June 13, 2026 |
Share on

മതത്തെ ആയുധമാക്കുന്ന ആർഎസ്എസ് അജണ്ട; കേരളത്തിനെതിരായ ഹേറ്റ് ക്യാമ്പയിനുകൾ ആസൂത്രിതമെന്ന് റിപ്പോർട്ട്

കേരളത്തിനെക്കുറിച്ച് അറിയാത്തവരല്ല, സംഘപരിവാറിന്റെ നേതൃനിരയിൽ ഉള്ള മലയാളികൾ തന്നെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നുമാണ് ഒബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയ ഹേറ്റ് ക്യാമ്പയിനുകൾ ലക്ഷ്യമിട്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ മതേതരത്വ ഘടനയെ തകർക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ വിദ്വേഷ പ്രചാരണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ചില ഗ്രൂപ്പുകളും നേതാക്കളും നടത്തുന്ന ആസൂത്രിത രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഓപ്പൺ സോഴ്സ് ഇന്റലിജൻസ് ഉപയോഗിച്ച് ഒബിസി ചെയ്ത ഒരു ഇൻവെസ്റ്റിഗേറ്റിവ് റിപ്പോർട്ടിലാണ്
ഈ ക്യാമ്പയിനുകളെക്കുറിച്ചുള്ള തെളിവുകൾ വ്യക്തമാക്കുന്നത്.

കേരളത്തെ തീവ്രവാദം വളർത്തുന്ന സംസ്ഥാനം, മതവൽക്കരണത്തിന്റെ കേന്ദ്രം തുടങ്ങിയ രീതിയിൽ ചിത്രീകരിക്കുന്ന പോസ്റ്റുകൾ, വീഡിയോകൾ, തെറ്റായ വാർത്തകൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. ഇത് യാദൃശ്ചികമല്ല മറിച്ച് ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിതമായി നിർമ്മിച്ച പ്രചാരണതന്ത്രമാണ്.

കേരളത്തിനെക്കുറിച്ച് അറിയാത്തവരല്ല ഇത്തരം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതെന്നും സംഘ് പരിവാറിന്റെ നേതൃനിരയിൽ ഉള്ള മലയാളികൾ തന്നെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്നുമാണ് ഒബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. വിവരങ്ങൾ വ്യക്തമാക്കുന്ന പ്രധാന സംഭവങ്ങളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു.

കൊച്ചി സ്ഫോടനം

2023 ഒക്‌ടോബർ 29ന് കൊച്ചിയിൽ യെഹോവാസ് വിറ്റ്നസസ് ആരാധകരുടെ സംഗമത്തെ ലക്ഷ്യമിട്ട് നടന്ന സ്‌ഫോടനത്തിന് പിന്നാലെ, അന്നത്തെ കേന്ദ്രമന്ത്രി കൂടിയായ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എക്സിൽ വിവാദപ്രസ്താവന നടത്തിയിരുന്നു. സ്‌ഫോടനത്തിന് കാരണം കേരളം ഹമാസിനെയും ജിഹാദികളെയും പിന്തുണയ്ക്കുന്നത് കൊണ്ടാണ് എന്നായിരുന്നു ആരേപണം.
എന്നാൽ പിന്നീട്, ഈ സംഘടനയിലെ അംഗമായ ഡൊമിനിക് മാർട്ടിൻ തന്നെയാണ് സ്‌ഫോടനത്തിന് ഉത്തരവാദിയെന്ന് തെളിയുകയായിരുന്നു.

2025 സെപ്റ്റംബറിൽ ദി ന്യൂസ് മിനിറ്റ്, ന്യൂസ് ലോൺഡ്രി തുടങ്ങിയ സ്വതന്ത്ര മാധ്യമങ്ങൾ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ, കേരളത്തിലെ വലതുപക്ഷ ഗ്രൂപ്പുകൾ എക്സ് ഉപയോഗിച്ച് മുസ്ലിം സമൂഹത്തിനെതിരെ വ്യാജപ്രചാരണങ്ങൾ സംഘടിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.

