധ സംഘടന. ഗുജറാത്തിലെ കച്ച് ജില്ലയിൽ നിന്നാണ് ആരോഗ്യപ്രവർത്തകനെ അറസ്റ്റ് ചെയ്യുന്നത്. 28കാരനായ സഹ്ദേവ്സിംഗ് ദീപുവ ഗോഹിൽ മാതാ-ന-മദ് ഗ്രാമത്തിൽ ബീറ്റ് 1-ൽ ആരോഗ്യപ്രവർത്തകനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാൾ ബിഎസ്എഫിന്റെയും സൈന്യത്തിന്റെയും രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഏജന്റിന് വാട്സ്ആപ്പ് സന്ദേശം വഴി കൈമാറുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചു. ഇക്കാര്യം എടിഎസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും തുടർന്ന് നടത്തിയ അന്വേഷതത്തിലൂടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കൊരുകൊണ്ടയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹർഷ് ഉപധ്യായ, പൊലീസ് ഇൻസ്പെക്ടർ പി. ബി ദേശായി, സബ് ഇൻസ്പെക്ടർ ഡി. വി റാത്തോഡ്. എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം രൂപീകരിക്കുകയും ചെയ്തു. പാകിസ്ഥാൻ ഏജന്റായ അതിഥി ഭരദരാജിനാണ് ഇയാൾ വിവരങ്ങൾ കൈമാറിയതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നു. 2023 ജൂൺ മുതൽ സഹ്ദേവ്സിംഗിന് ഭരദരാജുമായി ബന്ധമുണ്ട്. ജനുവരി 2025ന് സഹ്ദേവ്സിംഗ് സ്വന്തം പേരിൽ ഒരു സിം കാർഡെടുക്കുകയും അത് ഏജന്റിന് കൈമാറുകയും ചെയ്തിരുന്നു. ഇതിന് പ്രതിഫലമായി ഇയാൾ 40,000 രൂപ കൈപ്പറ്റുകയും ചെയ്തു. സാങ്കേതിക സഹായത്തോടെയാണ് ഇയാളെ പിടികൂടാനുള്ള പദ്ധതി ആവിഷ്കരിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ സെഷൻ 61, 148 എന്നിവ ഇരുവരുടേയും മേൽ ചുമത്തിയിട്ടുണ്ട്. സഹ്ദേവ്സിംഗിന്റെ ഫോണിൽ നിന്ന് കുറച്ചധികം വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ട് ഇത് വീണ്ടെടുക്കാനായി ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായം തേടിയിട്ടുണ്ട്. ചാരവൃത്തി നടത്തിയെന്നാരോപിച്ച് നിലവിൽ ഗുജറാത്തിലെ മൂന്നാമത്തെ അറസ്റ്റാണ്.
2024 നവംബറിലാണ് നാവിക സേവന ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വിവരങ്ങൾ ചോർത്തി നൽകിയതിന് ദീപേഷ് ബതുക് ഗോഹലിനെ എടിഎസ് പിടികൂടുന്നത്. ഒക്ടോബറിലായിരുന്നു പാകിസ്ഥാൻ ഏജൻസിയ്ക്ക് വിവരങ്ങൾ കൈമാറിയതിന് പങ്കജ് കോട്ടിയയെ അറസ്റ്റ് ചെയ്യുന്നത്. തന്ത്രപ്രധാന പ്രതിരോധ മേഖലയായ ഗുജറാത്തിലെ സുരക്ഷ ശക്തമാക്കണമെന്ന സൂചനയാണ് മൂന്ന് അറസ്റ്റുകളും രേഖപ്പെടുത്തുന്നത്. പഹഗൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യത്തിന് പ്രസക്തിയേറുന്നുണ്ട്. ഏപ്രിൽ 17നായിരുന്നു രാജ്യത്തെയാകെ നടുക്കിയ പഹൽഗം ഭീകരാക്രമണം. ആക്രമണത്തിൽ 26 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഭീകരാക്രമണത്തിന് 2 ആഴ്ചകൾക്ക് ശേഷം ഓപ്പറേഷൻ സിന്ദൂരെന്ന പേരിൽ ഇന്ത്യ ഒരു പ്രത്യാക്രമണം നടത്തി. ഇതിന് പിന്നാലെ പാകിസ്ഥാന് വേണ്ടി ചാരവൃത്തി ചെയ്തുവെന്ന് ആരോപിച്ച് ഒരു യൂട്യൂബറടക്കം നിരവധി പേരെ സൈന്യം അറസ്റ്റ് ചെയ്തു.
content summary: Gujarat ATS Arrests Health Worker for Alleged Espionage on Behalf of Pakistan