June 07, 2026 |
Share on

മാനസികാരോഗ്യ വിദഗ്ദ്ധരെ വിർച്ച്വൽ ക്ലാസ് റൂമുകളിലൂടെ പരിശീലിക്കുന്നതിനായി നിംഹാന്‍സ് ഡിജിറ്റൽ അക്കാഡമി

50 പേർക്ക് ഒരേസമയം പരിശീലനം നൽകാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്

മാനസികാരോഗ്യ വിദഗ്ദ്ധരെ വിർച്ച്വൽ ക്ലാസ് റൂമുകളിലൂടെ പരിശീലിക്കുന്നതിനായി ‘നിംഹാന്‍സ് ഡിജിറ്റൽ അക്കാഡമി’ ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയാണ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ‘ആയുഷ്മാന്‍ ഭാരത്‌’ പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽതന്നെ മാനസികാരോഗ്യ പരിശോധനകള്‍ സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2017-ലെ മെന്‍റല്‍ ഹെൽത്ത് ആക്ട് എത്രയും വേഗത്തില്‍ നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക് കോഴ്സുളിലേക്ക് പ്രവേശനം നേടിയ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ശക്തവും കരുത്തുറ്റതുമായ നിയമചട്ടക്കൂട് കൊണ്ടുവന്നതിലൂടെ രാജ്യത്തെ മാനസികാരോഗ്യ സംരക്ഷണത്തിനായി മൗലികവും രോഗീ-കേന്ദ്രീകൃത അവകാശങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിയമങ്ങള്‍ അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കാന്‍ നമ്മള്‍ ശ്രമിക്കെണ്ടതുണ്ടെന്ന് ജെ.പി.നഡ്ഡ അഭിപ്രായപ്പെട്ടു. നിംസ്ഹാൻസ് ഡിജിറ്റൽ അക്കാഡമിയിൽ പുതുതായി തുടങ്ങിയ വിവിധ കൊഴ്സുകളും പാഠ്യപദ്ധതികളും മന്ത്രി പ്രകാശനം ചെയ്തു.

മാനസികാരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) ആണ് ഡിജിറ്റൽ അക്കാദമി തുടങ്ങുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള മെഡിക്കൽ ഓഫീസർമാർ, സൈക്കോളജിസ്റ്റുകൾ, സാമൂഹ്യ പ്രവർത്തകർ, നഴ്സുമാർ തുടങ്ങിയവരുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനങ്ങള്‍ അക്കാഡമിയിലൂടെ നല്‍കും.

50 പേർക്ക് ഒരേസമയം പരിശീലനം നൽകാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന മുപ്പതു മണിക്കൂറുകളോളം ഉള്ള പരിശീലന പദ്ധതികളാണ് നിംഹാന്‍സ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്തെവിടെയുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൊബൈല്‍ ഫോണും 3ജി ഇന്‍റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഡിജിറ്റലായി പരിശീലനം നേടാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിംഹാൻസ് നല്‍കുന്ന ‘ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി മെന്‍റ്ല്‍ ഹെല്‍ത്ത്’ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×