‘The Federal’-ല്‍ ശ്വേത ഇ ജോര്‍ജ് എഴുതിയ How Malayalam sets shoot down gender justice എന്ന ലേഖനത്തില്‍ പറയുന്നൊരു കാര്യമുണ്ട്, ‘ഈ ഇന്‍ഡ്സട്രിയില്‍ ചിലര്‍ ആവശ്യപ്പെട്ടാല്‍ എന്തും കിട്ടും, ബാക്കി ചിലര്‍ എന്താവശ്യപ്പെട്ടാലും കിട്ടില്ല’. ഇതാണ് വിവേചനം. മലയാളം ഇന്‍ഡസ്ട്രി ജെന്‍ഡര്‍ ബെയ്സ്ഡ് ആണ്. പവര്‍ ബെയ്സ്ഡ് ആണ്.
മറ്റേതൊരിടത്തുമെന്നപോലെ സ്ത്രീകള്‍ക്കെതിരെ പല തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്ന തൊഴിലിടമാണ് മലയാള സിനിമ ഇന്‍ഡസ്ട്രി. ആ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ എന്ന നിലയിലാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) തങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം വിശദമാക്കി മുഖ്യമന്ത്രിക്ക് ഒരു കത്ത് നല്‍കുന്നത്. ഉന്നയിച്ചിരിക്കുന്ന വിഷയങ്ങളില്‍ പ്രൊഫഷണല്‍ സമീപനത്തോടെ പഠനം നടത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. മുഖ്യമന്ത്രിയെ കണ്ട ഡബ്ല്യുസിസി അംഗങ്ങള്‍ അവര്‍ക്ക് അറിയാവുന്നതെല്ലാം പറഞ്ഞതിനു ശേഷമായിരുന്നു വിശദമായൊരു പഠനം എന്ന ആവശ്യം മുന്നോട്ടുവച്ചത്. അതിന്‍പ്രകാരം നിയോഗിക്കപ്പെട്ടതാണ് ജ. ഹേമ കമ്മിറ്റി. ഗവണ്‍മെന്റ് നല്‍കിയ ഏഴ് ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് പഠനം നടന്നതും റിപ്പോര്‍ട്ട് തയ്യാറാക്കിയതും.
ഹേമ കമ്മിറ്റി നേരിട്ട ഏറ്റവും വലിയ കടമ്പ ഇന്‍ഡസ്ട്രിയുടെ നിഷേധാത്മക നിലപാടായിരുന്നു. ഒരു പ്രശ്‌നം ചൂണ്ടിക്കാണിച്ചാല്‍ അങ്ങനെയൊന്നും ഇല്ലെന്നു തിരിച്ചുപറയും. പ്രശ്‌നങ്ങള്‍ അങ്ങനെ തന്നെ നില്‍ക്കുകയും ചെയ്യും. സഹിക്കാവുന്നതിലും അപ്പുറം കാര്യങ്ങളെത്തുകയും, എന്തു ചെയ്താലും തങ്ങളോട് ചോദിക്കാന്‍ ആരുമില്ലെന്ന മനോഭാവം തുടരുകയും ചെയ്തതോടെയാണ് എല്ലാ പ്രശ്‌നങ്ങളും ണ്ടെത്തി പരിഹരിക്കാന്‍ ഒരു പഠനം വേണമെന്ന് സ്ത്രീ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്.
ബാധിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തില്ല എന്ന കമ്മിറ്റിയുടെ ഉറപ്പിന്മേലാണ് എല്ലാവരും സംസാരിച്ചത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഡബ്ല്യുസിസി വളരെയധികം സഹകരിച്ചിട്ടുണ്ട്. പല വ്യക്തികളെയും ബന്ധപ്പെടാന്‍, ഇന്‍ഡ്സ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, സ്ത്രീകള്‍ എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടുന്നത് തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ കമ്മിറ്റി പലതവണ ഡബ്ല്യുസിസി അംഗങ്ങളെ വിളിച്ചു സംസാരിച്ചിട്ടുണ്ട്. കമ്മിറ്റി ആവശ്യപ്പെട്ടതുപ്രകാരം ഇവിടെയുള്ള ഓരോരോ പ്രശ്നങ്ങളും നിര്‍ദേശങ്ങളും വിമണ്‍ കളക്ടീവ് അംഗങ്ങള്‍ എഴുതി നല്‍കുകയാണ് ചെയ്തത്. കഴിയാവുന്ന രീതിയിലെല്ലാം അവര്‍ സഹകരിച്ചു.
എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാത്തത് എന്താണെന്നു തിരിക്കിയപ്പോള്‍ കമ്മിറ്റി തിരിച്ചു ചോദിച്ചത്, ആരാണ് ഡബ്ല്യുസിസി എന്നായിരുന്നു.
ഏതാനും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകിച്ചെന്തെങ്കിലും നേടിയെടുക്കാന്‍ വേണ്ടിയല്ല അവര്‍ കമ്മിറ്റി ആവശ്യപ്പെട്ടതുപോലെയൊക്കെ ചെയ്തു കൊടുത്ത് പരമാവധി സഹകരിച്ചു നിന്നത്. ഇ-ടോയ്ലെറ്റ് വേണമെന്ന് പറയുമ്പോള്‍, സ്ത്രീകള്‍ക്ക് മാത്രം ഉപയോഗിക്കാന്‍ എന്നായിരുന്നില്ല പറഞ്ഞത്. സിനിമയില്‍ തൊഴിലെടുക്കുന്ന ആണിനും പെണ്ണിനും എല്ലാവര്‍ക്കും വേണ്ടിയായിരുന്നു.
ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല, മറ്റ് അനവധി പ്രശ്‌നങ്ങള്‍ ഇന്‍ഡസ്ട്രിക്കുള്ളിലുണ്ട്. ഒട്ടും സ്ത്രീ സൗഹാര്‍ദ്ദമായൊരു തൊഴിലിടമല്ലിത്. ചെയ്യുന്ന ജോലിയിലുള്ളതിനെക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍, അനാവശ്യകാര്യങ്ങളില്‍ നേരിടേണ്ടി വരുന്നൂ. അതെല്ലാം ഇവിടെ നോര്‍മലൈസ് ചെയ്തിരിക്കുകയാണ്. മറ്റ് ഇന്‍ഡസ്ട്രികളിലും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവിടെയൊക്കെ മാറ്റം വരുകയും പരമാവധി ജെന്‍ഡര്‍ ഇക്വാലിറ്റിയുള്ള വര്‍ക്ക് കള്‍ച്ചര്‍ ഉണ്ടാവുകയും ചെയ്തു. പക്ഷേ, മലയാളത്തില്‍ വലിയ മാറ്റങ്ങളൊന്നും തന്നെ വന്നില്ല.
അവിടെയായിരുന്നു വിശദമായൊരു പഠനത്തിന്റെയും അതിനൊരു കണ്‍ക്ലൂഷന്‍ ഉണ്ടാകേണ്ടതിന്റെയും ആവശ്യം. ജ. ഹേമ കമ്മിറ്റി അത്തരത്തില്‍ വിശദമായ പഠനം നടത്തിയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവിടെയുള്ള എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടാകും. ഹൈ പ്രൊഫൈല്‍ ആയൊരു കമ്മിറ്റിയായിരുന്നു അത്. കുറെയേറെ സമയവും പണവും ചെലവാക്കുകയും ചെയ്തു.
