ഒരു വര്‍ഷം കൂടി കടന്നുപോവുകയാണ്. നിരവധി നേട്ടങ്ങളും നഷ്ടങ്ങളും അംഗീകാരങ്ങളും ഇന്ത്യ നേടിയെടുത്ത
വര്‍ഷമാണ് 2024. ഈ വര്‍ഷത്തെ അവസാനനിമിഷങ്ങളില്‍ തിരിഞ്ഞുനോക്കുമ്പോള്‍..highlights 2024
അഭിമാനമായി ആദിത്യ എല്‍ വണ്‍
ജനുവരി 6 ന് എസ് സോമനാഥിന്റെ നേതൃത്വത്തില്‍ സൂര്യനെ നിരീക്ഷിക്കാന്‍ ഐഎസ്ആര്‍ഒ രൂപകല്‍പ്പന ചെയ്ത ബഹിരാകാശ പേടകം എല്‍ 1 പോയിന്റിലേക്കെത്തിയത് ബഹിരാകാശലോകത്തെ നാഴികക്കല്ലായി മാറി. 125 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ 15 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ആദിത്യ എല്‍ വണ്‍ ലഗ്രാഞ്ച് പോയിന്റ് വണ്ണിലെത്തിയത്. ചന്ദ്രയാന്‍ മൂന്ന് പേടകം സഞ്ചരിച്ചതിന്റെ നാലിരട്ടി ദൂരത്ത് നിന്നാണ് ആദിത്യ പേടകം നിരീക്ഷണം നടത്തിയത്. സൂര്യന്റെ കൊറോണയെക്കുറിച്ചും കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്ന സൗര സ്‌ഫോടനങ്ങളെക്കുറിച്ചു പുത്തന്‍ വിവരങ്ങളാണ് ആദിത്യയിലൂടെ പുറത്ത് വരിക.
ഗഗന്‍യാന്‍ ദൗത്യം
ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര പദ്ധതിയായ ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് തെരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബി നായര്‍ എന്ന പാലക്കാട് സ്വദേശിയും ഈ നാലുപേരിലൊരാളായി ഇടം പിടിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പേരുകള്‍ വെളിപ്പെടുത്തിയപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് അതൊരു അഭിമാനനിമിഷമായിരുന്നു.
വെള്ളത്തിരയിലെ നേട്ടങ്ങള്‍
പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് കാന്‍സ് 2024 ല്‍ ആദ്യം നടന്ന 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം രചിച്ച ചിത്രം, അവിടെ ഗ്രാന്‍ഡ് പിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി മാറി.
30 വര്‍ഷത്തിനിടെ കാനില്‍ പ്രധാന മത്സരത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു ഇത്. കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നഴ്‌സ് പ്രഭയുടെ കഥയാണ് പറയുന്നത്.
എഴുപതാമത് ദേശീയ ചലച്ചിത്രഅവാര്‍ഡില്‍ വിവിധ വിഭാഗങ്ങളിലായി 10 പുരസ്‌കാരങ്ങളുമായി മലയാളസിനിമ സുവര്‍ണകാലഘട്ടം കണ്ടു. മികച്ച ഫീച്ചര്‍ ഫിലിം ഉള്‍പ്പെടെ മൂന്ന് പ്രധാന അവാര്‍ഡുകള്‍ നേടിയ പുരസ്‌കാരങ്ങളുടെ പട്ടികയില്‍ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം ഒന്നാമതെത്തിയിരുന്നു.
കൊടൈക്കനാലിലെ സാഹസികയാത്രയ്ക്കിടെയുണ്ടായ അത്ഭുതകരമായ രക്ഷപ്പെടലിനെ അടിസ്ഥാനമാക്കിയുള്ള മഞ്ഞുമ്മല്‍ ബോയ്‌സ് ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്ന് ഒരു കൂട്ടം സുഹൃത്തുക്കളുടെ സംഘം ദേശീയതലത്തില്‍ ചര്‍ച്ചനേടി.
സാഹിത്യനഗരം
കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ‘സാഹിത്യനഗരം’ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കിന്റെ സാഹിത്യവിഭാഗത്തില്‍ നഗരം പ്രവേശിച്ചിരുന്നു. 2024 ജൂണ്‍ 23 ന് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ കോഴിക്കോട് സാഹിത്യ നഗരി ദിനമായി കേരളം ആഘോഷിക്കും.
വിഴിഞ്ഞം സാധ്യതയാകുമ്പോള്‍
വിഴിഞ്ഞത്തേക്കുള്ള ആദ്യ ചരക്ക് കപ്പലായ മദര്‍ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരത്തെത്തിയത് വാണിജ്യരംഗത്തെ വിലമതിക്കാനാവാത്ത നേട്ടമാണ്. കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് വരവേറ്റത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയാണ് മെക്‌സിന്റെ ചാറ്റേഡ് മദര്‍ഷിപ്പ്. വിഴിഞ്ഞം തുറമുഖം രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസിന്റെ കേന്ദ്രമായി കേരളത്തെ മാറ്റും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളില്‍ വലിയ വികസന സാധ്യതയാണ് തുറമുഖം ഒരുക്കുക.
കായികനേട്ടങ്ങള്‍
രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ നേടുന്ന ആദ്യ മലയാളിയായി പി ആര്‍ ശ്രീജേഷ്. പാരീസില്‍ നടന്ന ആവേശകരമായ ഹോക്കി മത്സരത്തില്‍ ഇന്ത്യ 2-1 ന് സ്‌പെയിനിനെ പരാജയപ്പെടുത്തിയപ്പോള്‍ ശ്രീജേഷ് തന്റെ രണ്ടാം വെങ്കലം ഉറപ്പിക്കുകയായിരുന്നു.
ടി 20 ചരിത്രത്തില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായി സഞ്ജു സാംസണ്‍. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്റ് താരമായി സഞ്ജു മാറി. ടി 20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് തിരുവനന്തപുരം സ്വദേശി സഞ്ജുവിന് സ്വന്തം. 12 വര്‍ഷത്തിന് ശേഷം 2024 ല്‍ ടിട്വന്റി ലോകകപ്പ് നേടിയെടുത്ത് ടീം ഇന്ത്യ ചരിത്രം കുറിച്ചു. 2023 ല്‍ ലോകകപ്പ് നേടുന്നതിന് മുന്‍പ് രോഹിത് ശര്‍മ്മയുടെ ടീം ഒരു പടി കൂടി മുന്‍പോട്ട് പോയി ടി ട്വന്റി ലോക ചാമ്പ്യന്‍മാരായി.
ഡിസംബര്‍ 12 ന് നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ചെസ് താരം ഗുകേഷ് ദൊമ്മരാജു ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി ചരിത്രനേട്ടം കരസ്ഥമാക്കി. ഇതോടെ 18 വയസുള്ള ഗുകേഷ് പതിനെട്ടാം ലോക ചെസ് ചാമ്പ്യനായി. 1985 ല്‍ 22 വയസിലെ ഗാരി കാസ്പറോവിന്റെ ചാമ്പ്യന്‍ നേട്ടത്തെ മറികടന്നാണ് ഗുകേഷ് ശ്രദ്ധേയനായത്.
അംഗീകാരങ്ങള്‍
ബഹുമാനസൂചകമായ അംഗീകാരങ്ങളും 2024 ന്റെ ആരംഭങ്ങളിലുണ്ടായി. ഹരിതവിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥന് മരണാനന്തര ബഹുമതിയായി രാജ്യം 2024 ല്‍ ഭാരത് രത്‌ന നല്‍കി ആദരിച്ചു. 8 മലയാളികള്‍ പത്മ അവാര്‍ഡിന് അര്‍ഹത നേടി. സുപ്രീംകോടതിയുടെ ആദ്യ വനിത ജഡ്ജിയായ എം ഫാത്തിമ ബീവി (മരണാനന്തര ബഹുമതി), ബിജെപി നേതാവ് ഒ രാജഗോപാല്‍ എന്നിവര്‍ക്ക് പദ്മ ഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. പി ചിത്രന്‍ നമ്പൂതിരിപ്പാട്, കഥകളി കലാകാരന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരന്‍ നാരായണന്‍ ഇ പി, കര്‍ഷകന്‍ സത്യനാരായണ ബെലേരി, ആത്മീയ ഗുരു മുനി നാരായണ പ്രസാദ്, .തിരുവിതാകൂര്‍ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
2024 ല്‍ വിട പറഞ്ഞവര്‍
സാഹിത്യരംഗത്തെ അതികായനും വിഖ്യാത എഴുത്തുകാരനുമായ എംടി വാസുദേവന്‍ ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തിലാണ് വിട പറഞ്ഞത്. സാമൂഹിക സാംസ്‌കാരിക സാഹിത്യമണ്ഡലങ്ങളില്‍ എം ടി എന്ന രണ്ടക്ഷരത്തിന്റെ ശൂന്യത തെളിവോടെ കാണാം.കാലം മായ്ക്കാത്ത ഓര്‍മകള്‍ ബാക്കിയാക്കിയാണ് എംടി വിട പറഞ്ഞത്.
മലയാളസിനിമയുടെ അമ്മയെ കലാലോകത്തിന് നഷ്ടമായത് 2024 ലായിരുന്നു. സെപ്തംബര്‍ 20നാണ് കവിയൂര്‍ പൊന്നമ്മ അന്തരിച്ചത്. അമ്മ വേഷങ്ങളില്‍ ശ്രദ്ധേയയായ കവിയൂര്‍ പൊന്നമ്മയോട് നടീനടന്മാര്‍ ഒരു അമ്മയോടുള്ള സ്‌നേഹമാണ് പ്രകടിപ്പിച്ചിരുന്നത്. നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി,ജയറാം,ദിലീപ് എന്നിവരുടെ അമ്മയായും വേഷമിട്ടിട്ടുണ്ട്.
ഈ വര്‍ഷം നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ലോകത്തിന് നഷ്ടമായി. വ്യവസായി രത്തന്‍ ടാറ്റ, സംഗീതജ്ഞരായ ഉസ്താദ് സക്കീര്‍ ഹുസൈന്‍. ഗായകന്‍ പങ്കജ് ഉദാസ്, പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരാണ് ഈ വര്‍ഷം ഓര്‍മയായത്.
2024 കടന്നുപോവുകയാണ്.. ഒരുപാട് ഓര്‍മ്മകളും നേട്ടങ്ങളും അംഗീകാരങ്ങളും നഷ്ടങ്ങളും നല്‍കി. ഇനി ഏറെ സന്തോഷത്തോടെ, ആകാംക്ഷയോടെ 2025 നെ വരവേല്‍ക്കാം.highlights 2024
content summary; Highlights of 2024: Achievements, Milestones, and Key Events of the Year