UPDATES

ഇന്ത്യ

റാഫേൽ: സുപ്രീം കോടതിയുടെ തള്ളിക്കളയലിലെ മൂന്ന് പിഴവുകള്‍

പ്രതിരോധ, ദേശ സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച വ്യവഹാരങ്ങളിൽ ഈ വിധി വലിയ സ്വാധീനമുണ്ടാക്കും

                       

36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള കരാർ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്‍പര്യ ഹർജികൾ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീം കോടതി തളളിയത്. അങ്ങനെ ചെയ്തപ്പോൾ, എന്തുകൊണ്ടാണ്, എങ്ങനെയാണ്, 126 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം, പാരീസിൽ ഇന്ത്യ-ഫ്രഞ്ച് സംയുക്ത പ്രസ്താവനയിൽ 2015 ഏപ്രിൽ 10നു മുമ്പ് 36 പോർവിമാനങ്ങൾ വാങ്ങുന്നതിനായി മാറ്റിയത് എന്നതും അതിനുള്ള കാരണമോ, യോഗതീരുമാനങ്ങളോ എടുത്തുപറയാതെ, പരിശോധിക്കാൻ കോടതി വിസമ്മതിച്ചു.

ഈ തീരുമാനം സംബന്ധിച്ച് കോടതി പറഞ്ഞത് ഇത്ര മാത്രമാണ്, “ഈ ഒരു സാഹചര്യത്തിൽ സർക്കാരുകൾ തമ്മിലുള്ള ചർച്ചകളുടെ ഫലമായി മറ്റൊരു വ്യത്യസ്ത പ്രകിയയിലൂടെ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനമായി. അതിനാവശ്യമായ നടപടികൾ എടുത്തു എന്ന് പറയുന്നു.” കോടതി പിന്നീട് കൂട്ടിച്ചേർത്തു, “126 നു പകരം 36 വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനത്തിന്റെ യുക്തി പരിശോധിക്കാൻ ഞങ്ങൾക്കാവില്ല. 126 വിമാനങ്ങൾ വാങ്ങുന്നതിന് സർക്കാരിനെ നിർബന്ധിക്കാനും ഞങ്ങൾക്കാവില്ല. RFP പിൻവലിക്കും മുമ്പുതന്നെ ഏപ്രിൽ 2015-നു 36 വിമാനങ്ങൾ മാത്രം വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു എന്ന വസ്തുത കൂടാതെയാണിത്. “

കോടതിയുടെ ഈ തള്ളിക്കളയലിൽ പല പിഴവുകളുമുണ്ട്. ഒരു സന്ദർഭത്തിൽ അത് സ്വന്തം പരിശോധനാധികാരത്തെ ചുരുക്കുന്നു. വരും കാലങ്ങളിൽ പ്രതിരോധ, ദേശ സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച വ്യവഹാരങ്ങളിൽ ഇത് വലിയ സ്വാധീനമുണ്ടാക്കുമെന്ന് സ്റ്റാര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിഴവ് 01. വ്യോമസേനയുടെ വാദങ്ങൾ

‘വാങ്ങലും പ്രക്രിയയും വിലനിര്‍ണ്ണയവും അടക്കമുള്ള വിവിധ വശങ്ങൾ സംബന്ധിച്ച്’ മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങൾ ഒരിടത്ത് പരാമർശിക്കുന്നു.

കോടതി അതിന്റെ ഉത്തരവിൽ പറയുന്നു, “ഞങ്ങൾ ഇതെല്ലാം വിശദമായി പരിശോധിച്ചു. വാങ്ങൽ പ്രക്രിയ, വിലനിര്‍ണ്ണയം എന്നിവയടക്കമുള്ള വിവിധ വശങ്ങൾ സംബന്ധിച്ച് മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥരുമായി സംസാരിക്കാനും ചില പിഴവുകൾ എവിടെയെങ്കിലും ഉണ്ടെങ്കിൽത്തന്നെ അത് കരാർ റദ്ദാക്കാനോ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനോ വേണ്ട തരത്തിലില്ല.”

എന്നാൽ, കോടതിയിൽ വിളിച്ചുവരുത്തിയ വ്യോമസേനാ ഉദ്യോഗസ്ഥർ വാങ്ങൽ പ്രക്രിയയും വിലനിര്‍ണ്ണയവും സംബന്ധിച്ച ഒരു മൊഴിയും നൽകിയിട്ടില്ലെന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. “ആയുധങ്ങളെ സംബന്ധിച്ചതടക്കമുള്ള വിലയുടെ വിശദാംശങ്ങൾ ദേശീയ സുരക്ഷയെ ബാധിക്കുന്നതിനാൽ വെളിപ്പെടുത്തുന്നതിൽ വ്യോമസേനാ മേധാവി വിയോജിപ്പ് പ്രകടിപ്പിച്ചു,” എന്നതും കൃത്യമല്ല.