എന്തിനാണ് ഡബ്ല്യുസിസി, എന്തിനാണിങ്ങനെയൊരു സംഘടന എന്നു ചോദിക്കുന്നവര്‍ ഉണ്ടായിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി സംസാരിക്കാന്‍ വേറൊരു സംഘടന ഇല്ലാത്തതുകൊണ്ടാണ് ഡബ്ല്യുസിസി ഉണ്ടായത്. പ്രിവിലേജ്ഡ് ആയിട്ടുള്ള അഭിനേത്രികളുടെ മാത്രം കൂട്ടായ്മയല്ല ഡബ്ല്യുസിസി. സിനിമയുടെ ഓരോ മേഖലകളിലും പ്രവര്‍ത്തിക്കുന്ന തികച്ചും സാധാരണക്കാരായ സ്ത്രീകളും ഡബ്ല്യുസിസിയിലുണ്ട്. അവരൊക്കെ നേരിട്ടതും നേരിടുന്നതുമായ കാര്യങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ കഴിയില്ല (അവരുടെയൊന്നും പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ പോലും കേള്‍ക്കാന്‍ തയ്യാറായിട്ടില്ല). അങ്ങനെയൊരു അവസരം ഉണ്ടായല്ലോ എന്നാശ്വസിച്ചാണ് ഓരോരുത്തരും ഹേമ കമ്മിറ്റിക്കു മുന്നില്‍ ചെന്നത് തന്നെ.
ഹേമ കമ്മിറ്റിയെ സമീപിച്ചവരോട് പറയാനുള്ളതെല്ലാം പറയാനായിരുന്നു ആവശ്യപ്പെട്ടത്. ധാരാളം സമയം മാറ്റിവച്ചാണ് പലരും കമ്മിറ്റിയെ നേരിട്ടുപോയി കണ്ടതും, ഓരോന്നും വിശദമായി എഴുതിക്കൊടുത്തതും. ഓര്‍ക്കാന്‍ തന്നെ വിഷമമുള്ള പലകാര്യങ്ങളും പലരും പറഞ്ഞു. ആ മെനക്കെടല്‍ സംസാരിച്ചവര്‍ക്കു മാത്രം ഗുണം കിട്ടാന്‍ വേണ്ടിയായിരുന്നില്ല. റിസ്‌ക് ആണ് എടുക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് എല്ലാവരും പോയത്. ഇങ്ങനെയെങ്കിലും ഒരു മാറ്റം ഇവിടെ ഉണ്ടാകുമെങ്കില്‍ ഉണ്ടാകട്ടെ എന്ന് എല്ലാവരും പ്രതീക്ഷിച്ചു.
ഇതിനിടയിലാണ് കമ്മിറ്റിയുടെ ഭാഗമായിരുന്ന നടി ശാരദ പൊരുതുന്ന സസ്ത്രീകളെ ആകെ അപമാനിക്കുന്ന പ്രസ്താവന നടത്തിയത്. ഇതൊന്നും(ലൈംഗിക ചൂഷണങ്ങള്‍) സഹിക്കാന്‍ പറ്റാത്തവര്‍ എന്തിനിവിടെ നില്‍ക്കുന്നു, വേറേ ജോലി നോക്കിക്കൂടേ എന്നായിരുന്നു ശാരദയുടെ ചോദ്യം.വനിത സിനിമ പ്രവര്‍ത്തകര്‍ കമ്മിറ്റിക്ക് അങ്ങോട്ടു കൊടുത്ത ബഹുമാനവും ഐക്യദാര്‍ഢ്യവും തിരിച്ചുണ്ടായില്ല. ശാരദയുടെ പ്രസ്താവന ഒരുപാടുപേരെ വേദനിപ്പിച്ചു. ഇങ്ങനെയുള്ളവരുടെ മുന്നിലാണല്ലോ പോയിരുന്നു സംസാരിച്ചതെന്നോര്‍ത്ത് പലരും സങ്കടപ്പെട്ടു. മുന്നിലിരിക്കുന്നത് ഒരു സ്ത്രീയാകുമ്പോള്‍ സ്വാഭാവികമായി ഒരു എംപതി പ്രതീക്ഷിക്കും. അങ്ങോട്ടൊരു കാര്യം പറയുമ്പോള്‍, അതിന്റെതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് പലരും വിശ്വസിച്ചു. ആ വിശ്വാസങ്ങളൊക്കെ തകര്‍ക്കുന്നതായിരുന്നു ശാരദയുടെ പ്രതികരണം. ഒന്നും നന്നാകാന്‍ പോകുന്നില്ല, ഇവിടെയെല്ലാം ഇങ്ങനെ തന്നെ തുടരുമെന്ന ചിന്താഗതിക്കാര്‍ ഇതുപോലൊരു കമ്മിറ്റിയുടെ ഭാഗമാകരുതായിരുന്നു.
