UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മരണം വിലയ്ക്കു വാങ്ങുന്നതെങ്ങനെ?

വാക്‌സിനേഷന്‍ കുട്ടികളുടെ അവകാശമാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം. അത് ഹനിക്കുന്നത് മനുഷ്യത്വരഹിതവും.

                       

വൈദ്യശാസ്ത്രത്തിനുള്ള ആദ്യത്തെ നോബല്‍ സമ്മാനം (1901 ല്‍) ലഭിച്ചത് വോണ്‍ ബെറിംഗ് എന്ന ശാസ്ത്രജ്ഞനാരുന്നു. അദ്ദേഹം ഒരു വാക്‌സിന്‍ കണ്ടെത്തിയതിനായിരുന്നു അത്. സമ്മാനം സ്വീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു, ‘ഈ വാക്‌സിന്‍ കൊണ്ട്   _____ രോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല, എന്നാല്‍ ചുരുങ്ങിയത് ഇന്ന് പൊരുതാന്‍ നമുക്ക് ഒരായുധമെങ്കിലും ഉണ്ട്’.

നിപ്പയ്ക്ക് മരുന്നില്ല, വാക്‌സിനില്ല. കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. എന്നിട്ടും നമ്മള്‍ പൊരുതി. നിപ്പയുടെ ശാസ്ത്രവും രാഷ്ട്രീയാര്‍ജ്ജവവും വൈദ്യശാസ്ത്രം ഇന്നോളം സ്വരൂപിച്ച സകല ആയുധങ്ങളും കൊണ്ടാണ് നമ്മള്‍ നിപ്പയോട് പൊരുതിയത്. വിജയിച്ചത്. പക്ഷെ ആ വിജയത്തിന്റെ നിറം കെടുത്തിയ വാര്‍ത്തയാണ് ഇന്ന് കേള്‍ക്കുന്നത്. മറ്റൊരു രോഗം വന്ന് മലപ്പുറത്ത് ഒരാള്‍ മരിച്ച വാര്‍ത്ത.

വോണ്‍ ബറിംഗ് കണ്ടെത്തിയ വാക്‌സിന്‍ കൊണ്ട് ലോകം ആ രോഗത്തെ വരുതിയിലാക്കി. നമ്മളും. പക്ഷെ വാക്‌സിന്‍ വിരുദ്ധ വിചാരങ്ങളും വികാരങ്ങളും ചേര്‍ന്ന് ആ രോഗത്തെ തിരികെക്കൊണ്ടുവന്നു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുസ്തകങ്ങളില്‍ മാത്രമൊതുങ്ങിക്കഴിഞ്ഞിരുന്ന ആ രോഗം കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ പലരുടെയും ജീവനെടുത്തിട്ടുണ്ട്. മുകളില്‍ പറഞ്ഞ പൂരിപ്പിക്കാനുള്ള ആ രോഗത്തിന്റെ പേര് ‘ഡിഫ്തീരിയ’ എന്നാണ്.

കൊറൈന്‍ ബാക്ടീരിയം ഡിഫ്തീരിയെ (Chorynebacterium diphtheriae) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു മാരക രോഗമാണ് ഡിഫ്തീരിയ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബാലമരണങ്ങളുടെ കാരണക്കാരായ രോഗങ്ങളില്‍ നാലാം സ്ഥാനത്തായിരുന്നു അത്. 1920-ല്‍ അമേരിക്കയില്‍ മാത്രം ഒരു ലക്ഷത്തി ഇരുപത്തയ്യായിരം പേരെ ബാധിച്ച് പതിനായിരത്തിലേറെ പേരുടെ മരണത്തിനിടയാക്കിയിരുന്നു ഈ രോഗം. കുത്തിവെപ്പിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ 1980 ആയപ്പോള്‍ അമേരിക്കയില്‍ ആ വര്‍ഷം വെറും 5 പേരെ മാത്രമേ ബാധിച്ചുള്ളൂ എന്നു മാത്രമല്ല, ഒരു മരണം പോലും ഉണ്ടായതുമില്ല. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ ഇന്നും ഈ രോഗം ധാരാളമായി കണ്ടു വരുന്നു. വികസിത രാജ്യങ്ങളിലും, എപ്പോഴൊക്കെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ടോ, അപ്പോഴൊക്കെ രോഗം ഭീകരരൂപം പ്രാപിച്ച് സംഹാര താണ്ഡവമാടിയിട്ടുണ്ട്.

സമൂഹത്തില്‍ ഡിഫ്തീരിയ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ (ഉദാഹരണത്തിന്, മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍) 3-5 % പേരുടെ തൊണ്ടയില്‍ രോഗാണുക്കളുണ്ടായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. രോഗലക്ഷണങ്ങളുണ്ടാവുകയുമില്ല. ഇവരില്‍ നിന്നോ, രോഗിയില്‍ നിന്നോ ശ്വാസത്തിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗ പ്രതിരോധശേഷിയില്ലാത്തവരുടെ (കുത്തിവെപ്പ് എടുക്കാത്തവരുടെ) തൊണ്ടയില്‍ രോഗാണു പെരുകുകയും തൊണ്ടയില്‍ ഒരു പാട രൂപപ്പെടുകയും ചെയ്യുന്നു. ഈ പാട ശ്വാസനാളത്തില്‍ നിറഞ്ഞ് ശ്വാസം കിട്ടാതെ മരണം സംഭവിക്കാം. ആദ്യമായി എന്‍ഡോട്രക്കിയല്‍ ഇന്‍ട്യൂബേഷന്‍ എന്ന, അനസ്തിഷ്യ കൊടുക്കാന്‍ ഇന്ന് വ്യാപകമായി ചെയ്യുന്ന ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കുന്ന രീതി ആദ്യമായി പരീക്ഷിച്ചത് തന്നെ 1885 ല്‍ ഒരു ഡിഫ്തീരിയ രോഗിയുടെ ജീവന്‍ രക്ഷിക്കാനാണ്.

