December 13, 2024 |

വിട്ടുവീഴ്ച്ചയ്ക്കില്ലാതെ ഇന്ത്യയും പാകിസ്താനും; അനിശ്ചിത്വത്തിന്റെ പിച്ചില്‍ ചാമ്പ്യന്‍സ് ട്രോഫി

കളിക്കു മുന്നേ തുടങ്ങിയിരിക്കുന്ന ഈ കളിയില്‍ ആര് ജയിക്കും?

2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയെ മൂടി നില്‍ക്കുന്ന അനിശ്ചിതത്വങ്ങളോടുള്ള പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സമീപകാല പ്രതികരണങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റുമായി ബന്ധപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ-നയന്ത്ര പ്രശ്‌നങ്ങളെ വീണ്ടും മുന്‍നിരയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയ രാജ്യമായ പാകിസ്താനിലേക്ക് ടീമിനെ അയക്കില്ലെന്ന ബിസിസിഐ നിലപാടാണ് സങ്കീര്‍ണത ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ബന്ധമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനു പിന്നില്‍. പിസിബി പക്ഷേ ഉറച്ച നിലപാടിലാണ്. പാകിസ്താനിലേക്ക് എന്തുകൊണ്ട് യാത്ര ചെയ്യാന്‍ കഴിയില്ല എന്നതില്‍ അവര്‍ ബിസിസിഐയില്‍ നിന്ന് സ്ഥിരീകരണവും വിശദീകരണവും ആവശ്യപ്പെടുന്നുണ്ട്. പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ അവരുടെ സര്‍ക്കാരിന്റെ ഇടപെടലുമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് വേദിയിലേക്ക് കൊണ്ടുവന്നിരിക്കുന്ന ഈ വിഷയത്തില്‍ കായിക വിനോദത്തിനപ്പുറം രാജ്യത്തിന്റെ പൊതുവായ താത്പര്യവും അതോടൊപ്പം നയതന്ത്ര നീക്കങ്ങളും കൂടി പാകിസ്താന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

champions trophy

രാഷ്ട്രീയ മാനങ്ങള്‍
പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടിന് പിന്നിലെ പ്രധാന കാരണം, കാലങ്ങളായി ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ തുടരുന്ന രാഷ്ട്രീയ തര്‍ക്കങ്ങള്‍ തന്നെയാണ്. പരസ്പരം ശത്രുതാമനോഭാവത്തോടെ നില്‍ക്കുന്നതിനാല്‍ കഴിഞ്ഞ ഒരു പാതിറ്റാണ്ടിലേറെയായി ഒരു ദ്വിരാഷ്ട്ര ടൂര്‍ണമെന്റ് പോലും ഇതുവരെ ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിച്ചിട്ടില്ല. 2008 ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനിലേക്ക് പോയിട്ടേയില്ല. നയതന്ത്ര ബന്ധങ്ങളില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളാണ് ഐസിസി ടൂര്‍ണമെന്റുകള്‍ കൂടാതെയുള്ള ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തെയും തകരാറിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന യാത്ര മാര്‍ഗനിര്‍ദ്ദേശങ്ങളാണ് പാകിസ്താനിലേക്ക് ടീമിനെ അയക്കുന്നതില്‍ ബിസിസിഐക്ക് മുന്നില്‍ പ്രധാന തടസം. ഇതിപ്പോഴത്തെ മാത്രം കാര്യമല്ല. എങ്കിലും ചാമ്പ്യന്‍സ് ട്രോഫിയോട് അനുബന്ധിച്ച്, നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ ഔദ്യോഗിക സ്ഥിരീകരണവും വിശദീകരണവും പിസിബി തേടിയിരിക്കുകയാണ്.

നിലവിലെ സാഹചര്യം വിശാലമായൊരു ഭൗമരാഷ്ട്രീയത്തിന്റെ ചലനാത്മകത എങ്ങനെ ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിച്ചു തരുന്നുണ്ട്. സുരക്ഷാഭീഷണി നിലനിന്നിട്ടും 2023 ലെ ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്കായി തങ്ങള്‍ ഇന്ത്യയിലെത്തിയ കാര്യം ചൂണ്ടിക്കാട്ടി പരസ്പര ബന്ധം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നിയാണ് പിസിബി തങ്ങളുടെ തീരുമാനം മുന്നോട്ടു വച്ചിരിക്കുന്നത്. ഇന്ത്യയുടെയും പാകിസ്താന്റെയും കാര്യത്തില്‍ ഐസിസിയും അന്താരാഷ്ട്ര ക്രിക്കറ്റ് ലോകവും പക്ഷപാതിത്വം കാണിക്കുന്നുണ്ടെന്നാണ് പിസിബിയുടെ വിമര്‍ശനം.

