UPDATES

ആ ഓര്‍മകള്‍ നശിക്കില്ല; മെര്‍ലിന്‍ മണ്‍റോയുടെ വസതി ഇനി ചരിത്ര സ്മാരകം

ആരാധകരുടെ നീണ്ട നാളത്തെ പോരാട്ടം കൂടിയാണ് വിജയം കണ്ടത്

                       

പോരാട്ടങ്ങള്‍ ഫലം കണ്ടു. മെര്‍ലിന്‍ മണ്‍റോയുടെ സ്വപ്‌ന വസതി പൊളിക്കില്ല, അത് ചരിത്രസ്മാരകമായി നിലനിര്‍ത്തും.

വിശ്വ പ്രസിദ്ധയായ ഹോളിവുഡ് താരത്തിന്റെ ലോസ് ആഞ്ചല്‍സിലെ ബ്രെന്റ്‌വുഡില്‍ സ്ഥിതി ചെയ്യുന്ന വസതിയാണ് സംരക്ഷിക്കാന്‍ തീരുമാനമായത്. ലോസ് ആഞ്ചല്‍സ് സിറ്റി കൗണ്‍സില്‍ ഏകകണ്ഠമായി വോട്ട് ചെയ്ത് അംഗീകരിച്ചാണ് മെര്‍ലിന്‍ മണ്‍റോയുടെ വസതി ചരിത്രസ്മാരകമായി സംരക്ഷിക്കാനുള്ള തീരുമാനം എടുത്തത്. ‘ അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ഇപ്പോള്‍ ചെയ്യാനുള്ള അവസരം നമുക്കുണ്ട്. ലോസ് ആഞ്ചല്‍സ് നഗരത്തില്‍ മെര്‍ലിന്‍ മണ്‍റോയെയും അവരുടെ ബ്രെന്റ്‌വുഡ് വസതിയെയും പോലെ ചരിത്രപ്രധാനമായ മറ്റൊന്നുമില്ല’ എന്നാണ് കൗണ്‍സില്‍ അംഗം ട്രെസി പാര്‍ക്ക് അസംബ്ലിയില്‍ പറഞ്ഞത്.

മെര്‍ലിന്റെ ജീവിത കാലയളവില്‍ അവര്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഏക വസതിയാണ് ബ്രെന്‍ഡ്‌വുഡിലേത്. വസതിയുടെ ഇപ്പോഴത്തെ ഉടമസ്ഥരാണ് അത് പൊളിക്കാനുള്ള തീരുമാനം എടുത്ത്. ഇതിനെതിരേ ആരാധകര്‍ രംഗത്തു വന്നു. മര്‍ലിന്റെ വസതി പൊളിക്കരുതെന്നും ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്നാണ് ലോസ് ആഞ്ചല്‍സ് സിറ്റി കൗണ്‍സിലര്‍ ട്രെസി പാര്‍ക്ക് വിഷയത്തില്‍ ഇടപെടുന്നത്. പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് തനിക്ക് നൂറു കണക്കിന് ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്ന് കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പാര്‍ക്ക് പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ക്ക് ഈ വിഷയത്തില്‍ എടപെടുന്നതിനു മുമ്പ് തന്നെ ഉടമസ്ഥര്‍ക്ക് വസതി പൊളിക്കാനുള്ള അനുമതി ബില്‍ഡിംഗ് ആന്‍ഡ് സേഫ്റ്റി വകുപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ചരിത്രസ്മാരകമായി സംരക്ഷിക്കേണ്ട വസതി പൊളിക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം കൗണ്‍സില്‍ യോഗത്തില്‍ പാര്‍ക്ക് അവതരിപ്പിക്കുന്നത്. 2023 സെപ്തംബര്‍ എട്ടിന് കൗണ്‍സില്‍ യോഗം പ്രമേയം അംഗീകരിച്ചു. നഗരത്തിന്റെ അടയാളമായി നിലകൊള്ളുന്ന മെര്‍ലിന്‍ മണ്‍റോയുടെ വസതിയില്‍ യാതൊരുവിധ മാറ്റവും വരുത്തരുതെന്നായിരുന്നു യോഗം തീരുമാനമെടുത്തത്. ആ നടപടിയെ പിന്തുടര്‍ന്നാണ് ഇപ്പോള്‍ മെര്‍ലിന്റെ വസതി ചരിത്രസ്മാരകമാക്കാന്‍ തീരുമാനമായിരിക്കുന്നത്.

