അലോക് വർമയെ നീക്കുന്നതിന് പ്രധാനമന്ത്രിക്കൊപ്പം വോട്ട് ചെയ്ത ജസ്റ്റിസ് സിക്രിക്ക് ഉന്നത പദവി നല്‍കാന്‍ മോദിയുടെ അനുമതി

സിക്രിക്ക് ഈ നിയമനം നൽകാനുള്ള തീരുമാനം വന്നത് 'ഉന്നതതലങ്ങളിൽ' നിന്നാണെന്ന് റിപ്പോർട്ട് പറയുന്നു.

മുതിർന്ന സുപ്രീംകോടതി ജഡ്ജി എകെ സിക്രിക്ക് കോമൺവെൽത്ത് സെക്രട്ടേറിയറ്റ് ആർബിട്രൽ ട്രിബ്യൂണൽ (CSAT) പ്രസിഡണ്ട്/മെമ്പർ പോസ്റ്റിലേക്കുള്ള ഒഴിവിലേക്ക് നാമനിർദ്ദേശം ചെയ്യാൻ നരേന്ദ്രമോദി സർക്കാർ കഴിഞ്ഞമാസം നിശ്ചയിച്ചിരുന്നെന്ന് റിപ്പോർട്ട്. ദി പ്രിന്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് ആറിന് സുപ്രീംകോടതി ജഡ്ജി സ്ഥാനത്തു നിന്നും വിരമിച്ചതിനു ശേഷം സിക്രി സിഎസ്എടിയിൽ സ്ഥാനമേറ്റെടുക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കു ശേഷം സീനിയോരിറ്റിയിൽ മുകളിൽ നിൽക്കുന്നയാളാണ് സിക്രി.

നാലു വർഷത്തേക്കാണ് ഈ നിയമനം. പിന്നീടിത് ദീർഘിപ്പിക്കാനും സാധിക്കും. ഈ പദവി ഏറെ ബഹുമാനിക്കപ്പെടുന്നുണ്ട് എന്നതിനാൽത്തന്നെ ജഡ്ജിമാരെ സംബന്ധിച്ചിടത്തോളം ഈ നിയമനം ഒരു ബഹുമതിയാണ്.

സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട അലോക് വർമയെ തൽസ്ഥാനത്ത് പുനസ്ഥാപിച്ച ശേഷം അദ്ദേഹത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഉന്നതാധികാര സമിതിക്ക് വിട്ടുകൊടുക്കുകയായിരുന്നു സുപ്രീംകോടതി. ഈ സമിതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷത്തു നിന്നും മല്ലികാർജുൻ ഖാർഗെയും, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് സിക്രിയുമാണ് ഉണ്ടായിരുന്നത്. അലോക് വർമയെ പദവിയിൽ നിന്നും നീക്കണമെന്നായിരുന്നു മോദിയുടെ അഭിപ്രായം. ഇതേ അഭിപ്രായം സിക്രിയും ഉന്നയിച്ചതോടെ ഭൂരിപക്ഷ തീരുമാനപ്രകാരം അലോക് വർമ പുറത്തായി.

53 കോമൺവെൽത്ത് രാജ്യങ്ങൾക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ രൂപപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് സിഎസ്എടി. പ്രസിഡണ്ട് അടക്കം എട്ട് മെമ്പർമാരാണ് ഇതിലുള്ളത്. പ്രാദേശിക പ്രാതിനിധ്യ മാനദണ്ഡമനുസരിച്ചാണ് മെമ്പർമാരെ തെരഞ്ഞെടുക്കുക. ഉയർന്ന സദാചാരബദ്ധമായ സ്വഭാവമുള്ള ജഡ്ജിമാരെയാണ് ഈ കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടത് എന്നാണ് വെപ്പ്. ഏറെക്കാലമായി ഈ സമിതിയിൽ ഇന്ത്യയുടെ പ്രതിനിധിയില്ല. സ്വാഭാവികമായും ഇന്ത്യയുടെ നാമനിർദ്ദേശം സ്വീകരിക്കപ്പെടും.

സിക്രിക്ക് ഈ നിയമനം നൽകാനുള്ള തീരുമാനം വന്നത് ‘ഉന്നതതലങ്ങളിൽ’ നിന്നാണെന്ന് റിപ്പോർട്ട് പറയുന്നു.

This post was last modified on January 13, 2019 9:00 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment