നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്കു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവിന്റെ നിലപാട്. മുലായവും താനും പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ സഹോദരനും അഖിലേഷ് യാദവ് വിരുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നല്‍കുന്ന ശിവ്പാല്‍ യാദവ് വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍ മുലായത്തെ ആധ്യക്ഷനാക്കിക്കൊണ്ട് സോഷ്യലിസ്റ്റുകള്‍, ഗാന്ധിയന്മാര്‍ തുടങ്ങിയവരെ കൂട്ടിയിണക്കിയുള്ള പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമം എന്നാണ് ഇന്നലെ മുലയവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ശിവ്പാല്‍ യാദവ് പറയുന്നത്.
താന്‍ മാധ്യമങ്ങളിലൂടെയാണ് ഇത്തരമൊരു വിവരം അറിഞ്ഞതെന്നായിരുന്നു അഖിലേഷ് യാദവിന്റെ ആദ്യപ്രതികരണമെങ്കിലും അദ്ദേഹത്തെ സംബന്ധിച്ച് ഇതൊരു പുതിയ സാധ്യതയും തുറന്നിടുന്നുണ്ട്. യാദവ – മുസ്ലീം പാര്‍ട്ടി എന്ന പ്രതിച്ഛായയില്‍ ഒതുങ്ങി നില്‍ക്കാതെ സമാദ്‌വാദി പാര്‍ട്ടിയെ നവീകരിക്കുക എന്നതാണ് അത്.
ഹിന്ദി ഹൃദയഭൂമിയുടെ രാഷ്ട്രീയം ഏറെക്കാലമായി ജാതി കേന്ദ്രീകൃതമായിരുന്നു. എസ്പിയും ബിഎസ്പിയും രാഷ്ട്രീയ ലോക് ദളും കോണ്‍ഗ്രസുമെല്ലാം ചില പ്രത്യേക വിഭാഗങ്ങളുടെ പിന്തുണയാണ് ആര്‍ജ്ജിച്ചിരുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഈ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ജാതി കേന്ദ്രീകൃത രാഷ്ട്രീയം തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു.
വര്‍ഗീയ ധ്രുവീകരണം ശക്തമാക്കിയത് ബിജെപിയുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ചെങ്കിലും വികസനം സംബന്ധിച്ച അവരുടെ അവകാശവാദങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്. അഖിലേഷ് യാദവ് ഇത് തിരിച്ചറിയുന്നുണ്ട്. പിതാവ് മുലായം സിംഗ് യാദവും അമ്മാവന്‍ ശിവ്പാല്‍ യാദവും അഴിച്ചുവിട്ട കലാപം ഒതുക്കി പാര്‍ട്ടിയില്‍ അഖിലേഷ് നേരത്തെ പിടിമുറുക്കിയിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ വീണ്ടും വഷളാവുകയാണ്. മുലായം പുറത്ത് പോയാല്‍ അത് യാദവ വോട്ട് ബാങ്ക് പാര്‍ട്ടിക്ക് നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അഖിലേഷ് എസ്പിയുടെ നേതൃത്വത്തിലേയ്ക്ക് വരുന്നത് ജനങ്ങള്‍ അംഗീകരിച്ചിരുന്നു.
തകര്‍ച്ചയില്‍ നിന്ന് കരകയറാനും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ച് വരാനും ആവശ്യമായ അഴിച്ച് പണിക്കും തന്ത്രങ്ങള്‍ മെനയുന്നതിനും രണ്ട് വര്‍ഷം തീരെ കുറഞ്ഞ സമയമാണ്. എന്നാല്‍ തന്റെ ദൗത്യം തിരിച്ചറിഞ്ഞ് മുന്നേറാന്‍ അഖിലേഷിന് കഴിഞ്ഞാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ അല്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും എസ് പി ക്ക് ശക്തമായി തിരിച്ചുവരാന്‍ കഴിഞ്ഞേക്കും. നിലവില്‍ യുപിയില്‍ ഭരണകക്ഷിയായ ബിജെപിക്ക് എതിരാളികളില്ല. എതിര്‍ രാഷ്ട്രീയ ചേരിയിലുള്ളവര്‍ വിശ്വാസ്യത നേടാനാവാതെ പ്രതിസന്ധിയിലാണ്. യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തെ വളര്‍ത്തിക്കൊണ്ടുവരാനും ശൂന്യത നികത്താനും അഖിലേഷ് യാദവിന് അവസരമുണ്ട്.