കര്‍ഷകര്‍, സ്ത്രീകള്‍, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവരുടെ പരാതികള്‍ പരിഹരിക്കാനായി ഏകദേശം ആറ് മാസത്തോളമായി നടത്തിയ പ്രവര്‍ത്തനങ്ങളും തിരുത്തലുകളും ലക്ഷ്യബോധത്തോടെയുള്ള ജനകീയ പരിപാടികളും ഫലം കണ്ടു എന്നാണ് മഹാരാഷ്ട്രയിലെ ബിജെപി, ശിവസേന, എന്‍സിപി എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യത്തിന്റെ വിജയം കാണിക്കുന്നത്. 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് സഖ്യത്തിന്റെ പകരം വീട്ടലുമായി. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 17 ല്‍ മാത്രമാണ് വിജയിക്കാനായത്. ആ വീഴ്ച്ചയില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. ബിജെപി മഹാരാഷ്ട്രയില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി പദം കൈപ്പിടിയിലാക്കാനും ബിജെപി ശ്രമം തുടങ്ങിയിട്ടുണ്ട്.
ആര്‍എസ്എസുമായുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതാണ് ബിജെപിയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകം. ആര്‍എസ്എസ് ഇത്തവണ മഹായുതിയുടെ വിജയത്തിനായി ആത്മര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. ‘ഏക് ഹേ തോ സേഫ് ഹേ’ (‘ഒരുമിച്ച് ഞങ്ങള്‍ സുരക്ഷിതരാണ്’), ‘ബാതേംഗെ തോ കാതേംഗേ’ (‘വിഭജിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ വീഴുന്നു’) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഒരു കടുത്ത ഹിന്ദുത്വ അജണ്ടയാണ് ബിജെപി ഇത്തവണ മുന്നോട്ട് വച്ചത്. മുസ്ലിം, ദളിത്, ഒബിസി വോട്ടുകള്‍ ഏകീകരിക്കാനായിരുന്നു എംവിഎ ശ്രമിച്ചത്, അതിലവര്‍ അത്ര വിജയിച്ചില്ല.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഏതാണ്ട് 35 ആര്‍എസ്എസ് അനുബന്ധ സംഘടനകള്‍ നടത്തിയ സജീവമായ ഇടപെടല്‍ ബിജെപിക്ക് ഗുണം ചെയ്തിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനെ ഗൗരവപൂര്‍വമായാണ് സമീപിച്ചതെന്നും, കേഡര്‍മാരെ വീടുതോറുമുള്ള പ്രചാരണത്തിനായി ഇറക്കുകയും ചെയ്തിരുന്നുവെന്നാണ് ഒരു മുതിര്‍ന്ന സംഘ നേതാവ് പറഞ്ഞത്. ‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായ ജാതി മത ധ്രുവീകരണത്തിന്റെ അപകടങ്ങള്‍ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
തന്ത്രപരമായ പ്രതികരണങ്ങള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി തങ്ങളുടെ തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കാന്‍ ബിജെപിയെ ഉടനടി നിര്‍ബന്ധിതരാക്കിയിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും അത് നിസ്സാരമായി കാണാനാകില്ലെന്നും നേതൃത്വം തിരിച്ചറിഞ്ഞു. അയല്‍സംസ്ഥാനമായ മധ്യപ്രദേശില്‍ നിന്ന് ചില തന്ത്രങ്ങള്‍ അവര്‍ സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ അവതരിപ്പിച്ച മജ്ഹി ലഡ്കി ബഹിന്‍ യോജന അതിലൊന്നായിരുന്നു. 18 മുതല്‍ 65 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് 1,500 രൂപ പ്രതിമാസ അലവന്‍സ് വാഗ്ദാനം ചെയ്യുന്ന ഒരു ജനകീയ സംരംഭമാണിത്(വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇത് 2,100 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു ഇത്തവണത്തെ വാഗ്ദാനം). ഈ പദ്ധതി ഏകദേശം 2.25 കോടി സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നു. സംസ്ഥാനത്തെ മൊത്തം സ്ത്രീ ജനസംഖ്യയുടെ 55% വരുമിത്. നാല് മാസത്തിനിടെ, പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് 7,500 രൂപ പദ്ധതിയിലൂടെ ലഭിക്കുകയും ചെയ്തു. ഇത്തവണ വോട്ടവകാശം നേടിയ 52 ലക്ഷം പുതിയ വോട്ടര്‍മാരുളില്‍ ആറ് ശതമാനത്തോളം വനിതാ വോട്ടര്‍മാരായിരുന്നു. ഇവരുടെ പിന്തുണ ഭരണകക്ഷിക്ക് ഉറപ്പിക്കാനുമായി.
