February 14, 2025 |
സുമ സണ്ണി
സുമ സണ്ണി
Share on

ഗുജറാത്തിന് എത്ര ‘ഗിഫ്റ്റ്’ കൊടുത്തിട്ടും മതിയാകുന്നില്ല, ഇനിയും ഗിഫ്റ്റ് സിറ്റിയിലേക്ക് നിക്ഷേപം ഒഴുകും

എന്താണ് ‘ഗിഫ്റ്റ് സിറ്റി?

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററില്‍ (ഐഎഫ്എസ്സി) ഫണ്ട് പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രം നിരവധി നികുതി ആനുകൂല്യങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. എന്താണ് ‘ഗിഫ്റ്റ് സിറ്റി? Gujarath Gift City; investments will continue to flow into Gift City 

ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി) ഗുജറാത്തിലെ ഒരു ബിസിനസ്സ് സെന്റര്‍ ആണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ (IFSC) ആണ് ഇത്. ഒരു ആഗോള സാമ്പത്തിക, ഐടി ഹബ്ബായും ലോകത്തെ മറ്റ് പ്രമുഖ ബിസിനസ്സ് സെന്ററുകളുമായി മത്സരിക്കുന്ന തരത്തിലുമാണ് നഗരം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.സ്‌കൂളുകള്‍, ക്ലബ്ബുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സാമൂഹിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച്, താമസക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ട് ‘വാക്ക്-ടു-വര്‍ക്ക്’ എന്ന ആശയത്തിലാണ് ഗിഫ്റ്റ് സിറ്റി നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന സുരക്ഷാ നിരീക്ഷണ നടപടികളും ഗിഫ്റ്റ് സിറ്റിയിലേക്ക് കമ്പനികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്. ആഗോള തലത്തില്‍ തന്നെ ലഭിക്കാവുന്ന മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇവിടെ നല്‍കുന്നുണ്ട്. ഇന്ത്യന്‍ സാമ്പത്തിക മേഖല വികസിക്കുമ്പോള്‍ ഗിഫ്റ്റ് സിറ്റിയിലേക്ക് ഫണ്ട് ഒഴുക്ക് കൂട്ടാന്‍ അസറ്റ് മാനേജര്‍മാരെ ആകര്‍ഷിക്കാനുള്ള പല പദ്ധതികളും ഇതിലുണ്ട്. ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികള്‍ക്ക് 10 വര്‍ഷത്തെ നികുതി ഇളവ് നല്‍കുന്നുണ്ട്. ഗിഫ്റ്റ് സിറ്റിയിലേക്ക് വിദേശത്ത് നിന്നുള്ള ഫണ്ട് കൈമാറ്റത്തിന് നികുതി ചുമത്തുന്നില്ല. ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപിക്കുന്നതിന് മൂലധന നേട്ട നികുതികളൊന്നുമില്ല തുടങ്ങിയ സൗകര്യങ്ങള്‍ ഗിഫ്റ്റ് സിറ്റിയില്‍ നിലവില്‍ ഉണ്ടായിരുന്നു. ഈ ബജറ്റോടെ ഇതിലേക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ മാറ്റങ്ങള്‍

ഐഎഫ്എസ്സിയുടെ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആഗോള ബിസിനസുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ആകര്‍ഷിക്കുന്നതിനുള്ള കൂടുതല്‍ നടപടികള്‍ ഈ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്നു.

സണ്‍സെറ്റ് ക്ലോസിന്റെ അഞ്ച് വര്‍ഷത്തേക്ക് നീട്ടല്‍, മ്യൂച്വല്‍ ഫണ്ട് റീലോക്കേഷനുകള്‍ക്കുള്ള ഇന്‍സെന്റീവുകള്‍, ഓഫ്ഷോര്‍ ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റുകളില്‍ (ഒഡിഐ) ട്രേഡ് ചെയ്യുന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് (എഫ്പിഐ) ഇളവുകള്‍ എന്നിവ പുതിയ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് യൂണിറ്റുകള്‍ക്കും ഫണ്ട് റീലോക്കേഷനുകള്‍ക്കുമുളള നിരവധി നികുതി ഇളവുകള്‍ 2030 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഐഎഫ്എസ്സി അടിസ്ഥാനമാക്കിയുള്ള ഫണ്ട് മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന നിക്ഷേപ ഫണ്ടുകള്‍ക്കായി ലളിതമായ വ്യവസ്ഥകള്‍ നല്‍കാനാണ് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഐഎഫ്എസ്സിയിലെ ഫണ്ടുകള്‍ക്കായി നിലവിലുള്ള റീലോക്കേഷന്‍ വ്യവസ്ഥയില്‍ റീട്ടെയില്‍ സ്‌കീമുകളും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളും (ഇടിഎഫ്) ഉള്‍പ്പെടുത്തുന്നതായും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു. ഫണ്ടുകള്‍ക്കും ഇടിഎഫുകള്‍ക്കും റീട്ടെയില്‍ സ്‌കീമുകള്‍ക്കും ഗിഫ്റ്റ് സിറ്റിയിലേക്ക് സൗജന്യമായി സ്ഥലം മാറ്റാന്‍ അര്‍ഹതയുള്ള പ്രത്യേക നടപടികള്‍ പ്രഖ്യാപിച്ചു.

