UPDATES

കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഭൂമി പര്യാപ്തമല്ല

അതിതീവ്ര കാലാവസ്ഥയിലേക്ക് മടങ്ങി പോകുന്നുവെന്ന് പഠനം

                       

അനുദിനം മാറുന്ന കാലാവസ്ഥ മനുഷ്യന്റെ ജീവിതം ദുസ്സഹമാക്കി തീർക്കുകയാണ്. റെക്കോർഡ് താപ നിലയും ഏറ്റവും ചൂടേറിയ വർഷവും കടന്നു പോയി. പാലിയോക്ലിമറ്റോളജിസ്റ്റുകൾ എന്ന വിളിക്കപ്പെടുന്ന മുൻകാല കാലാവസ്ഥകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ, ഇന്നത്തെ താപനിലയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ചരിത്രം നോക്കുമ്പോൾ തീവ്രത ഏറിക്കൊണ്ടിരിക്കുകയാണ് എന്നാണ് പറയുന്നത്. കാലാവസ്ഥാ ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തിന് മുമ്പുള്ള കാലാവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് പാലിയോക്ലിമറ്റോളജി. ഉദാഹരണത്തിന്, 56 മില്ല്യൺ വർഷം മുതൽ 34 ദശലക്ഷം വർഷങ്ങൾ വരെ നീണ്ടുനിൽക്കുന്ന ഇയോസീൻ യുഗത്തിൽ, താപനില ഇപ്പോഴുള്ളതിനേക്കാൾ 10-15 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നുവെന്ന് പർഡ്യൂ സർവകലാശാലയിലെ വിദഗ്ധനായ മാത്യു ഹ്യൂബർ പറയുന്നു.

എന്നിരുന്നാലും, മനുഷ്യർ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്ത ഈ കാലഘട്ടത്തിൽ, അനുഭവപ്പെടുന്ന കാലാവസ്ഥ മുൻ കാലങ്ങളോട് താരതമ്യപ്പെടുത്താനാകില്ലെന്നും ഇക്കൂട്ടർ പറയുന്നുണ്ട്. ഫോസിൽ ഇന്ധനങ്ങൾ വൻതോതിൽ ഉപയോഗിക്കാൻ തുടങ്ങുന്നതിന് മുമ്പുള്ളതിനേക്കാൾ ശരാശരി 1 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് ഇപ്പോൾ ചൂട്. കുറഞ്ഞത് 125,000 വർഷമായി ഇത്രയും കൂടിയ തോതിലുള്ള താപം ഉണ്ടായിട്ടില്ല. ഈ അവസ്ഥ ഇനിയും നീണ്ടുനിൽക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ചരിത്രം പരിശോധിക്കുമ്പോൾ മനുഷ്യർ ഇതുപോലൊരു കാലാവസ്ഥയെ അഭിമുഖീകരിച്ചിട്ടില്ലെന്നും മാത്യൂ ഹ്യൂബർ പറഞ്ഞു. ‘ ഭൂമിയുടെ ചരിത്രത്തിൽ നിരവധി കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും ഹിമയുഗങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ 10,000 വർഷങ്ങളായി, കാലാവസ്ഥ താരതമ്യേന സ്ഥിരതയുള്ളതാണ്. ഈ സുസ്ഥിരമായ കാലാവസ്ഥ വലിയ നഗരങ്ങളും ഹൈവേകളും ഉൽപ്പാദനക്ഷമമായ കൃഷിയിടങ്ങളും നിർമ്മിക്കാൻ മനുഷ്യരെ സഹായിച്ചിട്ടുണ്ട്.

