June 04, 2026 |
Share on

സഹപ്രവർത്തകയുമായി നാലു വർഷത്തെ പ്രണയം; ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഫോറസ്റ്റ് ഓഫീസർ

കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ താമസസ്ഥലത്തിന് സമീപമുള്ള കുഴിയിൽ തള്ളി

സഹപ്രവർത്തകയുമായി നാല് വർഷമായി പ്രണയം, ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ താമസസ്ഥലത്തിന് സമീപമുള്ള കുഴിയിൽ തള്ളിയതിന് വനപാലകൻ അറസ്റ്റിൽ. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് സംഭവം.അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശൈലേഷ് ഖാംഭ്‌ല ആണ് അറസ്റ്റിലായത്.

ശൈലേഷ് ഖാംഭ്‌ല 2022ൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഒരു വനിതാ ജീവനക്കാരിയുമായി സൗഹൃദത്തിലാവുകയും, അത് പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു. ഈ ബന്ധം ഏകദേശം നാല് വർഷത്തോളം നീണ്ടുനിന്നതായി പോലീസ് പറയുന്നു. ഈ ബന്ധമാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിൽ ഈ സ്ത്രീക്ക് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. കേസിന്റെ ഭാഗമായി പോലീസ് ഈ വനിതാ ജീവനക്കാരിയെ ചോദ്യം ചെയ്തിട്ടുണ്ട്. ഭാവ്‌നഗറിലെ വീട്ടിൽ നിന്ന് ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ശൈലേഷ് ഖാംഭ്‌ലയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാവ്‌നഗറിലേക്ക് അടുത്തിടെയാണ് ശൈലേഷ് ഖാംഭ്‌ല സ്ഥലം മാറിയെത്തിയത്. എന്നാൽ, ഇദ്ദേഹത്തിന്റെ ഭാര്യ നയനയും, 13 വയസ്സുള്ള മകൾ പ്രീത, 9 വയസ്സുള്ള മകൻ ഭവ്യ എന്നിവർ സൂറത്തിലാണ് താമസിച്ചിരുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിനായി ഇവർ ഭാവ്‌നഗറിലേക്ക് എത്തി. എന്നാൽ, വന്നതിന് തൊട്ടുപിന്നാലെ ഇവരെ കാണാതാവുകയായിരുന്നു. നവംബർ 5-ന്, പ്രതിയായ വനപാലകൻ പോലീസിനെ സമീപിച്ചു. താൻ ഡ്യൂട്ടിയിലായിരുന്നപ്പോൾ, തന്റെ ഭാര്യയും കുട്ടികളും ഒരു ഓട്ടോറിക്ഷയിൽ കയറി പോകുന്നത് സെക്യൂരിറ്റി ഗാർഡ് കണ്ടുവെന്ന് ഇയാൾ പോലീസിനോട് അവകാശപ്പെട്ടു. എന്നാൽ, ഈ വാദം സെക്യൂരിറ്റി ഗാർഡ് നിഷേധിച്ചു. ചോദ്യം ചെയ്യലിൽ ഖാംഭ്‌ലയുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികത പോലീസിൽ സംശയം വർദ്ധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെത്തുടർന്നുള്ള കൂടുതൽ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നതും മൃതദേഹങ്ങൾ കണ്ടെത്തിയതും.

വനപാലകൻ ശൈലേഷ് ഖാംഭ്‌ളയുടെ ക്രൂരമായ കൊലപാതകത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഒരു ആസൂത്രിത കൊലപാതകം ആയിരുന്നുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ഖാംഭ്‌ളയുടെ കോൾ രേഖകൾ പരിശോധിച്ചതിൽ ഗിരീഷ് വാനിയ എന്ന ജൂനിയർ ഉദ്യോഗസ്ഥനുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞു. നവംബർ 2ന് മാലിന്യം തള്ളാനായി വീടിന് പിന്നിൽ രണ്ട് കുഴികൾ എടുക്കാൻ പ്രതി വാനിയയോട് ആവശ്യപ്പെട്ടു. വാനിയ ഇത് പ്രകാരം കുഴികൾ എടുത്തു. നാല് ദിവസങ്ങൾക്ക് ശേഷം, അതായത് നവംബർ 6ന്, കുഴികൾ നികത്താനായി ഒരു ഡംപർ ട്രക്ക് അയക്കാനും ഖാംഭ്‌ള വാനിയയോട് ആവശ്യപ്പെട്ടു. ഈ കുഴികളിൽ നിന്നാണ് പോലീസ് നവംബർ 16ന് ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

കൊലപാതകത്തിന് ശേഷം, ഭാര്യയുടെ ഫോണിൽ നിന്ന് സ്വയം ഒരു സന്ദേശം അയച്ചു. താൻ മറ്റൊരാളുടെ കൂടെ പോകുകയാണെന്നാണ് ആ സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഈ സന്ദേശം അയച്ച ശേഷം ഫോൺ പ്രതി എയർപ്ലെയിൻ മോഡിലിട്ട് ഒളിപ്പിച്ചു. ഇരകളെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തന്റെ മാതാപിതാക്കളോടൊപ്പം സൂറത്തിൽ താമസിക്കാൻ ഭാര്യക്ക് താല്പര്യമില്ലായിരുന്നുവെന്നും, എല്ലാവരും ഭാവ്‌നഗറിൽ ഒരുമിച്ച് താമസിക്കണമെന്ന് അവർ നിർബന്ധം പിടിച്ചതുമാണ് കൊലപാതകത്തിന് പ്രഥമ കാരണം എന്ന് ഖാംഭ്‌ള പോലീസിനോട് പറഞ്ഞു. കൊലപാതകം ആസൂത്രണം ചെയ്തതിലും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിലും പ്രതിയുടെ ജൂനിയർ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

content summary: Gujarat forest officer accused of killing his wife and children had reportedly been involved in a years-long affair with a colleague

Leave a Reply

Your email address will not be published. Required fields are marked *

×