February 08, 2025 |
Share on

ഹാരപ്പന്‍ സംസ്‌കാരം നശിച്ചത് സരസ്വതി നദി വറ്റിപ്പോയിട്ടോ!

‘ചരിത്രം തിരുത്തി’ വീണ്ടും എന്‍സിഇആര്‍ടി

പാഠപുസ്തകങ്ങളില്‍ നിന്ന് ശാസ്ത്രവും ചരിത്രവും ഗണിതങ്ങളുമൊക്കെ ഒഴിവാക്കി പുരാണങ്ങളും ഇതിഹാസങ്ങളും ഉള്‍പ്പെടുത്തുന്നത് ഇന്ത്യയില്‍ പതിവായിരിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് എന്‍സിഇആര്‍ടി ആറാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കൊടുത്തിരിക്കുന്ന പുതിയ സാമൂഹ്യ ശാസ്ത്ര പുസ്തകം. വെള്ളിയാഴ്ച്ച പുറത്തിറക്കിയ പുസ്തകത്തില്‍ ഇതുവരെ മനസിലാക്കിയിരുന്ന ചരിത്രത്തെ തിരുത്തിയിരിക്കുകയാണ്.

ഹാരപ്പന്‍ നാഗരികതയുമായി ബന്ധപ്പെട്ട ‘ പുതിയ അറിവുകള്‍’ ആണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാരപ്പന്‍ നാഗരിതകയെ സിന്ധു-സരസ്വതി നാഗരികത എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. സരസ്വതി നദിയെ പ്രതിപാദിച്ചുള്ള ചില പുതിയ വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പ്രധാനം, ഹാരപ്പന്‍ സമൂഹത്തിന്റെ നാശത്തിന് കാരണമായത് സരസ്വതി നദി വരണ്ട് പോയതാണെന്നതാണ്! ഇന്ത്യക്ക് സ്വന്തമായി അതിന്റെ മധ്യാഹ്ന രേഖ(പ്രൈം മെറിഡിയന്‍) ഉണ്ടായിരുന്നുവെന്നും, അത് അറിയപ്പെട്ടിരുന്നത് ഉജ്ജയനി ധ്രുവരേഖ എന്നായിരുന്നുവെന്നതുമാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തല്‍.

2023 ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധത പ്രകാരം എന്‍ഡിഎ സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ സാമൂഹ്യ ശാസ്ത്ര പുസ്തകം ‘ എക്‌സ്‌പ്ലോറിങ് സൊസൈറ്റി; ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ചരിത്രം, സാമൂഹ്യ ശാസ്ത്രം, ജോഗ്രഫി എന്നീ വിഷയങ്ങള്‍ക്ക് വെവ്വേറ പുസ്തകങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍, പുതിയ പുസ്തകം ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്തുള്ളതാണ്. ഇന്ത്യ ആന്‍ഡ് ദ വേള്‍ഡ്; ലാന്‍ഡ് ആന്‍ഡ് ദ പീപ്പിള്‍, ട്പസ്റ്ററി ഓഫ് ദ പാസ്റ്റ്, അവര്‍ കള്‍ച്ചര്‍ ഹെറിറ്റേജ് ആന്‍ഡ് നോളഡ്ജ് ട്രഡീഷന്‍സ്, ഗവര്‍ണന്‍സ് ആന്‍ഡ് ഡെമോക്രസി; ഇക്കണോമിക് ലൈഫ് എറൗണ്ട് അസ്; എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി പുസ്തകം വിഭജിച്ചിട്ടുണ്ട്.

മുന്‍കാലങ്ങളിലൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത സരസ്വതി ചരിത്രമാണ് ഇത്തവണ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ നാഗരികതയുടെ ആരംഭം സരസ്വതി നദിയുമായി ബന്ധിപ്പിച്ചാണ് പുസ്തകം പറയുന്നത്. മുന്‍ ചരിത്ര പുസ്‌കതത്തില്‍ ‘ അവര്‍ പാസ്റ്റ് ഐ’ എന്ന ഭാഗത്തില്‍ ഋഗ് വേദവുമായി ബന്ധപ്പെട്ട് ആകെ ഒരു തവണ മാത്രമാണ് സരസ്വതി നദിയെ പരാമര്‍ശിച്ചിട്ടുള്ളത്. പുരാണകഥകളില്‍ സപ്ത നദികളില്‍ ഒന്നായി കണക്കാക്കുന്ന ഒരു നദിയാണ് സരസ്വതി. ഇതൊരു സാങ്കല്‍പ്പിക നദി മാത്രമാണെന്നും, അതല്ല, ഭൂമിയിലൂടെ ഒഴുകിയിരുന്നതാണെന്നും പിന്നീട് അപ്രത്യക്ഷമായതാണെന്നുമൊക്കെ ഇപ്പോഴും ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ എന്‍സിഇആര്‍ടിക്ക് സരസ്വതി ചരിത്ര സത്യമാണെന്നതില്‍ തര്‍ക്കമില്ല.

