UPDATES

ചരിത്ര നേട്ടത്തിൽ ഇന്ത്യ; കാൻഡിഡേറ്റ്സ് ചെസ് കിരീടത്തിൽ മുത്തമിട്ട് 17 കാരൻ

ചരിത്രമെഴുതി ഡി ഗുകേഷ്

                       

കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായി ഇന്ത്യയുടെ മിന്നും താരം ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്. ടൊറൻ്റോയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെൻ്റിൻ്റെ ഏറെ പിരിമുറുക്കമുള്ള റൗണ്ടുകളിലും ശാന്തനായിരുന്ന ഡി ഗുകേഷ് എല്ലാവർക്കും ഒരു വിസമയം ആയിരുന്നു. 17 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂവെങ്കിലും മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയാകാൻ തയ്യറെടുക്കുമ്പോഴും, ഗുകേഷിന് ലവലേശം പരിഭ്രമമം തൊട്ട് തീണ്ടിയിരുന്നില്ല. അടുത്ത ഒരു റൗണ്ട് എന്ന കടമ്പ കൂടി കടന്ന് ചരിത്രത്തിലേക്കുള്ള കാൽവെപ്പാണ് ഗുകേഷ്‌ നടത്തിയിരിക്കുന്നത്. ലോക ചെസ് ചാംപ്യൻറെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് കാൻഡിഡേറ്റ്‌സ് ടൂർണമെന്റ്.

14 റൗണ്ട് നീണ്ടുനിന്ന മത്സരത്തിൽ അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്റർ ഹികാരു നകാമുറയെ സമനിലയിൽ തളച്ചതോടെയാണ് കാൻഡിഡേറ്റ്‌സ് ഗുകേഷ്‌ ചെസിൽ വിജയിയായത്. ഇനി ഇന്ത്യയുടെ 17കാരൻ തന്നെ ചൈനയുടെ ഡിംഗ് ലിറെനെ നേരിടും. ഈ മിന്നും വിജയത്തോടെ പ്രധാന ടൂ‌ർണമെന്റിൽ വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ് മാറി. 2024 അവസാനത്തോടെയായിരിക്കും നടക്കുന്ന ലോക ചെസ് ചാംപ്യൻഷിപ്പ് നടക്കുക.

ഫാബിയാനോ കരുവാനയും ഇയാൻ നെപോം നിയാഷിയും തമ്മിലുള്ള മത്സരം സമനിലയിലായതോടെയാണ് ഗുകേഷ് കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ വിജയത്തിൽ മുത്തമിട്ടത്. ഡിംഗ് ലിറെനെ കൂടി തോൽപ്പിക്കാൻ ഗുകേഷിന്‌ സാധിച്ചാൽ ലോക ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കൈവരിക്കാൻ സാധിക്കും. കാന്‍ഡിഡേറ്റ്സ് ജേതാവിന് 48 ലക്ഷത്തോളം രൂപയാണ് സമ്മാന തുക.

‘മത്സരത്തിന്റെ തുടക്കം മുതൽ ഒരേ രീതിയിലുള്ള ആകാംക്ഷയും ആവേശവുമാണ് എന്നിൽ ഇപ്പോഴും അവശേഷിക്കുന്നത്. കൂടാതെ എൻ്റെ മാനസികാവസ്ഥയിലും യാതൊരു വിധ മാറ്റങ്ങളും വന്നിട്ടില്ല ‘ 13 -ാം റൗണ്ടിലെ വിജയത്തോടുള്ള ഗുകേഷിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു.
കൂടാതെ, അടുത്ത വർഷം നിലവിലെ ചാമ്പ്യനായ ചൈനയുടെ ഡിംഗ് ലിറനെ വെല്ലുവിളിക്കാനുള്ള ഏറ്റവും മികച്ച ചോയ്‌സ് താനാണെന്നും ഗുകേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.

നിപ്പോം നിയാഷി, ഹിക്കാരു നകാമുറ, ഫാബിയാനോ കരുവാന എന്നിവരേക്കാൾ അരപ്പോയിന്റ് വ്യത്യാസത്തിലായിരുന്നു ഗുകേഷ് ഉണ്ടായിരുന്നത്.
പരിചയസമ്പന്നരായ എതിരാളികൾക്കെതിരെ ചെസ് പോരാട്ടത്തിൽ ഗുകേഷ് പതറാതെ പിടിച്ചുനിന്നു. ടൊറൻ്റോയിലെ നീണ്ട ഗെയിമുകളിൽ എന്തുകൊണ്ടാണ് ഇത്രനന്നായി കളിക്കുന്നത് എന്ന ചോദ്യത്തിന് ‘ഒരുപക്ഷേ, അത് എൻ്റെ പ്രായമാകാം’ എന്ന വിശദീകരണമാണ്‌ ഗുകേഷിൽ നിന്ന് ലഭിച്ചത്.

10 ദിവസം മുമ്പ് ഗുകേഷിന് കനത്ത തോൽവി നേരിട്ടിരുന്നു. 7-ാം റൗണ്ടിൽ അലിറേസ ഫിറോസ്ജയ്‌ക്കെതിരെ വിജയത്തിന് അടുത്തെങ്കിലും സമയ പ്രശ്‌നത്തിൽ കുടുങ്ങി പോവുകയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, വിജയിക്കും എന്ന് തോന്നിച്ചെങ്കിലും നിരാശാജനകമായ തോൽവിയിലേക്കാണ് കൂപ്പു കുത്തിയത്.

ഗുകേഷ് കളിയിൽ സ്ഥിരതയുള്ള വ്യക്തിയാണെന്നും എതിർ മത്സരാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള കളി രീതിയാണെന്നുമാണ് ഗുകേഷിന്റേത് എന്ന് ചെസ്സ് ഗ്രാൻഡ്‌മാസ്റ്ററായ വിശ്വനാഥൻ ആനന്ദ് പറഞ്ഞു. ഈ അവസരം എത്ര പ്രധാനമാണെന്ന് ഗുകേഷിന്‌ അറിയാവുന്നതിനാൽ തന്റെ ഓരോ നീക്കങ്ങളും വളരെ ശ്രദ്ധ കേന്ദ്രീകരിച്ചിരിചുള്ളവയാണ്. കൂടാതെ ഗുകേഷിന്റെ ഓരോ ചുവടും കൃത്യമായ നിയന്ത്രണത്തോടെയാണെന്നും വിശ്വനാഥൻ ആനന്ദ് കൂട്ടിച്ചേർത്തു. ആനന്ദിന് ശേഷം കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ വിജയിയാകുന്ന ആദ്യ ഇന്ത്യൻ താരമാണ് ഗുകേഷ്.

 

2006ൽ ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷ് ജനിക്കുന്നത്. ഏഴാം വയസ് മുതലാണ് ഗുകേഷ്‌ ചെസ് പഠനം ആരംഭിക്കുന്നത്. ഗ്രാൻഡ് മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനത്താണ് ഗുകേഷ്‌. കൂടാതെ, 2700 റേറ്റിംഗ് പോയിന്റിലെത്തുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് 17 കാരനായ ഗുകേഷ്‌. കാൻഡിഡേറ്റ്സിൽ കളിക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും ഗുകേഷിന് തന്നെ സ്വന്തമാണ്.

 

 

content summary : D Gukesh wins candidates chess championship 2024

Share on

മറ്റുവാര്‍ത്തകള്‍