UPDATES

‘നിക്ഷേപം നടത്തിയത് മാധബി സെബിയില്‍ ചേരുന്നതിനും രണ്ടു വര്‍ഷം മുമ്പ്’

ഹിന്‍ഡന്‍ബര്‍ഗിനെ തള്ളി ബുച്ച് ദമ്പതിമാര്‍

                       

മാധബി പുരി ബുച്ച് സെബിയുടെ ഭാഗമാകുന്നതിനും രണ്ടു വര്‍ഷം മുമ്പ് തന്നെ തങ്ങള്‍ക്ക് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓഫ്‌ഷോര്‍ സ്ഥാപനങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തിയിരുന്നതായി ബുച്ച് ദമ്പതിമാര്‍. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവലിനും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഓഫ്ഷോര്‍ സ്ഥാപനങ്ങളില്‍ ഓഹരിയുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് ആരോപണം പുറത്തു വന്നതിനു പിന്നാലെയാണ് ബുച്ച് ദമ്പതിമാര്‍ വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണന്നും സത്യത്തിന്റെ കണികപോലും ഇല്ലാത്തതാണെന്നും ദമ്പതിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പിനെതിരേ ഫലപ്രദമായ അന്വേഷണങ്ങള്‍ നടക്കാത്തതിനു കാരണം സെബി ചെയര്‍പേഴ്‌സണ് അദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപമുണ്ടെന്നതായിരിക്കാമെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

2015 ലാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്ന ഓഹരി നിക്ഷേപം തങ്ങള്‍ നടത്തുന്നത്, ആ കാലത്ത് തങ്ങള്‍ രണ്ടു പേരും തീര്‍ത്തും സ്വകാര്യ വ്യക്തികളായി സിംഗപ്പൂരില്‍ താമസിച്ചു വരികയായിരുന്നു. ഇതിന് രണ്ടു വര്‍ഷം കഴിഞ്ഞാണ് മാധബി സെബിയില്‍ ഒരു പൂര്‍ണ സമയ അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്’ ബുച്ച് ദമ്പതിമാരുടെ പ്രസ്താവനയില്‍ പറയുന്നു.

ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്‌മെന്റ് ഫണ്ടില്‍ നിക്ഷേപം നടത്താനുള്ള ഒരു കാരണം, സ്ഥാപനത്തിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ അനില്‍ അഹൂജ ധവലിനൊപ്പം സ്‌കൂളിലും ഐഐടി ഡല്‍ഹിയിലും ഒപ്പം പഠിച്ചിട്ടുള്ള ബാല്യകാല സുഹൃത്ത് ആയതാണെന്നും ബുച്ച് ദമ്പതിമാര്‍ പറയുന്നു. സുഹൃത്ത് എന്നതിനപ്പുറം അനില്‍ സിറ്റി ബാങ്ക്, ജെ പി മോര്‍ഗന്‍ 3ഐ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള, പതിറ്റാണ്ടുകളായി നിക്ഷേപ മേഖലയില്‍ അനുഭവ പരിചയമുള്ള ഒരാള്‍ കൂടിയാണെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ നടത്തിയ വിവിധ നിയമലംഘനങ്ങള്‍ക്ക് ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിന് മറുപടി നല്‍കുന്നതിന് പകരം, സെബിയുടെ വിശ്വാസ്യത തകര്‍ക്കാനും അതിന്റെ ചെയര്‍പേഴ്‌സണെ വ്യക്തിഹത്യ ചെയ്യാനുമാണ് ശ്രമിക്കുന്നതെന്നും ബുച്ച് ദമ്പതിമാര്‍ പ്രസ്താവനയിലൂടെ അപലപിക്കുന്നു.

ഓഹരി കമ്പനിയായ ബ്ലാക്‌സ്റ്റോണിന്റെ റിയല്‍ എസ്‌റ്റേറ്റ് വിഭാഗവുമായി ധവലിന് ബന്ധമില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. അതുപോലെ, മാധുരിയുടെ പേരിലുണ്ടായിരുന്ന രണ്ട് കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ അവര്‍ സെബിയില്‍ ചേര്‍ന്നതിനു പിന്നാലെ പ്രവര്‍ത്തനരഹിതമായിരുന്നുവെന്നും ദമ്പതിമാര്‍ അവകാശപ്പെടുന്നു.

‘സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പ് ബന്ധം ആരോപിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്

ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഉപയോഗിച്ച അതേ ഫണ്ട് തന്നെയാണ് സെബി ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കുന്നതെന്നായിരുന്നു ശനിയാഴ്ച്ച പുറത്തു വന്ന ഹിന്‍ഡര്‍ ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. 2023 ലാണ് അദാനി ഗ്രൂപ്പിനെതിരേയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആദ്യം പുറത്തു വരുന്നത്. ഓഹരി വിപണയില്‍ അദാനി ഗ്രൂപ്പ് വലിയ തട്ടിപ്പുകള്‍ നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് സെബിയാണ്. സിബിഐ അന്വേഷണവും കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവും വേണ്ടായെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെബിയുടെ ഭാഗത്ത് നിന്നും അദാനി ഗ്രൂപ്പിനെതിരേ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും, വിവരങ്ങള്‍ ചൂണ്ടിക്കാണിച്ച തങ്ങളെ പ്രതികളാക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അതിനുള്ള കാരണമായാണ് മാധുരി ബുച്ചിനെതിരായ തെളിവ് അവര്‍ പുറത്തു കൊണ്ടുവരുന്നത്.  Hindenburg research report allegation against sebi chairperson madhabi puri buch and her husband dhaval adani group

Content Summary; Hindenburg research report allegation against sebi chairperson madhabi puri buch and her husband dhaval adani group

Share on

മറ്റുവാര്‍ത്തകള്‍