കൂടുതല്‍ ഓഫ്-ഷോര്‍ ഫണ്ടുകള്‍, ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ (IFSC), ഗിഫ്റ്റ് സിറ്റിയിലേക്ക് മാറ്റുന്നതിന്, അത്തരം ഫണ്ടുകള്‍ക്ക് സര്‍ക്കാര്‍ പുതിയ നികുതി ഇളവുകള്‍പ്രഖ്യാപിച്ചു. സിംഗപ്പൂര്‍, മൗറീഷ്യസ് തുടങ്ങിയ ഓഫ്-ഷോര്‍ ലൊക്കേഷനുകളില്‍ നിന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് മാറാന്‍ തയ്യാറുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കും (ഇടിഎഫ്) റീട്ടെയില്‍ സ്‌കീമുകളിലേക്കും നിലവിലുള്ള സ്ഥലംമാറ്റ വ്യവസ്ഥ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ഭേദഗതി 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ 2026-27 മൂല്യനിര്‍ണ്ണയ വര്‍ഷവും തുടര്‍ന്നുള്ള മൂല്യനിര്‍ണ്ണയ വര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇത് ബാധകമാകും.

നിക്ഷേപങ്ങള്‍ക്ക് നങ്കൂരം

ഗിഫ്റ്റ് സിറ്റിയിലേക്ക് വരുന്ന നിക്ഷേപകര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ നിലവില്‍ തന്നെ വലിയ ആകര്‍ഷണമാണ്. ആദായ നികുതി ഇളവുകള്‍ (ഫണ്ട് മാനേജര്‍മാര്‍ക്ക് 15 വര്‍ഷത്തില്‍ 10 വര്‍ഷത്തേക്ക് 100% നികുതി ഇളവ് ലഭിക്കും), ജി എസ് ടി- കസ്റ്റംസ് ഇളവുകള്‍ (ഗിഫ്റ്റ് സിറ്റിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് നല്‍കുന്ന ചരക്കുകളും സേവനങ്ങളും കയറ്റുമതിയായി കണക്കാക്കുന്നു, അവയ്ക്ക് 0% ജി എസ് ടി യാണ് ഈടാക്കുന്നത്), സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്ടിടി) ഇളവുകള്‍ (ഐഎഫ്എസ്സി എക്‌സ്‌ചേഞ്ചുകളില്‍ നടത്തുന്ന ഇടപാടുകള്‍ എസ്ടിടിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു), പ്രവാസി നിക്ഷേപകര്‍ക്കുള്ള ഇളവുകള്‍ (ഇന്ത്യയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് പ്രവാസി നിക്ഷേപകരെ ഒഴിവാക്കിയിട്ടുണ്ട്), ലൈഫ് ഇന്‍ഷുറന്‍സിനുള്ള ഇളവുകള്‍ (IFSC അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് ഓഫീസുകളില്‍ നിന്ന് ലൈഫ് ഇന്‍ഷുറന്‍സ് സ്വീകരിക്കുന്ന പ്രവാസികളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്), സ്റ്റാമ്പ് ഡ്യൂട്ടിക്കും രജിസ്‌ട്രേഷന്‍ ഫീസിനും ഇളവുകള്‍ (ഗിഫ്റ്റ് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബിസിനസ്സുകളെ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു), സംസ്ഥാന സബ്സിഡികള്‍ ( മൂലധന ചെലവുകള്‍ക്കും ജീവനക്കാരുടെ നൈപുണ്യത്തിനും പ്രോത്സാഹനങ്ങള്‍ ഉള്‍പ്പെടെ, യോഗ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് GIFT സിറ്റി സംസ്ഥാന സബ്സിഡികള്‍ വാഗ്ദാനം ചെയ്യുന്നു) ഇവയെല്ലാം ഗിഫ്റ്റ് സിറ്റിയില്‍ നിക്ഷേപവും, ബിസിനസും നടത്തുന്നതിന് ആകര്‍ഷിക്കുന്ന കാര്യങ്ങളാണ്.