കേരളത്തിലെ ചില തീവ്ര വലതുപക്ഷക്കാർ എക്സിൽ സ്വയംരക്ഷ എന്ന പേരിൽ ഹിന്ദുക്കൾ ആയുധം എടുക്കണം എന്ന സന്ദേശം നൽകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കേരളത്തെക്കുറിച്ച് വിദ്വേഷപ്രചരണം നടത്താൻ പഴയ ചിത്രങ്ങൾ ഉപയോ​ഗിക്കുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത പതിനാറ് എക്സ് അക്കൗണ്ടുകളെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. അക്കൗണ്ടുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതം തെളിവായി റിപ്പോർട്ടിൽ
കാണിച്ചിട്ടുണ്ട്. ഇത്തരം പോസ്റ്റുകൾക്ക് സാധാരണ ലഭിക്കുന്നതിനേക്കാളും സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നതെന്നും വ്യക്തമാക്കുന്നു. വ്യാജപ്രചരണങ്ങൾ സത്യമാണെന്ന് വിചാരിക്കുന്ന ഒരു കൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കൾ പോസ്റ്റുകൾ റീപോസ്റ്റ് ചെയ്യുകയും വികാരപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ അനൂപ് ആന്റണി ജോസഫ്, സമൂഹത്തെ ധ്രുവീകരിക്കുന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ എക്സിൽ പങ്കുവെയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വ്യക്തിയാണ്. ശബരിമലയിൽ തീർഥാടകർ നേരിടുന്ന ദുരിതത്തിന് കാരണം സർക്കാരാണെന്ന തരത്തിൽ പങ്കുവെച്ച വീഡിയോ 1,37,600 പേരാണ് നിലവിൽ കണ്ടിരിക്കുന്നത്.

@KreatelyMedia എന്ന എക്സ് അക്കൗണ്ടാണ് മറ്റൊന്ന്. തീവ്ര വലതുപക്ഷ ആശയങ്ങളുമായി യോജിക്കുന്ന ഉള്ളടക്കമാണ് അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റ് ചെയ്യുന്നത്. @ssaratht, @the_kerala_girl, ​​@MahaRathii, തുടങ്ങിയ അക്കൗണ്ടുകളും സമാനമായ ആശയങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്.

മുസ്ലിം പുരുഷന്മാർ കേരളത്തിൽ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിടുന്നുവെന്നുമുള്ള പ്രചരണങ്ങളും വലിയ രീതിയിൽ വലതുപക്ഷ സംഘടനകൾ നടത്തിയിട്ടുണ്ട്.

കേരളത്തിലെ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിച്ച രണ്ട് പ്രധാന സംഭവങ്ങൾ റിപ്പോർട്ടിൽ പറയുന്നു. തെലങ്കാന സ്വദേശിയും ആക്റ്റിവിസ്റ്റുമായ സൽമാൻ ഖാൻ പ്രാദേശിക കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ആലപ്പുഴയിൽ ഒരു യുവ വയലിനിസ്റ്റിന്റെ കൾച്ചറൽ പരിപാടി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2025 ജൂലൈയിൽ വിദ്വേഷ പ്രചാരണം നടന്നു. മുസ്ലീങ്ങൾ ബലം പ്രയോഗിച്ച് ഈ സംഗീത പരിപാടി നിർത്തിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റുകളിലെ പ്രധാന ആരോപണം. എന്നാൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് റിപ്പോർട്ടില്‌‍ പറയുന്നു.

കേരളത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി, ശബരിമല തീർത്ഥാടന കാലം മുതലെടുത്ത് പഴയ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതാണ് അടുത്തിടെ ഉണ്ടായ സംഭവം. ചവറ്റുകുട്ടയ്ക്ക് സമീപം കിടക്കുന്ന പെൺകുട്ടിയുടെ ചിത്രവും കൈകൂപ്പി കരയുന്ന കുട്ടിയുടെ ചിത്രവും ദുരുപയോ​ഗം ചെയ്യുകയാണ് സംഘ്പരിവാർ ​ഗ്രൂപ്പുകൾ.

കൂടുതൽ വായനയ്ക്ക്; https://offbeatconcerns.com/unpacking-hate-against-kerala-an-open-source-intelligence-driven-probe-hatespeech-anti-kerala-propaganda/
Content Summary: Hate campaigns against Kerala are planned, report says

Leave a Reply

Your email address will not be published. Required fields are marked *

×