എന്താണ് സ്ത്രീകള്‍ ഇതെല്ലാം സഹിച്ചു നില്‍ക്കേണ്ടതിന്റെ കാര്യം? പ്രതിഫലത്തിന്റെ കാര്യമായാലും തിരക്കഥ വായിക്കാനാണെങ്കിലും, ജോലി സ്ഥലത്ത് അത്യാവശ്യ സൗകര്യങ്ങള്‍ ആവശ്യപ്പെടാനും പുരുഷന്‍മാരെപ്പോലെ ഈ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്ക് അവകാശമില്ലേ?
തെലുങ്കാന ഫിലിം ഇന്‍ഡസ്ട്രി മലയാള സിനിമ മേഖലയെ ഫോളോ ചെയ്ത്, അവിടുത്തെ ചലച്ചിത്ര മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇവിടെ കമ്മിറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും കാത്ത് തെലുഗ് സിനിമക്കാര്‍ കുറെക്കാലം കാത്തിരുന്നു. നമുക്ക് പക്ഷേ സമയമായത് ഇപ്പോഴാണ്. കമ്മിറ്റികളുടെയും അവരുടെ റിപ്പോര്‍ട്ടുകളുടെയും കാര്യം എന്നും ഇതൊക്കെ തന്നെയാണ്.
അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് നടപ്പാക്കിയത്. 2017-ല്‍ നടക്കാന്‍ പാടില്ലാത്തൊരു സംഭവം നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഒരു പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നിട്ടും സ്ത്രീ സുരക്ഷയ്ക്കുവേണ്ടി ഇവിടെ ഒന്നും ചെയ്തിട്ടില്ല. അതിനുശേഷവും ഈ ഇന്‍ഡ്രസ്ട്രിയില്‍ സ്ത്രീകള്‍ പലതരത്തില്‍ ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കാലതാമസം വരുത്തിയവര്‍ക്കും അതിന്മേല്‍ എന്തെങ്കിലും ചെയ്യാന്‍ ഇനിയും തടസവാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കും ഇപ്പോഴും ഈ മേഖലയില്‍ പെണ്‍കുട്ടികള്‍ പലതരം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നതിലെ ഉത്തരവാദിത്വമുണ്ട്.
സിനിമയും ഒരു തൊഴിലിടമാണ്. മറ്റേതൊരു തൊഴിലിടത്തിലും ഉള്ളതുപോലെ ഇവിടെയും ഓരോരുത്തര്‍ക്കും അവരവരുടെതായ അവകാശങ്ങളുണ്ട്, കിട്ടേണ്ടതായ ബഹുമാനമുണ്ട്, ലഭിക്കേണ്ട സുരക്ഷിതത്വമുണ്ട്. സമത്വമില്ലാത്ത ഒരു വര്‍ക്ക് കള്‍ച്ചര്‍ ഇന്‍ഡസ്ട്രിക്ക് നല്ലതല്ല.
തനുശ്രീ ദത്ത കേസ് എടുക്കാം. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് അവര്‍ പരാതിപ്പെടുന്നത്. എന്നിട്ടും അവിടുത്തെ വനിത കമ്മിഷന് ഉടനടി നടപടി സ്വീകരിച്ചു. പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യക്ക് നോട്ടീസ് അയച്ചു. നിങ്ങളുടെ എല്ലാ അംഗങ്ങളും അവരുടെ യൂണിറ്റില്‍ പോഷ് ആക്ട് നിര്‍ബന്ധമായും നടപ്പില്‍ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം അവരുടെ ബിസിനസ് ലൈസന്‍സ് റദ്ദ് ചെയ്യാന്‍ എഴുതുമെന്നും കര്‍ശനമായി താക്കീത് ചെയ്തു. പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ ഉടനടി വനിതകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ഒരു ഹൈ-പവര്‍ കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റി എല്ലാ അംഗങ്ങളോടും മുപ്പത് ദിവസത്തിനുള്ളില്‍ പോഷ് കംപ്ലയ്ന്റ് സൗകര്യം ഏര്‍പ്പാടാക്കാനും നിര്‍ദേശം നല്‍കി. ചെയ്യത്തവരുടെ അംഗത്വം റദ്ദാക്കുമെന്നും അറിയിച്ചു. മുപ്പത് ദിവസത്തിനുള്ളില്‍ ഫലം ഉണ്ടായി.
