സിഖ് വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിംഗ് പന്നൂന്‍ വധശ്രമ കേസ് പ്രതിയായ നിഖില്‍ ഗുപ്തയെ യു എസ്സിന് കൈമാറി. ഗുപതയെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്നോടിയായാണ് കൈമാറ്റം നടന്നിരിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍-കനേഡിയന്‍ ഇരട്ട പൗരത്വമുള്ള ഇന്ത്യന്‍ വംശജനായ സിഖ് വിഘടനവാദി നേതാവിനെ വധിക്കാനുള്ള ഒരു പരാജയപ്പെട്ട ശ്രമത്തിലെ പ്രതിയായണ് നിഖില്‍ ഗുപ്ത. ഫെഡറല്‍ അഡ്മിനിസ്ട്രേറ്റീവ് തടങ്കല്‍ കേന്ദ്രമായ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് നിലവില്‍ 52 കാരനായ ഗുപ്ത തടവില്‍ കഴിയുന്നതെന്ന് ബോര്‍ഡ് ഓഫ് പ്രിസണ്‍സ് ഇന്റേണിന്റെ വെബ്സൈറ്റില്‍ പറയുന്നുണ്ട്. നിഖില്‍ ഗുപ്ത നിയമാനുസൃതമായി പ്രവര്‍ത്തിച്ചു പോന്നിരുന്ന ബിസിനസുകാരന്‍ മാത്രമായിരുന്നുവെന്നും, അമേരിക്കയും ഇന്ത്യയും തമ്മില്‍ നടക്കുന്ന ചില തര്‍ക്കങ്ങളുടെ പേരില്‍ അദ്ദേഹം കുടങ്ങിപ്പോവുകയുമാണുണ്ടായിരിക്കുന്നതെന്നാണ് ഗുപ്തയുടെ അഭിഭാഷകന്‍ പറയുന്നത്.
‘ഗുജറാത്തിലെ ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കാം, പകരം ന്യൂയോര്‍ക്കിലെ കൊലപാതകം ആസൂത്രണം ചെയ്യണം’
കഴിഞ്ഞാഴ്ച്ചയാണ് ചെക്ക് റിപ്പബ്ലിക്കിലെ ജയിലില്‍ ആയിരുന്ന ഗുപ്തയെ ന്യൂയോര്‍ക്കില്‍ എത്തിച്ചതെന്നാണ് പേര് വിവരങ്ങള്‍ വെളിപ്പെടുത്താത നയതന്ത്ര ഉദ്യോഗസ്ഥര്‍ പോസ്റ്റിന് നല്‍കിയ വിവരം. സാധാരണയായി കൈമാറ്റം ചെയ്ത് കിട്ടുന്ന കുറ്റവാളികളെ, അവരെ രാജ്യത്ത് കൊണ്ടു വരുന്ന അതേ ദിവസം തന്നെ കോടതയില്‍ ഹാജരാക്കേണ്ടതാണ്.
ഗുര്‍പത് വന്ത് സിംഗ് പന്നൂന്‍ വധശ്രമക്കേസില്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെയാണ് അമേരിക്കയുടെ വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ മേയ് മാസത്തില്‍ പന്നൂനെ വധിക്കാന്‍ നിര്‍ദേശം നല്‍കുകയും, ഇതിനുള്ള ആസൂത്രണത്തിന് നിഖില്‍ ഗുപ്തയെ ഏര്‍പ്പാടാക്കുകയും ചെയ്‌തെന്നാണ് യുഎസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. പന്നൂനെ വധിക്കാനുള്ള ശ്രമം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ജൂണില്‍ പൊളിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും വിഘടിച്ച് ഒരു സിഖ് സ്വതന്ത്ര രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഖാലിസ്ഥാന്‍ വിഘടന വാദ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റീസിന്റെ ജനറല്‍ കൗണ്‍സലാണ് ഗുര്‍പത് വന്ത് സിംഗ് പന്നൂന്‍.
നിഖില്‍ ഗുപ്തയുടെ അഭിഭാഷക രോഹിണി മൂസ ഇന്ത്യന്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ടായിരുന്നു. ഗുപ്തയ്‌ക്കെതിരേ നടക്കുന്നത് അന്യായമായ പ്രോസിക്യൂഷന്‍ ആണെന്നും, ആരോപിക്കപ്പെടുന്ന വധശ്രമ ഗൂഢാലോചനയുമായി ഗുപ്തയെ ബന്ധിപ്പിക്കാനുള്ള രേഖകളൊന്നും ഇല്ലെന്നാണ് ഇന്ത്യന്‍ സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ രോഹിണി പറയുന്നത്. ഇന്ത്യയും അമേരിക്കയും അവരുടെ വിദേശനയങ്ങളുടെ പേരില്‍ പരസ്പരം പഴിചാരുകയാണെന്നും അതിനിടയില്‍ തന്റെ കക്ഷി ഇരയാക്കപ്പെടുകയാണെന്നുമാണ് അഭിഭാഷകയുടെ ആരോപണം. ചെക്ക് റിപ്പബ്ലിക്കിലെ തടങ്കലിന്റെ ആദ്യഘട്ടത്തില്‍ ചെക്ക് സര്‍ക്കാര്‍ നിയോഗിച്ച അറ്റോര്‍ണിയില്‍ നിന്നും തെറ്റായ നിയമോപദേശമായിരുന്നു ഗുപതയ്ക്ക് കിട്ടിയതെന്നും, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന്റെ പുറത്താണ് ചെക് സര്‍ക്കാര്‍ അറ്റോര്‍ണിയെ നിയമിച്ചതെന്നും അഭിഭാഷക ആരോപിച്ചു.
ഹിറ്റ് ടീമിനെ നിയോഗിച്ചത് യാദവ്, പന്നു വധശ്രമത്തിന് പിന്നില്‍ റോ: വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
സിഖ് വിഘടനവാദി നേതാവും മറ്റൊരു ഇന്ത്യന്‍ വംശജനുമായ ഹര്‍ദ്ദീപ് സിംഗ് നിജ്ജറിനെ കാനഡയില്‍ കൊലപ്പെടുത്തിയതിനു പിന്നാലെയായിരുന്നു പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയും തയ്യാറായത്. 2023 ജൂണ്‍ 18 ന് ആയിരുന്നു നിജ്ജറിന്റ കൊലപാതകം. നിജ്ജര്‍ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യയാണെന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചത് ഇന്ത്യ-കാനഡ ബന്ധത്തെ പാടെ വഷളാക്കിയിരുന്നു. അതിനു പിന്നാലെയാണ് അമേരിക്കയും ഒരു സിഖ് വിഘടനവാദി നേതാവിന്റെ കൊലപാത ശ്രമത്തില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി രംഗത്തു വന്നത്.
ഇന്ത്യയില്‍ താമസക്കാരനായ 52 കാരന്‍ നിഖില്‍ ഗുപ്ത 2023 ജൂണ്‍ 30 നാണ് ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലാകുന്നത്. അമേരിക്കയ്ക്കും ചെക്ക് റിപ്പബ്ലിക്കിനും ഇടയിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണ് ഗുപ്തയെ യു എസ്സിന് കൈമാറി കിട്ടിയത്. gurpatwant singh pannun murder attempting case indian citizen accused nikhil gupta extradited to us
Content Summary; gurpatwant singh pannun murder attempting case indian citizen accused nikhil gupta extradited to us