UPDATES

കോടികൾ തട്ടുന്ന വ്യാജ ട്രേഡിംഗ് ആപ്പുകൾ

എങ്ങനെയാണ് ആളുകൾ തട്ടിപ്പിനിരയാകുന്നത് ?

                       

ഓൺലൈൻ ആപ്പുകളിലെ  ട്രേഡിംഗിലൂടെ നിക്ഷേപകർ തട്ടിപ്പിനിരയായ വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി നാം  കേൾക്കുകയാണ്. വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷനുകൾ വഴി നിക്ഷേപകർക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് പലപ്പോഴും സംഭവിക്കാറുള്ളത്.trading app scam

ഓൺലൈൻ തട്ടിപ്പിന്റെ തുടക്കം വളരെ ലളിതമാണ്. തങ്ങളിൽ വിശ്വാസം നേടിയെടുത്തു കഴിഞ്ഞാൽ വ്യജന്മാർ വലിയ തുക പണമായി സമ്പാദിക്കാമെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തും. എന്നാൽ വാഗ്‌ദാനങ്ങളിൽ വീണ് നിക്ഷേപിച്ചതിന് ശേഷം മാത്രമേ ഇവർക്ക് ചതിക്കുഴി തിരിച്ചറിയാനാകു. അപ്പോഴേക്കും നേട്ടത്തിന് പകരം മുതൽ മുടക്കും, ലാഭവിഹിതവും ഉൾപ്പെടെ നഷ്ടപ്പെട്ടിരിക്കും.

എങ്ങനെയാണ് ആളുകൾ ഇത്തരം തട്ടിപ്പിന് ഇരയാകുന്നത് ?

സ്റ്റോക്കുകളും മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങളും പോലുള്ളവ വാങ്ങാനും വിൽക്കാനും ഫോണിലോ കമ്പ്യൂട്ടറിലോ ഉപയോഗിക്കാനാകുന്ന ടൂളുകളാണ് ട്രേഡിംഗ് ആപ്പുകൾ. മാർക്കറ്റ് വിലകൾ തത്സമയം കാണാനും വിശകലനം ചെയ്യാനുമുള്ള ടൂളുകൾ ഇതിലുണ്ടാകും. എപ്പോൾ വേണമെങ്കിലും എവിടെയും ട്രേഡുകൾ നടത്താനും ഇതിലൂടെ കഴിയും. എന്നാൽ വ്യാജ ട്രേഡിംഗ് ആപ്പുകളിലേക്ക് എത്തുമ്പോൾ കാര്യങ്ങൾ മാറിമറിയും. ഉയർന്ന വരുമാനവും കുറഞ്ഞ അപകടസാധ്യതകളും കാണിച്ചാണ് ഇവർ ആളുകളെ പണം നിക്ഷേപിക്കാനായി പ്രേരിപ്പിക്കുക. അടുത്ത പടിയായി പണം നിക്ഷേപിക്കുകയും ആദ്യമാദ്യം ലാഭ വിഹിതം കൃത്യമായി നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടിൽ എത്തുകയും ചെയ്യും.പിന്നീട് കൂടുതൽ പണം ഈ വിശ്വാസ്യതയുടെ പുറത്ത് നിക്ഷേപിക്കുമ്പോഴായിരിക്കും അമളി തിരിച്ചറിയുക.

എങ്ങനെയാണ് കെണിയിൽ വീഴ്ത്തുന്നത് ?

സോഷ്യൽ മീഡിയ വഴിയാണ് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ തട്ടിപ്പിനിരയാകുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർ വലിയ രീതിയിൽ ക്യാമ്പെയിനിങ് നടത്തുകയും, തങ്ങൾക്ക് വലിയ ഷെയറുകൾ ലഭിക്കുന്നതായും, വിജയകരമായി ട്രേഡിംഗ് നടത്തുന്നുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യും. ഇതോടെ ആളുകൾ ആധികാരികമായി പഠിക്കാതെ പൈസ നിക്ഷേപിക്കും. വ്യാജ ട്രേഡിംഗ് ആപ്പ് ഉപയോഗിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ, നിക്ഷേപങ്ങൾ അതിവേഗം വളരുകയാണെന്ന് അവർ നികേഷപകരെ വിശ്വസിപ്പിക്കും. പണം സുരക്ഷിതവും വളരുന്നതുമാണെന്ന് വിശ്വസിക്കുന്ന തരത്തിൽ ആപ്പ് മികച്ച വരുമാനവും ലാഭവും കാണിച്ചുകൊണ്ടിരിക്കും. അതേസമയം കൃത്യമായി ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കും. ഈ മിഥ്യാധാരണക്ക് പുറത്ത് കൂടുതൽ പണം നിക്ഷേപിക്കാൻ ആളുകൾ തയ്യാറാകും. അത്രയും കാലം കൃത്യമായി ആപ്പിൽ നിന്നും, അവരുടെ തന്നെ വാട്ട്സപ്പ് ഗ്രൂപ്പുകളിൽ നിന്നും അപ്ഡേറ്റുകൾ ലഭിച്ചിരുന്നെങ്കിൽ, ചതി നടക്കുന്നതോടെ ഈ അപ്ഡേറ്റുകൾ നിലക്കും, കമ്പനിയിൽ നിന്ന് ആളുകൾക്ക് യാതൊരു വിധ പ്രതികരണവും ലഭിക്കാതെയാവും. കഴിഞ്ഞ ദിവസം മലപ്പുറം വേങ്ങര സ്വദേശി ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കപ്പെട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതുമല്ലെങ്കിൽ ഫണ്ടുകൾ ആക്‌സസ് ചെയ്യുന്നതിന് മുമ്പ് അധിക ഫീസുകളോ നികുതികളോ നൽകണമെന്ന ക്ലെയ്മുകളായിരിക്കും സ്‌കാമർ സൃഷിട്ടിച്ചിരിക്കുക. നിക്ഷേപകരിൽ നിന്ന്  കൂടുതൽ പണം നേടാനുള്ള തന്ത്രങ്ങൾ മാത്രമാണിത്. പണം തിരികെ ലഭിക്കില്ലെന്ന് മനസ്സിലാക്കുമ്പോഴേയ്ക്കും തട്ടിപ്പുകാർ അപ്രത്യക്ഷമാവുകയും ചെയ്യും.

തട്ടിപ്പ് നടക്കുന്ന രീതി എങ്ങനെയെന്ന് വിശദമാക്കുകയാണ് പേര് വെളിപ്പെടുത്താൻ  തയ്യാറല്ലാത്ത സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധൻ. ” ഇന്ന് കൂണ് പോലെയാണ് സമൂഹമാധ്യമങ്ങളിൽ വ്യജന്മാർ മുളച്ച് പൊന്തുന്നത്. അവർ പറയുന്ന ഷെയർ ലാഭം തരുന്നത് കാണുന്നതോടെ ആളുകൾ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ നിൽക്കാതെ പൈസ നിക്ഷേപിക്കും. ആളുകൾ വിട്ട് പോവാതെ അവരെ ഫോളോ ചെയ്യുന്നത് കണ്ടാൽ ഉടൻ ഇവരുടെ പേർസണൽ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടുത്താൻ തുടങ്ങും, കൂടുതൽ ലാഭമാണ് ഇവർ നൽകുന്ന വാഗ്‌ദാനം. ചിലതിൽ മാസം 1000 മുതൽ ഫീ കൊടുക്കേണ്ടി വരും. ഒരു ഗ്രൂപ്പിൽ തന്നെ 15 മുതൽ 30 പേർ വരെയുണ്ടാകും.

