July 09, 2025 |
Share on

അതിര്‍ത്തിയിലേക്ക് ടെറിട്ടോറിയല്‍ ആര്‍മിയും; എന്താണ് ടെറിട്ടോറിയല്‍ ആര്‍മി?

യുദ്ധേതര ജോലികളാണ് ടെറിട്ടോറിയല്‍ ആര്‍മിയെ ഏല്‍പിക്കുക

പാകിസ്ഥാനുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സായുധ സേനകളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ടെറിറ്റോറിയല്‍ ആര്‍മിയെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കരസേനാ മേധാവിയെ അധികാരപ്പെടുത്തിയിരിക്കുകയാണ്. നിലവിലുള്ള 32 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളില്‍ 14 എണ്ണത്തെയാണ് ആദ്യഘട്ടത്തില്‍ പ്രതിരോധ മന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. സതേണ്‍, ഈസ്റ്റേണ്‍, വെസ്റ്റേണ്‍, സെന്‍ട്രല്‍, നോര്‍ത്തേണ്‍, സൗത്ത് വെസ്റ്റേണ്‍, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ആര്‍മി ട്രെയിനിംഗ് കമാന്‍ഡ് എന്നിവയുള്‍പ്പെടെ വിവിധ കമാന്‍ഡുകളിലായി 14 ബറ്റാലിയനെ വിന്യസിക്കും.

എന്താണ് ടെറിട്ടോറിയല്‍ ആര്‍മി?

അവശ്യസന്ദര്‍ഭങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ നല്‍കുന്ന സന്നദ്ധ സേനയാണ് ടെറിട്ടോറിയല്‍ ആര്‍മി. സാധാരണ സൈനികരില്‍ നിന്ന് വ്യത്യസ്തമായി ടെറിട്ടോറിയല്‍ ആര്‍മിയിലുള്ളത് പാര്‍ട്ട് ടൈം വളണ്ടിയര്‍മാരാണ്.

territorial army

ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ബിസിനസ് ഉടമകള്‍ തുടങ്ങി സിവില്‍ പ്രൊഫഷണലുകളാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ഇവര്‍ രാജ്യത്തിനായി യൂണിഫോം ധരിക്കുക. ഇവര്‍ക്ക് ഇടയ്ക്കിടെ സൈനിക പരിശീലനം നല്‍കുന്നതോടൊപ്പം പ്രകൃതി ദുരന്തങ്ങള്‍, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ എന്നിവയില്‍ ദേശീയ പ്രതിരോധത്തെയും ഇവര്‍ പിന്തുണയ്ക്കുന്നു. വര്‍ഷത്തില്‍ രണ്ട് മാസം പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ സൈന്യത്തിന് സഹായം നല്‍കുന്നതിനായാണ് ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനുകളെ അനുവദിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സമാനമായ റാങ്കുകള്‍ നല്‍കി പ്രമുഖരെ ആദരിക്കുന്നത് ടെറിട്ടോറിയല്‍ ആര്‍മി മുഖേനയാണ്.

ടെറിറ്റോറിയല്‍ ആര്‍മിയില്‍ 65 യൂണിറ്റുകളിലായി ഏകദേശം 50,000 ജീവനക്കാരാണ് ഉള്ളത്. പരിശീലനത്തിനും സജീവ ഡ്യൂട്ടിക്കും വിളിക്കുമ്പോള്‍, സാധാരണ സൈനിക ഓഫീസര്‍മാര്‍ക്ക് ലഭിക്കുന്ന അതേ ശമ്പളവും അലവന്‍സുകളുമാണ് ടെറിട്ടോറിയല്‍ ആര്‍മി അംഗങ്ങള്‍ക്കും നല്‍കുക.

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഉള്ളവരുടെ ലെഫ്റ്റനന്റ് കേണല്‍ വരെയുള്ള സ്ഥാനക്കയറ്റങ്ങള്‍ സേവനത്തിന്റെ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും നല്‍കുക. അതേസമയം കേണല്‍, ബ്രിഗേഡിയര്‍ സ്ഥാനക്കയറ്റങ്ങള്‍ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിലുമാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ എംഎസ് ധോണി, കപില്‍ ദേവ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരും കേരളത്തില്‍ നിന്ന് മോഹന്‍ലാല്‍ അടക്കമുള്ള നിരവധി പ്രമുഖരും ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണ്.

സേനയില്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ പങ്ക്

ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു പ്രധാന വിഭാഗമാണ് ടെറിട്ടോറിയല്‍ ആര്‍മി. സൈന്യത്തെ സഹായിക്കുകയാണ് പ്രധാന ചുമതല. യുദ്ധേതര ജോലികളാണ് ടെറിട്ടോറിയല്‍ ആര്‍മിയെ ഏല്‍പിക്കുക. അതുകൊണ്ട് തന്നെ സൈന്യത്തിന് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രധാന സ്ഥലങ്ങളും പാതകളും ടെറിട്ടോറില്‍ ആര്‍മിയുടെ സംരക്ഷണയിലായിരിക്കും. അടിയന്തര സാഹചര്യങ്ങളില്‍ വൈദ്യസഹായവും ക്രമസമാധാന പരിപാലനവും ടെറിട്ടോറിയല്‍ ആര്‍മിയുടെ ചുമതലയാണ്.

ടെറിട്ടോറിയല്‍ ആര്‍മിയുടെ ചരിത്രം

1920 ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ഫോഴ്‌സ് സ്ഥാപിതമായതോടെയാണ് ടെറിട്ടോറിയല്‍ ആര്‍മിക്കും ഔപചാരിക രൂപരേഖ ഉണ്ടായത്. 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരകാലത്താണ് രൂപീകൃതമാകുന്നത്. എന്നാല്‍ ഔദ്യോഗികമായി സ്ഥാപിതമായത് 1920 ഒക്‌ടോബര്‍ 9 നാണ്.

territorial army

ഇന്ത്യ സ്വതന്ത്രമായതിന് ശേഷം 1948 ലാണ് ടെറിട്ടോറിയല്‍ ആര്‍മി ആക്ട് പാസായത്. ഒരു വര്‍ഷത്തിന് ശേഷം 1949 ല്‍ സി രാജഗോപാലാചാരിയാണ് സേനയ്ക്ക് ഔദ്യോഗികമായി രൂപം നല്‍കിയത്. 1962, 1965, 1971 വര്‍ഷങ്ങളിലെ യുദ്ധങ്ങളിലും ശ്രീലങ്കയിലെ ഓപ്പറേഷന്‍ പവന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ടെറിട്ടോറിയല്‍ ആര്‍മി ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ ഭൂകമ്പം, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും സേനയ്ക്ക് സഹായമായി ടെറിട്ടോറിയല്‍ ആര്‍മി നിര്‍ണായക പങ്കുവഹിക്കുന്നു. എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 9 നാ്ണ ടെറിട്ടോറിയല്‍ ആര്‍മി ദിനമായി ആചരിക്കുന്നത്. What is territorial army; territorial army is appointed to the indian border

Content Summary: What is territorial army; territorial army is appointed to the indian border

Leave a Reply

Your email address will not be published. Required fields are marked *

×