അനാവശ്യ വിവാദമുണ്ടാക്കുന്നവർ വിജയത്തിൻറെ ശത്രുക്കളാണ്
വിവാദങ്ങൾക്ക് സ്വർണ്ണ മെഡൽ കൊണ്ട് മറുപടി പറഞ്ഞ് ഇമാനെ ഖലീഫ്. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായ വേട്ടയാടിയവർക്കുള്ള മറുപടികൂടിയാണ് ഇമാനെയുടെ സ്വർണ്ണനേട്ടം. ഇമാനെ സ്ത്രീയല്ല പുരുഷനാണ് എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വലിയ തോതിലുള്ള പ്രചാരങ്ങൾ നടന്നിരുന്നു. ഇമാനെ സ്ത്രീയല്ല പുരുഷ ബോക്സറാണെന്ന വിമർശനവുമായി ഡൊണാൾഡ് ട്രംപ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. പ്രീ ക്വാട്ടർ മത്സരങ്ങളിൽ ഇറ്റലിയുടെ ഏഞ്ചെല കാരിനി, മത്സരം തുടങ്ങി 46 സെക്കൻഡിൽ പിന്മാറിയതോടെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് വിഭാഗത്തിൽ ലോക ചാമ്പ്യൻ ചൈനയിൽ നിന്നുള്ള യാങ് ലിയുവിനെ തോൽപിച്ചാണ് ഇമാനെയുടെ നേട്ടം. ബോക്‌സിംഗിൽ ഒളിമ്പിക്‌സ് സ്വർണം നേടുന്ന ആദ്യ അൾജീരിയൻ വനിതയും 1996നു ശേഷം സ്വർണം നേടുന്ന ആദ്യ അൾജീരിയൻ ബോക്‌സറുമാണ് ഇമാനെ ഖലീഫ്.
‘ മത്സരിക്കാൻ ഞാൻ യോഗ്യയാണ്. മറ്റേതൊരു സ്ത്രീയെയും പോലെ തന്നെയാണ് ഞാനും. ഞാൻ സ്ത്രീയായി ജനിച്ചു, സ്ത്രീയായി ജീവിക്കുന്നു, അതുകൊണ്ട് സ്ത്രീയായി തന്നെ മത്സരിക്കുന്നു. എന്നെ സംശയിക്കുന്നവർ വിജയത്തിൻ്റെ ശത്രുക്കൾ മാത്രമാണ്. എനിക്കെതിരെയുള്ള ആക്രമണങ്ങൾ യഥാർത്ഥത്തിൽ എൻ്റെ വിജയത്തെ കൂടുതൽ മധുരമുള്ളതാക്കുകയാണ്. എട്ടു വർഷമായുള്ള എന്റെ സ്വപ്നമാണ് ഇതെന്നും’ വിജയത്തിന് ശേഷം ഇമാനെ ഖലീഫ് പറഞ്ഞു.
പുരുഷ ക്രോമസോമുകളുണ്ടെന്ന് ആരോപിച്ച് അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷൻ ലിംഗ പരിശോധനയിൽ ഇമാനെയെ ആയോഗ്യയാക്കിരുന്നു. ലിംഗ യോഗ്യത പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
അന്താരാഷ്ട്ര ബോക്‌സിംഗ് അസോസിയേഷനെ (ഐബിഎ) ബോക്‌സിംഗിൻ്റെ ഔദ്യോഗിക ഗവേണിംഗ് ബോഡിയിൽ നിന്ന് അഴിമതി, സാമ്പത്തിക പ്രശ്‌നങ്ങൾ, മോശം മാനേജ്‌മെൻ്റ് എന്നിവ മൂലം ഒളിമ്പിക്‌സിൽ നിന്ന് പുറത്താക്കാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചിരുന്നു.
‘എനിക്കിപ്പോൾ എന്നോട് തന്നെ ബഹുമാനം തോന്നുന്നു, സോഷ്യൽ മീഡിയയിൽ താൻ നേരിട്ട ആക്രമണങ്ങൾ വേദനിപ്പിക്കുന്നതും അർത്ഥശൂന്യവുമായിരുന്നു. അനാവശ്യ വിവാദമുണ്ടാക്കുന്നവർ വിജയത്തിൻറെ ശത്രുക്കളാണ്, എങ്കിലും എന്റെ മെഡൽ നേട്ടത്തോടെ അത്തരക്കാരുടെ കാഴ്ചപ്പാടുകൾ മാറുമെന്നും ഞാൻ കരുതുന്നു’ എന്നും ഇമാനെ പറഞ്ഞു.
2018 മുതൽ ഞാൻ ഐബിഎയുടെ കീഴിൽ ബോക്സിംഗ് ചെയ്യുന്നുണ്ട്, അവർക്ക് എന്നെ നന്നായി അറിയാം, വർഷങ്ങളായുള്ള എന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവർ ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ അവരെന്നെ തിരിച്ചറിഞ്ഞിട്ടില്ല. അവർക്ക് എന്നെ ഇഷ്ടമല്ലെന്ന് തോന്നുന്നു, എന്തുകൊണ്ടെന്ന് എനിക്കറിയില്ല. അന്തസ്സും അഭിമാനവും മറ്റെന്തിനേക്കാളും പ്രധാനമാണ് എന്ന സന്ദേശമാണ് എന്റെ മെഡൽ കൊണ്ട് ഞാൻ അവർക്ക് നൽകുന്ന മറുപടി.
ഫൈനൽ മത്സരത്തിൽ ചൈനയുടെ യാങ് ആദ്യ റൗണ്ടിൽ ശക്തമായി ആക്രമിച്ചെങ്കിലും അവസാനമാകുമ്പോഴേക്കും ഇമാനെ ശക്തമായി തിരിച്ചടിക്കുകയിരുന്നു. ആക്രമണം കനത്തതോടെ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും വർഷങ്ങളുടെ അനുഭവവും പരിചയസമ്പത്തുമുള്ള യാങ് ഇമാനേയ്ക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു.
content summary; ‘I am a woman’ Imane Khelif hits back in gender row after claiming gold