ഇപ്പോൾ, ഹോളോസീൻ എന്ന് വിളിക്കപ്പെടുന്ന സുസ്ഥിരമായ കാലഘട്ടത്തിൽ നിന്ന് മാറുകയാണ്, ചില ശാസ്ത്രജ്ഞർ ഈ അവസ്ഥയെ വിവരിക്കാൻ ആന്ത്രോപോസീൻ എന്ന പുതിയ പദമാണ്
നിർദ്ദേശിക്കുന്നത്. ആഗോള താപനില വ്യാവസായിക കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനടുത്തെത്തിയതിനാൽ, പ്ലീസ്റ്റോസീനിലെ കാലാവസ്ഥയോട് സാമ്യം ഉണ്ടാകാൻ ആരംഭിച്ചിട്ടുണ്ട്. ഉദ്‌വമനം കുറയ്ക്കാൻ സാധിച്ചില്ലെങ്കിൽ ഈ നൂറ്റാണ്ടിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചാൽ, ഏകദേശം 23 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മയോസീൻ യുഗത്തിന് സമാനമായിരിക്കും ഭൂമിയുടെ അവസ്ഥ.  ആധുനിക ഇൻഫ്രാസ്ട്രക്ചർ, ഇപ്പോൾ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്ന തീവ്ര കാലാവസ്ഥയ്ക്ക് വേണ്ടി രൂപകൽപ്പന ചെയ്തതല്ല എന്നതാണ് പ്രധാനം ‘ എന്നും മാത്യു ഹ്യൂബർ പറഞ്ഞു.

‘ പാലിയോസീൻ-ഇയോസീൻ തെർമൽ മാക്സിമം എന്ന് വിളിക്കപ്പെടുന്ന കാലഘട്ടത്തിൽ, ഏകദേശം 55 മില്ല്യൺ വർഷങ്ങൾക്ക് മുമ്പ്, അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുതൽ ആയതിനാൽ താപനില കുറഞ്ഞത് 5 സെൽഷ്യസ് കുതിച്ചുയർന്നു. എന്നാൽ ഈ മാറ്റം ആയിരക്കണക്കിന് വർഷങ്ങളെടുത്താണ് സംഭവിച്ചത്.  ഒരു നൂറ്റാണ്ടിനിടെയാണ് ലോകം 1 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുപിടിച്ചത്, എന്ന് ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ പാലിയോക്ലിമറ്റോളജിസ്റ്റായ ലിന പെരെസ്-ഏഞ്ചൽ വ്യക്തമാക്കി.

‘ ഇത്ര വേഗത്തിൽ സംഭവിക്കുന്ന മാറ്റം ഭൂമിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സാധാരണയായി ഇത്തരം മാറ്റങ്ങൾ ഉണ്ടാക്കാൻ സമയമെടുക്കും, അതുകൊണ്ട് തന്നെ കാര്യങ്ങളോട് പൊരുത്തപ്പെടാൻ മനുഷ്യർക്ക് കഴിയും. എന്നാൽ മാറ്റത്തിൻ്റെ വേഗത ഏറ്റവും വലിയ ആശങ്കകളിലൊന്നാണ് എന്നും ലിന കൂട്ടിച്ചേർത്തു. കാർബൺ ഡൈ ഓക്സൈഡിൻ്റെ പ്രകാശനവും ആഗിരണവും കുറയ്ക്കുന്നതാണ് താപനില നിയന്ത്രിക്കുന്നതിനുള്ള പ്രധാന മാർഗ്ഗം.

അവസാനമായി കാർബൺ ഡൈ ഓക്സൈഡിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതും അന്തരീക്ഷവും സമുദ്രങ്ങളും ചൂടാകാൻ കാരണമായത് ഏകദേശം 3 മില്യൺ വർഷങ്ങൾക്ക് മുമ്പാണ്. ഇതെല്ലാം അടിയന്തര നടപടി എടുക്കേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നതായി വിദഗ്ധർ പറയുന്നു. ‘ആഗോള താപനിലയിലെ വർദ്ധനവ് ആശ്ചര്യകരമല്ല. പക്ഷെ, ആശ്ചര്യപ്പെടുത്തുന്ന കാര്യം, ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി പ്രവർത്തിക്കുന്നില്ല’ എന്നതാണെന്നും കൊളംബിയ ക്ലൈമറ്റ് സ്കൂളിലെ കാലാവസ്ഥാ പ്രൊഫസറാ ജേസൺ സ്മെർഡൻ പറയുന്നു.

content summary;  How is Today’s Warming Different from the Past

Share on

മറ്റുവാര്‍ത്തകള്‍