പിഴവ് 02: ‘മാതൃ റിലയൻസ് കമ്പനി’

രണ്ടാമതായി, തങ്ങളുടെ ഉത്തരവിൽ പറയുന്ന രണ്ടു റിലയൻസ് കമ്പനികളുടെ ചരിത്രവും സുപ്രീം കോടതി തെറ്റായാണ് ധരിച്ചതെന്നു കാണാം. കോടതി ഉത്തരവിൽ പറയുന്നു, “Reliance Aerostructure Ltd എന്ന കമ്പനി ഈയടുത്താണ് നിലവിൽ വന്നത് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ പത്രക്കുറിപ്പ് കാണിക്കുന്നത് മാതൃ കമ്പനിയായ റിലയൻസ് കമ്പനിയും ദസോയും തമ്മിൽ 2012 മുതൽ ധാരണയുണ്ടെന്നാണ്. രണ്ടു കോർപ്പറേറ്റുകളും തമ്മിൽ നടന്നത് എന്താണ് എന്നത് അവരുടെ വാണിജ്യ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് അവർക്കു വിട്ടുകൊടുക്കേണ്ട കാര്യമാണ്.”

രണ്ടു അംബാനി സഹോദരന്മാരുടെയും കമ്പനികൾ 2006ൽ പിളർന്നു. കോടതി ഉത്തരവിൽ പരാമർശിക്കുന്ന രണ്ടു കമ്പനികളും തികച്ചും വ്യത്യസ്‍തമായ കമ്പനികളാണ്, അവ തമ്മിൽ ഒരിക്കലും ‘മാതൃ-ശിശു ബന്‌ധം ഉണ്ടായിട്ടില്ല.


പിഴവ് 03: സി എ ജി റിപ്പോർട്

മൂന്നാമതായി വിലയുടെ വിശദശാംശങ്ങൾ സി എ ജി -Comptroller and Auditor General – റിപ്പോർട്ടിൽ ഉള്ളതായും അത് പാർലമെന്റിന്റെ Public Accounts Committee (PAC)-ക്ക് നൽകിയതായും പറയുന്നു.

“വിലയുടെ വിശദാംശങ്ങൾ സി എ ജിക്കു നൽകിയതായും ആ സി എ ജി റിപ്പോർട് Public Accounts Committee (PAC) പരിശോധിച്ചതായും കാണുന്നു. പാർലമെന്റിൽ വെച്ചത് ആ റിപ്പോർട്ടിന്റെ ഒരു ചുരുക്കപതിപ്പാണ്. അത് പൊതുമണ്ഡലത്തിലുണ്ട്,” കോടതി പറഞ്ഞു.

അത്തരത്തിലൊരു റിപ്പോർട്ടുതന്നെ പാർലമെന്റിൽ വെച്ചിട്ടില്ല എന്നതാണ് ഇതിലെ കുഴപ്പം.

ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഭംഗ്യന്തരേണ ഇത് സമ്മതിച്ചു. “വിധിയിൽ അതിന്റെ പ്രക്രിയയുടെ വിശദാംശങ്ങളോ ആഖ്യാനമോ സംബന്ധിച്ച കാര്യങ്ങൾ നമ്മൾ പരാമർശിക്കുന്നില്ല. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കിൽ അത് അഭിഭാഷകർ പരിശോധിച്ചു ചെയ്യും,” ജെയ്റ്റ്ലി പറഞ്ഞു.

പ്രതിപക്ഷം ഈ പരാമർശത്തെ ആയുധമാക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു, “സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം സി എ ജി റിപ്പോർട്ടാണ്. പി എ സി അധ്യക്ഷൻ സി എ ജി റിപ്പോർട് കണ്ടിട്ടില്ല. എന്നിട്ടും കോടതി കണ്ടു. എവിടെയാണ് സി എ ജി റിപ്പോർട്? ഞങ്ങളെ കാണിക്കൂ? ഒരുപക്ഷെ അത് ഫ്രാൻസിലെ പാർലമെൻറ്റിൽ കാണിച്ചിരിക്കും. ഒരുപക്ഷെ പ്രധാനമന്ത്രി മോദിക്ക് പ്രധാനമന്ത്രി കാര്യാലയത്തിൽ സ്വന്തം പി എ സി ഉണ്ടായിരിക്കും…അതുകൊണ്ടാണ് അദ്ദേഹം എല്ലാ സ്ഥാപനങ്ങളെയും തകർത്തത്.”

