UPDATES

‘സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പ് ബന്ധം ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

ഒന്നും ഒളിച്ചുവച്ചിട്ടില്ലെന്ന് മാധബി ബുച്ച്

                       

സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ചെയര്‍പേഴ്‌സന്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവിനുമെതിരേ വെളിപ്പെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഉപയോഗിച്ച അതേ ഫണ്ട് ഉപയോഗിക്കുന്ന സെബി ചെയര്‍പേഴ്‌സന്റെ ഇടപെടലായിരിക്കും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വിദേശ നിക്ഷേപകന്മാര്‍ക്കെതിരേ അര്‍ത്ഥവത്തായ നടപടികള്‍ സ്വീകരിക്കാന്‍ ഏജന്‍സിയെ തടയുന്നതെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്.

അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണം പൂര്‍ണമായി തള്ളുകയാണ് മാധബിയും ഭര്‍ത്താവ് ധവാല്‍ ബുച്ചും. ഇരുവരും പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്, അടിസ്ഥാനമില്ലാത്തതും ദുസൂചനകള്‍ നിറഞ്ഞതുമായ റിപ്പോര്‍ട്ടാണിതെന്നാണ്. സത്യത്തിന്റെ ഒരു കണികപോലും ഇതിലില്ല, ഞങ്ങളുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്’ പ്രസ്താവനയില്‍ ബുച്ച് ദമ്പതിമാര്‍ പറയുന്നു. 2017 മുതല്‍ സെബിയുടെ പൂര്‍ണ സമയ അംഗമായിട്ടുള്ള മാധബി 2022 മാര്‍ച്ചിലാണ് ചെയര്‍പേഴ്‌സണ്‍ പദവിയിലെത്തുന്നത്.

2023 ജനുവരയിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ ആദ്യമായി പിടിച്ചു കുലുക്കുന്നത്. അവിടെ നിന്നും 18 മാസങ്ങള്‍ പിന്നിടുമ്പോഴാണ് സുപ്രധാനമായൊരു അന്വേഷണ സംവിധാനത്തെ മൊത്തം പ്രതികൂട്ടിലാക്കുന്ന തരത്തില്‍ അവരുടെ മറ്റൊരു റിപ്പോര്‍ട്ട് പുറത്തു വരുന്നത്. അദാനി ഗ്രൂപ്പ് വിപണിയില്‍ വലിയ ഓഹരി തട്ടിപ്പ് നടത്തുന്നുണ്ടെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടിലെ ആക്ഷേപം. വലിയ തിരിച്ചടിയാണ് അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ നേരിട്ടത്. ഏകദേശം 12.5 ലക്ഷം കോടിയുടെ നഷ്ടം അവര്‍ക്ക് നേരിടേണ്ടി വന്നു. എങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ വലിയ നടപടികളൊന്നും നേരിടാതെ രക്ഷപ്പെടാന്‍ അദാനി ഗ്രൂപ്പിന് കഴിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പതിവ് പോലെ അദാനി ഗ്രൂപ്പ് നിഷേധിക്കുകയായിരുന്നു. അദാനി ഗ്രൂപ്പിനെതിരേ സിബിഐ അന്വേഷണമോ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്ന ആവശ്യം സുപ്രിം കോടതി തള്ളികളയുകയും ചെയ്തു.

അദാനി ഗ്രൂപ്പ് തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച ഓഫ്‌ഷോര്‍ സ്ഥാപനങ്ങളില്‍ സെബി ചെയര്‍പേഴ്‌സണ് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് തങ്ങള്‍ ശേഖരിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന വാദത്തോടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ ഇന്‍ഫോലൈന്‍: ഇഎം റീസര്‍ജന്റ് ഫണ്ടും എമര്‍ജിംഗ് ഇന്ത്യ ഫോക്കസ് ഫണ്ടുകളും നടത്തുന്ന മറ്റ് സംശയാസ്പദമായ അദാനി ഓഹരി ഉടമകള്‍ക്കെതിരേ സെബി ഇന്നുവരെ ഒരു നടപടിയും എടുക്കാത്തതിനു കാരണമായി മാധബിയെയാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നത്.

