1999 അവസാനം ഇന്ത്യന്‍ എയര്‍ലൈന്‍സ് 814 വിമാനം നേപ്പാളിലെ കാണ്ഡമണ്ഠുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കണ്ഡഹാറിലെത്തിച്ച് കുപ്രസിദ്ധരായ മൂന്ന് ഭീകരവാദികളെ വിട്ടു നല്‍കാന്‍ നിര്‍ബന്ധിതമാക്കിയ വിമാനറാഞ്ചലിന്റെ മുഖ്യസൂത്രധാരന്‍ എന്ന് കരുതപ്പെടുന്ന അബ്ദുള്‍ റൗഫ് അസര്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയും ജസ്വന്ത് സിങ്ങ് വിദേശകാര്യ മന്ത്രിയും ആയിരിക്കുന്ന ആ കാലഘട്ടത്തില്‍ ഭീകര്‍ക്ക് അത്തരത്തില്‍ വഴങ്ങി കൊടുക്കേണ്ടി വന്നത് സര്‍ക്കാരിനേറ്റ വലിയ ക്ഷീണമായിരുന്നു. പ്രത്യേകിച്ചും കാര്‍ഗില്‍ യുദ്ധം കഴിഞ്ഞ് അധികം വൈകാതെയാണ് ഇത് സംഭവിക്കുന്നത് എന്നതിനാല്‍ തന്നെ. ഈ വിമാനറാഞ്ചല്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ലേഖകരില്‍ ഒരാളും പ്രശസ്ത അന്വേഷണാത്മക ജേണലിസ്റ്റുമായ ജോസി ജോസഫിന്റെ വിഖ്യാതമായ ‘നിശബ്ദ അട്ടിമറി’ എന്ന പുസ്തകത്തിലെ ഒരു അധ്യായം തന്നെ ഈ വിമാന റാഞ്ചലിനെ കുറിച്ച് പ്രതിപാദിക്കുന്നതാണ്. ‘ഒരു വിമാന റാഞ്ചലും അതിന്റെ അനന്തര ഫലങ്ങളും’ എന്ന് പേരിട്ടുള്ള അധ്യായത്തിലെ ഒരു ചെറിയ ഭാഗമാണ് ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. (നിശബ്ദ അട്ടിമറി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക; https://rzp.io/l/yI1igYDqPk )
ലോകം മുഴുവന്‍ രണ്ടായിരാമാണ്ടിന് വേണ്ടി തെല്ലാശങ്കയോടെ തയ്യാറാടെക്കുമ്പോള്‍ ക്രിസ്തുമസ് ആഘോഷങ്ങളും പുരോഗമിക്കുകയായിരുന്നു. ഇതിനെല്ലാം ഇടയില്‍ 1999 ഡിസംബര്‍ ഇരുപത്തിനാലിന് വൈകീട്ട് 4.20ന് കാട്മണ്ഠു ത്രിഭുവന്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി-814 വിമാനം പറന്ന് പൊങ്ങി.
വിമാന ജീവനക്കാരില്‍ ഒരാളായ അനില്‍ ശര്‍മ്മ കോക്പിറ്റില്‍ നിന്ന് പൈലറ്റുമാരായ ക്യാപ്റ്റന്‍ ദേവി സരണ്‍, ഫസ്റ്റ് ഓഫീസര്‍ രജീന്ദര്‍ കുമാര്‍ എന്നിവര്‍ക്ക് ചായ നല്‍കി പുറത്തിറങ്ങിയപ്പോള്‍ തവിട്ട് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ അജാനബാഹുവായ ഒരു മനുഷ്യന്‍ അദ്ദേഹത്തിന് നേരെ തോക്ക് ചൂണ്ടി. അയാളുടെ മറു കയ്യില്‍ ഒരു ഗ്രനേഡുമുണ്ടായിരുന്നു. അയാള്‍ കോക്പിറ്റിലേയ്ക്ക് പാഞ്ഞുകയറി വിമാനം റാഞ്ചിയിരിക്കുന്നതായി പ്രഖ്യാപിക്കുകയും ക്യാപറ്റന്‍ സരണിനോട് വിമാനം പടിഞ്ഞാറന്‍ ദിശയിലേയ്ക്ക് പറപ്പിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. മറ്റ് നാല് വിമാന റാഞ്ചികള്‍ കൂടി യാത്രക്കാര്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റ് യാത്രാ ക്യാബിനിന്റെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുത്തു.
അപ്പോഴേയ്ക്കും ഏതാണ്ട് 5.30 ആയിരുന്നു. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ഒരു വിമാനത്തിലായിരുന്നു, അതും റാഞ്ചപ്പെട്ട വിമാനത്തില്‍ നിന്ന് അത്രയകലെയും അല്ലായിരുന്നു. അദ്ദേഹത്തിന്റെ വിമാനത്തില്‍ ഓണ്‍ബോര്‍ഡ് ഫോണ്‍ ഉണ്ടായിരുന്നില്ലെങ്കിലും, സ്വഭാവികമായും പൈലറ്റ് ഗ്രൗണ്ടുമായി സമ്പര്‍ക്കത്തിലായിരുന്നു. എന്നിട്ടും ആരും ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിക്കാന്‍ മെനക്കെട്ടില്ല. ദേശീയ തലസ്ഥാനത്ത് ആ ദിവസത്തെ സര്‍ക്കാര്‍ കാര്യങ്ങളൊക്കെ പതുക്കെ അവസാനിക്കുകയായിരുന്നു. സൗത്ത് ബ്ലോക്കില്‍ കാബിനറ്റ് സെക്രട്ടറി പ്രഭാത് കുമാറും ദേശീയ സുരക്ഷാ ഉപദേശകന്‍ ബ്രജേഷ് മിശ്രയും ഒരു കൂടിക്കാഴ്ച അവസാനിപ്പിക്കുമ്പോഴാണ് ജാഗ്രതാ സന്ദേശം വന്നത്. റോഡിനപ്പുറം നോര്‍ത്ത് ബ്ലോക്കില്‍ ഐ.ബി മേധാവി ശ്യാമള്‍ ദത്ത് ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയെ ഫോണ്‍ ചെയ്ത് വിമാനറാഞ്ചലിനെ കുറിച്ച് അറിയിച്ചു.
വസന്ത് വിഹാറിലുള്ള പ്രിയ കോംപ്ലെക്സിലെ റെഡിഫ് ഡോട്ട് കോം ഓഫീസില്‍ ഞങ്ങള്‍ അന്നത്തെ ജോലികള്‍ നേരത്തേ അവസാനിപ്പിച്ചിരിക്കുമ്പോഴാണ് ഫോണടിച്ചത്. സി.എന്‍.എന്‍ ഇന്റര്‍നാഷണലിന് വേണ്ടി ജോലി ചെയ്തിരുന്ന ഇടയ്ക്കിടെ റെഡിഫ് ഡോട്ട് കോമില്‍ എഴുതിക്കൊണ്ടിരുന്ന ജേണലിസ്റ്റ് സുഹാസിനി ഹൈദര്‍ ആയിരുന്നു അപ്പുറത്ത്. മറ്റൊരു വാര്‍ത്തയ്ക്കായി ഡല്‍ഹി വിമാനത്താവളത്തിലായിരുന്ന സുഹാസിനി യാദൃശ്ചികമായി അറിഞ്ഞത് ഏറ്റവും ഉദ്വേഗജനകമായ വാര്‍ത്തയാണ്: ഐ.സി-814 റാഞ്ചപ്പെട്ടിരിക്കുന്നു. വാര്‍ത്ത കൃത്യമാണോ എന്ന് വീണ്ടും പരിശോധിച്ച്, വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച് ഒരു ന്യൂസ് ഫ്ളാഷ് നല്‍കിയ ശേഷം ഞാനെന്റെ പുരാതന സ്‌കൂട്ടറെടുത്ത് വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. കനം കുറഞ്ഞ ഒരു സ്വെറ്റര്‍ മാത്രമേ തണുപ്പിനെ തടയാന്‍ ഉണ്ടായിരുന്നുള്ളൂ. വിമാനത്താവളത്തില്‍ പരിഭ്രമം പടരുകയായിരുന്നു. സമയപ്പട്ടിക പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡില്‍ ഐ.സി-814 വൈകിയോടുന്നുവെന്നാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. എന്തോ സംഭവിച്ചുവെന്ന ഊഹാപോഹം ആള്‍ക്കൂട്ടത്തില്‍ മുരളുന്നുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ അവിടെയെത്തി കൂടിയിരിക്കുന്ന ബന്ധുക്കളോട് വിമാനം റാഞ്ചപ്പെട്ടതായി സ്ഥിരീകരിച്ചു.
ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് -ദേശീയ പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിനുള്ള, കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായുള്ള, ഇന്ത്യയിലെ പരമോന്നത സമിതി, സി.എം.ജി- വൈകീട്ട് ആറു മണിയോടെ യോഗം ചേര്‍ന്നു. അപ്പോഴേയ്ക്കും വിമാനം റാഞ്ചപ്പെട്ടിട്ട് ഒന്നരമണിക്കൂര്‍ ഏകദേശം കഴിഞ്ഞിരുന്നു. അതുവരെ വിമാന റാഞ്ചലുകളെ നേരിടാനുള്ള പ്രത്യേക സ്‌ക്വാഡിനോടോ എന്‍.എസ്.ജിയോടൊ വിമാനത്താവളത്തില്‍ തയ്യാറായി നില്‍ക്കാന്‍ ആരും ആവശ്യപ്പെട്ടിരുന്നില്ല. റാഞ്ചപ്പെട്ട വിമാനത്തെ പിന്തുടരാനോ മറ്റേതെങ്കിലും സുവ്യക്തമായ നിര്‍ദ്ദേശങ്ങളോ നല്‍കാന്‍ ആരും മെനക്കെട്ടില്ല. സഫ്ദര്‍ജംഗ് വിമാനത്താവളത്തോട് ചേര്‍ന്ന രാജീവ് ഗാന്ധി ഭവനിലേയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയതോടെ ആശയക്കുഴപ്പം പ്രബലപ്പെടുക മാത്രമേ ചെയ്തുള്ളൂ. അതിനിടെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി നടന്ന് പോകാന്‍ സാധിക്കുകയും ചെയ്തു.
അവലംബിക്കാവുന്ന ഒരു പരിഹാര നിര്‍ദ്ദേശവും സുപ്രധാന സി.എം.ജി യോഗത്തില്‍ ഉയര്‍ന്ന് വന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ ആന്‍ഡ് എഡബ്ല്യു മേധാവി എ.എസ് ദുലാത് അദ്ദേഹത്തിന്റെ പുസ്തകമായ ‘കശ്മീര്‍: വാജ്പേയിയുടെ വര്‍ഷങ്ങള്‍’-ല്‍ പറയുന്നത് അന്നത്തെ സി.എം.ജി യോഗം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പരസ്പരം പഴിചാരുന്ന ഒരിടമായി മാറി എന്നാണ്. വിമാനത്തെ ഇന്ത്യന്‍ അതിര്‍ത്തി വിട്ട് പോകാന്‍ ആരാണ് അനുവദിച്ചത് എന്നായിരുന്നു തര്‍ക്കം. സി.എം.ജിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കാബിനറ്റ് സെക്രട്ടറിയായിരുന്നു പഴി കേട്ട പ്രധാനപ്പെട്ട ആള്‍. മറ്റൊരാള്‍ എന്‍.എസ്.ജിയുടെ മേധാവി നിഖില്‍ കുമാറും. കഠിനയമായ ഒരു സമയമായിരുന്നു അത്, സ്വാഭാവികമായും വൈകാരിതകള്‍ നിറഞ്ഞതും.
മുതിര്‍ന്ന മന്ത്രിമാരടങ്ങിയ മന്ത്രിസഭാ സുരക്ഷാ സമിതി വാജ്പേയിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്നു. ആശയക്കുഴപ്പം തന്നെയായിരുന്നു അവിടത്തേയും പ്രബലമായ വൈകാരിക നില. ഐ.സി 814-ലെ യാത്രക്കാരുടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ഞാനും ഒരു കൂട്ടം മറ്റ് ജേണലിസ്റ്റുകളും. അധികാരികളില്‍ നിന്നുള്ള പരസ്പരബന്ധമില്ലാത്ത പ്രതികരണങ്ങളും യാത്രക്കാരുടെ ബന്ധുക്കളുടെ പ്രതികണങ്ങളും എന്റെ മനസിനെ ഇളക്കി മറിച്ചു.
ഡിസംബര്‍ 29 ആയപ്പോഴേയ്ക്കും ഇന്ത്യയ്ക്ക് വേണ്ടി സന്ധി സംഭാഷണം നടത്തിയിരുന്നവര്‍ വിമാനറാഞ്ചികളുടെ ആവശ്യത്തെ ഒറ്റയൊന്നാക്കി ചുരുക്കി: മൂന്ന് ഭീകരവാദികളെ ഇന്ത്യ വിട്ടയ്ക്കണം. തീര്‍ച്ചയായും അതിലൊരാള്‍ മസൂദ് അഹ്സര്‍ ആയിരുന്നു. മറ്റൊരാള്‍ അസ്ഹറിന്റെ മോചനം ആവശ്യപ്പെട്ട് വിദേശികളെ 1994-ല്‍ ഡല്‍ഹിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യു.കെ പൗരനായ ഒമര്‍ ഷേഖ്, മറ്റൊരാള്‍ എണ്‍പതുകളുടെ അവസാനം ശ്രീനഗറില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ കുപ്രസിദ്ധ സംഘത്തെ നയിച്ച മുഷ്താഖ് അഹ്‌മദ് സര്‍ഗാര്‍.
വിമാനറാഞ്ചികളുടെ ഈ ആവശ്യത്തിന് കീഴടങ്ങിയ മന്ത്രിസഭയുടെ സുരക്ഷാ സമിതി മൂന്ന് ഭീകരരേയും വിട്ടയ്ക്കാന്‍ തീരുമാനിച്ചു. ജമ്മുവിലെ കോട്ട് ബാല്‍വാല്‍ ജയിലില്‍ ആയിരുന്നു അസ്ഹര്‍. ഒമര്‍ ഷേഖ് ഡല്‍ഹയിലെ തിഹാര്‍ ജയിലിലും സര്‍ഗാര്‍ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലും. ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന 36 തീവ്രവാദികളേയും വിട്ടയ്ക്കുക, 20 കോടി യു.എസ് ഡോളര്‍ നല്‍കുക എന്നിവയായിരുന്നു ഭീകരവാദികളുടെ ആദ്യത്തെ ആവശ്യങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ ഭരണകൂടം ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മോചനദ്രവ്യം നല്‍കിയോ എന്നുള്ള കാര്യം ഇപ്പോഴും വ്യക്തമല്ല.
ജമ്മുകശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ജമ്മുവിലെത്തി അസ്ഹറിനേയും സര്‍ഗറിനേയും വിട്ടയക്കുന്ന കാര്യം മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ബോധ്യപ്പെടുത്താനും അവരെ ഡല്‍ഹിയിലെത്തിക്കാനുമായി ദുലാതിന് ചുമതല ലഭിച്ചു. അദ്ദേഹം ഡിസംബര്‍ 30ന് രാത്രി അവിടെയെത്തി. ഫറൂഖ് അബ്ദുള്ളയ്ക്കും ദുലാത്തിനും മുന്‍പ് നടന്നൊന്ന് ആവര്‍ത്തിക്കുന്നത് പോലൊരു മിഥ്യാബോധമുണ്ടായി. ഏതാണ്ടൊരു പതിറ്റാണ്ട് മുമ്പ് റുബൈയ്യ സെയ്ദ് തട്ടിക്കൊണ്ട് പോകപ്പെട്ടപ്പോള്‍ ശ്രീനഗറിലെ ഐ.ബി ചീഫായിരുന്നു ദുലാത്ത്. ഫറൂഖ് അബ്ദുള്ള തന്നെയായിരുന്നു മുഖ്യമന്ത്രി. ”രണ്ട് സാഹചര്യങ്ങളിലും ഭീകരവാദികളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ അദ്ദേഹത്തോട് എനിക്ക് അപേക്ഷിക്കേണ്ടി വന്നു. രണ്ട് തവണയും അദ്ദേഹമത് തന്റെ സംസ്ഥാനത്തെ തീവ്രവാദത്തിനെതിരായ നിലപാടുകള്‍ക്ക് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ്, ആദ്യം നിരസിച്ചു. രണ്ട് സമയത്തും ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ പുറത്ത്, അദ്ദേഹമതിന് വഴങ്ങുന്നത് വരെ എനിക്ക് നിര്‍ബന്ധിക്കേണ്ടി വന്നു.”-ദുലാത്ത് തന്റെ പുസ്തകത്തില്‍ ഓര്‍ക്കുന്നു. ഈ രണ്ട് സാഹചര്യങ്ങളും, അതിനിടയിലുണ്ടായിട്ടുള്ള മറ്റ് പല സംഭവങ്ങളും, ഒത്തിണക്കമുള്ള നയങ്ങളുടേയും ഉത്തരവാദിത്ത ബോധ്യത്തിന്റേയും കുറവും സുരക്ഷാ സംവിധാനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴില്‍ വൈശിഷ്ടമില്ലായ്മയുടേയും അപായസൂചനകളുണ്ടായിരുന്നുവെന്നാണ് എന്റെ വിശ്വാസം.