ഈ പ്രസ്താവനയുടെ സമയത്ത് പി എ സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.

“ഇന്ത്യയുടെ കാവൽക്കാരൻ അനിൽ അംബാനിയുടെ ദോസ്ത്; റാഫേൽ വിധിയിൽ സുപ്രീംകോടതി പറയുന്ന സിഎജി റിപ്പോർട്ട് ആരും കണ്ടിട്ടില്ല; -ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

കോടതിയുടെ പരിശോധനാധികാരം ചുരുക്കി

ഹർജി തള്ളുമെന്നു വ്യാപകമായി പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതിരോധവും ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതി അതിന്റെ പരിശോധനാധികാരം ചുരുക്കിയാണ് അതിനുള്ള കാരണങ്ങൾ നൽകിയത്.

“പ്രതിരോധ സംഭരണം സംബന്ധിച്ച സർക്കാർ തീരുമാനങ്ങളുടെ കോടതി പരിശോധനയുടെ മാനദണ്ഡങ്ങൾ വെക്കേണ്ടതുണ്ട്. അത്തരം മാനദണ്ഡങ്ങൾ ടെണ്ടറുകളും കരാറുകളും നൽകുന്നത് സംബന്ധിച്ച കോടതി പരിശോധനയേക്കാൾ ചുരുങ്ങിയതാണോ എന്നും സൂചിപ്പിക്കണം.”

സർക്കാർ ടെണ്ടറുകളിൽ പ്രത്യേകിച്ചും ദേശസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ കോടതി ഇടപെടലിന്റെ സാധ്യത എത്ര ചുരുങ്ങിയതാണ് എന്ന് കാണിക്കാൻ അഞ്ചു വിധിന്യായങ്ങളും കോടതി എടുത്തുകാണിക്കുന്നു.

പക്ഷെ ഈ സാഹചര്യത്തിൽ രണ്ടു കാര്യങ്ങൾ ഉയർന്നുവരുന്നു. ആദ്യം, 36 റാഫേൽ പോർവിമാനങ്ങൾ വാങ്ങുന്നത് ഒരു സർക്കാർ ടെണ്ടർ പ്രക്രിയയുടെ അവസാനത്തിലല്ല. രണ്ടാമത്, ദേശസുരക്ഷാ, പ്രതിരോധ കരാറുകൾ പരിശോധിക്കുന്നതിൽ കോടതിക്കുള്ള സാധ്യതയെ സുപ്രീം കോടതി ചുരുക്കിക്കണ്ടത് അത്തരം നിയന്ത്രണങ്ങൾ എന്താണെന്ന് കൃത്യമായി നിർവചിക്കാതെയാണ് .

ഉത്തരവിലെ ഈ യുക്തി പൊതുവെ പ്രതിരോധ കരാറുകൾ ചൂഴ്ന്നു നിൽക്കുന്ന അതാര്യതയെ വർധിപ്പിക്കാനും അന്വേഷണഭയം കൂടാതെ തട്ടിപ്പു നടത്താനും ഇത്തരം കരാറുകൾക്ക് കോടതി പരിശോധനയുടെ ഭാരമില്ലാത്ത സൗജന്യ അനുമതി നൽകാനുമെ സഹായിക്കൂ.

നിഷേധകുറിപ്പ്:

ഒടുവിലായി, ഉത്തരവിന്റെ അവസാന വരിയിൽ കോടതി പറയുന്നു, “ഈ ഹർജികളിൽ പറയുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 32 അനുസരിച്ചുള്ള വീക്ഷണത്തിലാണ് ഞങ്ങളുടെ മേൽപ്പറഞ്ഞ കാഴ്ച്ചപ്പാടുകൾ എന്ന് ഞങ്ങൾ വ്യക്തമാക്കുന്നു.”

അതായത് മൗലികാവകാശങ്ങൾ ലംഘിച്ചിട്ടില്ല എന്നതിന്റെ പേരിലാണ് കോടതി ഹർജികൾ തള്ളിയത് എന്ന്.

റാഫേലിലെ സിഎജി പരാമര്‍ശം; പുലിവാല് പിടിച്ച സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ഏറ്റവും വലിയ ശ്രമമാണ് റഫേല്‍ ആരോപണമെന്ന് അമിത് ഷാ

Share on

മറ്റുവാര്‍ത്തകള്‍