ഐസിസിക്ക് എന്തു ചെയ്യാനാകും?
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ സംബന്ധിച്ച് അവര്‍ വലിയൊരു വിഷമവൃത്തത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ക്രിക്കറ്റ് ഗവേര്‍ണിംഗ് ബോഡി എന്ന നിലയില്‍ അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ വിജയമാക്കുന്നതിനൊപ്പം തന്നെ ഓരോ അംഗ രാജ്യത്തിന്റെയും മത്സരതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഐസിസിക്ക് ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലെ ഇന്ത്യന്‍ സാന്നിധ്യമാണ് ഐസിസിക്ക് പ്രധാനമായും വരുമാനം ഉണ്ടാക്കി കൊടുക്കുന്നത്. അതേസമയം, ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥ്യം വഹിക്കാനുള്ള പാകിസ്താന്റെ അവകാശത്തെ നിഷേധിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് സാധിക്കില്ല. എന്നാല്‍ ഇവിടുത്തെ പ്രശ്‌നം, നിലവിലെ സാഹചര്യം എങ്ങനെ പരിഹരിക്കുമെന്നതില്‍ ഐസിസി ഇതുവരെ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടില്ല എന്നതാണ്.

india-pak cricket

നവംബര്‍ 11 ന് ലാഹോറില്‍ നടക്കാനിരുന്ന ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇവന്റ് മാറ്റി വച്ചതിലൂടെ ഐസിസി നല്‍കുന്ന സന്ദേശവും കാര്യങ്ങള്‍ സങ്കീര്‍ണമാണെന്നായിരുന്നു. ടൂര്‍ണമെന്റ് നീട്ടിവച്ചതും ഇന്ത്യയുടെ പങ്കാളിത്തത്തിനുമേലുള്ള സംശയവും ബാക്കി ടീമുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ട ബാധ്യത അതിനാല്‍ തന്നെ ഐസിസിക്കുമേലുണ്ട്.

വീട്ടുവീഴ്ച്ചയ്ക്കില്ലാത്ത പിസിബി
യാതൊരുവിധത്തിലും വീട്ടുവീഴ്ച്ചയ്ക്കില്ലെന്ന പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. ഇത്തവണ കാര്യങ്ങള്‍ക്ക് ഒരു ഹൈബ്രിഡ് മോഡല്‍’ (വ്യത്യസ്ത വഴികള്‍) തേടാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നാണ് ഒരു പിസിബി പ്രതിനിധി ഉറപ്പിച്ചു പറയുന്നത്. 2023-ലെ ഏഷ്യ കപ്പില്‍ ഇന്ത്യയുടെ വാശിയായിരുന്നു ജയിച്ചത്. പാകിസ്താന്‍ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ ഇന്ത്യ, തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ് കളിച്ചത്. ഇത്തരം സൗകര്യം ഇത്തവണ പ്രതീക്ഷിക്കേണ്ടെന്നാണ് പിസിബി അറിയിച്ചിരിക്കുന്നത്. യുഎഇയിലേക്ക തങ്ങളുടെ മത്സരങ്ങള്‍ മാറ്റണമെന്നാണ് ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഏഷ്യ കപ്പില്‍ തയ്യാറായതുപോലെ, ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹ്രൈബിഡ് മോഡല്‍ നടക്കില്ലെന്നും, പാക് മണ്ണില്‍ തന്നെ ടൂര്‍ണമെന്റിലെ മുഴുവന്‍ മത്സരങ്ങളും നടത്തണമെന്നുമുള്ള വാശിയിലാണ് പിസിബി. ഏഷ്യ കപ്പില്‍ ഉപയോഗിച്ച ഹൈബ്രിഡ് മോഡല്‍ അനീതിയാണെന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്. അത് വിട്ടുവീഴ്ച്ചയ്ക്ക് തുല്യമാണ്. അത്തരം വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാല്‍ അത് പാകിസ്താന്റെ ആതിഥേയത്വത്തെ ദുര്‍ബലമാക്കുമെന്നാണ് പിസിബി പറയുന്നത്. രാഷ്ട്രീയ-സുരക്ഷ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തന്നെ തങ്ങള്‍ 2023 ലെ ലോകകപ്പിന് ഇന്ത്യയിലേക്ക് വന്നില്ലേ, അതുപോലെ, ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയ്ക്ക് എന്തുകൊണ്ട് പാകിസ്താനിലേക്ക് വന്നുകൂടാ എന്നാണ് ചോദ്യം. പാകിസ്താന്‍ അഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വിയാണ് ഇപ്പോള്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍. പാക് ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുള്ളയാളാണ് നഖ്വി. ഇപ്പോള്‍ പിസിബി എടുത്തിരിക്കുന്ന നിലപാട് അവരുടെ രാജ്യതാത്പര്യത്തെക്കൂടി മുന്‍നിര്‍ത്തിയുള്ളതാണ്. സര്‍ക്കാരിന്റെ നിലപാട് തന്നെയാണ് പിസിബിക്കുമുള്ളത്.