നിലവില്‍, ഡെറിവേറ്റീവ് ട്രേഡുകളിലൂടെയോ, പാര്‍ട്ടിസിപ്പേറ്ററി നോട്ടുകളിലൂടെയോ NRI സമ്പാദിക്കുന്ന ഏതൊരു വരുമാനവും നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇപ്പോള്‍, എന്‍ആര്‍ഐകള്‍ ഗിഫ്റ്റ് സിറ്റിക്ക് പുറത്തുള്ള ഒരു വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകന്‍ (എഫ്പിഐ) വഴിയാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ പോലും സര്‍ക്കാര്‍ ഈ ആനുകൂല്യം നീട്ടിയിട്ടുണ്ട്.

IFSC ചട്ടക്കൂടിന് കീഴില്‍ ആനുകൂല്യങ്ങള്‍ തേടുന്ന കമ്പനികള്‍ക്കുള്ള കട്ട്-ഓഫ് തീയതി അഞ്ച് വര്‍ഷത്തേക്ക് നീട്ടുന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇപ്പോള്‍ ഇത് 2030 മാര്‍ച്ച് 31-ന് വരെയാണ് നീട്ടിയിരിക്കുന്നത്. കൂടുതല്‍ ആഗോള നിക്ഷേപം ആകര്‍ഷിക്കാനുള്ള ഒരു പദ്ധതിയാണ് ഇത്.

ഐഎഫ്എസ്സിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കോര്‍പ്പറേഷനുകളുടെ കപ്പല്‍-ലീസിംഗ് യൂണിറ്റുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, ട്രഷറി സെന്ററുകള്‍ എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഈ ബജറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും GIFT സിറ്റിയെ ഒരു മത്സരാധിഷ്ഠിത ആഗോള സാമ്പത്തിക കേന്ദ്രമായി ഉറപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്.

IFSCA റെഗുലേഷന്‍സ് 2022 പ്രകാരം നിയന്ത്രിക്കപ്പെടുന്ന റീട്ടെയില്‍ സ്‌കീമുകളിലെയും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലെയും (ഇടിഎഫ്) ഷെയറുകളോ യൂണിറ്റുകളോ കൈമാറ്റം ചെയ്യുന്നതിനെ നികുതി വിധേയമായ കൈമാറ്റങ്ങളായി കണക്കാക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഫണ്ട് റീലോക്കേഷനായി മൂലധന നേട്ട ഇളവുകള്‍ അവതരിപ്പിച്ചു. ഇത് ഐഎഫ്എസ്സിക്കുള്ളിലെ ബിസിനസ് കൂട്ടാന്‍ സഹായിക്കുന്ന നടപടിയാണ്.

ഐഎഫ്എസ്സിയും ഗുജറാത്തിന്റെ സാമ്പത്തിക പ്രാധാന്യവും വര്‍ധിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ, ആഗോള സാമ്പത്തിക വിപണിയിലെ ഒരു പ്രധാന കളിക്കാരനെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനാണ് ഈ നടപടികള്‍. ഈ പ്രോത്സാഹനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനം തയ്യാറെടുക്കുമ്പോള്‍, വരും വര്‍ഷങ്ങളില്‍ സാമ്പത്തിക നവീകരണത്തിനും കപ്പല്‍ പാട്ടത്തിനും ആഗോള ട്രഷറി പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു പ്രധാന കേന്ദ്രമായി ഗുജറാത്ത് ഉയര്‍ന്നുവരാന്‍ ഒരുങ്ങുകയാണ്. നിക്ഷേപം ഗിഫ്റ്റ് സിറ്റിയിലേക്ക് ആകര്‍ഷിക്കുക മാത്രമല്ല, ഇവിടെ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നത്. ഇന്ത്യയെ ഒരു ആഗോള സാമ്പത്തിക ഹബായി മാറ്റാനുള്ള ശ്രമങ്ങളുടെ ഒരു തുടക്കമായി ഇതിനെ കാണാം.Gujarath Gift City; investments will continue to flow into Gift City 

Content Summary: Gujarath Gift City; investments will continue to flow into Gift City

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധ

More Posts

×