ജാതി സമവാക്യങ്ങളെ വരുതിയിലാക്കുന്നു
മഹാരാഷ്ട്രയിലെ സങ്കീര്‍ണ്ണമായ ജാതി സമവാക്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതായിരുന്നു മഹായുതിയുടെ പ്രധാന വെല്ലുവിളി. മനോജ് ജാരന്‍ഗെ-പാട്ടീലിന്റെ നേതൃത്വത്തില്‍ നടന്ന മറാഠ ക്വാട്ട പ്രക്ഷോഭം മറാത്തകളെയും ഒബിസികളെയും, പ്രത്യേകിച്ച് മറാത്താവാഡയിലും വടക്ക്, പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മറാഠ വോട്ടുകള്‍ ബിജെപിക്ക് നഷ്ടപ്പെടാന്‍ ഈ പ്രക്ഷോഭം കാരണമാകുമെന്നായിരുന്നു നിഗമനങ്ങള്‍. ശരദ് പവാറിന്റെ എന്‍സിപിക്ക് ഗുണം ചെയ്യുമെന്നും കരുതി. എന്നാല്‍, മറാത്തകളും ഒബിസികളും തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി മുന്നോട്ടുവച്ച ‘ഹിന്ദു ഐക്യം’ എന്ന അജണ്ടയിലൂടെ കാര്യങ്ങള്‍ തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ ബിജെപിക്ക് കഴിഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 33% വരുന്നവരും, രാഷ്ട്രീയമായി നിര്‍ണായകവുമായ ഈ സമൂഹത്തിന്റെ ബിജെപി വിരുദ്ധ വികാരം തണുപ്പിക്കാനായി മറാത്ത പരാതികള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അത്യദ്ധ്വാനം നടത്തിയിരുന്നു. ജാരന്‍ഗെ-പാട്ടീലിന്റെ നേതൃത്വശേഷിയുടെ ദുര്‍ബലതയും ദേവേന്ദ്ര ഫഡ്‌നാവിസിനെ പ്രത്യേകം ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തികളും പ്രക്ഷോഭത്തിന്റെ ആഘാതം കുറയ്ക്കാനാണ് സഹായിച്ചത്. മറാത്ത ക്രാന്തി മോര്‍ച്ചയിലെ പല നേതാക്കളും സംവരണവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങള്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആശങ്കയുള്ളവരുമായിരുന്നു.
ഒബിസി വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നു
സംസ്ഥാന തിരഞ്ഞെടുപ്പിലെ നിര്‍ണായക ഘടകമായ ഒബിസി വോട്ടുകള്‍ ഏകീകരിക്കുകയെന്ന വെല്ലുവിളിയും ബിജെപിക്കു മുന്നിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെയും സംസ്ഥാന ബിജെപി നേതാക്കളുടെയും നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ 353 ഒബിസി സമുദായങ്ങളെ ഒന്നിപ്പിക്കാന്‍ പാര്‍ട്ടി വിപുലമായ പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി, കേന്ദ്ര ഒബിസി പട്ടികയില്‍ ഏഴ് ഒബിസി ഉപജാതികളെക്കൂടി ഉള്‍പ്പെടുത്താന്‍ ബിജെപി നിര്‍ദേശിച്ചു. ഇത് ജനസംഖ്യയുടെ 38% വരുന്ന ഒബിസി വോട്ടര്‍മാരില്‍ പാര്‍ട്ടിയോടുള്ള താത്പര്യം സൃഷ്ടിച്ചു. സംസ്ഥാനത്തെ 288 നിയോജകമണ്ഡലങ്ങളില്‍ 175 ലും ഒബിസി വോട്ടുകള്‍ നിര്‍ണായകമായിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍, സംവരണത്തെക്കുറിച്ചുള്ള ബിജെപിയുടെ നിലപാടില്‍ ആശങ്കപ്പെട്ട ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ കൂറ് എംവിഎ സഖ്യത്തോടാണ് കാണിച്ചത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുള്ള ഭരണഘടനാ ചര്‍ച്ചകള്‍ക്ക് വലിയ സ്വാധീനം ഉണ്ടാക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞ ബിജെപിക്ക് ദളിത് വിരുദ്ധ വികാരം ഫലപ്രദമായി മറികടക്കാന്‍ സാധിച്ചു.
കര്‍ഷകരെ അനുനയിപ്പിക്കുന്നു
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 65% കൃഷിയെ ആശ്രയിക്കുന്നവരായതിനാല്‍, ഗ്രാമീണ പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് വിദര്‍ഭയിലെയും മറാത്താവാഡയിലെയും പ്രശ്‌നങ്ങള്‍ ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച വിഷയമായിരുന്നു. ലോക്‌സഭ തിരഞ്ഞെടിപ്പിലും കര്‍ഷക പ്രതിഷേധം, പ്രത്യേകിച്ച് സോയാബീന്‍, പരുത്തി തുടങ്ങിയ വിളകളുടെ മിനിമം താങ്ങുവില (എംഎസ്പി)യുമംായി ബന്ധപ്പെട്ടുള്ള പരാതി ഒരു മുഖ്യ വിഷയമായിരുന്നു. ഇതിന്റെ പ്രത്യാഘാതം ലോക്‌സഭ തിരഞ്ഞെടിപ്പില്‍ ഉണ്ടായതുകൊണ്ട്്, 7.5 എച്ച്പി വരെ പമ്പുകള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി ഉള്‍പ്പെടെ നിരവധി കര്‍ഷക സൗഹൃദ നടപടികള്‍ മഹായുതി സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. വിള വായ്പ എഴുതിത്തള്ളുമെന്നായിരുന്നു ബിജെപി വാഗ്ദാനം. ഭവന്തര്‍ യോജന വഴി കര്‍ഷകര്‍ക്ക് എംഎസ്പിയും സംഭരണ നിരക്കും തമ്മിലുള്ള നഷ്ടത്തിന് പരിഹാരം നല്‍കുമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.
ഇത്തരം ജനകീയ നടപടികളും, പ്രധാന വോട്ടര്‍ ബ്ലോക്കുകളിലേക്കുള്ള തന്ത്രപരമായ പ്രവേശനവും മഹാരാഷ്ട്രയുടെ മനസ് മഹായുതി സഖ്യത്തിന് അനുകൂലമാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു, ഇതിന്റെ തെളിവായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യത്തിന്റെയും നിര്‍ണായക വിജയം. How BJP led a landslide in Maharashtra
Content Summary; How BJP led a landslide in Maharashtra