pakistan cricket board

തുടരുന്ന അനിശ്ചിതത്വം
ദിവസം അടുത്തു വരുന്തോറും ടൂര്‍ണമെന്റിന് മേലുള്ള അനിശ്ചിതത്വും വളരുകയാണ്. ഐസിസി, പാകിസ്താന്‍, മറ്റ് ടീമുകള്‍ എന്നിവര്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതിയിലേക്ക് എത്തിക്കുകയാണ്. പിസിബി ആണെങ്കില്‍ പാക്ക് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കായാണ് കാത്തിരിക്കുന്നത്. ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍, ടൂര്‍ണമെന്റിന്റെ വേദി മാറ്റുന്നതിന് ഐസിസി നിര്‍ബന്ധിതരാകും. എന്നാല്‍ അങ്ങനെയൊരു തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തുകയാണെങ്കില്‍ അതിന്റെ മറുപടി പാകിസ്താന്റെ ടൂര്‍ണമെന്റില്‍ നിന്നുള്ള പിന്മാറ്റം ആയിരിക്കുമെന്നാണ് പിസിബി പറയുന്നത്. അങ്ങനെയെല്ലാം കാര്യങ്ങള്‍ മാറുകയാണെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനെ ശിഥിലമാക്കുക മാത്രമല്ല, പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഐസിസിക്കുള്ള വിശ്വാസ്യതയ്ക്കു നേരെയുള്ള ചോദ്യവും അവിടെ ഉയരും.

ഇന്ത്യയുടെ പാങ്കാളിത്തം തീര്‍ച്ചയായും ടൂര്‍ണമെന്റിന് ആവശ്യമാണ്. പരസ്യവരുമാനത്തില്‍ മാത്രമല്ല, കൂടുതല്‍ ആരാധകരെ ആകര്‍ഷിക്കാനും ഇന്ത്യ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. പക്ഷേ, രാഷ്ട്രീ-നയതന്ത്ര പ്രശ്‌നങ്ങള്‍ ഒട്ടും ലളിതമായി കാണേണ്ട കാര്യങ്ങളുമല്ല. രണ്ട് രാജ്യങ്ങളെയും തൃപ്ത്തിപ്പെടുത്തുന്നൊരു തീരുമാനം ഉണ്ടാവുക മാത്രമാണ് കാര്യങ്ങള്‍ അനുകൂലമാക്കാനുള്ള വഴി. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ നില്‍ക്കുന്ന പ്രതിബന്ധങ്ങള്‍ ഒന്നും ഒട്ടും എളുപ്പമാക്കുന്നില്ല.

modi with indian team

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും ആഴമേറിയ പ്രതിസന്ധിയാണ് ചാമ്പ്യന്‍സ് ട്രോഫിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന അനിശ്ചിതത്വം. ക്രിക്കറ്റും രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പിരിമുറുക്കം ഇതാദ്യമായിട്ടല്ല. എങ്കിലും ഇത്തരം രൂക്ഷമായി കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇതാദ്യമായാണ്. എന്തായാലും വരും ആഴ്ച്ചകള്‍ ഏറെ നിര്‍ണായകമാണ്, പാകിസ്താനില്‍ തന്നെ ടൂര്‍ണമെന്റ് നടക്കുമോ, അതോ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിച്ച് പുതിയൊരു വേദിയിലേക്ക് മാറുമോ എന്നതില്‍ തീരുമാനം വരുമോയെന്നറിയണം. പിസിബി നില്‍ക്കുന്നിടത്ത് തന്നെ നില്‍ക്കുകയാണ്. തീരുമാനിച്ചതുപോലെ പാകിസ്താനില്‍ തന്നെ ടൂര്‍ണമെന്റ് നടക്കുമെന്ന കാര്യത്തില്‍ ഇന്ത്യക്ക് എന്തു നിലപാടാണുള്ളതെന്ന് വ്യക്തമാക്കാന്‍ അവര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും തുടരുന്ന മധ്യസ്ഥ ചര്‍ച്ചകളും രാഷ്ട്രീയ സാഹചര്യങ്ങളും കഥയെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നറിയില്ല. India-Pakistan Standoff looms over 2025 Champions Trophy as PCB Demands Clarity

Content Summary; India-Pakistan Standoff looms over 2025 Champions Trophy as PCB Demands Clarity

×