ജുലാനയുടെ ഗോദയില്‍ വിജയം നേടി വിനേഷ് ഫോഗട്ട്

19 വര്‍ഷത്തിന് ശേഷം മണ്ഡലം തിരിച്ചു പിടിച്ചു കോണ്‍ഗ്രസ്

vinesh phogat

നിര്‍ഭാഗ്യം ഒന്നു കൊണ്ട് മാത്രം നഷ്ടപ്പെട്ട ഒളിമ്പിക്സ് സ്വര്‍ണത്തിന്റെ നിരാശ മാറ്റി വിനേഷ് ഫോഗട്ട്. ജുലാനയിലെ വോട്ടര്‍മാരുടെ പിന്തുണയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടി ഇന്ത്യയുടെ ഗുസ്തി താരം. 6,140 വോട്ടിനാണ് വിനേഷിന്റെ വിജയം. ബിജെപിയുടെ യോഗേഷ് ബൈറഗിയായിരുന്നു മുഖ്യ എതിരാളി. ജുലാനയിലെ നിലവിലെ എംഎല്‍എയും ജനനായക് ജനത പാര്‍ട്ടി(ജെജെപി)സ്ഥാനാര്‍ത്ഥിയുമായ അമര്‍ജീത് ദണ്ഡ, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ഗുസ്തി താരവുമായ കവിത ദലാല്‍ എന്നിവരായിരുന്നു മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. വിനേഷ് ഫോഗട്ടിലൂടെ 19 വര്‍ഷത്തിന് ശേഷം ജുലാന മണ്ഡലം തിരിച്ചു കോണ്‍ഗ്രസിന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേരുന്നതും പിന്നാലെ ഹരിയാന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതും. ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷനെതിരായ ലൈംഗികാരോപണ കേസുകള്‍ രാജ്യത്തിന് പുറത്തും കോളിളക്കമുണ്ടാക്കിയതില്‍ വിനേഷ് അടക്കമുള്ളവരുടെ പോരാട്ടമാണ് കാരണം. രാജ്യത്തിന്റെ അഭിമാനമായ കായിതാരങ്ങള്‍ ഡല്‍ഹിയില്‍ ദിവസങ്ങളോളം സമരത്തിന് ഇരുന്നത് അന്താരാഷ്ട്രതലത്തിലും വാര്‍ത്തയായിരുന്നു. മോദി സര്‍ക്കാരിന്റെയും സംഘപരിവാരത്തിന്റെ കണ്ണിലെ കരടായിട്ടും പോരാട്ടം നിര്‍ത്താനോ, തന്റെ പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കാനോ വിനേഷ് തയ്യാറായിരുന്നില്ല. ഗോദയിലെ അതേ വീറും വാശിയുമായിരുന്നു അവര്‍ പുറത്തും കാണിച്ചത്.

50 കിലോ ഫ്രീസ്‌റ്റൈലിലെ ഒളിമ്പിക്സ് ഫൈനലിന്റെ അന്നേദിവസം രാവിലെ നടത്തിയ ഭരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയെന്ന കാരണം കൊണ്ട് അയോഗ്യയാക്കപ്പെട്ടപ്പോള്‍ വിനേഷിനൊപ്പം ഒരു രാജ്യം കൂടിയാണ് തകര്‍ന്നു പോയത്. ഇതിനു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കുന്നതായി താരം പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചു. അതിനു പിന്നാലെയായിരുന്നു രാഷ്ട്രീയ പ്രവേശനം.

ഹരിയാനയിലെ ചര്‍ഖി ദദ്രി സ്വദേശിയാണ് വിനേഷ്. 2019 ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിനേഷിന്റെ ബന്ധുവായ ബബിത ഫോഗട്ട് ചര്‍ഖി ദദ്രി മണ്ഡലത്തില്‍ മത്സരത്തിന് ഇറങ്ങിയെങ്കിലും വിജയിക്കാനായില്ല.

ജുലാനയില്‍ വിനേഷിന്റെ എതിരാളിയായിരുന്ന യോഗേഷ് ബൈറഗി ഇന്ത്യന്‍ ആര്‍മിയിലെ ക്യാപ്റ്റനും കൊമേഴ്സല്‍ പൈലറ്റുമാണ്. 35 കാരനായ യോഗേഷ് നിലവില്‍ ഹരിയാനയിലെ ബിജെപി യുവജന വിഭാഗം അധ്യക്ഷനാണ്. haryana assembly election congress candidate vinesh phogat won julana seat

Content Summary; haryana assembly election congress candidate vinesh phogat won julana seat

 

This post was last modified on October 8, 2024 1:33 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment