വാര്‍ വീഡിയോ ഗെയിം പോലൊരു അനിമേഷന്‍ കാണിച്ച ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനമായ ടൈംസ് ഓഫ് ഇന്ത്യയുടെ ഹിന്ദി ചാനല്‍ ടൈംസ് നൗ നവ്ഭാരതിന്റെ സ്റ്റുഡിയോയില്‍ എഡിറ്റര്‍മാരില്‍ ഒരാള്‍ അലറുന്നു ‘ഇതിന്റെ അര്‍ത്ഥമെന്തെ് അറിയുമോ? നമ്മള്‍ നമ്മുടെ ശക്തിയാണ് പ്രദര്‍ശിപ്പിക്കുന്നത്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ പാകിസ്താന് കഴിയില്ല” മറ്റൊരാള്‍ പറയുന്നു: ‘അതിര്‍ത്തിയില്‍ നിന്ന് ലഭിക്കുന്ന വാര്‍ത്തയനുസരിച്ച് നമ്മുടെ കരസേന പാകിസ്താനില്‍ പ്രവേശിച്ചിരിക്കുന്നു. ഇതുവരെ വ്യോമസേനയുടെ ആക്രമണമാണ് നടന്നിരുന്നത്. ഒരു തവണയെങ്കിലും കറാച്ചി പോര്‍ട്ടില്‍ തീ പടര്‍ത്തിയാല്‍ അതീവരസമായിരിക്കും. എനിക്കും കൂടി വേണ്ടി ഒരു ബോംബിടൂ, കരസേന പാകിസ്താന്റെ അകത്ത് കേറിക്കഴിഞ്ഞു. ഐ.എന്‍.എസ് വിക്രാന്ത് അവിടെ ഉണ്ട്. പത്തിരുപത് ബ്രഹ്‌മാസ്ത്രങ്ങള്‍ വിടൂ, സെറ്റ് ഫയര്‍, കറാച്ചി പോര്‍ട്ടിന് തീയിടൂ, കത്തിച്ച് നശിപ്പിക്കൂ, ആ നഗരം മുഴുവനും.”
ഒരാള്‍ ചോദിക്കുന്നു. ഇന്നത്തെ രാത്രി പാകിസ്താന്‍ തീരുമെന്നാണോ കരുതുന്നത്? നേരത്തേ പറഞ്ഞയാള്‍ തുടരുന്നു. ‘പാകിസ്താനികളെ, ഇന്ന് നിങ്ങളുടെ അന്ത്യദിനമാണ്. നിങ്ങളുടെ തലയ്ക്ക് മുകളില്‍ മരണമെത്തും.”
മറ്റൊരാള്‍: കിടന്നുറങ്ങിക്കോ, പക്ഷേ ഒരു കണ്ണ് തുറന്ന് വച്ചോ.
മറ്റൊരാള്‍: പാകിസ്താനിലെ പിള്ളേരെ, നിങ്ങള്‍ ഭൂമിശാസ്ത്രം പഠിക്കുന്നതിനുള്ള ബുക്ക് രണ്ട് ദിവസത്തേയ്ക്ക് അടച്ച് വച്ചോ, രണ്ട് ദിവസം കഴിയുമ്പോള്‍ ഭൂപടം മാറും.
രാത്രിയുടനീളം നടന്ന ചര്‍ച്ചയുടെ ഒന്നരമിനുട്ട് മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ശകലത്തിന്റെ വിവര്‍ത്തനം മാത്രമാണിത്. കൊലവിളികളും ആക്രോശങ്ങളുമാണ് വാര്‍ത്താമുറികളില്‍ നിന്ന് സംപ്രേക്ഷണം ചെയ്യുന്നത്. ആജ്തക് കറാച്ചി തുറമുഖം തകര്‍ന്നതായി പ്രഖ്യാപിച്ചു. സീ ന്യൂസ് ഇസ്ലാമാബാദിനെയാണ് ലക്ഷ്യം വച്ചത്. റിപബ്ലിക് ചാനലില്‍ ‘വന്ദേ ഭാരത്’ എന്നും ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രവാക്യം വിളിക്കുകയും അതിഥികളോട് ഒപ്പം വിളിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്ത ചരിത്രമുള്ള അര്‍ണബ് പാകിസ്താന്റെ ആകാശത്ത് ഇന്ത്യന്‍ ദീപാവലി ആഘോഷം നടത്തുകയാണ് എന്നാണ് പ്രഖ്യാപിച്ചത്. അയാള്‍ക്കൊപ്പം മുദ്രവാക്യം വിളിക്കാത്തവര്‍ മുഴുവന്‍ രാജ്യദ്രോഹികളും വ്യാജ മതേതര വാദികളുമാണ് എന്നും ആക്രോശിച്ച ചരിത്രവും അര്‍ണബ് ഗോസാമിക്കുണ്ട്. അതേ റിപബ്ലിക് ചാനല്‍ പാകിസ്താന്‍ സേനകളുടെ ചീഫ് ഓഫ് സ്റ്റാഫ് അസിം മുനീറിനെ അറസ്റ്റ് ചെയ്തതായും വ്യാജ വാര്‍ത്ത ഇറക്കി. സംഘപരിവാറിന്റെ സുദര്‍ശന്‍ ടി.വിയാകട്ടെ പാകിസ്താന്‍ എമ്പാടും തകര്‍ന്നതായി പ്രഖ്യാപിച്ചു.
മലയാളം ചാനലുകളും മോശമാക്കുന്നില്ല. പാകിസ്താന്‍ തെമ്മാടി രാജ്യമാണെന്നും അക്രമിക്കൂട്ടമാണെന്നും ഇന്ത്യ വിറപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അജിത് ഡോവലിന്റെ നേതൃത്വത്തില്‍ തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും മലയാളം ചാനലുകള്‍ പറയുന്നു. പാകിസ്താന്‍ ഭയന്നിരിക്കുകയാണെന്നും അവരുടെ ചീഫ് ഓഫ് സ്റ്റാഫ് ഒളിവിലാണെന്നും പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം ബങ്കറിലാണെന്നും വാര്‍ത്തകള്‍ പറയുന്നുണ്ട്. പാകിസ്താന്‍ ഇല്ലാതാകണം എന്ന് ചാനലുകള്‍ പറയുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടമോ ഇന്ത്യന്‍ സേനയോ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. ഇന്ത്യന്‍ മണ്ണില്‍ കടന്ന് കയറി നടത്തിയ ഭീകരവാദത്തിന് മറുപടിയായി ‘ഭീകരകേന്ദ്രങ്ങളെ ലക്ഷ്യമാക്കി, കൃത്യമായുള്ള, കൂടുതല്‍ ശക്തികൂട്ടാന്‍ താത്പര്യമില്ലാത്ത’ ആക്രമണം മാത്രമാണ് നടത്തിയത് എന്ന് വിദേശകാര്യ സെക്രട്ടറിയും പ്രതിരോധ വൃത്തങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചാനല്‍ മുറികളില്‍ നിന്ന് ദേശീയാടിസ്ഥാനത്തില്‍ യുദ്ധത്തിനും പാകിസ്താന്റെ തകര്‍ച്ചയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങളാണ് നടക്കുന്നത്. India-Pak Conflict; Newsrooms filled with shouts, threats, and hatred; TV channels fueling war hysteria
Content Summary; India-Pak Conflict; Newsrooms filled with shouts, threats, and hatred; TV channels fueling war hysteria
Leave a Comment