2017 മാര്‍ച്ച് 22 ന് മാധബി പുരി ബുച്ച് സെബിയുടെ പൂര്‍ണ സമയ അംഗമായി നിയോഗിക്കപ്പെട്ടതിനു പിന്നാലെ അവരുടെ ഭര്‍ത്താവ് ധവാല്‍ ബുച്ച് മൗറീഷ്യസ് ഫണ്ട് അഡ്മിനിസ്‌ട്രേറ്ററായ ട്രൈഡന്റ് ട്രസ്റ്റിന് കത്തെഴുതിയിരുന്നുവെന്നാണ്, രഹസ്യ വിവരം കൈമാറിയ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരം ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നത്. ഈ രേഖകള്‍ കാണിക്കുന്നത് ഗ്ലോബല്‍ ഡൈനാമിക് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ടില്(ജിഡിഓഫ്) നിക്ഷേപമുണ്ടെന്നാണന്നും ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. ധവാല്‍ ബുച്ച് ട്രൈഡന്റ് ട്രസ്റ്റിന് എഴുതിയ കത്തില്‍ ‘ രാഷ്ട്രീയമായ സങ്കീര്‍ണതകള്‍ നേരിടേണ്ടി വരുന്ന നിയമനത്തിന് മുന്നോടിയായി തന്റെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കള്‍ അവരുടെ പേരില്‍ നിന്ന് മാറ്റി, മൊത്തം അക്കൗണ്ടുകളും പ്രവര്‍ത്തിപ്പിക്കാന്‍ അധികാരമുള്ള ഏക വ്യക്തിയാക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ടെന്ന്, റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്ലാക് സ്റ്റോണ്‍, അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ എന്നിവയുടെ മുതിര്‍ന്ന ഉപദേശകനായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ ധവാല്‍ ബുച്ച്. ബോര്‍ഡ് ഓഫ് ഗില്‍ഡാനിന്റെ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറായും ധവാല്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

2018 ഫെബ്രുവരി 26-ന്, മാധബി ബുച്ചിന്റെ സ്വകാര്യ ഇമെയിലിലേക്ക് ജിഡിഒഫ് സെല്‍ 90 (IPE plus ഫണ്ട് 1) നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിയിച്ചു കൊണ്ട് ഒരു മെയില്‍ അയച്ചിട്ടുണ്ട്. മൊറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത ഫണ്ടിനെ സംബന്ധിച്ചുള്ള ആഴത്തിലുള്ള അന്വേഷണത്തില്‍ ഇതേ ഫണ്ട് വിനോദ് അദാനി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സമയത്ത് ബുച്ചിന്റെ മൊത്തം ഓഹരി മൂല്യം 872,762.25 ഡോളര്‍ (7,32,69,307.29 രൂപ) ആയിരുന്നുവെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സെബി പരിശോധിച്ചവയാണെന്നാണ് മാധബിയും ഭര്‍ത്താവും പുറത്തിറക്കിയ പ്രസ്താവനയില്‍ വാദിക്കുന്നത്. തങ്ങളുടെ സാമ്പത്തി ഇടപെടലുകള്‍ വെളിപ്പെടുത്തുന്നതില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ഇരുവരും പറയുന്നു.

അദാനി ഗ്രൂപ്പിന്റെ അഴിമതികള്‍ക്കെതിരേ സംയുക്ത പാര്‍ലമെന്ററി സമതിയുടെ അന്വേഷണം വേണമെന്ന തങ്ങളുടെ ആവശ്യത്തെ ബലപ്പെടുത്തുന്നതാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മാധബി സെബി ചെയര്‍പേഴ്‌സണ്‍ ആയതിനു പിന്നാലെ, 2022 ല്‍ അദാനി ഗ്രൂപ്പുമായി നടത്തിയ രണ്ട് ചര്‍ച്ചകള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ടെന്നും, ചര്‍ച്ചകള്‍ നടന്ന സമയത്ത് അദാനി ഗ്രൂപ്പ് സെബിയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ജയറ് രമേശ് ചൂണ്ടിക്കാണിക്കുന്നത്. സെബി ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം. അദാനി ഗ്രൂപ്പിനെതിരായ ബാക്കിയുള്ള അന്വേഷണം സുപ്രിം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്നും, മാധബിയും ഭര്‍ത്താവും രാജ്യം വിട്ടു പോകാതിരിക്കാന്‍ എല്ല വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെടുന്നു.  Hindenburg report adani group sebi chief madhabi buch had stake in adani offshore entities

Content Summary; Hindenburg report adani group sebi chief madhabi buch had stake in adani offshore entities

Share on

മറ്റുവാര്‍ത്തകള്‍