പോഷ് നിയമം നടപ്പാക്കുന്നതിനുവേണ്ടി ഡബ്ല്യുസിസി ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജിയെ കുറിച്ച് അറിഞ്ഞപ്പോള്‍, പ്രൊഡ്യൂസേഴ്സ് ഗില്‍ഡും ബോളിവുഡിലെ മറ്റ് സിനിമ സംഘടനകളും അവരുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. അതുപോലെ മുംബൈ ഫിലിം ഇന്‍ഡസ്ട്രിയിലെ ആര്‍ടിസ്റ്റ് അസോസിയേഷനായ CINTAA (cine and tv artist association) ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ കക്ഷിചേരുകയുണ്ടായി. മലയാളം ഇന്‍ഡസ്ട്രിയില്‍ പോഷ് ആക്ട് നടപ്പിലാക്കാന്‍ വേണ്ടി അവരുടെ വക്കീലിനെ അയക്കുകയും ചെയ്തു. സ്വന്തം ഇന്‍ഡസ്ട്രിയില്‍ നിന്നും അത്തരം സഹായങ്ങളൊന്നും ഡബ്ല്യുസിസിക്ക് കിട്ടിയില്ല.
മലയാളം ഫിലിം ഇന്‍ഡസ്ട്രി വലിയ വളര്‍ച്ചയുള്ളൊരു ഇന്‍ഡസ്ട്രിയാണ്. സാങ്കേതികമായും സാമ്പത്തികപരമായും മുന്നേറുന്നു. ഇവിടെ നിരവധി ഓര്‍ഗനൈസേഷനുകളുമുണ്ട്. ചെറിയൊരു പ്രശ്‌നത്തില്‍ പോലും സോളിഡാരിറ്റി പ്രഖ്യാപിക്കുന്നതും കാണാം. എങ്കിലും, സ്ത്രീകളുടെ പ്രശ്‌നം മാത്രം ആരും കാണുന്നുമില്ല കേള്‍ക്കുന്നുമില്ല. ഡബ്ല്യുസിസി പറയുന്നതും പോരാടുന്നതും സ്ത്രീകളുടെ മാത്രം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനല്ലെന്നു കൂടി മനസിലാക്കണം. ഓരോരോ കാര്യങ്ങളും ശരിയായാല്‍ അതിന്റെ നേട്ടം ആണിനും പെണ്ണിനുമടക്കം ഇന്‍ഡസ്ട്രിക്ക് മുഴുവനാണ്.