2,900 ചതുരശ്ര അടിയില്‍ സ്പാനീഷ് കൊളോണിയല്‍ ശൈലിയില്‍ ഒറ്റ നിലയില്‍ പരന്നു കിടുക്കുന്നതായിരുന്നു ‘ Cursum Perfico’ എന്ന് മെര്‍ലിന്‍ പേരിട്ട ഈ വസതി. ‘ എന്റെ യാത്ര ഇവിടെ അവസാനിക്കുന്നു’ എന്നായിരുന്നു ആ ലാറ്റിന്‍ വാക്കിന്റെ അര്‍ത്ഥം. 12305, ഫിഫ്ത് ഹെലേന ഡ്രൈവ് എന്ന വിലാസമായിരുന്നു മെര്‍ലിന്റെ അവസാന വിലാസം.

ഹോളിവുഡിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ താര റാണിയായി മാറുന്നതിന് മുമ്പ് ബാല്യവും കൗമാരവും അനാഥാലയങ്ങളിലും പരിചരണ കേന്ദ്രങ്ങളിലുമായി കഴിയേണ്ടി വന്ന മെര്‍ലിന്‍ മൂന്നാം ഭര്‍ത്താവും നാടകൃത്തുമായ ആര്‍തര്‍ മില്ലറുമായി വേര്‍പിരിഞ്ഞ ശേഷം മരണം വരെ ഒറ്റയ്ക്കുള്ളള ജീവിതമായിരുന്നു നയിച്ചിരുന്നത്. ഈ കാലത്താണ് മെര്‍ലിന്‍ ബ്രെന്റ്‌വുഡിലെ വസതി സ്വന്തമാക്കുന്നത്. അവരുടെ ജീവിതത്തില്‍ സ്വന്തമാക്കിയ ഒരേയൊരു വസതിയും അതു മാത്രമായിരുന്നു. ആ വീട്ടിലെ കിടപ്പുമുറിയിലായിരുന്നു 36 മത്തെ വയസില്‍ ഇതിഹാസ റാണി ജീവനറ്റ് കിടന്നിരുന്നതും. തന്റെ സ്വന്തമായിരുന്നു വീടിന്റെ പേര് പോലെ തന്നെ, ആ യാത്ര അവിടെ അവസാനിച്ചു.

1960 കളുടെ തുടക്കത്തിലാണ് മെര്‍ലിന്‍ വസതി സ്വന്തമാക്കുന്നത്. 1929 ല്‍ നിര്‍മിച്ചതായിരുന്നു അത്. 75,000 ഡോളറിനാണ് വാങ്ങിയത്. നീന്തല്‍ കുളവും അതിഥി മന്ദിരവുമൊക്കെയുണ്ടായിരുന്നു. 2017 ല്‍ ഇത് ഡാന്‍ ലൂക്കോസിന്റെ ഗ്ലോറി ഓഫ് ദ സ്‌നോ എല്‍ സി കമ്പനി 7.25 മില്യണ്‍ ഡോളര്‍ കൊടുത്ത് സ്വന്തമാക്കി. അവരത് പിന്നീട് ആന്‍ഡ്രു സഹ്യൂര്‍ ട്രസ്റ്റി ആയ ഗ്ലോറി ഓഫ് ദ സ്‌നോ ട്രസ്റ്റിന് 8.35 മില്യണ്‍ ഡോളറിന് വില്‍പ്പന നടത്തി. ഒടുവിലത്തെ ഉടമസ്ഥരായിരുന്നു മെര്‍ലിന്റെ ഓര്‍മകള്‍ തങ്ങി നില്‍ക്കുന്ന വസതി പൊളിക്കാനുള്ള തീരുമാനമെടുത്തത്.

Content Summary; Hollywood icon marilyn monroe’s los angeles home named a historic cultural monument

Share on

മറ്റുവാര്‍ത്തകള്‍