ചിലയിടങ്ങളിൽ ഇതിൽ കൂടുതൽ ആളുകൾ ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. ആദ്യം പൈസ കൃത്യമായി ലഭിക്കും, പിന്നെ  പേർസണൽ അക്കൗണ്ട് വ്യജന്മാർ മാനേജ് ചെയ്തത് കൊണ്ട് ലക്ഷങ്ങൾ ലാഭം കിട്ടിയതായി ഗ്രൂപ്പിൽ സ്ക്രീൻ ഷോട്ട് ഇടും, പല സാഹചര്യങ്ങളിലും ഇതും കളവായിരിക്കും. ഇതോടെ ഇവരെ വിശ്വസിച്ച് നിക്ഷേപം നടത്തിയ ആളുകൾ അവരുടെ അക്കൗണ്ട് കൂടി ഇവർക്ക് കൈ കാര്യം ചെയ്യാനായി കൊടുക്കും. പാസ് വേർഡ് അടക്കം കൈമാറും. ഈ പാസ്‌വേഡ് ഉപയോഗിച്ച് വ്യജന്മാർ പണം തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റും. ഏറ്റവുമൊടുവിൽ മാർക്കറ്റിൽ നഷ്ടം വന്നെന്ന് കാണിച്ച് നിക്ഷേപകർക്ക് ഈ പണം നഷ്ടപെട്ടിരിക്കും.” ഈ രീതിയിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

എങ്ങനെയാണ് തട്ടിപ്പ് തിരിച്ചറിയുക ?

ഏതെങ്കിലും ട്രേഡിംഗുമായോ നിക്ഷേപ ആപ്പുമായോ ഇടപഴകുന്നതിന് മുമ്പ് സമഗ്രമായ ഗവേഷണം നടത്തേണ്ടത് നിർണായകമാണ്. നിയമാനുസൃതമായി നടത്തുന്ന ട്രേഡിംഗ് ആപ്പുകൾ സെബി പോലുള്ള ഫിനാൻഷ്യൽ റെഗുലേറ്ററി അതോറിറ്റികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. ഇവ സുരക്ഷിതമായി ഉപയോഗിക്കാനാകും.

ആപ്പിൻ്റെ വിശ്വാസ്യത പരിശോധിച്ചതിന് ശേഷം മാത്രം പണം നിക്ഷേപിക്കാൻ തയ്യാറാവണം. പുതിയ ഓൺലൈൻ കോൺടാക്റ്റുകളിൽ നിന്നുള്ള നിക്ഷേപ നിർദ്ദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കൂടാതെ ചെറിയ അപകടസാധ്യതയുള്ള അസാധാരണമായ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങളിൽ എപ്പോഴും സംശയം പ്രകടിപ്പിക്കുക, കാരണം ഇവ തട്ടിപ്പുകാർ ഉപയോഗിക്കുന്ന സാധാരണ തന്ത്രങ്ങളാണ്. ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പോലുള്ള വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങൾ അപരിചിതരുമായി പങ്കിടുന്നത് ഒഴിവാക്കേണ്ടത് പ്രധാനമാണ്. പണം മോഷ്ടിക്കാൻ തട്ടിപ്പുകാർക്ക് ഈ വിവരങ്ങൾ ഉപയോഗിക്കാം. നിക്ഷേപങ്ങളിൽ ദ്രുതഗതിയിൽ തീരുമാനങ്ങളെടുക്കരുത്. സമഗ്രമായ ഗവേഷണം നടത്താനും ഏത് നിക്ഷേപ അവസരവും പരിഗണിക്കാനും സമയമെടുക്കുന്നത് സ്വാഭാവികമാണ്. നിക്ഷേപങ്ങളുമായി പരിചയമുള്ള വിശ്വസ്ത സാമ്പത്തിക ഉപദേഷ്ടാക്കളുടെ സഹായം തേടുന്നതും ഗുണം ചെയ്യും.trading app scam

Content summary; How to avoid falling victim to a trading app scam

Share on

മറ്റുവാര്‍ത്തകള്‍