December 10, 2024 |

ലോകത്തിന്റെ ഹൃദയം കീഴടക്കിയ റാപ്പർ; പൊന്നാനിക്കാരൻ ‘ ഹനുമാൻകൈൻഡ് ‘

ഇന്ത്യൻ ഹിപ്-ഹോപ്പിന്റെ അതിരുകൾ ഭേദിക്കുന്ന മ്യൂസിക് വീഡിയോ

ഇന്ത്യൻ ഹിപ്-ഹോപ്പിന്റെ അതിരുകൾ ഭേദിക്കുന്ന ഒരു വീഡിയോയും റാപ്പ് ഗാനവുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എങ്ങും ചർച്ചാ വിഷയം. സ്വാദിഷ്ടമായ ഭക്ഷണത്തിന് പേരുകേട്ട പൊന്നാനിയിൽ നിന്ന് ഉയർന്ന ഹിപ്-ഹോപ്പ് സംഗീതത്തിന്റെ മാസ്മരികതയിലാണ് ലോകം. ഒറ്റ മ്യൂസിക് വീഡിയോ കൊണ്ട് ലോകത്താകമാനമുള്ള സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ഹനുമാൻകൈൻഡ് എന്നറിയപ്പെടുന്ന 31 വയസുള്ള പൊന്നാനിക്കാരനായ സൂരജ് ചെറുകാട്ട്. മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റണ്ട് നടത്തിയാണ് ഹനുമാൻകൈൻഡ് ‘ ബിഗ് ഡോഗ്സ് ‘ എന്ന റാപ്പ് സോങ് പാടിയിരിക്കുന്നത്.  kerala rapper hanumankind 

ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങളെക്കുറിച്ചും വാഗ്ദാനങ്ങൾ പലപ്പോഴും ലംഘിക്കപ്പെടുന്നതെങ്ങനെയെന്നും വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നതെന്നും സൂരജ് റാപ്പ് സംഗീതത്തിലൂടെ ആസ്വാദകരോട് സംവദിക്കുന്നു. ജൂലൈ 10നാണ് ‘ബിഗ് ഡോഗ്സ്’ എന്ന ട്രാക്ക് യുട്യൂബിൽ‌ റിലീസ് ചെയ്തത്, അധികം വൈകാതെ തന്നെ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തു.”ബിഗ് ഡോഗ്സ്” എന്ന റാപ്പ് സോങ് ഇതിനോടകം 19 മില്യണിലധികം പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ഗോ ടു സ്ലീപ്പ്,” “റഷ് അവർ”, “സ്കൈലൈൻ” തുടങ്ങിയവയാണ് സൂരജിന്റെ മറ്റ് സൃഷ്ടികൾ.

കൽമി റെഡ്ഡിയാണ് ബിഗ് ഡോഗ്സിന്റെ നിർമാതാവ്. ബിജോയ് ഷെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഗാനത്തിന് 50000 ലധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. തങ്ങൾ പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ഗാനത്തിന് ലഭിച്ചതെന്നും, ഇത് യഥാർത്ഥത്തിൽ അത്ഭുതപ്പെടു ത്തന്നതാണെന്നും, അഞ്ച് വർഷത്തോളമായി സൂരജിനൊപ്പം പ്രവർത്തിക്കുന്ന നിർമ്മാതാവ് കൽമി റെഡ്ഡി പറയുന്നു. സൂരജിന്റെ ശക്തമായ വരികളും ഉച്ചാരണവുമാണ് ഗാനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമെന്നാണ് ബിജോയ് ഷെട്ടി വിശ്വസിക്കുന്നത്. ഒരു ദിവസം കൊണ്ടാണ് വീഡിയോ ബിഗ് ഡോഗ്സിന്റെ ചിത്രീകരണം പൂർത്തിയായത്.

hanumankind

ഒരു സൂം കാൾ വഴിയാണ് ബിഗ് ഡോഗ്സ് എന്ന ഗാനത്തിലേക്കെത്തിയത് , ഞാൻ നൽകിയ സാംപിൾ ബിജോയ്ക്ക് ഇഷ്ടപ്പെട്ടു. സൂരജ് തന്റെ വ്യക്തിപരമായ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വരികൾ സൃഷ്ട്ടിച്ചത്. കൂടാതെ ഇത് വരെ ചെയ്തതിൽ വച്ച ഏറ്റവും വേഗത്തിൽ ചെയ്ത ഗാനവും ബിഗ് ഡോഗ്സ് ആണെന്നും സൂരജ് പറയുന്നു. ശക്തിയുടെ പ്രതീകമായാണ് ‘ഹനുമാൻകൈൻഡ്’ എന്ന പേര് തെരഞ്ഞെടുക്കാൻ കാരണം എന്നും സൂരജ് പറഞ്ഞു. ബിജോയും സൂരജും തങ്ങളുടെ പുതിയ ആൽബത്തിന്റെ പണിപ്പുരയിലാണ്.

സൂരജ് ചെറുകാട്ട് ജനിച്ചത് കേരളത്തിലാണെങ്കിലും പിതാവിൻ്റെ ജോലിയുടെ സ്വഭാവം മൂലം ആഫ്രിക്കയും യുഎഇയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലായാണ് വളർന്നത്. അധികകാലവും സൂരജും കുടുംബവും യുഎസിലെ ടെക്‌സാസിലായിരുന്നു താമസം. റാപ്പറാകുന്നതിന് മുമ്പ്, സൂരജ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠനം പൂർത്തിയാക്കുകയും ഗോൾഡ്മാൻ സാക്സിൽ ജോലിയും ചെയ്തിരുന്നു. അക്കാലയളവിലാണ് റാപ്പ് മ്യൂസിക് ആണ് തന്റെ വഴി എന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങിയത്.

പരമ്പരാഗത ഇന്ത്യൻ സംഗീതത്തെ ആധുനിക ഇംഗ്ലീഷ് റാപ്പുമായി സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് സൂരജിന്റെ സംഗീത ശൈലി. അദ്ദേഹത്തിൻ്റെ “സൗത്ത്സൈഡ്” എന്ന ഗാനത്തിൽ, റാപ്പിനൊപ്പം തബലയും ഉപയോഗിച്ചിരുന്നു. മലയാളക്കര ഒന്നാകെ ആവേശം കൊള്ളിച്ച ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിലും സൂരജ് പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രത്തിലെ ഹിപ്-ഹോപ്പ് ട്രാക്കായ “ദി ലാസ്റ്റ് ഡാൻസ്” എന്ന ഗാനം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഓരോ വേദിയേയും കയ്യിലെടുക്കുന്ന അത്ര വലിയ പ്രകടനമാണ് സൂരജ് പുറത്തെടുക്കാറുള്ളത്.

content summary;  Hanumankind, the genre-smashing rapper from Kerala whose latest song is a global sensation

×