UPDATES

ഇന്ത്യ

ഹൈദരാബാദ് നഗരം ഭീകരതയുടെ ഒളിത്താവളം തന്നെയെന്ന് കേന്ദ്രമന്ത്രി; മുസ്ലിങ്ങളെ ഭീകരരായി കാണുന്ന പ്രവണതയ്ക്ക് ചികിത്സയില്ലെന്ന് ഒവൈസി

തെലങ്കാനയോടും ഹൈദരാബാദിനോടുമുള്ള വെറുപ്പാണ് റെഡ്ഢിയുടെ വാക്കുകളിൽ കാണുന്നതെന്നും ഒവൈസി പറഞ്ഞു.

                       

ഹൈദരാബാദ് നഗരം ഭീകരതയ്ക്ക് ഏറ്റവും സുരക്ഷിതമായ താവളമാണെന്ന തന്റെ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി പുതുതായി ചുമതലയേറ്റെടുത്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി. താൻ തെറ്റായൊന്നും പറഞ്ഞിട്ടില്ലെന്നാണ് കിഷൻ റെഡ്ഢി മാധ്യമപ്രവർത്തകരോട് വിശദീകരിച്ചത്. രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്ന നിരവധി സ്ഥലങ്ങളുണ്ടെന്നും പലയിടത്തും നടക്കുന്ന ഭീകരപ്രവർത്തനങ്ങളുടെ വേരുകൾ ഹൈദരാബാദിലാണെന്നും അദ്ദേഹം ആരോപിച്ചു. “ബെംഗളൂരു, ഭോപ്പാൽ എന്നിവിടങ്ങളിലെവിടെയെങ്കിലും ഒരു ഭീകരപ്രവർത്തനം നടന്നാൽ അതിന്റെ വേരുകൾ ഹൈദരാബാദിലായിരിക്കും. ഓരോ രണ്ടുമാസം കൂടുമ്പോഴും സംസ്ഥാന പൊലീസോ ദേശീയാന്വേഷണ ഏജൻസിയോ ഹൈദരാബാദിൽ നിന്ന് രണ്ടോ മൂന്നോ ഭീകരരെ അറസ്റ്റ് ചെയ്യുന്നത് സ്ഥിരം സംഭവമാണ്.” -റെഡ്ഢി പറഞ്ഞു.

ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിലാണ് റെഡ്ഢി ഈയാരാപണം ഉന്നയിച്ചത്. ഭീകരരെ പിന്തുണയ്ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നും രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറയുകയുണ്ടായി. എല്ലാവർക്കും കയറിയിറങ്ങാൻ ഇന്ത്യ ധര്‍മ്മസത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് ഇന്ത്യാക്കാരെന്നും ആരെല്ലാമാണ് നുഴഞ്ഞു കയറ്റക്കാരെന്നും തിരിച്ചറിയാൻ തങ്ങൾ ഒരു സെൻസസ് നടപ്പാക്കുമെന്നും പുതിയ ആഭ്യന്തര സഹമന്ത്രി ഭീഷണി മുഴക്കുകയുണ്ടായി.

അതെസമയം റെഡ്ഢിയുടെ പ്രസ്താവന നിർഭാഗ്യകരമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. ഒരു കേന്ദ്രസഹമന്ത്രിയാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്ന് അദ്ദേഹം അത്ഭുതപ്പെടുകയും ചെയ്തു.

തെലങ്കാനയോടും ഹൈദരാബാദിനോടുമുള്ള വെറുപ്പാണ് റെഡ്ഢിയുടെ വാക്കുകളിൽ കാണുന്നതെന്നും ഒവൈസി പറഞ്ഞു. ഒരു മന്ത്രിക്ക് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ വാക്കുകൾ. മുസ്ലിങ്ങളെ കാണുന്ന മാത്രയിൽ അവരെ ഭീകരരായാണ് അവര്‍ പരിഗണിക്കുന്നത്. അവരെ സുഖപ്പെടുത്താൻ തങ്ങൾക്ക് സാധിക്കില്ലെന്നും ഒവൈസി പ്രതികരിച്ചു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എത്രതവണ ദേശീയാന്വേഷണ ഏജൻസിയോ, റോ-യോ ഹൈദരാബാദിനെ ഭീകരര്‍ക്ക് സുരക്ഷിതമായ താവളമാണെന്ന് രേഖാമൂലം വിശേഷിപ്പിച്ചിട്ടുണ്ടെന്ന ചോദ്യവും മന്ത്രിയോട് ഒവൈസി ഉന്നയിച്ചു.

സെക്കന്തരാബാദില്‍ നിന്നുള്ള എംപിയാണ് ഗംഗാപുരം കിഷൻ റെഡ്ഢി. തെലങ്കാനയിലെ ബിജെപി പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം. ഹൈദരാബാദ് ലോകസഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് ഒവൈസി.

Share on

മറ്റുവാര്‍ത്തകള്‍