പോഷ് ആക്ട് നടപ്പാക്കിയാല്‍ ഗുണം നിര്‍മാതാക്കള്‍ക്കുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള പരാതിയുമായി ഒരാള്‍ വന്നാല്‍, എന്തുകൊണ്ട് പോഷ് പ്രകാരം പരാതി നല്‍കിയില്ല, ഇവിടെയൊരു ഇന്റേണല്‍ കംപ്ലയ്ന്റ് കമ്മിറ്റിയുണ്ടായിരുന്നില്ലേ എന്നു ചോദിക്കാം. എന്തെങ്കിലും മോശം സംഭവം നടന്നാല്‍ 90 ദിവസത്തിനകം പരാതി എഴുതി നല്‍കണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. പരാതികള്‍ വ്യാജമാണോ അല്ലയോ എന്നൊക്കെ മനസിലാക്കാന്‍ നല്ല വഴിയാണിത്. വ്യാജ പരാതിയാണെങ്കില്‍, അത് തെളിഞ്ഞാല്‍ പരാതിക്കാര്‍ക്ക് ശിക്ഷ കിട്ടും. അതൊക്കെ ഇന്‍ഡസ്ട്രിക്ക് ഒരുപാട് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. എന്നിട്ടും ഇതിലൊന്നും താത്പര്യം കാണിക്കാതെ മുഖം തിരിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
എത്രയെത്ര പെണ്‍കുട്ടികള്‍ ഇന്‍ഡസ്ട്രി വിട്ടുപോകുന്നു. അവരുടെ കുഴപ്പം കൊണ്ടല്ല. സ്ത്രീകള്‍ എല്ലാം സഹിക്കേണ്ടതുണ്ടെന്നും ഇവിടുത്തെ കള്‍ച്ചര്‍ ഇതാണെന്നും സ്ഥാപിച്ചെടുക്കുകയാണ് ചിലര്‍. സ്ത്രീകളും ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. അത് ഉള്‍ക്കൊള്ളുന്നൊരു കള്‍ച്ചര്‍ ഇവിടെ വരണം. സ്വതന്ത്രമായി, ചൂഷണങ്ങള്‍ നേരിടാതെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നൊരു കള്‍ച്ചര്‍. സുപ്രിം കോടതി നല്‍കിയിട്ടുള്ള അവകാശങ്ങള്‍ നിഷേധിച്ചു പോഷ് ആക്ട് നടപ്പില്‍ വരുത്താതെ പ്രവര്‍ത്തിക്കുന്ന ഓരോ തൊഴിലിടവും നിയമവിരുദ്ധമാണ് എന്ന് എല്ലാവരും മനസിലാക്കണം.
ഒരു മാറ്റം ഉണ്ടാകണം. ആ മാറ്റം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെയോ കോടതികളുടെയോ മാത്രം ബാധ്യതയല്ല. ഇന്‍ഡസ്ട്രിയില്‍ ഉള്ളവര്‍- നിര്‍മാതാവോ സംവിധായകനോ, അഭിനേതാവോ- ആരുമാകട്ടെ, അവര്‍ തീരുമാനിച്ചാലും മാറ്റം കൊണ്ടുവരാം. എന്റെ സെറ്റില്‍ പോഷ് ഇംപ്ലിമെന്റേഷന്‍ ഇല്ലെങ്കില്‍ ഞാനിതില്‍ വര്‍ക്ക് ചെയ്യാന്‍ താത്പര്യപ്പെടുന്നില്ല എന്ന് ഓരോരുത്തരും തീരുമാനിച്ചാല്‍ മതി. എന്തെല്ലാം കാര്യങ്ങള്‍ക്കായി അനാവശ്യമായി വാശിപിടിക്കുന്നു. ഇങ്ങനെയൊരു നല്ലകാര്യത്തിനായും ആയിക്കൂടെ. മലയാളം ഇന്‍ഡസ്ട്രിയില്‍ കോണ്‍ട്രാക്റ്റ് ഒപ്പിടുന്നൊരു രീതിയുണ്ടായിരുന്നില്ല. അങ്ങനെയൊരു സംവിധാനം വന്നപ്പോള്‍ അംഗീകരിക്കാന്‍ പലരും തയ്യാറായില്ല. പിന്നീടതിന്റെ ആവശ്യം മനസിലാക്കിയപ്പോള്‍ എല്ലാവരുമത് ഏറ്റെടുക്കുകയാണുണ്ടായത്. ഇങ്ങനെയൊക്കെയാണ് മാറ്റങ്ങള്‍ വരുന്നത്.