പുതിയ പാഠപുസ്തകത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആരംഭം എന്ന ഭാഗത്തില്‍ സരസ്വതി നദിക്ക് വലിയ പ്രധാന്യമാണ് കൊടുത്തിരിക്കുന്നത്. ഹാരപ്പന്‍ നാഗരികതയെ ഇവിടെ സിന്ധു-സരസ്വതി നാഗരികതയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹാരപ്പന്‍ നാഗരികതയില്‍ പറയുന്ന, പ്രധാന നഗരങ്ങളായ രാഖിഗര്‍ഹി, ഗന്‍വേരിവാല എന്നിവയും മറ്റ് ചെറിയ പട്ടണങ്ങളും സരസ്വതി നദിതടത്തില്‍ സ്ഥിതി ചെയ്തിരുന്നുവെന്നാണ് വിവരിക്കുന്നത്. ഇന്ത്യയില്‍ ഗഗ്ഗര്‍ എന്നും പാകിസ്താനില്‍ ഹക്ര എന്നുമാണ് സരസ്വതി അറിയപ്പെട്ടിരുന്നതെന്നും (ഗഗ്ഗര്‍-ഹക്ര നദി) പുതിയ പാഠപുസ്‌കതത്തില്‍ പറയുന്നുണ്ട്. പുസ്‌കത്തില്‍ രണ്ട് ഭൂപടങ്ങളും ചേര്‍ത്തിട്ടുണ്ട്. ഒന്ന് ഉപഭൂഖണ്ഡത്തിലെ ചില നദികളെ അടയാളപ്പെടുത്തുന്നതാണ്. സിന്ധു-സരസ്വതി നാഗരികതയിലെ പ്രധാന വാസസ്ഥലങ്ങളും, സിന്ധുവിനും പോഷക നദികള്‍ക്കുമൊപ്പം സരസ്വതിയെയും അടയാളപ്പെടുത്തുന്നതാണ് മറ്റൊന്ന്.

ഹാരപ്പന്‍ നാഗരികത എങ്ങനെ നശിക്കപ്പെട്ടു എന്ന ഭാഗം വിവരിക്കുന്നതിലും സരസ്വതിക്ക് പ്രധാന പങ്കു കൊടുത്തിട്ടുണ്ട്. രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്ന്, കാലാവസ്ഥ വ്യതിയാനം മൂലം മഴ ഇല്ലാതായതാണ്. മറ്റൊന്ന്, സരസ്വതി നദി അതിന്റെ മധ്യതട ഭാഗത്ത് വച്ച് വരണ്ടു പോയതാണ്. ഇതോടെ കാളിബംഗാന്‍, ബാനവാലി തുടങ്ങിയ നഗരങ്ങള്‍ നാമാവശേഷമായി പോയെന്നുമാണ് പറയുന്നത്.

പഴയ ചരിത്ര പുസ്തകങ്ങളിലൊന്നിലും നദി വരണ്ടു പോയത് ഹാരപ്പന്‍ നഗരങ്ങളുടെ നാശത്തിന് കാരണമായി പറയുന്നില്ല. നദികളിലെ വരള്‍ച്ച, വനനശീകരണം, വെള്ളപ്പൊക്കം തുടങ്ങി പല കാരണങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഈ കാരണങ്ങളാണ് നഗരങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണെന്നു വിശദീകരിക്കാന്‍ കഴിയില്ലെന്നും, വെള്ളപ്പൊക്കവും വരള്‍ച്ചയും ഏതാനും പ്രദേശങ്ങളുടെ നാശത്തിന് മാത്രമായിരിക്കും കാരണമായിട്ടുണ്ടാവുകയെന്നുമാണ് പഴയ ചരിത്ര പുസ്തകത്തില്‍ പറഞ്ഞിരുന്നത്. ഭരണാധികാരികളുടെ നിയന്ത്രണം നഷ്ടമായതും ഒരു കാരണമായി പരാമര്‍ശിച്ചിരുന്നു.

എന്‍സിഎഫ്-സിഇ 2023ന്റെ ഭാഗമായുള്ള പുതിയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ പാഠപുസ്തകത്തിന്റെ മുഴുവന്‍ ഉള്ളടക്കവും ചിത്രീകരണങ്ങളും ഭൂപടങ്ങളുമെന്നുമാണ് എന്‍സിഇആര്‍ടി നല്‍കുന്ന മറുപടി. അതിനാല്‍, പഴയതും പുതിയതുമായ പാഠപുസ്തങ്ങളിലെ ഉള്ളടക്കം തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറയുന്നു.  Harappan civilisation and sarasvati river new ncert class 6 social science text book

Content Summary; Harappan civilisation and sarasvati river new ncert class 6 social science text book

×