ഡിസംബര്‍ 31ന് രാവിലെ, മസൂദ് അസ്ഹറിനേയും മുഷ്താഖ് അഹ്‌മദ് സര്‍ഗറിനേയും ആര്‍ ആന്‍ഡ് എഡബ്ല്യുവിന്റെ വൈമാനിക വിഭാഗമായ ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ ഗള്‍ഫ്സട്രീം ജെറ്റില്‍ കയറ്റി. അതേ വിമാനത്തിലാണ് ദുലാത്ത് ഡല്‍ഹിയിലെത്തിയത്. കണ്ണ് കെട്ടി രണ്ട് ഭീകരരേയും വിമാനത്തിന്റെ പിന്‍സീറ്റില്‍ ഇരുത്തി. നടുക്ക് ഒരു കര്‍ട്ടന്‍ ഉണ്ടായിരുന്നു. മുന്നില്‍ ആര്‍ ആന്‍ഡ് എഡബ്ല്യു മേധാവിയും. വിമാനം നിശബ്ദമായിരുന്നു. അവര്‍ ഡല്‍ഹിയിലെത്തിയ ഉടനെ രണ്ട് ഭീകരരേയും മറ്റൊരു വിമാനത്തിലേയ്ക്ക് കയറ്റി. അതില്‍ വിദേശ മന്ത്രി ജസ്വന്ത് സിങ്ങ് കണ്ഡഹാറിലേയ്ക്ക് പോകാന്‍ തയ്യാറായി കാത്തിരിക്കുന്നുണ്ടായിരുന്നു. ആ വിമാനത്തില്‍ ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്ണോമിക് വിദ്യാര്‍ത്ഥിയും പിന്നീട് ജേണലിസ്റ്റ് ഡാനിയേല്‍ പേളിന്റെ കൊലപാതകിയുമായ, ഒമര്‍ ഷേഖിനെ നേരത്തേ തന്നെ കയറ്റിയിരുത്തിയിരുന്നു. ഭീകരവാദം സംബന്ധിച്ച ഇന്ത്യയുടെ യാതൊരു യുക്തിയുമില്ലാത്ത നയകൗശലത്തിന്റെ അസംബന്ധ പ്രകടനം പോലെ മൂന്ന് കൊടുംഭീരകര്‍ക്കൊപ്പം അതേ വിമാനത്തില്‍ ഇന്ത്യയുടെ വിദേശമന്ത്രിയും കാണ്ഡഹാറിലയേ്ക്ക് യാത്രയായി. വര്‍ഷങ്ങള്‍ക്ക് ശേഷം ‘എന്റെ ജീവിതത്തിലെ അത്യന്തം വേദനാജനകമായ ഒരു അധ്യായമാണത്, എനിക്കതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗ്രഹമില്ല’ എന്ന് ജസ്വന്ത് സിങ്ങ് പറഞ്ഞു. IC-814 flight hijack, Josy Joseph’s ‘Silent Coup’ Exposing the BJP government’s lapses
Content Summary; IC-814 flight hijack, Josy Joseph’s ‘Silent Coup’ Exposing the BJP government’s lapses
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.