ഒരു പെണ്‍കുട്ടി കഴിഞ്ഞ ഏഴു വര്‍ഷമായി പലതും അനുഭവിക്കുന്നു. അവളൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടാല്‍ അതിന്റെ താഴെ പോയി സോളിഡാരിറ്റി പറയുന്നവര്‍ക്ക്, ഒരു പെണ്‍കുട്ടിയോട് അവളൊന്നിന്റെയും ഇരയാകാതിരിക്കാന്‍ സോളിഡാരിറ്റി പ്രഖ്യാപിക്കാന്‍ കഴിയാത്തതെന്താണ്? അതിന് തയ്യാറാണെങ്കില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നും വേണ്ട കാര്യങ്ങള്‍ നല്ലരീതിയിലാക്കാന്‍. ഹാഷ് ടാഗ് സോളിഡാരിറ്റിയല്ല വേണ്ടത്. അധികാരമുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് കോറസ് പാടുന്നവരെ ഏത് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടും കാര്യമില്ല. അതു സോളിഡാരിറ്റി ആകില്ല. സോളിഡാരിറ്റി ഉണ്ടാകണമെങ്കില്‍ ആദ്യം സ്ത്രീകളെ തുല്യപങ്കാളികളായി കാണേണ്ടതുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ അകറ്റി നിര്‍ത്തി ക്രൂശിക്കുന്നതിനു പകരം, അവരുടെ കാഴ്ച്ചപ്പാട് മനസിലാക്കാനും അവരുമായി സംവദിക്കാനും പരിഹാരങ്ങള്‍ കണ്ടെത്താനുമാണ് ശ്രമിക്കേണ്ടത്.
കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിക്കും മോശം അനുഭവം ഉണ്ടാകരുതെന്ന് ഉറപ്പ് വരുത്തണം. അതിനുള്ള ഉത്തരവാദിത്വം ഓരോരുത്തര്‍ക്കും ഉണ്ട്.
ഇന്റേണല്‍ കംപ്ലയ്ന്റ് കമ്മിറ്റി രൂപീകരിക്കാത്തത് ചോദ്യം ചെയ്ത് 2018-ല്‍ ഹൈക്കോടതിയില്‍ ഡബ്ല്യുസിസി പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കേരള വനിത കമ്മിഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. നിയമം അനുശാസിക്കുന്നൊരു കാര്യമായിട്ടു പോലും അത് നടപ്പാക്കാന്‍ വേണ്ടി നിയമത്തിനു മുന്നില്‍ തന്നെ പോകേണ്ടി വന്ന ഗതികേട് ഓര്‍ത്തു നോക്കൂ.
ഹൈക്കോടതി ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അനുകൂല വിധി പുറപ്പെടുവിച്ചു. സിനിമ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണമെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
ഒന്നാലോചിച്ചു നോക്കൂ, ഒരു പെണ്‍കുട്ടി ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും വിവേചനങ്ങളാലും ചൂഷണങ്ങള്‍ മടുത്തും പുറത്തു പോകാന്‍ നിര്‍ബന്ധിതയാകുമ്പോള്‍ അതവളുടെ മാത്രം നഷ്ടമാണോ? നാളെയവര്‍ അറിയപ്പെടുന്ന ഒരു മികച്ച സംവിധായികയായേക്കാം, ഹിറ്റ് മേക്കര്‍ ആയേക്കാം, എഴുത്തുകാരിയായേക്കാം, അഭിനേത്രിയായേക്കാം, സാങ്കേതികപ്രവര്‍ത്തകയായേക്കാം… അങ്ങനെയുള്ളൊരാള്‍ ഇന്‍ഡസ്ട്രി വിട്ടു പോയാല്‍ അതിന്റെ നഷ്ടം സിനിമയ്ക്കാണ്. വിട്ടുപോകുന്നവര്‍ മാത്രമല്ല, മാറ്റി നിര്‍ത്തപ്പെടുന്നവരും, ഇവിടെ ചൂഷണം ചെയ്യപ്പെടുന്നതും നമ്മുടെ ഇന്‍ഡസ്ട്രിക്ക് അഭിമാനമാകാവുന്ന വ്യക്തികളാണ്. അവര്‍ക്കെല്ലാം സുരക്ഷിതമായി വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉറപ്പാക്കുകയാണെങ്കില്‍ അതിന്റെ ഗുണം മലയാള സിനിമയ്ക്കാണ്. Hema committee report women in cinema collective gender and power based malayalam cinema industry
Content Summary; Hema committee report women in cinema collective gender and power based malayalam cinema industry