ഇതിന്റെ ചികില്‍സ വളരെ വിഷമകരമാണെന്ന് മനസിലായില്ലേ. തൊണ്ടയിലെ പാട എത്രത്തോളം വലുതാണോ, രോഗം അത്രയും ഗുരുതരമായിരിക്കും. വിഷത്തെ നിര്‍വീര്യമാക്കാനുള്ള ആന്റി ടോക്‌സിന്‍ നല്‍കാന്‍ എത്രത്തോളം വൈകുന്നുവോ അത്രയും പ്രശ്‌നം കൂടും. നിര്‍ഭാഗ്യവശാല്‍ ആന്റി ടോക്‌സിന്റെ ലഭ്യത വളരെ കുറവാണ്. ടോക്‌സിന്‍ അവയവങ്ങളില്‍ അടിഞ്ഞു കഴിഞ്ഞാല്‍ പിന്നെ അതിനെ നിര്‍വീര്യമാക്കാന്‍ കഴിയുകയുമില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രോഗം തടയുക എന്നതാണ് ബുദ്ധിയുള്ള ആരും സ്വീകരിക്കുന്ന വഴി. പ്രത്യേകിച്ചും വളരെ വിലക്കുറവുള്ള, ഫലപ്രദമായ, സുരക്ഷിതമായ വാക്‌സിന്‍ സുലഭമായി ഉള്ളപ്പോള്‍. 90% ല്‍ കൂടുതല്‍ പേര്‍ കുത്തിവെപ്പ് എടുത്തിട്ടുള്ള ഒരു സമൂഹത്തില്‍ ഈ രോഗം കാണാനുള്ള സാധ്യത വളരെ കുറവാണ്. ജനിച്ച് ഒന്നര, രണ്ടര, മൂന്നര മാസങ്ങളിലും ഒന്നര വയസ്സിലും പിന്നെ 5 വയസ്സിലുമാണ് ഈ രോഗത്തിനെതിരായുള്ള കുത്തിവെപ്പ്. തുടര്‍ന്ന് 10 വര്‍ഷം കൂടുമ്പോള്‍ Td വാക്‌സിന്‍ എന്ന കുത്തിവെപ്പ് എടുക്കുകയാണെങ്കില്‍ പ്രതിരോധശേഷി കുറയാതെ നിലനിര്‍ത്താന്‍ പറ്റും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ ഡിഫ്തീരിയ എന്ന രോഗത്തെ നമുക്ക് പൂര്‍ണ്ണമായും അകറ്റി നിര്‍ത്താന്‍ പറ്റും.

കഴിഞ്ഞ ദിവസം ചെര്‍ണോബില്‍ ദുരന്തത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന്‍ തകര്‍ന്ന കഥ പറഞ്ഞല്ലോ. അതിന്റെ തുടര്‍ച്ചയായി അവിടെ രാഷ്ട്രീയമായ അസ്ഥിരത കാരണം യൂണിയനില്‍ പെട്ട ചില രാജ്യങ്ങളില്‍ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ വലിയ കുറവുണ്ടായി. 1990-95 കാലയളവില്‍ 1,50,000 പേര്‍ക്കാണ് അവിടെ ഡിഫ്തീരിയ ബാധയുണ്ടായത്. അയ്യായിരത്തിലധികം പേര്‍ മരിക്കുകയും ചെയ്തു.

വെറും 14 രൂപയാണ് ഡിഫ്തീരിയ വാക്‌സിന്റെ വില. ഏതു പ്രായക്കാര്‍ക്കും എടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ താമസിയാതെ TT വാക്‌സിന് പകരം Td വാക്സിന്‍ ലഭ്യമായി തുടങ്ങും. വാക്‌സിന്‍ വിരുദ്ധരുടെ ‘മരുന്ന് മാഫിയാ’ ഗാനം കേട്ടു കോള്‍മയിര്‍ കൊള്ളുന്നവര്‍ ഇത്രേം മാത്രം ചിന്തിച്ചാ മതി. 14 രൂപയ്ക്ക് രോഗം വരാതെ തടയുന്നതാണോ, രോഗം വന്ന് ലക്ഷങ്ങള്‍ ചിലവാക്കി ചികിത്സിച്ച്, ചിലപ്പോള്‍ ജീവന്‍ പോലും നഷ്ടപ്പെടുന്നതാണോ ലാഭമെന്ന്. ആരാണ് ശരിക്കും മാഫിയയെന്ന്..

വാക്‌സിനേഷന്‍ കുട്ടികളുടെ അവകാശമാണ്. ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം. അത് ഹനിക്കുന്നത് മനുഷ്യത്വരഹിതവും.

(ഡോ: മനോജ് വെള്ളനാട് ഇന്‍ഫോ ക്ലിനിക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്)

Share on

മറ്റുവാര്‍ത്തകള്‍