UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഭീകരനാണ് തക്കാളി: ജീവിതം മാറ്റിമറിയ്ക്കുന്ന 7 പഴവര്‍ഗങ്ങള്‍

പഴങ്ങളെന്നല്ലാതെ ഏത് പഴം എന്തൊക്കെ ഗുണം നല്‍കുന്നതാണെന്ന കൃത്യമായ ധാരണ നിങ്ങള്‍ക്കുണ്ടോ?

                       

നിറയെ ജീവകങ്ങളും ധാതുക്കളുമുണ്ട് നല്ല പഴവര്‍ഗങ്ങളില്‍. ആരോഗ്യമുള്ള ശരീരത്തിന്റെയും നല്ല ഭക്ഷണശീലത്തിന്റെയും ഭാഗമാണ് പഴങ്ങള്‍. ഇവയുടെ ഉപയോഗത്താല്‍ ജീവിതശൈലി രോഗങ്ങളും മറ്റ് അസുഖങ്ങളും മാറിനില്‍ക്കും. ഹാര്‍ട്ട് അറ്റാക്കും സ്ട്രോക്കും തടയാന്‍ പഴവര്‍ഗങ്ങളുടെ ഉപയോഗം ശീലമാക്കണമെന്നാണ്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും വൃക്കയില്‍ കല്ല് വരാതിരിക്കാനും എല്ലിന് ബലക്ഷയം സംഭവിക്കാതിരിക്കാനും പഴവര്‍ഗങ്ങളുടെ ഉപയോഗം സഹായിക്കും.

പഴങ്ങളെന്നല്ലാതെ ഏത് പഴം എന്തൊക്കെ ഗുണം നല്‍കുന്നതാണെന്ന കൃത്യമായ ധാരണ നിങ്ങള്‍ക്കുണ്ടോ? വിഷമിക്കേണ്ട, ആരോഗ്യത്തിന് ആവശ്യമായ 7 പഴവര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് ഞങ്ങള്‍ തയ്യാറാക്കിയ ഡയറ്റ് ചാര്‍ട്ട് നിങ്ങളോട് പറയും. ഉറപ്പാണ്, ഇവയുടെ ശീലം നിങ്ങളെ ആരോഗ്യമുള്ള പുതിയ മനുഷ്യനാക്കും.

1. അവോക്കാഡോ (Avocado)


ഒരുപാട് ഗുണങ്ങളടങ്ങിയ പഴമാണിത്. ഫൈബര്‍, വൈറ്റമിന്‍ K, ഫൊളേറ്റ് തുടങ്ങിയവയാല്‍ സമ്പന്നം. വാഴപ്പഴത്തിലുള്ളതിനേക്കാളും ഇരട്ടിയാണ് അവോക്കാഡോയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന്റെ തോത്. നീര്‍ക്കെട്ട്, ശരീരവീക്കം തുടങ്ങിയവയ്ക്കുള്ള പ്രതിവിധിയും ഈ പഴത്തിലുണ്ട്. അധികമായാല്‍ അവോക്കാഡോയും വിഷമാണ്. ദിവസവും ഇത് കഴിക്കുന്നത് ഫുഡ് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. പക്ഷെ, ചിട്ടയായി തയ്യാറാക്കിയ ആഹാരക്രമത്തില്‍ അവോക്കാഡോയും ഉള്‍പ്പെടുത്തിയാല്‍, നല്ല കൊഴുപ്പ് ശരീരത്തിലെത്താനും ശാരീരിക ആരോഗ്യം നിലനിര്‍ത്താനുമാകും

2. തക്കാളി (Tomato)

ഒരു മലയാളിയോട് തക്കാളിയെപ്പറ്റി പറയുന്നത് ശരിയല്ല. കാരണം, തക്കാളി ഇന്ന് നിത്യോപയോഗ ഭക്ഷണസാധനങ്ങളുടെ പട്ടികയിലാണ്. വൈറ്റമിന്‍, ആന്റി ഓക്സിഡന്റസ് (Anti oxidants), ഫൈബര്‍ തുടങ്ങിയവ വേണ്ടവിധം ശരീരത്തിന് നല്‍കാനുള്ള കരുത്ത് തക്കാളിപ്പഴത്തിനുണ്ടത്രെ! അള്‍ട്രാ വയലറ്റ് രശ്മി(UV rays)കളില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കാനും പ്രോസ്ടേറ്റ് (Prostate) സംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനും സഹായിക്കുന്ന ലൈകോപീനി(lycopene)ന്റെ സാന്നിധ്യമാണ് തക്കാളിപ്പഴത്തിന്റെ മറ്റൊരു പ്രത്യേകത. ശ്വാസകോശ ക്യാന്‍സറിനെ തടയാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനുമുള്ള വൈറ്റമിന്‍ ‘എ’യും തക്കാളിപ്പഴത്തില്‍ നിന്ന് ലഭിക്കും. ഡയേറിയ, മലബന്ധം എന്നീ പ്രശ്നങ്ങള്‍ക്ക് തടയിടാനും ദഹനപ്രക്രിയ സുഗമമാക്കാനുമുളള കഴിവ് ഈ പഴത്തിനുണ്ട്. ആരറിഞ്ഞു, ഇത്ര ഭീകരനാണ് തക്കാളിയെന്ന്!

3. ലോംഗന്‍ പഴം (The longan)


തെക്കന്‍ ഏഷ്യയില്‍ പിറവിയെടുത്ത അത്ഭുത ഫലം. ഉദരരോഗങ്ങള്‍ക്കും മാനസിക പിരിമുറക്കത്തിനുമുള്ള പ്രതിവിധി. ദഹനപ്രക്രിയയില്‍ ഇടപെടാനുള്ള തന്റേടം. ക്യാന്‍സറിനെ വെല്ലുവിളിക്കാനുള്ള ശേഷി. ശരീരത്തിലുണ്ടാകുന്ന ട്യൂമറുകളോട് പടവെട്ടി നില്‍ക്കാന്‍ കെല്‍പ്പുള്ളവന്‍. വിവിധ ഇന്‍ഫെക്ഷനുളെ ഏഴ് അയലത്തേക്ക് അടുപ്പിക്കാത്ത മിടുക്കന്‍. ഒന്നു കഴിച്ചാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ടോ? തപ്പിനടക്കണ്ട, നമ്മുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സ്ഥിരം സാന്നിധ്യമാണ് ഇപ്പോള്‍ ലോംഗന്‍ പഴം

4.ഡ്രാഗണ്‍ പഴം (Dragon fruit)


വൈറ്റമിന്‍ സി, ഭീമമായ അളവില്‍ നിലയുറപ്പിച്ച പഴമായതിനാലാകണം, ഡ്രാഗണെന്ന് വിളിപ്പര്. കാഴ്ചയ്ക്ക്, കാലിന്റെ ബലത്തിന്, രോഗപ്രതിരോധ ശേഷിക്ക്, സര്‍വ്വോപരി ദീര്‍ഘായുസ്സിന് ഡ്രാഗണ്‍ പഴം കേമമാണ്. ചുരുക്കത്തില്‍ എല്ലാ അസുഖങ്ങളില്‍ നിന്നും ശരീരത്തിന് സംരക്ഷണം തീര്‍ക്കാന്‍ ഡ്രാഗണ്‍ പഴത്തിലടങ്ങിയ ഘടകങ്ങള്‍ക്കാകും

5.കിവി (Kiwi)


സ്വാദിഷ്ടവും ആരോഗ്യദായകവുമാണ് കിവി പഴം. ഡ്രാഗണ്‍ പഴം പോലെ തന്നെ വൈറ്റമിന്‍ ‘സി’യുടെ കലവറ. ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്റി-ഓക്സിഡന്റുകളാണ് കിവിയിലെ പ്രധാനഘടകങ്ങളില്‍ ഒന്ന്. രോഗപ്രതിരോധ ശേഷി കൂട്ടുകയും വിവിധ രോഗങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന് നല്ലതാണ് കിവി പഴം. പ്രമേഹരോഗികള്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന പഴമാണിത്

6. തേങ്ങ (Coconut)


തേങ്ങയേപ്പറ്റി നമ്മള്‍ മലയാളികളോടാണ് പറയുന്നതെന്ന്, അല്ലെ? രുചിയും മണവും മാത്രമല്ല, ഒരുവിധം എല്ലാ പോഷകങ്ങളും തേങ്ങയിലൂടെ ശരീരത്തിലെത്തും. പൂരിത കൊഴുപ്പ്(saturated fat)ആയ ലോറിക് ആസിഡ്(lauric acid) തേങ്ങയില്‍ ധാരാളമായുണ്ട്. ദൂഷ്യമുള്ള കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും, ധമനികളെ വൃത്തിയായി സൂക്ഷിക്കും. ഇതൊക്കെയാണ് ലോറിക് ആസിഡ് ചെയ്യുന്നത്. ദഹനത്തിനും പോഷണത്തിനും ഉപകാരപ്രദമായ ഇലക്ട്രോലൈറ്റുകള്‍, എന്‍സൈമുകള്‍, ലവണങ്ങള്‍ തുടങ്ങിയവയും തേങ്ങയിലടങ്ങിയിട്ടുണ്ട്

7.മാംഗോസ്റ്റിന്‍ (Mangosteen)


പഴങ്ങളിലെ രാജ്ഞിയാണ് മാംഗോസ്റ്റിന്‍. രുചിയൂറുന്ന മാംഗോസ്റ്റിന്‍ പഴങ്ങളും കേരളത്തില്‍ ധാരാളമായി ലഭിക്കും. കാഴ്ചയിലെ ഭംഗിയും സ്വാദും മാത്രമല്ല മാംഗോസ്റ്റിനെ രാജ്ഞിയാക്കിയത്, ഗുണം മാത്രമേയുള്ളു ഈ പഴത്തിന്. അര്‍ബുദം, അലര്‍ജി, അള്‍സര്‍, രക്തസമ്മര്‍ദം ത്വക്ക്രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, അയണ്‍ മുതലായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

 

Share on

മറ്റുവാര്‍ത്തകള്‍