March 27, 2025 |

ഇറാഖിലെ ശൈശവ വിവാഹങ്ങളും ഉപഭോഗവസ്തുക്കളാകുന്ന സ്ത്രീ ജീവിതവും

ഇറാഖിലെ ശൈശവ വിവാഹങ്ങൾ ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ആഗോള മുന്നേറ്റത്തിന് വലിയ തിരിച്ചിടിയാണ്

ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും ഗുരുതരമായി തുടരുന്ന ഒരു പ്രശ്‌നമാണ് ശൈശവ വിവാഹം. ഇറാഖിലെ ശൈശവ വിവാഹ നിയമം ആശങ്കാജനകമാണ്. മതപരമായ വിശ്വാസങ്ങളുടെയും പ്രാദേശിക ആചാരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന ഇറാഖിലെ ശൈശവ വിവാഹങ്ങൾ ലിംഗ സമത്വത്തിനും സ്ത്രീശാക്തീകരണത്തിനുമുള്ള ആഗോള മുന്നേറ്റത്തിന് വലിയ തിരിച്ചിടിയാണ്. പല രാജ്യങ്ങളും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നൽകി വിവാഹം തീർത്തും വ്യക്തിയുടെ സ്വാതന്ത്ര്യമായി കാണുന്ന ഈ കാലത്ത്, ഇറാഖിന്റെ പെൺകുട്ടികൾക്കെതിരായ ശൈശവ വിവാഹ നിയമം അവരുടെ അവസരങ്ങളെയും ജീവിതത്തെയും ഹനിക്കുന്ന ഒന്നാണ്.

ഈ പ്രശ്‌നം വരുത്തുന്ന ദോഷങ്ങൾ ചെറുതല്ല. ഇറാഖിന്റെ സാമൂഹിക നയങ്ങൾ അന്താരാഷ്ട്രാ മനുഷ്യാവകാശ നയങ്ങളെയും ആധുനിക ലോകത്തിന്റെ ആശയങ്ങളെയും വെല്ലുവിളിക്കുന്നതാണ്. ഇറാഖിൽ വർധിച്ചുവരുന്ന സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങൾ കണക്കിലെടുക്കുമ്പോൾ, ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നത് ധാർമികമായ ഉത്തരവാധിത്വം എന്നതിനപ്പുറം ലോകരാജ്യങ്ങളുടെ നിലനിൽപ്പിന്റെ കൂടി പ്രശ്‌നമാണ്.

ഇറാഖിലെ ശൈശവ വിവാഹത്തിന് അതിന്റെ ചരിത്രവും മതങ്ങളുമായി വളരെയധികം ബന്ധമുണ്ട്. ഇറാഖിന്റെ നിയമ വ്യവസ്ഥകളിൽ ഭൂരിഭാഗവും രൂപപ്പെടുത്തിയ ശരിയ നിയമം ചില വ്യവസ്ഥകളോടുകൂടി ശൈശവ വിവാഹം അനുവദിക്കുന്നു. പല കേസുകളിലും പെൺകുട്ടിയുടെ ശാരീരിക പക്വതയാണ് അടിസ്ഥാനം. നൂറ്റാണ്ടുകളായി മതങ്ങളും ഗോത്രങ്ങളുമെല്ലാം ശൈശവ വിവാഹത്തെ ന്യായികരിക്കുന്നതിന് ഈ നിയമം ഉപയോഗിക്കാറുണ്ട്. കുട്ടികളിൽ പാശ്ചാത്യ സംസ്‌കാരം ഇല്ലാതാക്കുന്നതിനും, ഇസ്ലാം രീതികൾ ശക്തിപ്പെടുത്തുന്നതിനുമാണ് നിയമമെന്നാണ് ഇറാഖിന്റെ വാദം.

1959ൽ ഖാസിം സർക്കാർ നടപ്പിലാക്കിയ വ്യക്തിനിയമത്തിലാണ് ഭേദഗതി വരുന്നത്. ഇറാഖിലെ രാജവാഴ്ചയുടെ പതനത്തിനു ശേഷമാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ കുടുംബ വ്യവസ്ഥകളുടെ അധികാരം മതാധികാരികളിൽ നിന്ന് രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ കീഴിലേക്ക് മാറുകയായിരുന്നു. ഈ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കോടതികൾക്ക് പകരം വിവാഹ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതമേലധികാരികൾക്ക് കഴിയും.

ആറാമത്തെ ഷിയ ഇമാം ജാഫർ അൽ സാദിഖിന്റെ പേരിലുള്ള ജഅ്ഫാരി നിയമ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. യുണിസെഫിന്റെ കണക്കുകൾ പ്രകാരം ഇറാഖിലെ 28 ശതമാനം പെൺകുട്ടികളും 18 വയസിന് മുൻപ് വിവാഹിതരായവരാണ്. ശൈശവ വിവാഹത്തിന്റെ നിയമസാധുത വിഷയം ഇനിയും വഷളാക്കുമെന്നതിൽ സംശയമില്ല.

പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ് ശൈശവ വിവാഹം. സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും ഉറപ്പുവരുത്താൻ പതിറ്റാണ്ടുകളായി നടത്തി വരുന്ന പരിശ്രമങ്ങളും പരിപാടികളും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതിന് തുല്യമാണ് ഈ തീരുമാനം.

content summary; How child marriage in iraq impacts women’s empowerment

×